27 April Saturday

സഹകരണ ബാങ്കുകള്‍ക്കെതിരായ സംഘപരിവാര്‍ പ്രചരണം: മറുപടിയുമായി സോഷ്യല്‍ മീഡിയ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2016

സഹകരണ ബാങ്കുകളെപ്പറ്റി സംഘപരിവാര്‍  പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് കണക്കുകളും രേഖകളും ഉദ്ധരിച്ച് മറുപടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ഷിയാസ് ഷംസു ഫേസ് ബുക്കില്‍ എഴുതിയത്:

സംഘപരിവാര്‍ നുണ (1)

ആര്‍.ബി.ഐ ലൈസന്‍സ് ഇല്ലാത്തത് കൊണ്ടാണ് സഹകരണ ബാങ്കുകള്‍ക്ക് നിയന്ത്രണം വന്നതും ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നതും..

യാഥാര്‍ത്ഥ്യം...

സ്റ്റേറ്റ് കോ ഓപ്പറെറ്റീവ് ബാങ്ക്, 14 ജില്ലാ സഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവക്ക് എല്ലാം ആര്‍.ബി.ഐ ലൈസന്‍സ് ഉണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ കേരള കോ ഓപ്പറെറ്റീവ് സൊസൈറ്റിസ് ആക്റ്റ് പ്രകാരം ആണ് പ്രവര്‍ത്തിക്കുന്നത്...

ഇനി സഘപരിവാറുകളോട് ഒരു ചോദ്യം....

ആര്‍.ബി.ഐ ലൈസന്‍സ് ഉള്ള അര്‍ബന്‍ ബാങ്കിനും സഹകരണ മേഖലയിലെ ഏക ഷെഡ്യൂള്‍ഡ് ബാങ്ക് ആയ സംസ്ഥാന സഹകരണ ബാങ്കിനും സുഗമമായി പ്രവര്‍ത്തിക്കാന്‍ കൊടുത്തിരിക്കുന്ന അനുമതി എന്ത് കൊണ്ട് ആര്‍.ബി.ഐ ലൈസന്‍സ് ഉള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നിഷേധിക്കുന്നു...? അത് സഹകരണ മേഖലയെ തകര്‍ക്കുക എന്ന ബി.ജെ.പി സംഘപരിവാറിന്‍റെ തറ രാഷ്ട്രീയമല്ലേ....?

സംഘപരിവാര്‍ നുണ (2)

ആര്‍.ബി.ഐ എന്നത് ഞങ്ങള്‍ക്ക് അബദ്ധം പറ്റിയതാണ്. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് ചോദിച്ച വിവരങ്ങള്‍ സഹകരണ ബാങ്കുകള്‍ കൊടുത്തിട്ടില്ല....അതാണ്‌ പ്രശ്നം...

യാഥാര്‍ത്ഥ്യം....

ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് നിക്ഷേപകരുടെ വിവരങ്ങള്‍ നോട്ടീസ് അയച്ച് സഹകരണ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. കുറെ കാലത്തെ നിയമപോരാട്ടത്തിന് ശേഷം കോടതി നിര്‍ദേശപ്രകാരം സഹകരണ ബാങ്കുകള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എല്ലാം ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന് കൈമാറിയിട്ടുണ്ട്. പിന്നെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് സെക്ഷന്‍ 80 പി പ്രകാരം സഹകരണ ബാങ്കുകള്‍ക്കുള്ള വരുമാനനികുതി ഇളവ് നല്‍കില്ല എന്ന് റിട്ടേണ്‍ സമര്‍പ്പിച്ച പല ബാങ്കുകളോടും പറഞ്ഞതിന്‍റെ ഫലമായി നടന്ന നിയമപോരാട്ടത്തില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റിന് എതിരായി ഹൈക്കോടതി വിധി വരുകയും എല്ലാ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കും വരുമാന നികുതി ഇളവിന് അര്‍ഹത ഉണ്ടെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി വിധിക്കുകയും ചെയ്തു. ( ഇനി അതില്‍ ഐ.ടി വകുപ്പിന് കേരളത്തിലെ സഹകരണബാങ്കുകളോട് എന്തെങ്കിലും അസ്കിത ഉണ്ടോ എന്നറിയില്ല. ഉണ്ടെന്ന് ഊഹിക്കാം.... ഈ ഹൈക്കോടതി വിധിക്ക് ശേഷവും 80 പി ആനുകൂല്യം നല്‍കാതിരിക്കാന്‍ പല മുട്ടാപ്പോക്കും പറയാറുണ്ട്. അതില്‍ ഒക്കെ പരാജയപ്പെട്ടിട്ടും ഉണ്ട്...)

