27 April Saturday

കഴുത്തൊപ്പം മുങ്ങി നിന്നപ്പോൾ നെറുകൻതലയിൽ ചവിട്ടിയിട്ടും കരക്ക് നീന്തിക്കയറിയ നാടാണ‌് കേരളം, ഇന്ത്യാ മഹാരാജ്യത്തിന‌് വഴികാട്ടുകയാണ്... അസീബ‌് പുത്തലത്ത‌് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019

അസീബ‌് പുത്തലത്ത‌്

അസീബ‌് പുത്തലത്ത‌്

അഞ്ച‌് പതിറ്റാണ്ട് പതിയെയോടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ, ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടുകൊണ്ടാണ് മോദിയുടെ ഭരണദിനങ്ങൾ കടന്ന് പോയത്. ഫെഡറൽ സംവിധാനങ്ങളെയെല്ലാം ചവച്ചുതുപ്പി, അരികുവൽക്കരിക്കപ്പെട്ടവരെയെല്ലാം പരിഹസിച്ച് ചിരിക്കുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തെ മുറിച്ച് വിൽക്കുന്ന ആ ഭരണനേതൃത്വത്തിന് പക്ഷേ, ഒരു‌ ബദലുണ്ടിവിടെ, കേരളം.!

നിപയും ഓഖിയും പ്രളയവും പിന്നോട്ട് വലിച്ചിട്ടും കുതറിമാറി മുന്നോട്ടോടിയ ഈ നാട് ഇന്റർനാഷണൽ മീഡിയകളിലിടം പിടിച്ചത്, വിരലിലെണ്ണിത്തീർക്കാനാവാത്തത്ര ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയത്, ഇന്ത്യയിലെ‌ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത് ഇക്കലായളവിലെ 3 വർഷത്തിൽ തന്നെയാണ്. അസീബ‌് പുത്തലത്ത‌് എഴുതുന്നു...


സ്വാതന്ത്ര്യം കിട്ടിയിട്ട് 70 കൊല്ലത്തിലേറെയായി. നെഹ്രു എന്നൊരൊറ്റയൊരാളല്ലാതെ നാടിനെ മുന്നോട്ട് നയിച്ച കൊള്ളാവുന്ന ഒരു ഭരണാധികാരിയെ ഇന്ത്യക്ക് പിന്നീട് കിട്ടിയിട്ടില്ല. അത്യാവശ്യം നല്ല നയങ്ങളാൽ ഉറച്ച് തുടങ്ങിയിരുന്ന മണ്ണിനെ, അങ്ങേർ വീണതിൽ പിന്നെ വർഗീയതയോട് സന്ധി ചെയ്തും കോർപ്പറേറ്റുകളുടെ ചന്തി കഴുകിക്കൊടുത്തും കോൺഗ്രസ് തന്നെയാണ് താമരക്ക് വിരിയാനുള്ള ചെളിക്കുണ്ട് ഇവിടെയൊരുക്കിയത്. ഉന്മൂലന പ്രത്യയശാസ്ത്രത്തോടും കോർപ്പറേറ്റ് താല്പര്യങ്ങളോടും മാത്രം പ്രതിബദ്ധതയുള്ള, സിരയിൽ വെറുപ്പ് മാത്രമൊഴുകുന്ന ഒരു കൂട്ടരങ്ങനെയാണിവിടെ അധികാരത്തിൽ വരുന്നത്.

വറ്റില്ലാത്ത കഞ്ഞിവെള്ളം കുടിച്ചൊരു നേരം കിടക്കാൻ മാത്രം പാങ്ങുണ്ടായ ജനങ്ങളുടെ കൈ തല്ലിയൊടിച്ച്, പാത്രത്തിൽ ചെമ്മണ്ണ് വാരിയിട്ട്, തുള വീണ സ്പൂൺ കൊടുത്ത് കോരിക്കുടിച്ചോളാൻ പറഞ്ഞ, തട്ടിയും മുട്ടിയും ബ്രേക്ക്ഡൗണായും ഓടിക്കൊണ്ടിരുന്ന സാമ്പത്തിക വ്യവസ്ഥയുടെ എഞ്ചിനിൽ ഉപ്പ് വാരിയിട്ട ഒരു നേതാവും അയാളുടെ പാർട്ടിയും ഭരിച്ച കഴിഞ്ഞ 5 വർഷം ഇന്ത്യ എങ്ങോട്ട് നടന്നെന്നറിയാൻ വലിയ അനാലിസിസൊന്നും വേണമെന്നില്ല. അന്താരാഷ്ട്ര ഏജൻസികളുടെ, ഒരു നാടിന്റെ അവസ്ഥയെ കൃത്യമായ വിലയിരുത്തുന്ന ചില ഇൻഡക്സുകളിൽ ഇന്ത്യയുടെ റാങ്കിംഗിലെന്ത് മാറ്റമുണ്ടായെന്ന് മാത്രം നോക്കിയാൽ മതി.

