20 April Saturday

"പാർട്ടി ഏൽപ്പിച്ച ഒരു ചുമതല കൂടെ പൂർത്തിയാക്കി മറ്റൊന്ന് പൂർണമായി ഏറ്റെടുക്കുന്നു"; 56 വർഷത്തെ പാർട്ടി ജീവിതത്തെ കുറിച്ച് ആനാവൂർ നാ​ഗപ്പൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2023

"ആനാവൂർ ഗ്രാമത്തിൽ പാർട്ടി അംഗമായി ബ്രാഞ്ച് സെക്രട്ടറിയായി എൽസി അംഗമായി എൽ സി സെക്രട്ടറിയായി ഏരിയ കമ്മിറ്റി അംഗമായി ഏരിയാ സെക്രട്ടറിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായി ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിക്കുന്നു"- 56 വർഷക്കാലത്തെ പാർട്ടി ജീവിതത്തെ കുറിച്ച് ആനാവൂർ നാ​ഗപ്പൻ എഴുതുന്നു.


ഇന്ന് 2023 ജനുവരി 5, പാർട്ടി ഏൽപ്പിച്ച ഒരു ചുമതല കൂടെ പൂർത്തിയാക്കി മറ്റൊരു ചുമതല പൂർണമായി ഏറ്റെടുക്കുകയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയായി പ്രിയങ്കരനായ സഖാവ് വി ജോയ് യെ ഇന്ന് തെരഞ്ഞെടുത്തു.

ഒരു സുപ്രധാന ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ചില പ്രധാന വെല്ലുവിളികൾ ഈ ഘട്ടത്തിൽ ഉയർന്നുവന്നു. അതിൽ ഏറ്റവും പ്രധാനം വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. തൊട്ടുമുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്ത് പോയി പരാജയം ഏറ്റ മണ്ഡലത്തിൽ ജയിക്കുക എന്നത് കേവലം ദിവാസ്വപ്നം ആണെന്ന് പലരും പറഞ്ഞു. അതിന് മുൻപ് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും അത് അടങ്ങുന്ന തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിലും പരാജയപ്പെട്ടു മൂന്നാംസ്ഥാനത്തേക്ക് പോവുകയും ഉണ്ടായി. കയ്യിലുണ്ടായിരുന്ന ആറ്റിങ്ങലിൽ പരാജയപ്പെടുകയും ചെയ്‌തു.

എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായ സ്ഥിതി ആയിരുന്നു അന്ന്. ഒരിക്കൽ കൂടി മൂന്നാംസ്ഥാനത്ത് ആയാൽ അത് ജില്ലയിലെ പാർട്ടിക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് മനസിലാക്കി ജയിച്ചേ തീരൂ എന്ന വാശിയോടെ ജില്ലയിലെ പാർട്ടി സഖാക്കൾ ഒട്ടാകെ ശക്തമായി അണിനിരന്നു. പാർട്ടിയും ഘടകകക്ഷികളും എൽഡിഎഫ് ഒന്നാകെയും ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ പ്രവർത്തിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അകമഴിഞ്ഞ സഹായത്തോടെ ഈ പോരാട്ടത്തിന് നേതൃത്വം നൽകാൻ ഒരുവിധം നന്നായി കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വട്ടിയൂർക്കാവ് വിജയം സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കും എൽഡിഎഫിനും ആവേശംപകർന്നു. ജില്ലയിലെ പാർട്ടി സഖാക്കൾക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകി.

തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ "ഞങ്ങളുടെ മേയർ നഗരസഭ ഭരിക്കും" എന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ചു. മുൻ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് ലഭിച്ച 35 വാർഡുകളിലെ വിജയവും, അവർ പരാജയപ്പെട്ട ചില വാർഡുകളിൽ നേടിയ രണ്ടാം സ്ഥാനവും, അതിൽ തന്നെ 200 വോട്ടിൽ താഴെ മാത്രം തോറ്റുപോയ രണ്ട് ഡസനിലേറെ വാർഡുകളും, പല വാർഡുകളിലും എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസ് ബിജെപിയെ സഹായിക്കാൻ നടത്തിയ ഇടപെടലുകളും. ബിജെപി ചെലവഴിച്ച കോടിക്കണക്കായ രൂപയും, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ കള്ളപ്രചരണങ്ങളും എല്ലാം വോട്ടായി മാറും എന്ന് ശുഭപ്രതീക്ഷയിലാണ് ഈ പ്രഖ്യാപനം ബിജെപി നടത്തിയത്.

