23 April Tuesday

വലത് യുക്തികൾ സിമ്പിളാണ്, പോപ്പുലറാണ്, അതുകൊണ്ടുകൂടിയാണ് ഈ ലോകം ഇങ്ങനെ ആയത്.. അസീബ് പുത്തലത്ത് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

അസീബ് പുത്തലത്ത്

അസീബ് പുത്തലത്ത്

ഞാൻ മനുഷ്യനാവാൻ ആഗ്രഹിക്കുന്നയാളാണ്... എന്റെ രാഷ്ട്രീയം ഇടതാണ്...ഞാൻ കാശ്മീരിനൊപ്പമാണ്... അനീതി ചെയ്യപ്പെട്ട ആ ജനതയുടെ കൂടെ തന്നെയാണ്.! അസീബ് പുത്തലത്ത് എഴുതുന്നു....

1. വലതുയുക്തികൾ സിമ്പിളാണ്, പോപുലറാണ്, വാട്സപ്പിൽ പാസ് ചെയ്യാൻ എളുപ്പവുമാണ്. ഒരൊറ്റ രാജ്യത്തൊരൊറ്റ നിയമം പോരേ എന്ന ചോദ്യത്തെ ഖണ്ഡിക്കാൻ തലകുത്തി നിന്നിട്ടും കാര്യമില്ല. സ്കൂളിൽ ചൊല്ലിയ പ്രതിജ്ഞ, വരച്ച മാപ്പ്, പോക്കറ്റിൽ കിടക്കുന്ന രണ്ട് രൂപ കൊയിൻ തുടങ്ങി എല്ലാം വലതുയുക്തിക്ക് ബലം നൽകും. പണ്ടേതോ കാലത്ത് നെഹ്രു കാശ്മീരിനെ പ്രീണിപ്പിച്ച കരാറിനെ ഇപ്പോഴെങ്കിലും എടുത്ത് കളയുന്ന 2 ഗുജറാത്തികൾക്ക് അഭിവാദ്യങ്ങളർപ്പിക്കും. ഒരേയൊരിന്ത്യ, ഒരൊറ്റ ജനത - ദ പോപുലർ & കാച്ചിംഗ് സ്ലോഗൻ.!

2. നാഗാലാന്റിന് സ്വന്തമായി ഭരണഘടന, കൊടി, പാസ്പോർട്ട്, യു എൻ പ്രതിനിധി, കമ്മട്ടം ഒന്ന് വാങ്ങാൻ പാങ്ങായാൽ സ്വന്തമായി കറൻസി എന്നിവയൊക്കെ സമ്മതിച്ച് ഇന്ത്യൻ ഗവണ്മെന്റ് 2015 ൽ കരാറൊപ്പിട്ടിട്ടുണ്ട്. ഒപ്പിടുന്നത് ഇതേ മോഡിയും, ഇതേ അമിത് ഷായുടെ പാർട്ടി നയിക്കുന്ന കേന്ദ്ര സർക്കാരും. ഇതുപോലെ സ്പെഷ്യൽ സ്റ്റാറ്റസുള്ള പത്തോളം സംസ്ഥാനങ്ങളിപ്പോഴും ഇന്ത്യയിലുണ്ട്. തുന്നിക്കൂട്ടിയൊരിന്ത്യ, തൊള്ളായിരം ജനത - ദ ബ്യൂട്ടിഫുൾ & കോമ്പ്ലിക്കേറ്റഡ് ഫാക്ട്.!!

3, ഹിന്ദു എക്സ്ട്രീമിസ്റ്റായ, പാകിസ്ഥാനിൽ ചേരാൻ താല്പര്യമുണ്ടായിരുന്ന രാജാവും മുസ്ലിം ഭൂരിപക്ഷമുള്ള, സെക്യുലറായ, ഒറ്റക്ക് നിൽക്കാൻ കഴിയാത്തപക്ഷം ഇന്ത്യയിൽ ചേരാനാഗ്രഹിച്ച ജനതയും, ഇന്ത്യക്ക് താല്പര്യമില്ലാത്തതും പാകിസ്ഥാന് താല്പര്യമുള്ളതുമായ‌ ഭൂമിയും. ഇതായിരുന്നു കാശ്മീർ. ഇന്ത്യയും പാകിസ്ഥാനും രൂപം കൊണ്ട ശേഷവും ഒറ്റക്ക് നിന്ന മറ്റൊരു രാജ്യം.

