26 April Friday

ചിലരങ്ങനെയാണ്‌ .. കടന്നു വന്ന കനൽവഴികൾ വിളിച്ചുപറയാറില്ല ; കാലിടറാതെ അവരങ്ങനെ ഹൃദയത്തിലേക്ക്‌ നടന്നുകയറും ..പി കെ ബിജുവിനേപോലെ

രാജേഷ്‌ കൃഷ്‌ണUpdated: Wednesday Mar 27, 2019

രാജേഷ്‌ കൃഷ്‌ണ

രാജേഷ്‌ കൃഷ്‌ണ

കനലെരിയുന്ന പോരാട്ടവീഥിയിലൂടെ നടന്ന്, ആലത്തൂരിലെ ജനഹൃദയങ്ങളിൽ കയറിയ നേതാവാണ് പി കെ ബിജു.കഠിനസമരപാതകളിൽ അയാൾക്കൊരിക്കലും കാലിടറിയിട്ടില്ല.കടന്നുപോന്ന കനൽവഴികളും അവർ വിളിച്ചു പറയണമെന്നില്ല. നിറചിരിയുമായി അവർ അതിജീവനപാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ ആ പോരാട്ടത്തിന് മൂല്യമേറും. ആലത്തൂരിൽ എൽഡിഎഫ്‌ സ്‌ഥാനാർത്ഥിയായ പി കെ ബിജുവിനെ കുറിച്ച്‌  സുഹൃത്ത്‌ രാജേഷ്‌ കൃഷ്‌ണ പറയുമ്പോൾ അതിലൊട്ടും അതിശയോക്‌തിയില്ല.

ലോകസഭയിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ച എം പി, ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത എംപി. മികച്ച അറ്റൻഡൻസ് റേറ്റ്, 2200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ . തൃശൂർ മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറ്റിയ ആൾ. ചിറ്റൂർ നെന്മാറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച നേതാവ്. തിരക്കിട്ട പൊതുപ്രവർത്തനത്തിനിടയ്ക്കും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ്. അഴിമതിയുടെ ഒരു തുള്ളി പോലും തെറിക്കാത്ത സംശുദ്ധ ജീവിതം. ഇത്രയൊക്കെത്തന്നെ മതി അടുത്ത 5 വർഷത്തേക്ക് കണ്ണും പൂട്ടി PK ബിജുവിനെ ഇന്ത്യൻ പാർലമെൻറിലേക്ക് ആലത്തൂർ ജനത നിയോഗിക്കാനെന്നും രാജേഷ്‌ കൃഷ്‌ണ പറയുന്നു.

പോസ്‌റ്റ്‌ ചുവടെ

ജീവിതത്തോട് നിരന്തരം പൊരുതി മുന്നേറുന്ന ചിലരുണ്ട്. ജീവിതത്തിന്റെ വേനൽവിതാനങ്ങളും കടന്നുപോന്ന കനൽവഴികളും അവർ വിളിച്ചു പറയണമെന്നില്ല. നിറചിരിയുമായി അവർ അതിജീവനപാതയിലൂടെ മുന്നോട്ടു നടക്കുമ്പോൾ ആ പോരാട്ടത്തിന് മൂല്യമേറും. അങ്ങനെയുള്ളവർ അത്യപൂർവമാണ്.ആലത്തൂരെ ഹൃദയപക്ഷ സ്ഥാനാർഥി പി കെ ബിജുവിനെ നമുക്ക് ആ പട്ടികയിൽ പെടുത്താം.

പരിചയപ്പെടുന്നവരുടെയെല്ലാം ഹൃദയത്തിലേക്ക് ഉടനടി നടന്നു കയറുന്ന രണ്ടക്ഷരമായിരുന്നു പി കെ. ഒരാളെയും അയാൾ ഇന്നുവരെ വേദനിപ്പിച്ചിട്ടുള്ളതായി എനിക്കറിയില്ല. ഒട്ടൊക്കെ സമൃദ്ധിയിൽ ജീവിച്ച എനിക്കെന്നും അന്യമായിരുന്നു അയാളുടെ ഇല്ലായ്മകളുടെ കഥകൾ. ദുരിതഭാണ്ഡം ഞങ്ങൾ ആത്മാർത്ഥസുഹൃത്തുക്കൾക്കു മുന്നിൽപ്പോലും അയാളൊരിക്കലും അഴിച്ചിരുന്നില്ല.