തന്ത്രപ്രധാനമായ തലസ്ഥാനനഗരം പിടിച്ചു കേരളം പിടിക്കാമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞ തലസ്ഥാന നഗരത്തിലെ മഹാഭൂരിപക്ഷം സഖാക്കളും അതിതീക്ഷ്‌ണമായ ഇടപെടൽ തന്നെ ആ ഘട്ടത്തിൽ നടത്തുകയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുവിൽ എൽഡിഎഫ് വലിയ മുന്നേറ്റം നടത്തി. ബിജെപിക്ക് ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. ചുരുക്കം ചില അപവാദങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും പൊതുവിൽ പാർട്ടി സഖാക്കളും എൽഡിഎഫും ജയിച്ചേ തീരൂ എന്ന വാശിയോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ബിജെപിയുടെ മോഹം തല്ലിക്കെടുത്തി കോർപ്പറേഷനിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു വന്നു. എൽഡിഎഫിന് നഗരത്തിലെ ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ അധികാരത്തിൽ വന്നു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ആ വെല്ലുവിളിയും ജില്ലയിലെ പാർട്ടി ഒറ്റകെട്ടായി ഏറ്റെടുത്തു. പതിനാലിൽ പതിമൂന്ന് മണ്ഡലങ്ങളും ജയിച്ച് സഖാവ് പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തിന് കരുത്തുപകരാൻ അഭിമാനകരമായ പങ്ക് വഹിക്കാൻ തിരുവനന്തപുരം ജില്ലക്ക് സാധ്യമായി. "നേമം ഞങ്ങളുടെ ഗുജറാത്ത്" ആണെന്ന് പ്രഖ്യാപിച്ച ബിജെപിയെ നേമത്ത് പരാജയപ്പെടുത്തി അക്കൗണ്ട് പൂട്ടി. ഈ ഘട്ടങ്ങളിലെല്ലാം പാർട്ടിയെയും എൽഡിഎഫിനെയും ഒറ്റക്കെട്ടായി അണിനിരത്താനും, ഇതിനെല്ലാം രാഷ്ട്രീയമായ നേതൃത്വം നൽകാനും സാധ്യമായി എന്നത് വലിയ ചാരിതാർത്ഥ്യം നൽകുന്ന ഒന്നുതന്നെയാണ്.

ജില്ലയിലെ വർഗ്ഗ ബഹുജന സംഘടനകൾ ഒട്ടാകെ കൂടുതൽ ശക്തിപ്പെടാനും, സ്വതന്ത്രമായ പ്രവർത്തനം വളർത്തിയെടുക്കാനും ഈ ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്.  ഈ വർഷം അടക്കം തുടർച്ചയായി മൂന്നു വർഷക്കാലം കൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ദേശാഭിമാനി വാർഷിക വരിക്കാരെ ചേർത്ത ജില്ലയാണ് തിരുവനന്തപുരം. ദേശാഭിമാനിയ്‌ക്ക് ജില്ലയിൽ ഒരു ലക്ഷം വരിക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യം പൂർത്തിയായി എന്നത് ഇരട്ടി സന്തോഷമാണ്. 2023 ജനുവരിയിൽ  പത്രത്തിൻറെ കോപ്പി 1,02,570 ആയിമാറി. ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകാനും, കഴിവിന്റെ പരമാവധി മാത്രമായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ നല്ല സംതൃപ്‌തി ആണുള്ളത്. ഇതിൻറെയെല്ലാം എല്ലാ ഫലമായി മിത്രങ്ങളുടെ എണ്ണവും ശത്രുക്കളുടെ എണ്ണവും ഒരുപോലെ വർദ്ധിച്ചിട്ടുണ്ട്.