ഇനി സഘപരിവാറുകളോട് ഒരു ചോദ്യം....

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ല എന്ന് എന്ത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തള്ളുന്നത്....? ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് എന്തെങ്കിലും പത്രക്കുറിപ്പ് ഇറക്കിയോ....? അതോ ബി.ജെ.പി കേന്ദ്ര ഓഫീസില്‍ വന്നു പരാതി പറഞ്ഞോ...? നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തള്ളി നടക്കുന്നതിന്‍റെ എന്തെങ്കിലും ആധികാരികത തെളിയിക്കാന്‍ സാധിക്കുമോ...?

സംഘപരിവാര്‍ നുണ (3)

( ആദ്യത്തെ രണ്ടും പൊളിഞ്ഞപ്പോള്‍ ഫോട്ടോഷോപ്പ് ശാഖയില്‍ നിന്ന് സുരേന്ദ്രന്‍ജി പ്രത്യേകം ചെയ്യിച്ചത്...)
തമിഴ്നാട്ടില്‍ കര്‍ഷകരെ സഹായിക്കാന്‍ ജില്ലാ ബാങ്കുകള്‍ വഴി ആര്‍.ടി.ജി.എസും എന്‍.ഇ.എഫ്.ടിയും ഒക്കെ ഉപയോഗിച്ച് പണം മാറിക്കൊടുക്കുന്നുണ്ട്... കേരളത്തില്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല...

യാഥാര്‍ത്ഥ്യം...

കേരളത്തിലെ സഹകരണ ബാങ്കുകള്‍ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി സംവിധാനം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കല്‍ ആരംഭിച്ചിട്ട് കാലങ്ങള്‍ ആയി... ഇത് പ്രകാരം ഈ പ്രതിസന്ധി നിമിഷത്തിലും സഹകരണബാങ്കുകളിലെ പണം മറ്റു ബാങ്കുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നുണ്ട്... അദേഹത്തിന് ഹിന്ദി മാത്രമല്ല ഇംഗ്ളീഷും അറിയാത്തതിന് പാവപ്പെട്ട സഹകാരികള്‍ എന്ത് ചെയ്യും... നബാര്‍ഡ് വായ്‌പകള്‍ കൊടുക്കാന്‍ തമിഴ്നാട്ടിലെ ജില്ലാ ബാങ്കുകള്‍ വഴി സംവിധാനം ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള സര്‍ക്കുലര്‍ എടുത്തിട്ടാണ് ആശാന്‍ പൂശുന്നത്.....

സംഘപരിവാര്‍ നുണ (4)

എന്നാല്‍ ഞങ്ങളൊരു സത്യം പറയട്ടെ... ഇതൊന്നും അല്ല പ്രശ്നം... കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ വൈദ്യനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല.... അത് കൊണ്ടാണ് പ്രശ്നം...

യാഥാര്‍ത്ഥ്യം...

സഹകരണം സ്റ്റേറ്റ് സബ്ജക്ട് ആണ്... സഹകരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ആണ് നടപ്പാക്കുക.. സംസ്ഥാനങ്ങള്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ പിന്നെ നടക്കില്ല... സഹകരണ ബാങ്കുകളെ മറ്റു വാണിജ്യ ബാങ്കുകളില്‍ നിന്നും വേര്‍തിരിക്കുന്നത് അതിന്‍റെ ജനകീയതയും സാധാരണക്കാരന് വേണ്ടിയുള്ള വിവിധ മേഖലകളിലെ ഇടപെടലും ആണ്. അത് ഇല്ലാതാക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ ആണ് വൈദ്യനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ എന്നത് കൊണ്ടാണ് കേരള നിയമസഭ ഒന്നടങ്കം ഈ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ തള്ളിയത്... ഈ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പിന്നെ സഹകരണ സംഘങ്ങള്‍ക്ക് നീതി മെഡിക്കല്‍ സ്റ്റോര്‍, വളം ഡിപ്പോകള്‍, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍, ഓണച്ചന്തകള്‍ തുടങ്ങി യാതൊരു വിധ സേവനവും നടത്താന്‍ പറ്റാത്ത രീതിയിലേക്ക് മാറും...
അങ്ങനെ ജനങ്ങള്‍ക്ക്‌ ഉപകാരമില്ലാത്ത രീതിയില്‍ സഹകരണ ബാങ്കുകളെ മാറ്റണം എന്നാണോ സംഘപരിവാറുകളെ നിങ്ങള്‍ പറയുന്നത്...?