4. ഇവിടുത്തെ റാണി ഒന്ന് കൂക്കി വിളിച്ച് അപ്പുറത്തെ രാജ്യത്തെ റാണിയോട് ചായപ്പൊടി കടം‌ ചോദിക്കുന്നയത്ര ദൂരത്തുള്ള,  4 രാജാക്കന്മാർക്ക് വേണമെങ്കിൽ ഒരു പറമ്പിൽ വെളിക്കിരിക്കാവുന്ന സൗകര്യമുള്ള, ഓടിട്ട വീടുള്ളവരെല്ലാം നാടുവാഴിയാകുന്ന ടിപ്പിക്കൽ ഇൻഡ്യൻ നാട്ടുരാജ്യമായിരുന്നില്ല കാശ്മീർ. അതുകൊണ്ട് തന്നെ ഇന്ത്യയിൽ‌ ചേരുമ്പോൾ അവരുടെ എത്നിസിറ്റി നിലനിർത്താൻ അവർ കരാർ വച്ചു. മതരാജ്യത്തെ തട്ടിമാറ്റി മതേതരരാജ്യത്തോട് കൂറ്‌ വച്ചു‌. ഭരണഘടന ആ കൂറിന് രണ്ട് പേജ് പകരം വച്ചു.

5, കരാറാണാദ്യമുണ്ടാവുന്നത്. ആ കരാറുകൊണ്ട് കഴുത്ത് കെട്ടിയപ്പോഴാണ് ഇന്ത്യക്ക് കാശ്മീരിന്റെ തലയുള്ള ഭൂപടമുണ്ടായത്. ഭൂപടം മാത്രം കണ്ടവന്, കാശ്മീരും കർണാടകവും ഒന്നുപോലെന്ന് കരുതുന്നവന്, അത് മനപ്പാഠമാക്കിയവന് കഥയെറിയില്ല, കരാറെന്തെന്ന് അറിയില്ല. ചോരയും നീരും ഒഴുകുന്ന കരാറിന്റെ കഴുത്ത് വെട്ടി, തോക്കിന്റേയും ടാങ്കിന്റെയും നട്ടും ബോൾട്ടുമിട്ട് മുറുക്കിയാൽ തല എന്നെന്നേക്കുമായി ഉടലിന് സ്വന്തമാകുമെന്ന് കരുതുന്നവരുടെ ആഘോഷങ്ങൾക്ക് അവസാനവുമില്ല.

6. കരാറ് പ്രകാരം കാശ്മീർ ഇന്ത്യയുടേതാണ്. കാശ്മീരികൾ ഇന്ത്യക്കാരാണ്. ടെക്നിക്കലി മറ്റൊരു രാജ്യത്തിനും ആ അവകാശവാദമുന്നയിക്കാനാവില്ല, ടെക്നിക്കലി ഒരു കാശ്മീരിക്കും ഞാൻ ഇന്ത്യക്കാരനല്ല എന്നും പറയാനാവില്ല.