ഒരുപാട് പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ഞാൻ പാർട്ടിയിൽ പ്രവർത്തിച്ചത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എല്ലാതരത്തിലുമുള്ള പിന്തിരിപ്പൻ ചിന്തകളും കട്ടപിടിച്ച് നിന്ന തമിഴ്നാടിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമം. അവിടെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഒരു സ്വാധീനവും അക്കാലത്ത് ഉണ്ടായിരുന്നില്ല. ആനാവൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്കാലത്തു നിലനിന്നിരുന്ന തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും അടക്കമുള്ള പിന്തിരിപ്പൻ സമ്പ്രദായങ്ങൾക്കെതിരെ പ്രതിഷേധിക്കണം എന്ന ഒരു ചിന്തയും ആവേശവും വളരെ ചെറുപ്പത്തിൽ തന്നെ ഉണ്ടായി വന്നിരുന്നു.

ആനാവൂരിൽ ജപപ്പിള്ളയും കുഞ്ഞിയമ്മയും ചേർന്ന് ഒരു വനിതാസമാജം ആരംഭിച്ചിരുന്നു അക്കാലത്ത്. ഭാര്യഭർത്താക്കന്മാർ ആയിരുന്ന ഇവർ അധ്യാപകരും കമ്യൂണിസ്റ്റുകാരും ആയിരുന്നു. പുലയസമുദായത്തിൽപ്പെട്ടവർ അല്ലാതെ മറ്റൊരാളും അന്ന് സമാജവുമായി സഹകരിക്കാൻ തയ്യാറായില്ല. അവരുടെ സമുദായം തന്നെയായിരുന്നു പ്രശ്നം. ആദ്യമായി ഉയർന്ന സമുദായത്തിൽപ്പെട്ട രണ്ടു കുട്ടികൾ സമാജത്തിൽ തയ്യൽ പരിശീലനത്തിനായി ചേർന്നു. ഞാനും എന്റെ ഇളയ സഹോദരി രാധയും. അത് സവർണ്ണർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധമുയർത്തി. അന്ന് ഞാൻ സ്‌കൂ‌ൾ വിദ്യാർത്ഥിയാണ്. ശനിയും ഞായറും മറ്റൊഴിവ് ദിവസങ്ങളിലുമാണ് സമാജത്തിലെ തയ്യൽ ക്ലാസ്.

സമാജത്തിൽ പോകുന്ന ദിവസം ഉച്ചയ്‌ക്ക് അവിടെ നിന്നുതന്നെ ഭക്ഷണം കഴിക്കും. മിക്കവാറും ദിവസങ്ങളിൽ കഞ്ഞി ആയിരിക്കും. ഇത് എന്റെ ബന്ധുക്കൾക്ക് സഹിച്ചില്ല, പക്ഷേ എൻറെ അപ്പൂപ്പൻ (അച്ഛൻറെ അച്ഛൻ) എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. അതുകൊണ്ടുതന്നെ എതിർപ്പുകളെ ഞാൻ അവഗണിച്ചു.  അതോടെ "തൊട്ടുതീണ്ടുന്നവൻ" എന്ന് അവരെന്നെ മുദ്രകുത്തി. വീടിനടുത്ത് ഒരു വീട്ടിൽ സദ്യയുണ്ണാൻ പന്തലിൽ ഇരുന്ന എന്നെ അവർ പിടിച്ചെഴുന്നേൽപ്പിച്ചു പന്തലിന് പുറത്തേക്ക് ഇറക്കി വിട്ടു. അന്ന് എനിക്ക് കുറെയേറെ വിഷമം ഉണ്ടായെങ്കിലും, പിന്നീട് അതിന്റെ കാരണം ഞാൻ മനസിലാക്കിയത്. എന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല എന്നും അന്നത്തെ സാമൂഹ്യപൊതുബോധം പുലയസമുദായക്കാർ ഉണ്ടാക്കുന്ന ഭക്ഷണം അവരുമായി ഒരുമിച്ചിരുന്ന് കഴിക്കുന്നത് മഹാപരാധമായി കാണുന്നതായിരുന്നു, എന്റെ ബന്ധുക്കൾക്ക് അന്നത്തെ ചിന്താഗതി അനുസരിച്ച് അത് അംഗീകരിക്കാനും സഹിക്കാനും കഴിയുന്നതായിരുന്നില്ല. ഇപ്പോൾ അവർക്കെല്ലാം എന്നോട് വളരെയേറെ സ്നേഹബഹുമാനങ്ങൾ ഉണ്ട്.