ഒരു നാട്ടിലെ ജനങ്ങളെത്ര സംതൃപ്തരാണെന്നളക്കുന്ന യു എന്നിന്റെ വേൾഡ് ഹാപ്പിനസ് ഇൻഡക്സിൽ, 2013 ൽ 111-ആം സ്ഥാനത്തായിരുന്ന ഇന്ത്യയിപ്പോൾ 133-മത് ആണ്. അഞ്ച് കൊല്ലം കൊണ്ട് ഇന്ത്യ 22 പൊസിഷൻ താഴേക്കിറങ്ങിയപ്പോൾ പാകിസ്ഥാൻ ഇംപ്രൂവ് ചെയ്ത് 75 ലേക്കെത്തി. ബംഗ്ലാദേശും നേപ്പാളും ഭൂട്ടാനും മ്യാന്മാറുമടക്കമുള്ള അയൽരാജ്യങ്ങൾ ഇന്ത്യക്ക് മുകളിൽ കൊള്ളാവുന്ന പൊസിഷനിലായി.



എക്കണോമിക്ക് ഇന്റലിജൻസ് യൂണിറ്റ് (EIU) റിലീസ് ചെയ്യുന്ന ലോകരാജ്യങ്ങളിൽ ജനാധിപത്യത്തിന്റെ ക്വാളിറ്റിയളക്കുന്ന ഡെമോക്രസി ഇൻഡക്സിൽ 27th ആയിരുന്ന ഇന്ത്യ 60 മാസം കൊണ്ട് നാൽപ്പത്തൊന്നായി. 2018 ലെ പ്രസ് ഫീഡം ഇൻഡക്സിൽ പാകിസ്ഥാന് തൊട്ട് മുകളിൽ മാതമാണ് ഇന്ത്യ. കഴിഞ്ഞ 2 കൊല്ലം കൊണ്ട് 5 പടി താഴേക്കാണ് ഇന്ത്യ പോയത്. ചൈൽഡ് ഡവലപ്പ്മെന്റ് ഇൻഡക്സിൽ 104 ൽ നിന്ന് 113 ലേക്കും ജൻഡർ ഗാപ്പ് ഇൻഡക്സിൽ അവസാനവർഷം 21 സ്ഥാനങ്ങൾ താഴേക്കിറങ്ങി 108th ലേക്കും രാജ്യമെത്തി.



വർഷം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ മോദിയുടെ ഭരണമവസാനിക്കുമ്പോൾ NSSO സർവേ റിസൽട്ട് പ്രകാരം 1972 ന് ശേഷം 45 വർഷത്തേ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്കാണിന്ന് ഇന്ത്യയിൽ.



നാടിന്റെ പട്ടിണിയളക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ തൊണ്ണൂറ്റിമൂന്നാം സ്ഥാനത്ത് നിന്ന് 10 സ്ഥാനം കുറഞ്ഞ് നൂറ്റിമൂന്നിലെത്തിയ ഇന്ത്യക്ക് ആകെ ഉയർന്ന് സ്ഥാനം കിട്ടിയ ഏക കാറ്റഗറി മത-വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിലാണ്. പ്യു റിസർച്ച് അനലൈസ് ചെയ്ത 198 രാജ്യങ്ങളുള്ള റാങ്കിംഗിൽ ഇന്ത്യ നാലാമതാണ്. ഇന്ത്യയേക്കാൾ കൂടുതൽ കലാപങ്ങൾ നടക്കുന്ന 3 രാജ്യങ്ങളേ ലോകത്തുള്ളു, സിറിയയും നൈജീരിയയും ഇറാഖും മാത്രം.



