29 March Friday

അമിക്കസ് ക്യൂറിയെക്കണ്ട് കയറെടുക്കരുത്...ദീപക് രാജു എഴുതുന്നു

ദീപക് രാജുUpdated: Wednesday Apr 3, 2019
ദീപക് രാജു

ദീപക് രാജു

"അതായത്, ഈ അമിക്കസ് ക്യൂറി റിപ്പോർട്ട് ഒരു വിദഗ്ദ്ധ പഠനമല്ല; വിദഗ്ദ്ധ പഠനം വേണം എന്ന ശുപാർശയാണ്'...ജനീവയില്‍ നിന്ന് ദീപക് രാജു എഴുതുന്നു

അമിക്കസ് ക്യൂറി റിപ്പോർട്ട് വായിച്ചിട്ടേ അഭിപ്രായം രൂപീകരിക്കൂ എന്ന് പറഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടി ബോധിച്ചു. വായിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങൾ പറയാം.

ആദ്യമേ പറയട്ടെ. ഞാനൊരു ശാസ്ത്രജ്ഞനല്ല, വക്കീലാണ് (അമിക്കസ് ക്യൂറിയെപ്പോലെ തന്നെ). കോടതിയിൽ കേസുകൾ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നതെങ്കിലും പലപ്പോഴും കോടതിക്ക് പിടിയില്ലാത്ത ശാസ്ത്രീയ വിഷയങ്ങൾ കേസിൽ കടന്നു വരും. അപ്പോൾ വിഷയത്തിൽ വൈദഗ്ധ്യമുള്ള ആളുകളുടെ സഹായത്തോടെ വേണം കോടതി കാര്യങ്ങൾ തീരുമാനിക്കാൻ. ഇപ്പോൾ ഞാൻ ചെയ്യുന്ന പല കേസുകളിലും ഇതുപോലെ വിദഗ്ദ്ധൻമാർക്ക് വലിയ റോളുണ്ട്. ഭാര്യ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇത്തരം വിദഗ്ദ്ധരുടെ സഹായത്തെക്കുറിച്ചാണ്. ഇതൊക്കെ കാരണം വളരെ താല്പര്യത്തോടെയാണ് റിപ്പോർട്ട് തപ്പിയത്. പ്രളയത്തിന്റെ കാരണം എന്താണ് എന്ന് പറയാൻ ഞാൻ ആളല്ല; അമിക്കസ് ക്യൂറി റിപ്പോർട്ടിനെക്കുറിച്ച്, റിപ്പോർട്ട് വായിച്ചതിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നു.

റിപ്പോർട്ടിന്റെ രണ്ടാമത്തെ പാരഗ്രാഫിൽ ആറ് പോയിന്റുകൾ പറയുന്നുണ്ട്. പെട്ടെന്ന് വാണിങ് ഇല്ലാതെ ഡാമുകൾ ഒന്നിച്ച് തുറന്നുവിട്ടത് പ്രളയം വഷളാക്കി, കെ.എസ്.ഇ.ബി യുടെ ലാഭേച്ഛ കാരണമാണ് ഡാമുകളിൽ പരമാവധി വെള്ളം നിറച്ചത് എന്നൊക്കെ. അതാണോ പല അഭിപ്രായങ്ങളിലും പത്രങ്ങളിലും ക്വോട്ട് ചെയ്യുന്നത് എന്നൊരു സംശയം ഉണ്ട്. ആണെങ്കിൽ, ആ ആറ് പോയിന്റുകൾ പരാതിക്കാരുടെ വാദങ്ങളുടെ സംഗ്രഹമാണെന്ന് പാരഗ്രാഫ് രണ്ടിന്റെ തലക്കെട്ടിൽത്തന്നെ പറയുന്നുണ്ട്. അമിക്കസ് ക്യൂറിയുടെ കണ്ടെത്തലല്ല.

പാരഗ്രാഫ് 5 തൊട്ട് 8 വരെ കേരളസർക്കാരും കേന്ദ്രസർക്കാരും ഉൾപ്പടെയുള്ള എതിര്കക്ഷികളുടെ വാദങ്ങളും സംഗ്രഹിക്കുന്നു.

ഇനി ഞാൻ പാരഗ്രാഫ് 14ലേക്ക് ചാടുകയാണ്. കണ്ടെത്തലുകകളുടെ സംഗ്രഹമാണത്. 14(i) ഇൽ ഓഗസ്റ്റ് 15നും 17നും ഇടയിൽ ഉണ്ടായ സാധാരണയിൽ 42 ശതമാനം കൂടുതലായ മഴയാണ് പ്രളയത്തിന്റെ പ്രധാന കാരണം എന്ന് വ്യക്തമായി പറയുന്നു.

