24 April Wednesday

"മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചെങ്കിൽ നന്നായി രാഹുൽ, മത്സരിച്ചാലുമില്ലേലും പൊളിറ്റിക്കലി നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന ഗെയിമല്ലായിരുന്നു അത്', അസീബ‌് പുത്തലത്ത‌് എഴുതുന്നു...

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

അസീബ‌് പുത്തലത്ത‌്

അസീബ‌് പുത്തലത്ത‌്

"അമേത്തിയിൽ നിന്ന് ഓടിയിട്ട്, കേരളത്തിൽ പോയി സ്വയം രക്ഷപ്പെടൂ രാഹുൽ" എന്നാണിപ്പോ ബി ജെ പിയുടെ പരിഹാസം‌‌. ഞങ്ങൾ പരിഹസിക്കുന്നില്ല, ആ വരിയൊന്ന് മാറ്റി ചെറിയൊരുപദേശം തരാം. "കേരളത്തിൽ നിന്ന് ചിലത് പഠിച്ചിട്ട്, അമേത്തിയിലെ ജനങ്ങൾക്കെന്തേലും ചെയ്തവരെ രക്ഷിക്കൂ രാഹുൽ". നിങ്ങൾ അമേത്തിയിൽ നിന്ന് കേരളത്തിൽ വന്നിട്ടിവിടെ ഒന്നും‌ ചെയ്യാനില്ല. എന്നാൽ ഇവിടെ നിന്ന് പലതും പഠിച്ച് അവിടെ ചെയ്യാനുണ്ട്. അസീബ‌് പുത്തലത്ത‌് എഴുതുന്നു...
 

മൽസരിക്കുന്നില്ലെന്ന് തീരുമാനിച്ചെങ്കിൽ നന്നായി രാഹുൽ. മൽസരിച്ചാലുമില്ലേലും പൊളിറ്റിക്കലി നിങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന ഗെയിമല്ലായിരുന്നു അത്.
ഇവിടെ വന്ന് ഏതേലും പാവപ്പെട്ടവന്റെ വൈക്കോൽ കുടിലിൽ നിന്ന് സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ ഭക്ഷണം കഴിച്ച് വോട്ട് പിടുങ്ങാനൊന്നും പറ്റില്ലായിരുന്നു. അമേത്തിയെ പോലെ അങ്ങനെ കേറാനും‌ മാത്രം കുടിലുകളൊന്നും ഇവിടെയില്ല. ഇനി ഒരെണ്ണം തപ്പി പിടിച്ച് കേറിയാലും അത് കണ്ടൊരുത്തനും വോട്ട് തരാനും പോണില്ല.

പൈജാമയുടെ കീറിയ പോക്കറ്റ് കാണിച്ച് ചുമ്മാ ഫക്കീറാണെന്നൊക്കെയുള്ള ഷോ കാണിച്ചിട്ടും കാര്യമില്ലാർന്ന്. പത്രം വായിക്കുന്നവരാണ്, ഇന്ത്യയിലേറ്റവും മീഡിയ ഡെൻസിറ്റിയുള്ള നാടാണ്, രാഷ്ട്രീയ ബോധമുള്ളോരാണ്. കോൺഗ്രസിന്റെ കോർപ്പറേറ്റ് ഫണ്ടെന്താണെന്നൊക്കെ, മുൻപ് കുടുംബക്കാർ ചെയ്ത അഴിമതിയൊക്കെ, ഇടക്കുള്ള ഫോറിൻ ട്രിപ്പൊക്കെ അറിയുന്നവരാണ്.

ന്യൂനപക്ഷ പ്രീണനമെന്ന് ബി ജെ പി ആരോപിച്ചാൽ 2017 ൽ അഞ്ച് സംസ്ഥാനത്ത് ചെയ്ത പോലെ അമ്പലങ്ങൾ മാത്രം കയറി, പൂണൂൽ പൊക്കിക്കാട്ടി കോൺഗ്രസിലെ ഇനി‌ ബാക്കിയുള്ള മുസ്ലിം നേതാക്കളെ ഒഴിവാക്കി പ്രചാരണം നടത്തുന്ന പണിയൊന്നും പറ്റുകേല. ഇവിടെ ജാതിമത ഭേദമന്യേ എല്ലാരെയും ഉൾക്കൊള്ളുന്നവർക്കാണ് വോട്ട്.