5 പതിറ്റാണ്ട് പതിയെയോടിക്കൊണ്ടിരുന്ന ഒരു രാജ്യത്തെ, ഒരു നൂറ്റാണ്ട് പിന്നിലേക്ക് വലിച്ചിട്ടുകൊണ്ടാണ് മോദിയുടെ ഭരണദിനങ്ങൾ കടന്ന് പോയത്. ഫെഡറൽ സംവിധാനങ്ങളെയെല്ലാം ചവച്ചുതുപ്പി, അരികുവൽക്കരിക്കപ്പെട്ടവരെയെല്ലാം പരിഹസിച്ച് ചിരിക്കുന്ന, കോർപ്പറേറ്റുകൾക്ക് രാജ്യത്തെ മുറിച്ച് വിൽക്കുന്ന ആ ഭരണനേതൃത്വത്തിന് പക്ഷേ, ഒരു‌ ബദലുണ്ടിവിടെ, കേരളം.!



നിപയും ഓഖിയും പ്രളയവും പിന്നോട്ട് വലിച്ചിട്ടും കുതറിമാറി മുന്നോട്ടോടിയ ഈ നാട് ഇന്റർനാഷണൽ മീഡിയകളിലിടം പിടിച്ചത്, വിരലിലെണ്ണിത്തീർക്കാനാവാത്തത്ര ദേശീയ- അന്തർദേശീയ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയത്, ഇന്ത്യയിലെ‌ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായത് ഇക്കലായളവിലെ 3 വർഷത്തിൽ തന്നെയാണ്.

കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത, യു എന്നും മിനിസ്ട്രി ഓഫ് സ്റ്റാറ്റിടിക്സും ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി, ആരോഗ്യപരിപാലനവും പട്ടിണി നിർമ്മാർജനവും ലിംഗസമത്വവും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനമാക്കി തയാറാക്കുന്ന സസ്റ്റൈനബിൾ ഡവലപ്മെന്റ് ഗോൾസ് (SDG-2018) സൂചികയിൽ ആദ്യമെത്തിയത് കേരളമാണ്. നിതി അയോഗ് - വേൾഡ്‌ബാങ്കിന്റെ 2018 ഫെബ്രുവരിയിൽ പുറത്തുവന്ന ഹെൽത്ത് റാംഗിങ്ങിലും ഒന്നാമതെത്തിയ കേരളത്തിന് രണ്ടാം സ്ഥാനക്കാരേക്കാൾ 20% പോയിന്റ് കൂടുതലുണ്ടായിരുന്നു.



പബ്ലിക്ക് അഫയർസ് ഇൻഡക്സ് (PAI-2018) പ്രകാരം തുടർച്ചയായി മൂന്നാം വട്ടവും മികച്ച ഭരണനിർവ്വഹണത്തിനുള്ള അവാർഡ് നമുക്കാണ്. ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിലേയും സ്തീകളേയും കുട്ടികളേയും പരിഗണിക്കുന്നതിലേയും ഹ്യൂമൻ ഡവലപ്മെന്റിലേയും കഴിഞ്ഞ 3 വർഷത്തെ ഇടതുഭരണത്തിലെ വ്യത്യാസം പ്രകടമായി അതിൽ കാണാനാവും.

ഇൻഡസ്ട്രിയൽ ഫ്രണ്ട്ലി സ്റ്റേറ്റല്ലന്ന വാദങ്ങൾ ഇനിയില്ലെന്ന് അറിയിച്ച്, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് എക്കണോമിക് റിസർച്ചിന്റെ സ്റ്റേറ്റ് ഇന്വെസ്റ്റ്മെന്റ് പൊട്ടൻഷ്യൽ ഇൻഡക്സിൽ കേരളം ഏറ്റവും നേട്ടമുണ്ടാക്കി. ഭൂമി, തൊഴിൽ, ഇൻഫ്രാസ്ട്രക്ചർ, സാമ്പത്തികാവസ്ഥ, രാഷ്ട്രീയസ്ഥൈര്യം, ഭരണനിർവ്വഹണം, വ്യവസായനയം എന്നിവയടിസ്ഥാനമാക്കിയാണ് NCAER ഡാറ്റ പുറത്തുവിട്ടത്. ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റിന്റെ 2018 ലെ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ടോപ്പ് പെർഫോമർ അവാർഡും കേരളത്തിനാണ്‌.