സഹോദരി രാധയുടെ വിവാഹം നടന്നത് വീട്ടിൽ പന്തൽ കെട്ടിയാണ്. അന്ന് കല്യാണ മണ്ഡപങ്ങൾ എൻറെ നാട്ടിൽ ഇല്ലായിരുന്നു. എൻറെ നാട്ടിൽ അന്ന് വിവാഹസദ്യക്ക് പുലയ-സാംബവ വിഭാഗത്തിൽപെട്ടവരെ മറ്റു സമുദായക്കാർക്ക് ഒപ്പമിരുന്ന് സദ്യകഴിക്കാൻ അനുവദിക്കില്ലായിരുന്നു. മറ്റെല്ലാവർക്കുമുള്ള സദ്യ കഴിഞ്ഞതിനുശേഷം മാത്രമേ ഈ വിഭാഗക്കാരെ സാദ്യ കഴിക്കാൻ അനുവദിക്കുമായിരുന്നുള്ളു. അതുവരെ ഈ പാവങ്ങൾ കാത്തു നിൽക്കണം. ഈ വൃത്തികെട്ട സമ്പ്രദായം അവസാനിപ്പിക്കാനുള്ള വേദിയായി രാധയുടെ വിവാഹസദ്യ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. അച്ഛൻ അതിലുണ്ടാകാവുന്ന വിഷമങ്ങൾ ഓർമിപ്പിച്ചു എങ്കിലും എതിർത്തില്ല. ഞാൻ ഇവരെയെല്ലാം കല്യാണസദ്യയ്‌ക്ക് ക്ഷണിച്ചു. മിക്കവാറും എല്ലാവരും പാർട്ടി അനുഭാവികൾ ആണ്.എൻറെ ക്ഷണം സ്വീകരിച്ച് കുറെ പേർ സദ്യയ്‌ക്ക് എത്തി. എല്ലാവരെയും ആദ്യ കളരിയിൽ തന്നെ ഒരുമിച്ച് കയറ്റിയിരുത്തി. അതോടെ പ്രശ്‌നമായി, എൻറെ ബന്ധുക്കൾ കുറെയേറെപേർ ഇരുന്നിടത്ത് നിന്നു എണീറ്റ് പ്രതിഷേധിച്ചു. പുലയരെയും സാംബവരെയും ഞങ്ങളുടെ ഒപ്പം ഇരുത്തിയാൽ സദ്യ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ ഞാൻ വഴങ്ങിയില്ല. കുറേ പേർ സദ്യ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പന്തലിൽ എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിച്ചു. അതോടെ ആനാവൂരിലെ ഈ അനീതി കുറഞ്ഞു കുറഞ്ഞു വരാൻ തുടങ്ങുകയും, ക്രമേണ ഇല്ലാതാവുകയും ചെയ്‌തു.  

1963 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. കുന്നത്തുകാൽ പഞ്ചായത്ത് കോൺഗ്രസിന്റെ ശക്തി ദുർഗ്ഗമായിരുന്നു. അക്കാലത്ത് പാർട്ടി പ്രവർത്തകർ വളരെ വിരളമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികൾ എല്ലാവരും പരാജയപ്പെടുമായിരുന്നു. ഒരു വാർഡിലും അന്ന് പാർട്ടി വിജയിച്ചിരുന്നില്ല. ഞാനന്ന് സ്‌കൂ‌ൾ വിദ്യാർഥിയാണ്. 1965ലെയും  1967ലെയും  പൊതുതെരഞ്ഞെടുപ്പുകളിലും അവിടെ പരാജയപ്പെട്ടു. മൂവായിരത്തിന് മുകളിൽ വോട്ടോടെയായിരുന്നു കോൺഗ്രസ് അന്നവിടെ വിജയിച്ചിരുന്നത്.

