26 April Friday

"1173 വീടുകള്‍ നിര്‍മിച്ചു കൈമാറിയതിനെ കുറിച്ച് ഒരു വരി വാര്‍ത്ത നല്‍കാത്ത ഏഷ്യാനെറ്റാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയാകെ താറടിക്കുന്നത്'

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയാകെ അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത നൽകിയ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ പൊള്ളത്തരം തുറന്നുകാണിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന ഏഷ്യാനെറ്റിന്റെ താൽപര്യം മന്ത്രി തുറന്നുകാണിക്കുന്നത്‌.

കടകംപള്ളിയുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

'പരസ്യത്തില്‍ കാണിച്ച വീട് പോലും പൂര്‍ത്തിയായില്ല; പിണറായി സര്‍ക്കാരിന്റെ പ്രളയ പുരനധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി' എന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് രാവിലെ മുതല്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നത്. കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി 228 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തുന്നതിനെ കുറിച്ച് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു തകര്‍ന്ന വീടിന്റെ ചിത്രം കൊടുത്തിരുന്നു.

കേരളത്തെ ഉലച്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു പ്രതീകാത്മക ചിത്രം എന്ന നിലയിലാണ് ആ ചിത്രം ഉപയോഗിച്ചത്. എന്റെ പോസ്റ്റില്‍ ഒരു ഭാഗത്ത് പോലും ആ ചിത്രത്തില്‍ കാണുന്ന വീട് പുനര്‍നിര്‍മ്മിച്ചതായി പറയുന്നില്ല. അത്തരമൊരു അവകാശവാദം ആ പോസ്റ്റില്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത നല്‍കുക തന്നെ വേണം. 228 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് മാറുകയാണെന്ന് ഞാന്‍ അന്ന് പോസ്റ്റില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമെങ്കില്‍ അതിനെതിരെയും വാര്‍ത്ത നല്‍കുന്നതും മാധ്യമധര്‍മ്മം തന്നെയാണ്. എന്നാല്‍ എന്താണ് ഏഷ്യാനെറ്റ് ലേഖകന്‍ പറഞ്ഞുവെച്ചത്. പരസ്യത്തില്‍ കാണിച്ച വീട് പോലും പ്രളയദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടില്ലെന്ന മട്ടിലാണ് വാര്‍ത്ത കെട്ടിച്ചമച്ചത്. എന്നാല്‍ 228 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൈമാറിയെന്നല്ലാതെ, ചിത്രത്തില്‍ കാണിച്ചിരുന്ന തകര്‍ന്ന ഈ വീട് പുനര്‍നിര്‍മ്മിച്ചെന്ന് ഞാനോ സര്‍ക്കാരോ എവിടെയും അവകാശപ്പെട്ടിട്ടില്ല. അതേ സമയം പ്രളയബാധിതര്‍ക്കായി 1173 വീടുകള്‍ സംസ്ഥാനത്താകെ ഇതേവരെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ അവകാശപ്പെടുന്നു. അത് തെറ്റാണോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുമോ ഏഷ്യാനെറ്റ്. അതിനുള്ള ധാര്‍മ്മികത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കുണ്ടാകുമോ ?

1173 വീടുകള്‍ നിര്‍മിച്ചു കൈമാറിയതിനെ കുറിച്ച് ഒരു വരി വാര്‍ത്ത പോലും നല്‍കാത്ത ഏഷ്യാനെറ്റാണ് ഫേസ് ബുക്കില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പ്രതീകമായി ഉപയോഗിച്ച വീട് പുനര്‍നിര്‍മ്മിച്ചില്ലെന്നതിന്റെ പേരില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയാകെ താറടിക്കുന്നത്. സുബൈദ അടക്കം പ്രളയ ദുരിതത്തില്‍ വീട് നഷ്ടമായവര്‍ക്കെല്ലാം വീട് ലഭിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സുബൈദയുടെ വീട് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ടതല്ല. ആ വീടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടായെങ്കില്‍ അതിന് പരിഹാരമുണ്ടാകേണ്ടതാണ്. അതിന് പകരം കണ്ണടച്ച് ഇരുട്ടാക്കാനാണ് ഏഷ്യാനെറ്റ് ലേഖകന്‍ ശ്രമിച്ചത്. ഒരു വീട് നിര്‍മ്മാണം നടക്കുന്നതിന്റെ ദൃശ്യങ്ങളോടെയുള്ള പരസ്യം വാര്‍ത്തയില്‍ കാണിക്കുന്നുണ്ട്. അത് സുബൈദയുടെ വീടിന്റെ നിര്‍മ്മാണമെന്ന് ആരാണ് പറഞ്ഞത്. അത് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്. ദൃശ്യങ്ങളും വിളിച്ചുപറയുന്നതും പരസ്പര ബന്ധമില്ലാതെയാകുന്നത് എന്തെങ്കിലും വാര്‍ത്ത തട്ടിക്കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

ആ ലേഖകന്‍ അടക്കമുള്ളവരുടെ അറിവിലേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പറയാം. ഇത് വാര്‍ത്തയാക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകില്ലായിരിക്കാം. പക്ഷേ വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കാനെങ്കിലും ശ്രമിക്കുക.