സംഘപരിവാര്‍ നുണ (5)


കേരളത്തില്‍ ആകെ ഉള്ളത് മൂന്നേ കാല്‍ കോടി ജനങ്ങള്‍... എങ്ങിനെ സഹകരണ ബാങ്കുകളില്‍ മൂന്നര കോടി അകൗണ്ടുകള്‍ വന്നു..? ജടിലശ്രീ ശ്രീ രാജശേഖരന്‍ ജി...

ഈ ആരോപണം ഉന്നയിച്ചയാള്‍ക്ക് ആകെ എത്ര ബാങ്കില്‍ അക്കൌണ്ട് ഉണ്ട്... വെറും നാല് ബാങ്കില്‍... അടി പൊളി.. വാ പോകാം...

യാഥാര്‍ത്ഥ്യം....


ഒരാള്‍ ഒരേ സ്വഭാവം ഉള്ള ഒന്നില്‍ കൂടുതല്‍ സഹകരണസംഘങ്ങളില്‍ അംഗങ്ങള്‍ ആകരുത് എന്നാണ് സഹകരണ നിയമം. വിവിധ സ്വഭാവം ഉള്ള സംഘങ്ങളില്‍ അംഗം ആകാം... അതായത് ഒരാള്‍ക്കു വേണമെങ്കില്‍ ഒരു പി.എ.സി.എസിലും എംപ്ലോയീസ് സഹകരണ സംഘത്തിലും അംഗം ആകാം. അങ്ങിനെ ഒരാള്‍ക്ക് തന്നെ പി.എ.സി.എസിലും എംപ്ലോയീസ് സംഘത്തിലും അക്കൌണ്ടും തുടങ്ങാം. കേരളത്തിലെ ഭൂരിപക്ഷം ആളുകളും സഹകരണബാങ്കുകളുമായി ബന്ധപ്പെടുന്നതിന്‍റെ അസൂയ അല്ലാതെ വേറെ എന്താണ് ജടിലശ്രീക്ക്...

സംഘപരിവാര്‍ നുണ (6)


നബാര്‍ഡ് കൃഷി ആവശ്യത്തിന് തരുന്ന ഫണ്ട് എടുത്തു സംഘങ്ങള്‍ മറ്റു വായ്‌പകള്‍ കൊടുക്കുന്നു...

യാഥാര്‍ത്ഥ്യം....