സൗഹൃദവഴികളിൽ ഞങ്ങളത് സ്വമേധയാ തിരിച്ചറിയുകയായിരുന്നു.ഒരു നേട്ടത്തിനുമായി തന്റെ ദുരിതങ്ങൾ വിളമ്പാൻ അയാളൊരിക്കലും തയ്യാറായിരുന്നില്ല. എന്നാൽ പലപ്പോഴും ബഹുവിധമുള്ള കഠിനജീവിതപരീക്ഷണങ്ങൾ നിശബ്ദനായി അയാൾ അതിജീവിക്കുന്നതിന് ഞാൻ സാക്ഷിയായിരുന്നു.

കനലെരിയുന്ന പോരാട്ടവീഥിയിലൂടെ നടന്ന്, ആലത്തൂരിലെ ജനഹൃദയങ്ങളിൽ കയറിയ നേതാവാണ് പി കെ ബിജു. രാഷ്ട്രീയ പാരമ്പര്യത്തിന്റെ വംശമഹത്വവും അയാൾക്കില്ല. അയാൾ നമ്മളിലൊരാളാണ്. തന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രം മുന്നോട്ടു നടന്ന ആളാണ്. സുഖലോലുപതയുടെ ശീതളച്ഛായയിൽ നിന്നല്ല, തെരുവിൽ നിന്നാണ് അയാൾ പൊരുതിക്കയറിയത്.കഠിനസമരപാതകളിൽ അയാൾക്കൊരിക്കലും കാലിടറിയിട്ടില്ല.വിദ്യാർത്ഥി നേതാക്കളെ വിലങ്ങുവച്ച് നടത്തിയ ഈ ചിത്രം കേരളമാകെ ഒരിക്കൽ ചർച്ച ചെയ്തതാണ്...

വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന്‌ പി കെ ബിജുവിനെയും മറ്റ്‌  എസ്‌എഫ്‌ഐ  പ്രവർത്തകരേയും വിലങ്ങണിയിച്ച്‌ കൊണ്ടുപോകുന്നു.

വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തതിന്‌ പി കെ ബിജുവിനെയും മറ്റ്‌ എസ്‌എഫ്‌ഐ പ്രവർത്തകരേയും വിലങ്ങണിയിച്ച്‌ കൊണ്ടുപോകുന്നു.



'പഠിക്കുക പോരാടുക' എന്ന SFI മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയ അപൂർവം വ്യക്തിത്വങ്ങളിൽ ഒന്നാണ് PK, ബിജുവിൽ നിന്നും ഡോ. P K ബിജുവിലേക്കുള്ള ദൂരം ഏറ്റവും കൃത്യമായി സാക്ഷ്യപ്പെടുത്താവുന്ന ആൾ ഞാൻ തന്നെയാണെന്നെനിക്ക് ഉത്തമബോദ്ധ്യമുണ്ട്. ആ ബോധ്യത്തിൽത്തന്നെയാണ് ഞാനിതെഴുതുന്നത്.

പൊള്ളാച്ചി മുതൽ കുന്നംകുളം വരെ നീണ്ടു നിവർന്നു കിടക്കുന്ന മണ്ഡലത്തിലെല്ലായിടത്തും ഓടിയെത്താൻ സാമ്പത്തികമായി കിതയ്ക്കുന്ന ബിജുവിനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അയാൾ മണ്ഡലം കാണാത്ത ഒരു അന്യഗ്രഹജീവിയായല്ല അവിടെ നിറഞ്ഞു നിൽക്കുന്നത്.