കെയര്‍ ഹോം പദ്ധതി എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ വകുപ്പ് പ്രഖ്യാപിച്ചതാണ് രണ്ടായിരം വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്ന തീരുമാനം. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചത്. സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഓരോ ആഴ്ചയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുമുണ്ട്. 2000 വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഇങ്ങനെ പണി കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് 2040 വീടുകള്‍ ആയി ഉയര്‍ത്തി. ഇതില്‍ 1173 വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ കൈമാറിയിട്ടുണ്ട്. അത് ഏത് ജില്ലയില്‍ ചെന്നാലും ബോധ്യപ്പെടാവുന്നതാണ്.

കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ ജില്ലാ തിരിച്ചുള്ള കണക്ക് ചുവടെ നല്‍കുന്നു:
തിരുവനന്തപുരം: 57
കൊല്ലം: 42
പത്തനംതിട്ട: 114
ആലപ്പുഴ: 244
കോട്ടയം: 83
ഇടുക്കി: 212
എറണാകുളം: 337
തൃശൂര്‍: 500
പാലക്കാട്: 206
മലപ്പുറം: 90
കോഴിക്കോട്: 44
വയനാട്: 84
കണ്ണൂര്‍: 20
കാസര്‍കോട്: 7

ഈ 2040 വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയ 1173 വീടുകളുടെ കണക്കും ജില്ല തിരിച്ച് നല്‍കുന്നു.

തിരുവനന്തപുരം: 19
കൊല്ലം: 33
പത്തനംതിട്ട : 108
ആലപ്പുഴ: 10
കോട്ടയം: 80
ഇടുക്കി: 52
എറണാകുളം: 200
തൃശൂര്‍: 300
പാലക്കാട്: 152
മലപ്പുറം: 77
കോഴിക്കോട്: 42
വയനാട്: 74
കണ്ണൂര്‍: 19
കാസര്‍കോട്: 7

ഇത് കൂടാതെ പണി പൂര്‍ത്തിയായ 185 വീടുകളുടെ താക്കോല്‍ദാനവും ഉടന്‍ തന്നെ നിര്‍വഹിക്കും. നിര്‍മാണം പുരോഗമിക്കുന്ന വീടുകളില്‍333 വീടുകള്‍ കോണ്‍ക്രീറ്റ് കഴിഞ്ഞു അവസാന വട്ട മിനുക്ക് പണികളിലാണ്. 101വീടുകളുടെ ലിന്റില്‍ ലെവല്‍ പണികള്‍ പൂര്‍ത്തിയായി. 122 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കെയര്‍ ഹോം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ബാക്കിയുള്ള 126 വീടുകളുടെ നിര്‍മാണവും ഉടന്‍ ആരംഭിക്കും.

ഈ 2040 വീടുകള്‍ കൂടാതെ കെയര്‍ ഹോം പദ്ധതിയുടെ ഭാഗമായി 2000 കുടുംബങ്ങള്‍ക്ക് സഹകരണ വകുപ്പ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതേ കുറിച്ചൊന്നും ഏഷ്യാനെറ്റ് ലേഖകന്‍ അറിഞ്ഞ മട്ടില്ല. നേരോടെ ഇക്കാര്യങ്ങള്‍ പറയാന്‍ താല്‍പര്യമുണ്ടാകുമോയെന്ന് ചോദിക്കുന്നില്ല.

ഒട്ടനവധി എതിര്‍പ്പുകളെയും വെല്ലുവിളികളെയും അതിജീവിച്ച് സഹകരണവകുപ്പ് സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രതീകാത്മകമായ ഒരു ചിത്രത്തില്‍ തൂങ്ങി സഹകരണ വകുപ്പിനെയും സഹകരണ സംഘങ്ങളെയും സഹകാരികളെയും ഒന്നടങ്കം കരിവാരിതേയ്ക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നില്‍ ഏഷ്യാനെറ്റിനുള്ള ദുഷ്ടലാക്ക് ജനങ്ങള്‍ മനസിലാക്കട്ടെ. സത്യാനന്തര കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണമാണ് ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്ത എന്ന് മാത്രം വിനയപൂര്‍വം സൂചിപ്പിക്കുന്നു.

എന്‍.ബി - ഈ മാസം ആറാം തീയതി കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി 2000 ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയെ കുറിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതീകാത്മകമായി ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന്റെ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ആ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരോട് ഇത് കെയര്‍ ഹോം പദ്ധതി പ്രകാരം കടകംപള്ളി സുരേന്ദ്രന്‍ നിര്‍മ്മിച്ചു നല്‍കിയ ഫ്‌ലാറ്റാണോ എന്ന് ചോദിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതു പോലെ മനോഹരമായ ഒരു ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ പുരോഗമിക്കുകയാണ്. സമയബന്ധിതമായി സഹകരണ വകുപ്പ് ആ ഫ്‌ളാറ്റ് സമുച്ചയങ്ങളും പൂര്‍ത്തീകരിക്കും. ഇതോടെ നാലായിരത്തിലേറെ കുടുംബങ്ങള്‍ക്കാണ് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ ആവാസസ്ഥലം നല്‍കുന്നത്.

അഭിനന്ദനം പ്രതീക്ഷിക്കുന്നില്ല. നല്ല പ്രവൃത്തികളെ അവഹേളിക്കാതിരിക്കുകയെങ്കിലും ചെയ്യുക. നസ്രേത്തില്‍ നിന്ന് നന്മ മാത്രമല്ല വിവേകവും പ്രതീക്ഷിക്കാനാകാത്ത നില എന്തായാലും ശുഭകരമല്ല.

കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top