ഇതിന് ശേഷം പാരഗ്രാഫ് 14(ii) മുതൽ 14(xii) വരെ പ്രളയം കൂടുതൽ വഷളായതിന് പതിനൊന്ന് മറ്റ് കാരണങ്ങൾ നിരത്തുന്നു. ഈ കാരണങ്ങൾ എന്താണെന്ന് പരിശോധിക്കുന്നതിന് മുൻപ്, അമിക്കസ് ക്യൂറിക്ക് ഇവ എവിടുന്ന് കിട്ടി എന്ന് നോക്കണം. അതിന് പാരഗ്രാഫ് 9 മുതൽ 13 വരെയിലേക്ക് തിരിച്ചു പോകണം.

പാരഗ്രാഫ് 9 ഡാമുകളെയും പ്രളയത്തെയും സംബന്ധിക്കുന്ന ഭരണഘടനയുടെയും നിയമങ്ങളുടെയും ഒരു സംഗ്രഹമാണ്. അത് കഴിഞ്ഞ് പാരഗ്രാഫ് 10 പോളിസികൾ ഗൈഡ്‌ലൈനുകൾ തുടങ്ങിയവ സംഗ്രഹിക്കുന്നു. ഇവിടെ, ഈ പോളിസികളിലും ഗൈഡ്‌ലൈനുകളിലും ചെയ്യണമെന്ന് പറയുന്ന ചില കാര്യങ്ങൾ ചെയ്യുക എന്ന "പ്രാക്റ്റീസ്" കേരളത്തിൽ നിലവിലില്ല എന്ന് പറയുന്നു. പാരഗ്രാഫ് പതിനൊന്നിലും പന്ത്രണ്ടിലും പ്രളയത്തിന്റെ കാരണം സംബന്ധിച്ച നേരത്തെയുള്ള ചില പഠനങ്ങളുടെ സംഗ്രഹം ആണ്.

പാരഗ്രാഫ് പതിമൂന്നിൽ അതുവരെ പഠിച്ച രേഖകളുടെ അടിസ്ഥാനത്തിൽ, അതായത് കക്ഷികളുടെ വാദങ്ങൾ, പോളിസികളിലും ഗൈഡ്‌ലൈനുകളിലും ചെയ്യണം എന്ന് പറഞ്ഞിട്ടും ചെയ്യാത്തവ, മറ്റുള്ളവർ നടത്തിയ മുൻ പഠനങ്ങളിൽ പറഞ്ഞ കാരണങ്ങൾ എന്നിവ ചേർത്തുവച്ച് അമിക്കസ് ക്യൂറിയുടെ കണ്ടെത്തലുകൾ വിവരിക്കുന്നു. ഈ കണ്ടെത്തലുകളാണ് പാരഗ്രാഫ് 14 ഇൽ അക്കമിട്ട് സംഗ്രഹിക്കുന്നത്.

അപ്പോൾ പാരഗ്രാഫ് 13 ലെ കണ്ടെത്തലുകൾ എങ്ങനെയാണ് വന്നത് എന്നതാണ് പ്രധാന ചോദ്യം. 13 ൻറെ തലക്കെട്ടിൽ തന്നെ പറയുന്നുണ്ട് കക്ഷികളുടെ വാദങ്ങൾ, പോളിസികളിലും ഗൈഡ്‌ലൈനുകളിലും ചെയ്യണം എന്ന് പറഞ്ഞിട്ടും ചെയ്യാത്തവ, മറ്റുള്ളവർ നടത്തിയ മുൻ പഠനങ്ങളിൽ പറഞ്ഞ കാരണങ്ങൾ എന്നിവ ചേർത്തുവച്ചാണ് ഈ കണ്ടെത്തലുകളിൽ എത്തിയത് എന്ന്. ഇതെങ്ങനെയാണ് ചെയ്തത് എന്ന് മുൻപുള്ള പാരഗ്രാഫുകളും 13ഉം തമ്മിൽ തട്ടിച്ച് നോക്കണം. ഗൈഡ്‌ലൈനുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ a, b, c എന്നിവ ചെയ്തിട്ടില്ല എന്ന് വയ്ക്കുക. ഒരു പഠനത്തിൽ c, d എന്നിവയും മറ്റൊരു പഠനത്തിൽ d, e, f എന്നിവയും പ്രളയത്തിന്റെ കാരണങ്ങളായി കണ്ടെത്തിയെന്നും. അമിക്കസ് ക്യൂറി ഇവയെല്ലാം ചേർത്ത് വച്ച് a, b, c, d, e, f എന്നിവയാണ് മഴക്ക് പുറമെ പ്രളയത്തിന്റെ കാരണങ്ങൾ എന്ന് പറയുന്നു.