1967ൽ പാർട്ടി അംഗമായി. കോൺഗ്രസ് ഗുണ്ടായിസവും പിന്തിരിപ്പന്മാരുടെ ഒരുപാട് എതിർപ്പുകളും നേരിട്ട് മുന്നോട്ടുപോയി. പഞ്ചായത്തിലെ ആദ്യത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി. ആകെ 39 പാർടി അംഗങ്ങളാണ് ലോക്കലിൽ ഉണ്ടായിരുന്നത് എന്നാണ് ഓർമ്മ. 1979ലെ തദ്ദേശതെരഞ്ഞെടുപ്പിൽ കുന്നത്തുകാൽ പഞ്ചായത്തിൽ സിപിഐ എം വിജയിച്ച് അധികാരത്തിൽ വന്നു. അന്നു മുതൽ ഇന്നു വരെ എല്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വിജയിച്ച്, 44 വർഷമായി തുടർച്ചയായി സിപിഐ എമ്മിന്റെ പ്രസിഡൻറുമാർ പഞ്ചായത്ത് ഭരണം നടത്തുന്നു. എല്ലാ പൊതു തെരഞ്ഞെടുപ്പുകളും സിപിഐ എം ലീഡ് ചെയ്‌തുകൊണ്ടിരിക്കുന്നു.

തോട്ടം തൊഴിലാളികളുടെ കൂലിയ്‌ക്കും പിരിച്ച് വിടലിനുമെതിരെയും,  കർഷക തൊഴിലാളികളുടെ കൂലി വർധനവിനും കുടികിടപ്പവകാശത്തിനും മിച്ചഭൂമിയ്‌ക്കും പാട്ടഭൂമിയിൽനിന്നുള്ള ഒഴിപ്പിക്കലിന്  എതിരായും ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും മറ്റുമുള്ള നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഈ സമരങ്ങളുടെയെല്ലാം ഫലമായി നിരവധിയായ കേസുകളിൽ പ്രതിയായി പോലീസിന്റെ ലാത്തിച്ചാർജ്ജിന് പലതവണ ഇരയായിട്ടുണ്ട്. കാരക്കോണത്ത് നടന്ന ഡിവൈഎഫ്ഐ സമരത്തിൽ പോലീസ് നടത്തിയ നരനായാട്ടിന് ഇരയായി. അന്നാണ് സ.എം വിജയകുമാറിനെ പോലീസ് മൂക്കും തലയും അടിച്ചു തകർത്ത് മൃതപ്രായനാക്കിയത്.

തോട്ടം തൊഴിലാളി സമരത്തിലും വാഴിച്ചൽ നുള്ളിയോട് കുടിയിറക്കിനെതിരായ സമരത്തിലും ക്ലാമലയിൽ ആദിവാസികളുടെ ഭൂമി പ്രമാണിമാർ കയ്യേറിയതിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തു. ഏതാണ്ട് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥയിൽ രണ്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1970 മുതൽ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനായി. ഇന്നും ആ സംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്നു. ജില്ലയിലെ മിക്കവാറും എല്ലാ കോളനികളിലും, ലക്ഷംവീട് കോളനികളിലും, നാല് സെൻറ് കോളനികളിലും, പുറമ്പോക്ക് കോളനികളിലും കർഷക തൊഴിലാളി മേഖലയിലെ സമര സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി തവണ എത്തിച്ചേരാനും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും സാധ്യമായി.

