25 April Thursday

'കഞ്ചാവ് പോയിട്ട് ചവറ് കൂട്ടിയിട്ട് കത്തിച്ച പുക പോലും ഞങ്ങള്‍ ഏറ്റിട്ടില്ല'; ഏഷ്യാനെറ്റ് ന്യൂസിനെ തള്ളി ഏഷ്യാനെറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

കൊച്ചി >  നിരന്തരം വ്യാജവാര്‍ത്തകള്‍ നല്‍കുന്ന ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയില്‍, ഏഷ്യാനെറ്റ് ന്യൂസിനെ തള്ളി ഏഷ്യാനെറ്റിന്റെ വിനോദചാനല്‍ രംഗത്ത്. ഒരു ട്വീറ്റിന് വന്ന കമന്റിന് ഏഷ്യാനെറ്റ് കൊടുത്ത മറുപടി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

'ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും ഒരുപോലെ സ്‌നേഹിക്കുന്ന ആ കൂട്ടര്‍ ഞങ്ങളല്ല.. കഞ്ചാവ് പോയിട്ട് ചവറ് കൂട്ടിയിട്ടു കത്തിച്ച പുകപോലും ഞങ്ങള്‍ ഏറ്റിട്ടില്ല. സത്യം'
'അതായത്.. വാര്‍ത്തകള്‍ കൊടുക്കുന്ന കൂട്ടരും വാര്‍ത്തകള്‍ കൊടുക്കാത്ത ഞങ്ങളും, പേരില്‍ സാമ്യം തോന്നുമെങ്കിലും വേറെ വേറെ പ്രസ്ഥാനങ്ങളാണ്. ഇതറിയാത്തവര്‍ ആണ് പാവങ്ങളായ ഞങ്ങളെ കഞ്ചാവ് കേസില്‍ തളയ്ക്കുന്നത്'

-ഇങ്ങനെയൊക്കെയായിരുന്നു ഏഷ്യാനെറ്റിന്റെ ഒഫീഷ്യല്‍ ട്വീറ്റര്‍ പ്രൊഫൈലില്‍ നിന്നും വന്ന മറുപടികള്‍.



ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വിയെന്ന് ബ്രേക്കിംഗ് നല്‍കുക, അര്‍ജന്റീനയും ബംഗ്ലാദേശും ലോകകപ്പ് ക്രിക്കറ്റില്‍ ഏറ്റുമുട്ടുന്നുവെന്ന് വാര്‍ത്തവായിക്കുക, രണ്ട് വര്‍ഷം മുന്‍പ് സ്ഥാപിച്ച പി ജയരാജന്റെ ഫള്ക്‌സിന്റെ ചിത്രമുപയോഗിച്ച് 'സിപിഐ എം വിഭാഗീയത' എന്ന് പറഞ്ഞ് പുതിയ വാര്‍ത്തയായി നല്‍കുക, തൃശൂര്‍ കളക്ടറായിരുന്ന ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയത് മറച്ചുവെച്ച് 'തൃശൂര്‍ കളക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി' എന്ന് വാര്‍ത്ത നല്‍കുക, പ്രളയപുനര്‍നിര്‍മാണത്തിന്റെ ഭാഗമായി കെയര്‍ഹോം വഴി മാത്രം 1173 വീടുകള്‍ നിര്‍മിച്ച് നല്‍കിയത് മറച്ചുവെച്ച് 'പിണറായി സര്‍ക്കാരിന്റെ പ്രളയ പുനരധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി'യെന്ന വാര്‍ത്തയുമായി പരമ്പര തന്നെ ആരംഭിക്കുക..തുടങ്ങിയവയൊക്കെയാണ് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ഒരാഴ്ച്ച മാത്രമായി നല്‍കിയ വ്യാജവാര്‍ത്തകള്‍.

തെറ്റായ വാര്‍ത്തകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഇടവേളകളില്ലാതെ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ 'കഞ്ചാവ് വലിച്ച് കിളിപോയ'വരാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നതെന്ന്  സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ സജീവമായിരുന്നു. ലോകകപ്പ് ക്രിക്കറ്റ് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ തെറ്റുകള്‍മാത്രം ചൂണ്ടിക്കാട്ടി എക്‌സൈസ് കമീഷണര്‍ക്ക് അയച്ച പരാതിയുടെ പകര്‍പ്പും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.



ഏഷ്യാനെറ്റ് ന്യൂസിന്റെ പല വ്യാജവാര്‍ത്തകളും സോഷ്യല്‍മീഡിയ തെളിവോടെ പൊളിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ നിന്ന് വാര്‍ത്ത നീക്കം ചെയ്യുന്നതും പതിവായിട്ടുണ്ട്. പി ജയരാജന്റെ ഫ്‌ള്ക്‌സ് വാര്‍ത്ത സോഷ്യല്‍മീഡിയയിലെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിന് നീക്കം ചെയ്യേണ്ടി വന്നു.  തെറ്റിദ്ധരിപ്പിക്കുന്ന വിധം തലക്കെട്ട് നല്‍കിയതിനെതിരെ നടന്‍ ടൊവിനോ തോമസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കമന്റും കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഉടന്‍ തന്നെ ടൊവിനോയെക്കുറിച്ച് നല്‍കിയ വാര്‍ത്ത ഫേസ്ബുക്ക് പേജില്‍നിന്നും വെബ്‌സൈറ്റില്‍ നിന്നും ഏഷ്യാനെറ്റിന് പിന്‍വലിക്കേണ്ടി വന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top