7. കരാർ ഇന്ത്യൻ ഭരണകൂടം ഏകപക്ഷീയമായി റദ്ദാക്കി. ഇപ്പോ കാശ്മീരില്ല. ഇപ്പോഴുള്ളത് പാക് ഒക്യുപൈഡ് കാശ്മീർ, ചൈന ഒക്യുപൈഡ് കാശ്മീർ & ഇന്ത്യ ഒക്യുപൈഡ് കാശ്മീർ എന്ന് കാശ്മീരികൾ പറയും. ഞങ്ങൾ ഇന്ത്യക്കാരല്ല എന്നും അവർക്ക് പറയാം, ടെക്നിക്കലായും ധാർമ്മികമായും. അവരോട് ചോദിക്കാതെയാണ് ഒരൊറ്റ രാത്രികൊണ്ട് കരാറ് റദ്ദാക്കിയത്. ഇരു കക്ഷികളും ഒന്നിച്ചിരുന്നുണ്ടാക്കിയ കരാറാണ്, ഭരണഘടനയിൽ എഴുതിയതാണ്. കീറിക്കളയും മുൻപ് 100 നടപടികളുണ്ടായിരുന്നു. നൂറ്റി ഒന്നാമത്തേത് ചെയ്തിട്ടല്ല, കക്ഷിയേയും സഭകളേയും ജനങ്ങളോടും പൂട്ടിയിട്ടിട്ടല്ല, പ്രതിപക്ഷത്തെ അറിയിക്കാതെയല്ല അത് വർത്തിക്കുക. അങ്ങനെ ചെയ്യാൻ ഇന്ത്യൻ ഭരണഘടന, അമിത്ഷാക്ക് പിതാവ് മാർവാഡിയുടെ സ്വത്തിന്റെ വിഹിതം കിട്ടിയതല്ല.

8. പക്ഷേ, അവരത് ചെയ്യും. ഭരണഘടന തിരുത്തും, ഒരാളോടും ചോദിക്കാതെ. അതിന് കയ്യടി കിട്ടും, 'ഇടത് - പുരോഗമന' മനസുള്ള(ഉവ്വ) മലയാളികളും ലിബറലുകളും മുന്നിൽ കാണും. മുഖ്യപ്രതിപക്ഷം കോൺഗ്രസ്‌ വായിൽ വിരലിട്ടിരിക്കും.

9. ഇന്ത്യാ-പാക് ക്രിക്കറ്റ് കളി കാണുമ്പോൾ പാകിസ്ഥാൻ ജയിക്കണമെന്ന് ആഗ്രഹിച്ച് പോസ്റ്റിടുന്ന കളിപ്രേമിയെ, വസ്തുനിഷ്ടമായ ചർച്ചക്കിടയിൽ ഇന്ത്യൻ ഭരണകൂടത്തെ വിമർശിക്കുന്നവനെ, ഫേസ്ബുക്കിൽ ദേശീയത എന്ന ഊളത്തരത്തെ കൊള്ളാത്തവനെ തീവ്രവാദിയാക്കാൻ സാധുതയുള്ള നിയമങ്ങൾ കുറച്ച് ദിവസം മുന്നെ പാസാക്കിയിട്ടുണ്ട്. ഇനി, കോൾ ഹിസ്റ്ററി നോക്കണ്ട, ആരോടേലും സംസാരിച്ചെന്ന് തെളിയിക്കണ്ട, തീവ്ര സംഘടനയുമായി ബന്ധം വേണ്ട, അവരുടെ കണ്ണിൽ പെട്ടാൽ മാത്രം മതി. UAPA ബിൽ, NIA ബിൽ ഇവയൊക്കെ പാസാക്കുമ്പോൾ കോൺഗ്രസുകാർ വായിൽ വിരലിട്ട് ഇരുന്നില്ല. ബി ജെ പിയേക്കാൾ ആവേശത്തോടെ വിരലുകൊണ്ട് വോട്ട് കുത്തി.

10. പാസാവുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് കോൺഗ്രസിന് അമിത്ഷാ ഉറപ്പ് നൽകിയിരുന്നു. മരിച്ച ജസ്റ്റിസ് ലോയയുടെ ആത്മാവ് ആർത്തട്ടഹസിച്ചുകാണും, മരിക്കാൻ കിടക്കുന്ന സഞ്ജീവ് ഭട്ടിന്റെ ബോധം ഒന്നുണർന്ന് ചിരിച്ചുകാണും, ട്രക്ക് കയറിയിറങ്ങിപ്പോയ ആ പെൺകുട്ടിയുടെ ശരീരം ഒന്നനങ്ങിക്കാണും, കൗമാരവും യൗവ്വനവും ഇരുട്ടറയിൽ കുടുങ്ങിയ ആയിരം പേർ അഴിയിൽ പിടിച്ചെണീറ്റ് കാണും. ഇന്ത്യയിൽ നിയമം ദുരുപയോഗം ചെയ്യില്ലത്രേ.!