സഹകരണ ബാങ്കുകള്‍ കാര്‍ഷിക വായ്പ്പ 3 തരത്തില്‍ ആണ് കൊടുക്കുന്നത്. നബാര്‍ഡ് നേരിട്ട് കാര്‍ഷിക വായ്പ്പക്കുള്ള പണം കൊടുക്കുന്നത് കേരളത്തിലെ 70 ഓളം വരുന്ന കോ ഓപ്പറെറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്‍റ് ബാങ്കുകള്‍ക്കാണ്. ആ ബാങ്കുകള്‍ക്ക് ഒരു താലൂക്ക് മുഴുവന്‍ ആകും പ്രവര്‍ത്തന പരിധി. ആ ബാങ്കുകളുടെ എല്ലാം മേല്‍നോട്ടത്തിനായി സ്റ്റേറ്റ് കോ ഓപ്പറെറ്റീവ് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ്‌ റൂറല്‍ ഡെവലപ്പ്മെന്‍റ് ബാങ്ക് ഉണ്ട്.
പ്രാഥമിക സംഘങ്ങള്‍ സാധാരണ 3 തരത്തില്‍ ആണ് കാര്‍ഷിക വായ്‌പ്പ വിതരണം ചെയ്യുന്നത്. ഇരുപത്തയ്യായിരം രൂപ വരെ ( ചിലബാങ്കുകളില്‍ 20000 ) ആള്‍ ജാമ്യത്തില്‍ കൊടുക്കും. കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ കരം തീര്‍ത്ത രസീതും കൃഷി ഓഫീസറില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ കൊടുക്കും. പാട്ടത്തിനു കൃഷി ചെയ്യുന്ന ആള്‍ ഉടമയുടെ സമ്മതപത്രം ഹാജരാക്കിയാലും കൊടുക്കും. 7 ശതമാനം പലിശക്ക് ആണ് കൊടുക്കുന്നത്. അതില്‍ 3 ശതമാനം നബാര്‍ഡ് സബ്സിഡി ആയി നല്‍കും. ലോണ്‍ കൊടുക്കാന്‍ ഒരു പണവും നബാര്‍ഡ് കൊടുക്കുന്നില്. പലിശയില്‍ സബ്സിഡി മാത്രമാണ് നല്‍കുന്നത്. ഇതിന് വേണ്ടി ഉപയോഗിക്കുന്നത് ബാങ്കുകളുടെ സ്വന്തം ഫണ്ട് ആണ്. ഈ ഫണ്ട് ആകട്ടെ 10 ശതമാനം ഒക്കെ ( ഇപ്പോള്‍ 8.5 ശതമാനം. സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ 9 ) പലിശ കൊടുത്തിരുന്ന ഡെപ്പോസിറ്റുകളില്‍ നിന്ന് കിട്ടിയതും. എങ്ങിനെ നോക്കിയാലും കോസ്റ്റ് ഓഫ് ഫണ്ട് 8 നു മുകളില്‍ വരുന്ന സമയത്താണ് സംഘങ്ങള്‍ 7 ശതമാനം പലിശക്ക് സ്വന്തം ഫണ്ട് എടുത്തു ലോണ്‍ കൊടുക്കുന്നത്. അതിന്‍റെ സബ്സിഡി സഹകരണ ബാങ്കിന് വരുന്നത് രണ്ടും മൂന്നും വര്‍ഷം ഒക്കെ കഴിയുമ്പോള്‍ ആകും. അങ്ങിനെ വരുന്ന സമയത്ത് ഇങ്ങിനെ ലഭിച്ച 3 ശതമാനം സബ്സിഡി തുക കര്‍ഷകരുടെ അക്കൌണ്ടില്‍ ക്രെഡിറ്റ് ചെയ്ത് അതിന്‍റെ സ്റ്റേറ്റ്‌മെന്‍റ് ജില്ലാബാങ്കിനും നബാര്‍ഡിനും അയക്കും. ഫലത്തില്‍ സഹകരണ ബാങ്ക് ഉള്ളത് കൊണ്ട് കര്‍ഷകര്‍ക്ക് സമയത്ത് കാര്‍ഷിക വായ്പ്പ കൊടുക്കും. സബ്സിഡി പിന്നീട് കിട്ടുകയും ചെയ്യും.
പിന്നെ ഉള്ളത് കാര്‍ഷിക സ്വര്‍ണ്ണ വായ്‌പ്പയാണ്. അത് സെന്‍റിന് 1500 രൂപ നിരക്കില്‍ 50000 മുതല്‍ ഒരു ലക്ഷം വരെ സ്വര്‍ണ്ണ ഈടില്‍ സഹകരണ ബാങ്കുകള്‍ കൊടുക്കും. അതും 7 ശതമാനത്തിന് സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് കൊടുക്കുന്നത്. അതിന് നബാര്‍ഡ് സബ്സിഡി സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നതും ഇല്ല. മറ്റു ബാങ്കുകള്‍ക്ക് നല്‍കുന്നുമുണ്ട്. മറ്റു ബാങ്കുകളിലെ കാര്‍ഷിക സ്വര്‍ണ്ണ വായ്പ്പയുടെ കണക്കു എടുത്തു നോക്കിയാല്‍ അറിയാം എത്ര ഡെപ്പോസിറ്റ് ഉള്ള ആളുകള്‍ക്കാണ് അവിടെ കാര്‍ഷിക വായ്‌പ്പ നല്‍കിയിരിക്കുന്നത് എന്ന്.