കഴിഞ്ഞവട്ടം വന്ന് സ്കൂളെവിടെ എന്ന് ചോദിച്ച പോലെ ഇനിയാവർത്തിച്ചാൽ കൂക്ക് കിട്ടിയേനെ. ഒരു കോലൈസ് വാങ്ങി തിന്നോണ്ട് നടന്നാൽ അത് തീരും മുൻപേ‌ മിനിമം മൂന്ന് അടിപൊളി സ്കൂളെങ്കിലും ഇവിടെ വഴിയരികിൽ കാണും. റായ്ബറേലി പോലെ, രണ്ടാമതൊരു സ്കൂൾ കാണാൻ വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യുകൊന്നും‌ വേണ്ട.

പോണവഴി ആരേലും എന്തേലും ചുമന്ന് പോകുന്ന കണ്ടാൽ ക്യാമറാമാനെ സെറ്റ് ചെയ്ത് അവർക്കൊപ്പം ചുമടെടുക്കാൻ നിന്നാൽ അവർ ആട്ടിയേനെ. പിള്ളേർ പ്രോജക്ട് സാമഗ്രികളും ബാഗും തൂക്കി സ്കൂളിൽ പോണതാണ്. ഇവിടെ ചൂളക്കളത്തിലും ഓട്ടുകമ്പനിയിലും പണിക്ക് പോകുന്ന‌, നിറമില്ലാത്ത ഇന്ത്യൻ ബാല്യങ്ങളുടെ പരിച്ഛേദമല്ല.

അടുത്ത വില്ലേജ് കാണാൻ ഹൈവേ വിട്ട് 1 കിലോമീറ്റർ മൺപാത പിടിച്ച്, സീതാപൂർ ഗാവ് ലോകോംകാ തീട്ടപ്പറമ്പ് പിടിച്ച്, ചൗദരി ജിയുടെ പാട്ടത്തിന് കൊടുത്ത, 67 കർഷകർ തൂങ്ങി ചത്ത ചോളപ്പാടത്തിന്റെ വരമ്പിലൂടെ നടന്ന്, ഫാക്ടറി വേസ്റ്റ് ഒഴുകുന്ന തോട് ചാടി കടന്ന് പോയാൽ മാത്രം പറ്റുന്നോണ്ട് ടൗണിൽ ആളെക്കൂട്ടി ഒരു റോഡ്ഷോ നടത്തീട്ട് കാര്യമൊന്നുമില്ലാർന്ന്. ഒരു സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് 6 കിലോമീറ്റർ സ്റ്റേറ്റ്/പഞ്ചായത്ത് റോഡ് തലങ്ങും‌ വിലങ്ങും പോകുന്നുണ്ടിവിടെ. എല്ലാ വില്ലേജുകളിലേക്കും റോഡ് കണക്ടിവിടിയുള്ള ഒരു സംസ്ഥാനം. അന്നാട്ടിലെ പോലെ, ഇനി മുന്നോട്ട് റോഡില്ലാത്തോണ്ട് ഇന്നത്തെ പ്രചാരണം അവസാനിപ്പിക്കാമെന്ന് പറയാൻ പറ്റില്ല.

'നിങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതിയെത്തിക്കും, പൊതു കക്കൂസ് പണിയും' ടൈപ്പ് ഘടാഘടിയൻ പ്രസംഗങ്ങൾ ഇവിടെ ഓടാൻ വഴിയില്ലായിരുന്നു. ഇന്നാട്ടിലെ പഹയന്മാർ അറ്റാച്ചഡ് ബാത്ത് റൂമിൽ ലേസർ ഷോ പിടിപ്പിച്ചിട്ടിരുന്നാ അപ്പിയിടുന്നത്.