ജീവിതത്തിലുടനീളം സത്യസന്ധമായി ജീവിക്കാൻ ചിലർക്കേ കഴിയൂ.ബിജു അവരിലൊരാളാണ്. ചെറുതായിപ്പോലും കാര്യങ്ങളെ വളച്ചൊടിക്കാൻ താൽപര്യമില്ലാത്തതിനാൽ, വിസിബിലിറ്റി കൂട്ടാൻ സഹായകരമായ ചാനൽ ചർച്ചകളിൽ നിന്നു പോലും അയാൾ പലവട്ടം ഒഴിഞ്ഞു മാറുന്നത് ഞാൻ കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയ എന്ന രാഷ്ടീയ 'ഇറച്ചിവെട്ടുതറ' യിലും ബിജു സജീവസാന്നിധ്യമല്ല. സ്വലാഭത്തിനായി ഒരു മാധ്യമവുമായും അനാവശ്യ വ്യക്തിബന്ധം പുലർത്താത്ത അപൂർവ്വം രാഷ്ട്രീയ നേതാക്കളിലൊരാൾ P K ആവും. (ആലത്തൂരിലെ എതിൽ സ്ഥാനാർത്ഥിക്കായി മാധ്യമങ്ങൾ മാറ്റിവച്ചിരിക്കുന്ന സ്പെയിസാണതിനു തെളിവ്)

വ്യക്തിഹത്യകളും നുണകളും അരങ്ങു വാഴുന്ന തിരഞ്ഞെടുപ്പ് കാലമാണിത്. അല്ലയോ
പ്രിയപ്പെട്ട എതിർ സ്ഥാനാർത്ഥീ, നിങ്ങളെത്ര മനോഹരമായി പാടുന്നു എന്നതല്ല, നിങ്ങളെ ഇതുവരെ ഏൽപ്പിച്ച ചുമതലകൾ നിങ്ങളെത്രത്തോളം ഭംഗിയായി നിറവേറ്റി എന്നതാണ് വിഷയം. PK ബിജുവിന്റെ മണ്ഡലത്തിലെ കുഴൽമന്ദമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്ത്, താങ്കളുടെ കുന്നമംഗലമാകട്ടെ ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 138ആം സ്ഥാനത്തും. ആ ഓഡിറ്റിംഗ് ജനങ്ങൾ നടത്തട്ടെ!

പ്രിയപ്പെട്ട PK ,നിങ്ങളെ സ്പോൺസർ ചെയ്യാൻ ഒരു ഏകതാപരിഷത്തും വരില്ല, ഒരു ഓൺലൈൻ മാധ്യമവും വരില്ല. നിങ്ങൾ 'ഫോർ സെയിൽ' ബോർഡും കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഒരു മാർക്കറ്റിംഗ് ടൂളല്ല എന്ന് ജനങ്ങൾക്ക് ഉത്തമബോദ്ധ്യമുണ്ട്.

വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തും ഒരുപക്ഷവും പിടിക്കാതെ 'പാർട്ടിലൈൻ' എന്ന നൂൽപ്പാലത്തിലൂടെ നടന്നവനാണ് PK. പിന്നീട് പാർട്ടി വിട്ടു പോയ ചില ആളുകൾ പരസ്യമായി ചില നേതാക്കളെ വിമർശിക്കുമ്പോഴും, "അവരെ വിമർശിക്കാൻ നമ്മൾ വളർന്നിട്ടില്ല, അവരെ തിരുത്താൻ അവരുടെ സമകാലികർക്കാണ് കൂടുതൽ അവകാശം" എന്നായിരുന്നു PK യുടെ നിലപാട്.

ആദ്യ തിരഞ്ഞെടുപ്പിൽ അമ്മയുടെ പേരിലുള്ള നാലോ അഞ്ചോ സെന്റ് സ്ഥലമുൾപ്പടെ PK യുടെ ആസ്തി നാലരലക്ഷത്തിനടുത്തായിരുന്നു. പത്തു വർഷത്തിനിപ്പുറം അയാളുടെ ആകെ സമ്പാദ്യം 32 ലക്ഷം, ഇതിൽ ഇരുപത് ലക്ഷം ഭാര്യയ്ക്ക് ലഭിച്ച കുടുംബസ്വത്തും, പൊള്ളാച്ചി മുതൽ കുന്നംകുളം വരെ നീണ്ടു നിവർന്നു കിടക്കുന്ന മണ്ഡലത്തിൽ ഓടിയെത്താൻ വാങ്ങിയ ഒരു കാറും.