നിപ പോലെ 80% മരണസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന, മുൻപ് കേട്ട് പരിചയമില്ലാത്തൊരു മഹാമാരിയെ കൈകാര്യം ചെയ്ത്, തോൽപ്പിച്ച വിട്ട കേരളത്തിന്റെ ആരോഗ്യരംഗത്തിന് ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ വൈറോളജിയുടെ ബഹുമതിയും കൂടെ ഇന്ത്യയിലെ ഒരുമാതിരി എല്ലാ ഏജൻസികളുടേയും അംഗീകാരങ്ങളും (എക്സ്പ്രസ് ഹെൽത്ത് കെയർ അവാർഡ്, സ്വസ്ത് ഭാരത് അവാർഡ്) തേടിയെത്തി.

സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന പദവി, BEEയുടെ ഇന്ത്യയിലെ മോസ്റ്റ് എനർജി എഫിഷ്യന്റ് സ്റ്റേറ്റ് പദവി, ഏറ്റവും ഗുണനിലവാരമുള്ള ഗവണ്മെന്റ് സ്കൂളുകളുള്ള സംസ്ഥാനം, ലീസ്റ്റ് കറപ്ടഡ് സ്റ്റേറ്റ്, നാഷ്ണൽ ക്രൈംസ് റെക്കോഡ്സ് ബ്യൂറോയുടെ ലീസ്റ്റ് കമ്മ്യൂണൽ വയലൻസ് നടക്കുന്ന സംസ്ഥാനം തുടങ്ങി എണ്ണിയെടുത്താൽ തീരാത്തത്ത്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും പരാമർശങ്ങളും ആഭ്യന്തരം, ടൂറിസം, ഐ ടി, തദ്ദേശസ്വയംഭരണം തുടങ്ങിയെല്ലാ മേഖലയിലും നേടിയ ഒരു കാലഘട്ടമാണ് കേരളത്തിനിത്.

ഒരു രാജ്യം, അവർ തെരഞ്ഞെടുത്ത‌ ഭരണാധികാരിയുടെ, അയാളെ നയിക്കുന്ന രാഷ്ട്രീയത്തിന്റെ, നിയോലിബറൽ സാമ്പത്തികനയത്തിന്റെ, വെറുപ്പിന്റെ പ്രയോരിറ്റികളാൽ അതിന്റെ ഏറ്റവും മോശം ദിവസങ്ങളിലൂടെ, അരക്ഷിതാവസ്ഥയുടെ ഗ്രഹണം ബാധിച്ച ഇരുട്ടിലൂടെ കടന്ന് പോകുമ്പോൾ, അതേരാജ്യത്തിങ്ങേയറ്റത്ത്, കേന്ദ്രം അങ്ങോട്ട് സമ്പത്തൂറ്റുകയും ഇങ്ങോട്ട് നക്കാപ്പിച്ച തരികയും ചെയ്യുന്ന ഒരു ചെറിയ സംസ്ഥാനം, പ്രകൃതിദുരന്തങ്ങളിൽ ലോകരാജ്യങ്ങൾ നീട്ടിയ സഹായം തട്ടിത്തെറിപ്പിച്ചിട്ടും, ഒറ്റപ്പെടുത്താൻ നോക്കിയിട്ടും നിവർന്ന നിന്ന നാട്,
കഴുത്തൊപ്പം മുങ്ങി നിന്നപ്പോൾ നെറുകൻതലയിൽ ചവിട്ടിയിട്ടും കരക്ക് നീന്തിക്കയറിയ കേരളം, ഇന്ത്യാ മഹാരാജ്യത്തിനിവിടെ വഴിവിളക്ക് തെളിയിച്ച് മുന്നിൽ നടക്കുകയാണ്, വഴികാട്ടുകയാണ്..!!
#Kerala_leads
#Left_is_the_only_hope_left


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top