എകെഎസ് രൂപീകരണത്തിന് മുമ്പ് കർഷക തൊഴിലാളി യൂണിയന്റെ ഭാഗമായി ജില്ലയിലെ ആദിവാസികളെ സംഘടിപ്പിക്കാൻ എന്നെ ചുമതലപ്പെടുത്തി. ജില്ലയിലെ ഉൾവനങ്ങളിലടക്കം എല്ലാ ആദിവാസി ഊരുകളിലും എത്തിച്ചേർന്നു. ആദ്യഘട്ടം വളരെ വിഷമം പിടിച്ചതായിരുന്നു.  സ്ഥിരമായി ചൂഷണത്തിനും കബളിപ്പിക്കലിനും ഇരയാകുന്ന ആദിവാസികൾ എല്ലാവരെയും സംശയദൃഷ്‌ടിയോടെയാണ് നോക്കിക്കണ്ടിരുന്നത്. സമുദായ അടിസ്ഥാനത്തിലുള്ള നിരവധി സംഘടനകളും നേതാക്കന്മാരും ചേർന്ന് കബളിപ്പിക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു അവരുടേത്. അവർക്ക് എന്തെങ്കിലും സഹായം കൊടുക്കുന്ന നേതാക്കന്മാരും സഹായം കൈപ്പറ്റുന്നവരായ പാവപ്പെട്ട ആദിവാസികളും, ഇതാണ് അന്നത്തെ അവരുടെ പൊതുബോധം. തങ്ങളുടെ അവകാശമാണ് ഇത് എന്നും, അത് ചോദിച്ച് വാങ്ങേണ്ടതാണെന്നും ഇല്ലെങ്കിൽ അതിനായി സമരം ചെയ്യണമെന്നും ഒക്കെയുള്ള അവകാശ ബോധത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരുവാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. നിരവധി സമരങ്ങൾ നടത്തി.

ഒരുഘട്ടത്തിൽ ആദിവാസികളുടെ കുടിലുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പൊളിച്ചുകളയുന്നതിനെതിരെ പാലോട് ഫോറസ്റ്റ് ഓഫീസിൽ ആദിവാസി കുടുംബത്തെ പാർപ്പിച്ച് സമരം നടത്തേണ്ടിവന്നു. ആഴ്ചകളോളം ആദിവാസി കുടുംബം പാലോട് ഫോറസ്റ്റ് ഓഫീസിൽ താമസിച്ചു. ജില്ലയിലെ എല്ലാ പ്രദേശത്തുമുള്ള ആദിവാസികൾ പാലോടേക്ക് ഒഴുകിയെത്തി. ആവേശകരമായിരുന്നു ആ സമരം. അവസാനം 50,000 രൂപ സർക്കാർ ആദിവാസികൾക്ക് നഷ്ടപരിഹാരം കൊടുത്തു.

നന്ദിയോട് വച്ച്  നടന്ന ആദിവാസി സമ്മേളനത്തിൽ സെറ്റില്മെന്റുകളിൽ താമസിക്കുന്ന ആദിവാസികൾക്ക് താമസിക്കുന്ന ഭൂമിയുടെ പട്ടയവും കൈവശവകാശ രേഖയും നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരളത്തിൽത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. അന്ന് അത് അവതരിപ്പിച്ചപ്പോൾ ഒരുപാട് എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇന്ന് എൽഡിഎഫ് സർക്കാർ കേരളത്തിലെ നിരവധിയായിരം പാവപെട്ട ആദിവാസികൾക്ക് അവരുടെ ഭൂമിയ്‌ക്ക് കൈവശവകാശ രേഖ നൽകി അന്നുയർത്തിയ മുദ്രവാക്യം സാക്ഷാത്കരിക്കുമ്പോൾ അങ്ങേയറ്റം അഭിമാനവും ആഹ്ളാദവുമുണ്ട്.

നിരവധി പ്രചാരണ ജാഥകളും ആദിവാസി യോഗങ്ങളും നടത്തി. ഒരു പ്രധാന ജാഥയുടെ പേര് "ആദിവാസി കാൽനട-വാഹന-വള്ള ജാഥ "  എന്നായിരുന്നു. കുറേദൂരം വാഹനത്തിൽ, കുറേദൂരം നദികളിൽ കൂടി വള്ളങ്ങളിൽ, കൂടുതൽ ദൂരം കാൽനടയായി ഇതായിരുന്നു ജാഥയുടെ രീതി. എല്ലാ ഊരുകളിലും ജാഥ സഞ്ചരിച്ചു. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി. അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആദിവാസികൾ വനങ്ങളിൽ നിന്ന് കാൽനടയായി  സെക്രട്ടറിയേറ്റ് പടിക്കലെത്തി. ഇതിനെല്ലാം നേതൃത്വം നൽകാൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യം ഇന്നുണ്ട്. ആദിവാസികളെ ചേർത്തുപിടിച്ച് അവരോടൊപ്പം നിന്ന് പ്രവർത്തിക്കാനും അവരെ സംഘടിപ്പിക്കാനും അവരുടെ തോളിൽ കയ്യിട്ടു അവരിലൊരാളായി മാറാനും എനിക്ക് കഴിഞ്ഞു.