അയാളുടെ SFI കാലത്ത് ഡൽഹിയിൽ നിൽക്കുന്ന SFIക്കാരുടെ അലവൻസ്, പാർട്ടി കൂട്ടിയ ഒരു കഥ ഞാൻ കേട്ടിട്ടുണ്ട്.അന്ന് 1500 രൂപയായിരുന്നു SFI ദേശീയ നേതാക്കളുടെ മാസം അലവൻസ്. അതിൽ 500 രൂപ വീട്ടിലേക്കയച്ച്  1000 രൂപ കൊണ്ട് ഡൽഹിയിൽ ആശാൻ 'കുശാലായി' ജീവിച്ചു വരവേ ,ആ ' സുഭിക്ഷത ' നേരിൽക്കണ്ട ചിലർ അന്നത്തെ SFI ചാർജുകാരനായ യെച്ചൂരിയെ ചെന്നു കണ്ട് P K ക്കു വേണ്ടി സംസാരിച്ചു. ബംഗാളിൽ നിന്നുള്ള ഈയടുത്ത് പാർട്ടിവിട്ട റിത്തബ്രത ബാനർജി ബംഗാളിൽ നിന്നും കിട്ടുന്ന 2000 അടക്കം 3500 രൂപ അന്ന് വാങ്ങുന്നുണ്ടായിരുന്നു . ഇതറിഞ്ഞ യെച്ചൂരി ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന SFI ക്കാരുടെ അലവൻസ് 4000 ആക്കി ഉയർത്തി എന്നാണ് കഥ. ഇന്ന് എംപിമാർക്ക് കിട്ടുന്ന ശമ്പളത്തിന്റെ 75% പാർട്ടി ലെവിയാണ്. ബാക്കി 25% ത്തിലാണ് കുടുംബജീവിതവും പൊതു ജീവിതവും. ഈ അവസ്ഥയിൽ പോലും സംശുദ്ധമായി ജീവിക്കാൻ ബിജുവടക്കമുള്ള ഹൃദയപക്ഷ എംപിമാർക്കേ കഴിയൂ. അല്ലാത്തവർ ഈ പാർട്ടിയിൽ നിന്നും 'വിസർജ്ജിക്കപ്പെടും' അത് അബ്ദുള്ളക്കുട്ടിമാരായും റിത്തബ്രത ബാനർജിമാരായും ...!

PK യെ അടയാളപ്പെടുത്താൻ സഖാവ് പിണറായി ആലത്തൂരിലെ പാർട്ടി കൺവൻഷനിൽ ഒരിക്കൽ പറഞ്ഞ വാക്കുകൾ തന്നെയാണ് മികച്ചത്. " SFI നേതാവ് PK ബിജു ഉറങ്ങിയിട്ടല്ലാത്ത പാർട്ടി ഓഫീസുകൾ കേരളത്തിലില്ല"

ലോകസഭയിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ച എം പി, ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്ത എംപി. മികച്ച അറ്റൻഡൻസ് റേറ്റ്, 2200 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ . തൃശൂർ മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറ്റിയ ആൾ. ചിറ്റൂർ നെന്മാറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച നേതാവ്. തിരക്കിട്ട പൊതുപ്രവർത്തനത്തിനിടയ്ക്കും പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റ്. അഴിമതിയുടെ ഒരു തുള്ളി പോലും തെറിക്കാത്ത സംശുദ്ധ ജീവിതം. ഇത്രയൊക്കെത്തന്നെ മതി അടുത്ത 5 വർഷത്തേക്ക് കണ്ണും പൂട്ടി PK ബിജുവിനെ ഇന്ത്യൻ പാർലമെൻറിലേക്ക് ആലത്തൂർ ജനത നിയോഗിക്കാൻ...!
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top