11. സ്പെഷ്യൽ സ്റ്റേറ്റായിരുന്ന കാശ്മീരിന് ഇന്ന് സഭയില്ല, പ്രതിനിധികളില്ല, നേതാക്കളില്ല, അസ്തിത്വം പോലുമില്ല. സംസാരമില്ല, സഹായമില്ല, സ്വാന്തനിപ്പിക്കലില്ല. അവരിനിയുമത് ചെയ്യും. ബാലറ്റ് വഴി ഭരണം കിട്ടില്ലെന്നുറപ്പായാൽ ഭരണഘടന തിരുത്താതെ തന്നെ ഒറ്റ രാത്രി കൊണ്ട് അവർ കേരളം പിടിക്കും. മിനിയാന്ന് രാത്രി നടന്നതിനേക്കാൾ എളുപ്പമാണത്. അതിനും നമ്മടെ കൂടെയുള്ളവർ കയ്യടിക്കും. കോൺഗ്രസിന്റെ വിരലുകൾ എവിടെയാകുമെന്ന് ഒരുറപ്പുമില്ല. വിരലാവേണ്ട കോൺഗ്രസിന്റെ ചീഫ് വിപ്പ് ഇന്നലെ ബി ജെ പിയിൽ ചേരാൻ പോയിട്ടുണ്ട്.

12, ഇനിയും മാർട്ടിൻ നിമൊള്ളരുടെ 'അവസാനം അവർ എന്നെയും‌ തേടി വന്നു' എന്ന നാസിക്കാലത്തെ കവിത കമ്യൂണിസ്റ്റുകാർ ഇനി ചൊല്ലിയാൽ അയാളുടെ അസ്ഥിപഞ്ചരം കുഴിയിൽ നിന്ന് എണീറ്റ് വന്ന് നിങ്ങളെ തല്ലും. 'ഇവന്മാരെ പറഞ്ഞ് മനസിലാക്കാൻ നോക്കുന്നേൽ ഭേദം ഒള്ള നേരത്ത് ശരീരത്ത് പിടിക്കുന്ന വല്ലതും തിന്നാൽ അവർ വരുമ്പോ തല്ലി നിൽക്കാനോ രക്ഷപെട്ട് ഓടാനോ ഉപകരിക്കും' എന്ന് ഉപദേശിക്കുകയും ചെയ്യും.

13. വലത് യുക്തികൾ സിമ്പിളാണ്, പോപ്പുലറാണ്, എളുപ്പം കണ്‌വേ ചെയ്യുന്നതാണ്. അതുകൊണ്ട് കൂടെയാണ് ഈ ലോകമിങ്ങനെയായത്. ലോകത്ത് വംശീയതയുണ്ടായത്, വർഗീയതയുണ്ടായത് യുദ്ധമുണ്ടായത്, പാലായനമുണ്ടായത്, അഭയാർത്ഥികളുണ്ടായത്. ഐലൻ കുർദിയും മാർട്ടിൻ ലൂഥറും ഹിറ്റ്ലറും മോദിയും ട്രമ്പുമുണ്ടായത്.

14. വലതായിരിക്കാൻ എളുപ്പമാണ്, അതിന് ആയിരം കാരണങ്ങളുണ്ട്. ഇടതായിരിക്കാൻ ഒരേയൊരു കാരണമേയുള്ളു, മനുഷ്യനാണെന്നത് മാത്രം. മനുഷ്യനാവാൻ നല്ല പണിപ്പാടാണ്.

ഞാൻ മനുഷ്യനാവാൻ ആഗ്രഹിക്കുന്നയാളാണ്. എന്റെ രാഷ്ട്രീയം ഇടതാണ്... ഞാൻ കാശ്മീരിനൊപ്പമാണ്. അനീതി ചെയ്യപ്പെട്ട ആ ജനതയുടെ കൂടെ തന്നെയാണ്.!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top