അതായത്, മുൻ പഠനങ്ങൾ ശരിയാണോ എന്ന ശാസ്ത്രീയമായ അവകലനം അമിക്കസ് ക്യൂറി നടത്തുന്നില്ല (ഉണ്ടെന്ന് അവകാശപ്പെടുന്നുമില്ല). പല പഠനങ്ങൾ പ്രളയത്തിന് പലകാരണങ്ങൾ പറയുന്നിടങ്ങളിൽ അവയിൽ ഏതാണ് ശരി എന്നൊരു വിശകലനം ഇല്ല, പറഞ്ഞ എല്ലാ കാരണങ്ങളും ഒരു ലിസ്റ്റിൽ ചേർക്കുന്നു എന്നെ ഉള്ളൂ. ഗൈഡ് ലൈനുകളിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ല എന്ന് പറയുമ്പോഴും അങ്ങനെ ചെയാത്തത് പ്രളയത്തിന് ആക്കം കൂട്ടിയോ, കൂട്ടിയെങ്കിൽ എത്രത്തോളം, എങ്ങനെ എന്നൊന്നും അമിക്കസ് ക്യൂറി ശാസ്ത്രീയമായ ഒരു വിശകലനവും നടത്തുന്നില്ല. അമിക്കസ് ക്യൂറി ലിസ്റ്റിൽ ഇട്ടിരിക്കുന്ന കാരണങ്ങൾ പന്ത്രണ്ടെണ്ണത്തിൽ മഴയാണ് ഏറ്റവും പ്രധാനം എന്ന് പറയുന്നതല്ലാതെ മറ്റ് കാരണങ്ങൾ എങ്ങനെ, എന്തളവിൽ, പ്രളയത്തിന്റെ ആക്കം കൂട്ടി എന്നും പറയുന്നില്ല.

ഇതിനെല്ലാം ശേഷം, അമിക്കസ് ക്യൂറി പറയുന്നത് വിദഗ്ദ്ധ കമ്മീഷനെ വച്ച് കാര്യങ്ങൾ പഠിക്കണം എന്നാണ്. എന്താണ് പഠിക്കേണ്ടത് എന്ന് പാരഗ്രാഫ് 15.II ഇൽ പറയുന്നു. അതിലെ ആദ്യത്തെ ഐറ്റം പ്രളയത്തിന്റെ കാരണം എന്താണെന്ന് അന്വേഷിക്കണം എന്നാണ്. പുറകെ, അമിക്കസ് ക്യൂറി ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഓരോ കാരണവും പ്രളയത്തിന്റെ ആക്കം കൂട്ടിയോ എന്ന് അന്വേഷിക്കണം എന്നും പറയുന്നു. അതായത്, കിട്ടാവുന്ന രേഖകളും പഠനങ്ങളും ചേർത്ത് വച്ച് സംഗ്രഹിച്ച അമിക്കസ് ക്യൂറി ശാസ്ത്രീയമായ ഒരു വിശകലനം നടത്തിയിട്ടില്ലെന്ന് ഞാൻ പറയുന്നതല്ല. അമിക്കസ് ക്യൂറി പറയുന്നതാണ്. ആ കാര്യങ്ങൾ ശാസ്ത്രം അറിയാവുന്ന ഒരു വിദഗ്ദ്ധ സമിതി പഠിക്കട്ടെ എന്നാണ് അമിക്കസ് ക്യൂറി പറയുന്നത്.

ഇനി, എന്താണ് ഗൈഡ് ലൈനുകളിൽ ഉണ്ടായിട്ടും കേരളത്തിൽ ചെയ്യാത്ത കാര്യങ്ങൾ. ഒന്ന്, മറ്റ് സ്ഥലങ്ങളിൽ ഡാമുകൾ പ്രളയ നിയന്ത്രണം ഉദ്ദേശിച്ച് ഉണ്ടാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുമ്പോൾ കേരളത്തിൽ ആ ഉദ്ദേശം ഇല്ല എന്നാണ്. ശ്രദ്ധിക്കേണ്ട കാര്യമാണ്. പക്ഷെ അതൊരു പിഴവാണെങ്കിൽ ഈ ഡാമുകൾ ഉണ്ടാക്കിയ കാലം മുതൽ ഉള്ളതാണ്. ആവശ്യമായ ഫ്ളഡ് കൺട്രോൾ സോൺ ഇല്ല എന്ന് പറയുന്നതും, റൂൾ കെർവ് ഇല്ല എന്നതും, ചെളി നീക്കുന്ന പ്രക്രിയയുടെ അഭാവവും, ഡാമുകൾക്ക് സമീപത്തെ കയ്യേറ്റങ്ങളും, കേരളത്തിൽ പ്രളയ പ്രവചന കേന്ദ്രം ഇല്ല എന്നതും ഒക്കെ അങ്ങനെ തന്നെ.