സംസ്ഥാനത്ത് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽക്കിയിരുന്ന സഖാവ് എ കണാരൻ എനിക്ക് ഒരു പുതിയ പേരിട്ടു "നാഗപ്പൻ കാണി". ആദിവാസികളുടെ കമ്മിറ്റികളിലും പൊതുയോഗങ്ങളിലും സ്നേഹധനനായ കണാരേട്ടൻ "നാഗപ്പൻ കാണി" യെന്ന് എന്നെ സംബോധന ചെയ്യുമ്പോൾ ഒരാവേശമായിരുന്നു. ആദിവാസികളെ ചേർത്തുപിടിക്കാൻ, അവരിലൊരാളായി മാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അത് ഒരു അനുഭവം തന്നെയായിരുന്നു. ജില്ലയിൽ ഇന്ന് എകെഎസ് എന്ന സംഘടന ശക്തമായ പ്രവർത്തനം കാഴ്ച വയ്‌ക്കുകയാണ്. നിരവധി പ്രവർത്തകർ ജനപ്രതിനിധികളും കമ്മറ്റികളിലുമായി വളർന്നു. ആദിവാസിമേഖലകളിൽ ഇന്നും എത്തുമ്പോൾ കാണുന്ന സ്നേഹവും ആദരവും അങ്ങേയറ്റം സന്തോഷകരമായ അനുഭവമാണ്.

എനിക്ക് സാമ്പത്തികമായ ഒരു കടബാധ്യതയും ഇല്ല. ഒരു രൂപയുടെ സമ്പാദ്യവും ഇല്ല. ഒരു രൂപയുടെ ബാങ്ക് നിക്ഷേപവും ഇല്ല. 1980ൽ വിവാഹിതനായി. ഒരു ചെറിയ വീട് ആ ഘട്ടത്തിൽ നിർമിച്ചു. ഒരുപക്ഷേ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും ചെറിയ വീട് എന്റേതായിരിക്കും. പൈതൃകമായി ലഭിച്ച ഭൂമി കുറെ പല ആവശ്യങ്ങൾക്കായി വിറ്റു. കുറെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി കൊടുത്തു. ഭാര്യയുടെതായി ഉണ്ടായിരുന്ന ഭൂമി പൂർണമായും വിറ്റു. അവരുടെ എല്ലാ ആഭരണങ്ങളും വിൽക്കേണ്ടി വന്നു. അവർക്കാർക്കും എന്നോട് ഒരു പരിഭവവും ഇല്ല എന്ന് തന്നെയാണ് വിശ്വാസം. 42 വർഷത്തെ കുടുംബജീവിതത്തിൽ ഒരു മണിക്കൂർ പോലും ഞങ്ങൾക്കിടയിൽ പിണക്കം ഉണ്ടായിട്ടില്ല. മുഷിഞ്ഞ് ഒരു വാക്കുപോലും പറയേണ്ടി വന്നിട്ടില്ല. പരിമിതികൾക്ക് അകത്തുനിന്ന് സന്തോഷത്തോടെ മുന്നോട്ടു പോകുന്നു.

ആനാവൂർ ഗ്രാമത്തിൽ പാർട്ടി അംഗമായി ബ്രാഞ്ച് സെക്രട്ടറിയായി എൽസി അംഗമായി എൽ സി സെക്രട്ടറിയായി ഏരിയ കമ്മിറ്റി അംഗമായി ഏരിയാ സെക്രട്ടറിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായി ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിക്കുന്നു. ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വസ്‌തനായ ഒരു പ്രവർത്തകനായി മുന്നോട്ട് പോകും. 56 വർഷക്കാലത്തെ പാർട്ടി ജീവിതത്തിൽ ഒരുപാട് സംതൃപ്‌തിയും അതിലേറെ സന്തോഷവും അഭിമാനവുമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top