മൂന്നാമത് ഉള്ളത് നബാര്‍ഡ് സഹായത്തോടെ ജില്ലാ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്‌പ്പ. അത് 3 ലക്ഷം വരെ കൊടുക്കുന്ന സഹകരണ ബാങ്കുകള്‍ ഉണ്ട്. ജില്ലാ ബാങ്കുകള്‍ ആണ് ഈ ലോണിനുള്ള ഫണ്ട് നല്‍കുന്നത്. മിനിമം 3 ഏക്കര്‍ സ്ഥലം വേണം 3 ലക്ഷം കിട്ടണമെങ്കില്‍. പലിശ 7 ശതമാനം. 3 ശതമാനം സബ്സിഡി. ഈ ലോണിലും ജില്ലാ സഹകരണബാങ്കിന്‍റെയും നബാര്‍ഡിന്‍റെയും കര്‍ശനമായ നിയന്ത്രണങ്ങളും മേല്‍നോട്ടവും നിരന്തര പരിശോധനയും ഉണ്ട്. ഈ വര്‍ഷത്തെ സ്റ്റേറ്റ്‌മെന്‍റ് റെഡി ആക്കി സമര്‍പ്പിച്ചു അതിന്‍റെ പരിശോധനയും കഴിഞ്ഞ് തൃപ്തികരം ആണെങ്കില്‍ മാത്രമേ അടുത്ത വര്‍ഷം ജില്ലാ സഹകരണ ബാങ്കുകള്‍ ഈ ഫണ്ട് അനുവദിക്കൂ. ഇപ്പോള്‍ തന്നെ കഴിഞ്ഞ 2 വര്‍ഷത്തെ സബ്സിഡി കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് അറിവ്.

സംഘപരിവാര്‍ നുണ (7)

സഹകരണ ബാങ്കുകള്‍ 16 ശതമാനം കൊള്ളപ്പലിശ വാങ്ങുന്നു....

എന്ത്... എങ്ങിനെ...?

അല്ല... 15 ശതമാനം പലിശ വാങ്ങുന്നുണ്ട്....

ഏതു വര്‍ഷത്തെ കാര്യമാ?...

ഉറപ്പിച്ചു 14 ശതമാനം കൊള്ളപലിശ ഈടാക്കുന്ന സ്ഥാപനങ്ങള്‍ ആണ് സഹകരണ ബാങ്കുകള്‍ എന്ന്...

യാഥാര്‍ത്ഥ്യം...

സഘപരിവാറുകള്‍ക്ക് എവിടെ നിന്ന് കിട്ടി എന്നറിയില്ല ഈ കണക്ക്. കേരളത്തിലെ സഹകരണബാങ്കുകളെ നിയന്ത്രിക്കുന്നത് രെജിസ്ട്രാര്‍ ഓഫ് കോ ഓപ്പറെറ്റീവ് സൊസൈറ്റിസ്‌ ആണ്. അദേഹം കാലാകാലങ്ങളില്‍ പലിശനിരക്ക് സംബന്ധിച്ച് സര്‍ക്കുലറുകള്‍ ഇറക്കും. അതാണ്‌ സഹകരണബാങ്കുകള്‍ പിന്തുടരുന്നത്. ഈ സര്‍ക്കുലറില്‍ ഓരോ ലോണിനും വിവിധ കാലയളവില്‍ ഉള്ള നിക്ഷേപങ്ങള്‍ക്കും ഉള്ള പലിശനിരക്ക് പറയും. ഇപ്പോള്‍ നിലവില്‍ ഉള്ള സര്‍ക്കുലര്‍ പ്രകാരം പരമാവധി പലിശ ഈടാക്കാവുന്ന ലോണിന്‍റെ നിരക്ക് 13.5 ശതമാനം ആണ്. അത് തന്നെ പല ബാങ്കുകളും പരമാവധി 13.5 എന്നതിന് പകരം സ്വമേധയാ അതില്‍ താഴെ ഒക്കെ ആണ് എടുക്കാറ്. ഇനി 13.5 ല്‍ നിജപ്പെടുത്തിയിരിക്കുന്ന പല ബാങ്കുകളും കൃത്യമായി അടക്കുന്നവര്‍ക്ക് അതാത് മാസം അടക്കുന്ന സമയത്ത് തന്നെ ഒരു ശതമാനം കിഴിവ് കൊടുക്കുന്നുമുണ്ട്. ഇത് കൂടാതെ നെല്‍കൃഷിക്ക് പലിശരഹിത വായ്പ, 4 ശതമാനം പലിശക്ക് കാര്‍ഷിക ‌വായ്പ്പ, 7 % പലിശക്ക് കാര്‍ഷിക സ്വര്‍ണ്ണ വായ്‌പ്പാ. കുറഞ്ഞ പലിശയില്‍ ചികിത്സാ വായ്‌പ്പാ ഇതെല്ലാം കൊടുക്കുന്നുണ്ട്. അത് കൂടാതെ ഡെപ്പോസിറ്റുകള്‍ക്ക് 9 % വരെ പലിശ നല്‍കി ആണ് ഫണ്ട് സ്വരൂപിക്കുന്നത്. അതായത് പരമാവധി 13.5 % ആണെങ്കിലും പലിശരഹിത വായ്പ മുതല്‍ 4 % പലിശ ഉള്ള ലോണുകള്‍, 7 ശതമാനം പലിശ ഉള്ള ലോണുകള്‍ അങ്ങിനെ പലതരം ആണ് പലിശനിരക്ക്.