ആശുപത്രിക്കാര്യം, ആരോഗ്യം ഇതൊന്നും വാ തുറന്ന് പറയാൻ പറ്റില്ല. ഇവിടെ അപകടം പറ്റിയാൽ ആശുപതിയിൽ പോകുന്നവരാണധികം. അങ്ങുന്നിന്റെ യുപിയിലെ പോലെ ആശുപത്രിയിൽ പോയപകടം പറ്റിയവരല്ല.

ഉത്തരേന്ത്യ പോലെ സ്ക്രിപ്റ്റ് ചെയ്ത് ഡമ്പടിച്ച്, ഗിമ്മിക്ക് കൊണ്ടൊന്നും പിടിച്ച് നിൽക്കാനിവിടെ പറ്റില്ലാർന്നേ. നാട്ടുകാരും കോളേജ് പിള്ളേരും കുട്ടികളും ചാട്ടുളി പോലെ ചോദ്യം ചോദിക്കുമായിരുന്നു. നിങ്ങൾ‌ ചൂളിപ്പോയേനെ.

നിങ്ങളല്ലേ സംഘപരിവാരത്തിന് തിന്ന്‌ ചീർക്കാൻ ആദ്യം വർഗീയത പറഞ്ഞതെന്ന്‌.?
ബാബരി മസ്ജിദ് പൊളിക്കുമ്പോ, കേന്ദ്രത്തിലും യു പിയിലുമിരുന്ന് 'ആ പൊളിച്ചോ' എന്ന് സമ്മതം‌ മൂളിയതെന്ന്.?
നിയോലിബറൽ നയങ്ങൾക്കായി ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിറ്റുതുടങ്ങിയതെന്ന്.?
ഹാഷിം പുരയിലെ മുസ്ലിങ്ങളെ കൊണ്ടുപോയി കൊന്ന് തിന്നതാരെന്ന്.?
ഗോവധനിരോധനമാരുടെ നയമായിരുന്നെന്ന്.?
ഇന്ത്യ കണ്ട‌ ആദ്യത്തെ‌ വലിയ വംശഹത്യ പഞ്ചാബിൽ ചെയ്തത് ആരെന്ന്.?
വംശഹത്യ ചെയ്താൽ അവന് വലിയ നേതാവാകാമെന്ന് മറ്റുള്ളവർക്ക് കാണിച്ച് കൊടുത്തത് അങ്ങനെയല്ലേയെന്ന്.?
ആസിയാൻ കരാറൊപ്പിട്ട് ഇന്നാട്ടിലെ‌ കർഷകരുടെ വയറ്റത്തടിച്ചതെന്തിനെന്ന്‌.?
ഇന്ധനവിലനിയന്ത്രണമെടുത്ത്‌ കളഞ്ഞത് ആർക്ക് വേണ്ടിയായിരുന്നെന്ന്.?
കഴിഞ്ഞ അഞ്ച് വർഷം കേന്ദ്ര സർക്കാരിനെതിരെ ഒരു റാലിയെങ്കിലും നടത്താനായോ എന്ന്.?
കുറഞ്ഞത് നിങ്ങളെയൊക്കെ ജയിപ്പിച്ചാ നാളെ ബി ജെ പിക്കൊപ്പം പോകില്ലെന്നാര് കണ്ടെന്ന്.?
ഉത്തരം മുട്ടി പോയേനെ ജീ..

ഒരു മൈലാഞ്ചി കല്യാണത്തിന് കൂടുന്ന ആൾക്കാരുടെ അത്രയുമെണ്ണം വോട്ട് ബി ജെ പിക്കില്ലാത്തിടത്ത് വന്ന്, സംഘ്പരിവാരത്തെ ആശയം കൊണ്ടും ആൾബലം കൊണ്ടും തടയുന്നവരുള്ള നാട്ടിൽ അവർക്കെതിരെ മൽസരിക്കുമെന്ന് വാർത്തയാക്കി ബി ജെ പിക്ക് അടിക്കാൻ വടിവെട്ടിക്കൊടുത്ത നിങ്ങളുടെ കൂടെയുള്ള‌ ബാക്കി മണ്ടന്മാർക്ക് മാത്രം കയ്യടിക്കാൻ പറ്റിയ നേതാവാണ് നിങ്ങൾ.