ആകെ, സമീപ കാലത്തെ വീഴ്ച എന്ന നിലയിൽ ലിസ്റ്റിൽ വരുന്നത് രണ്ടു കാര്യങ്ങളാണ്. ഒന്ന് ഡാമുകൾ തുറക്കുന്നതിന് മുൻപ് ആവശ്യമായ മുൻകരുതൽ കൊടുത്തോ എന്നതാണ്. കൊടുത്തില്ല എന്ന് ചില രേഖകളിൽ പറയുന്നത് അമിക്കസ് ക്യൂറി ആവർത്തിക്കുമ്പോഴും (പാരഗ്രാഫ് 14 viii-ix) കൊടുത്തോ ഇല്ലയോ എന്ന കാര്യം വിദഗ്ദ്ധ സമിതി പരിശോധിക്കണം എന്നാണ് അമിക്കസ് ക്യൂറി പറയുന്നത് (പാരഗ്രാഫ് 15.II.h-i). രണ്ട് ഡാമുകളിൽ വെള്ളം കൂടുതൽ സംഭരിച്ചോ എന്നത്. ചില രേഖകളിൽ അങ്ങനെ കൂടുതൽ സംഭരിച്ചു എന്ന് പറയുന്നത് അമിക്കസ് ക്യൂറിയുടെ ലിസ്റ്റിൽ വരുമ്പോഴും (പാരഗ്രാഫ് 14.iv). മുൻ വര്ഷങ്ങളേക്കാൾ കൂടുതൽ സംഭരിച്ചോ, വരാൻ പോകുന്ന മഴ മുൻകൂട്ടിക്കണ്ട് തുറന്നു വിടാമായിരുന്നോ എന്നതൊന്നും അമിക്കസ് ക്യൂറി വിശകലനം ചെയ്യുന്നില്ല. അങ്ങനെയൊരു കാരണം പ്രളയത്തിന്റെ ആക്കം കൂട്ടിയോ എന്ന് വിദഗ്ദ്ധ സമിതി അന്വേഷിക്കണം എന്ന് അമിക്കസ് ക്യൂറി പറയുന്നു (പാരഗ്രാഫ് 15.II.b, e).

അതായത്, ഈ അമിക്കസ് ക്യൂറി റിപ്പോർട്ട് ഒരു വിദഗ്ദ്ധ പഠനമല്ല; വിദഗ്ദ്ധ പഠനം വേണം എന്ന ശുപാർശയാണ്.

അവസാനമായി ഒരു കാര്യം കൂടി. "ഹൈൻഡ് സൈറ്റ്" ഒരു കിടിലൻ സംഭവമാണ്. ഒരാളെ ഇടി വെട്ടാനുള്ള സാധ്യതയുടെ 42ഇൽ ഒന്നാണ് അയാൾക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത. അതായത് അടിക്കാൻ സാധ്യതയുള്ള ലോട്ടറി എടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷെ, നറുക്കെടുപ്പിൻ്റെ പിറ്റേന്ന് അടിച്ച നമ്പർ തപ്പിയെടുക്കാനും അടിച്ച നമ്പർ വാങ്ങാതിരുന്നത് വീഴ്ചയാണെന്ന് പറയാനും വളരെ എളുപ്പമാണ്. അപകടങ്ങളുടെ കാര്യത്തിൽ ഇതെങ്ങനെയാണ് വർക്ക് ഔട്ട് ആവുന്നത് എന്ന് മനസിലാക്കാൻ "സള്ളി" എന്ന സിനിമ കാണുക. ഒരു വിമാനത്തിന്റെ എഞ്ചിൻ നഷ്ടപ്പെട്ട അവസ്ഥയിൽ പൈലറ്റിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും, അതെ സംഭവം പിന്നീട് കമ്പ്യൂട്ടറിൽ സിമുലേഷൻ വച്ച് വിശകലനം ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം കാണാം.

ചുരുക്കത്തിൽ റിപ്പോർട്ട് വായിച്ച് കഴിഞ്ഞപ്പോൾ ഒരു വക്കീൽ ഐഐടിയിലെ ശാസ്ത്രജ്ഞരെ ഒക്കെ കടത്തി വെട്ടി എന്ന എൻ്റെ അഹങ്കാരം ഒന്ന് ശമിച്ചു. അമിക്കസ് ക്യൂറിയുടെ പേരിൽ കയറെടുത്തവർ തൽക്കാലം വിദഗ്ദ്ധ സമിതി റിപ്പോർട്ട് വരാൻ (അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കോടതി സ്വീകരിച്ചാൽ) കാത്തിരിക്കുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top