"അമേത്തിയിൽ നിന്ന് ഓടിയിട്ട്, കേരളത്തിൽ പോയി സ്വയം രക്ഷപ്പെടൂ രാഹുൽ" എന്നാണിപ്പോ ബി ജെ പിയുടെ പരിഹാസം‌‌. ഞങ്ങൾ പരിഹസിക്കുന്നില്ല, ആ വരിയൊന്ന് മാറ്റി ചെറിയൊരുപദേശം തരാം. "കേരളത്തിൽ നിന്ന് ചിലത് പഠിച്ചിട്ട്, അമേത്തിയിലെ ജനങ്ങൾക്കെന്തേലും ചെയ്തവരെ രക്ഷിക്കൂ രാഹുൽ". നിങ്ങൾ അമേത്തിയിൽ നിന്ന് കേരളത്തിൽ വന്നിട്ടിവിടെ ഒന്നും‌ ചെയ്യാനില്ല. എന്നാൽ ഇവിടെ നിന്ന് പലതും പഠിച്ച് അവിടെ ചെയ്യാനുണ്ട്.

പൊതുജനാരോഗ്യവും കുട്ടികളുടെ വിദ്യാഭ്യാസവും ഒരു സ്റ്റേറ്റിന്റെ ബാധ്യതയായി ഏറ്റെടുക്കുന്നതെങ്ങനെയെന്ന്, വയോജനങ്ങൾക്ക് വേൾഡ്‌ബെസ്റ്റ് പാലിയേറ്റിവ് കെയർ കൊടുക്കുന്നതെങ്ങനെയെന്ന്, ഏറ്റവും ഉയർന്ന മിനിമം വേതനം തൊഴിലാളികൾക്ക് നൽകുന്നതെങ്ങനെയെന്ന്, പെൻഷൻ വീട്ടിലെത്തിക്കുന്നതെങ്ങനെയെന്ന്, പഠനം നിന്ന് പോയ ട്രാൻസ്ജൻഡറുകൾക്കായി സ്കൂൾ തുറന്നതെന്ന്, ഭൂമിയും വീടുമില്ലാത്തവരെയെങ്ങനെ പരിഗണിക്കുന്നുവെന്ന്, ഏറ്റവും ത്വരിതമായി ഇന്ത്യയിൽ ദാരിദ്ര്യനിർമ്മാർജനം നടത്തുന്നതെങ്ങനെയെന്ന്, ഒരു രാജ്യത്തിനൊരു നാട് വഴികാട്ടുന്നതെന്ന്, ഇവിടെയൊരു ബദലുണ്ടെന്ന്.

അതൊക്കെ കാണുമ്പോഴെങ്കിലും നിങ്ങൾക്ക് നാടിനായെന്തേലും‌ ചെയ്യണമെന്ന് തോന്നും. ഒരു പ്രൈമറി സ്കൂൾ തുടങ്ങാനോ, ഗ്രാമങ്ങളിൽ വൈദ്യുതിയെത്തിക്കാനോ, ടാറിട്ട റോഡുണ്ടാക്കി വില്ലേജുകൾ തമ്മിൽ മുട്ടിക്കാനോ ഒക്കെ.

കുറഞ്ഞപക്ഷം, നാല് തലമുറ പ്രധാനമന്ത്രിമാരെ ഇന്ത്യക്ക് സമ്മാനിച്ച നാട്ടുകാർക്ക്, ദളിതരെയോ മൊബൈൽ ഫോൺ ഉപയോഗിച്ച പെണ്ണുങ്ങളേയോ തല്ലിക്കൊല്ലാനോ തുണിയുരിഞ്ഞ് കഴുതപ്പുറത്ത് പുള്ളികുത്തിയിരുത്തി ശിക്ഷ വിധിക്കാനോ ഒക്കെയായി രാത്രിയിലും ഖാപ്പ് പഞ്ചായത്ത് കൂടാൻ ഗ്രാമമുഖ്യന്റെ വീടിനരികിൽ ഒരു ഹൈമാസ് ലൈറ്റ് സ്ഥാപിക്കാനെങ്കിലും.

അതെങ്കിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തവർക്കായി ചെയ്യണ്ടേ.?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top