പിന്നെ തള്ളുന്ന സഘപരിവാറുകള്‍ ആര്‍ക്കെങ്കിലും സമയം ഉണ്ടെങ്കില്‍ എസ്.ബി.ഐ വെബ്സൈറ്റില്‍ ഒന്ന് കയറി നോക്കണം അപ്പോള്‍ കാണാം ബിസിനസ്സ് ലോണിന്‍റെ പലിശനിരക്ക് എസ്.ബി.ഐ നിശ്ചയിച്ചിരിക്കുന്നത് 11.20 % മുതല്‍ 16.30 % വരെ ആണ്.

സംഘപരിവാര്‍ നുണ (8)

ജില്ലാ സഹകരണ ബാങ്കുകളുടെ ആകെ നിക്ഷേപം എടുത്ത് ബ്രാഞ്ചുകളുടെ എണ്ണം കൊണ്ട് ഡിവൈഡ് ചെയ്‌താല്‍ ഓരോ ബ്രാഞ്ചിലും 77 കോടി വരും. അത് വരണമെങ്കില്‍ ഒരു പഞ്ചായത്തിലെ സാധാരണക്കാര്‍ ഒക്കെ 60 ലക്ഷം വെച്ചെങ്കിലും നിക്ഷേപിക്കണം.

യാഥാര്‍ഥ്യം...

ജില്ലാ ബാങ്കുകളില്‍ അറുപത്തിരണ്ടായിരം കോടി നിക്ഷേപം ഉണ്ടെന്നാണ് ഈ നുണ പോസ്റ്റ് തയ്യാറാക്കിയ സംഘപരിവാറുകാരന്‍ മനോരമ പത്രത്തെ ഉദ്ധരിച്ചു പറയുന്നത്. സഹകരണ മന്ത്രി നിയമസഭയില്‍ ഒരു ചോദ്യത്തിന് നല്‍കിയ മറുപടി ആണ് ഈ പോസ്റ്റിലെ ചിത്രം. അതില്‍ പറയുന്നു അന്‍പത്തി ഏഴായിരത്തി നാനൂറ്റി നാലു കോടി ആണ് ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്ന്. പോസ്റ്റിട്ട സഘപരിവാറുകാരന്‍ വെറും നാലായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റി ആറു കോടി ആണ് നിക്ഷേപം യഥാര്‍ത്ഥ കണക്കില്‍ നിന്ന് കൂട്ടി കാണിച്ചത്. ഈ കള്ളക്കണക്ക് പറഞ്ഞിട്ട് പറയുന്നു ഈ നിക്ഷേപത്തെ മൊത്തം ജില്ലാ സഹകരണ ബാങ്കുകളുടെ ബ്രാഞ്ചുകള്‍ കൊണ്ട് വിഭജിച്ചാല്‍ ഒരു ബ്രാഞ്ചില്‍ 77 കോടി നിക്ഷേപം ഉണ്ടെന്ന്. ഒരു ബ്രാഞ്ചിന്‍റെ പരിധിയില്‍ വരുന്ന ജനസംഖ്യ 4 ലക്ഷം ( ഈ കണക്ക് എങ്ങിനെ എന്ന് ഒരു പിടിയും ഇല്ല. പരിവാറുകള്‍ക്ക് ഫോട്ടോഷോപ്പ് അല്ലാത്ത വേറൊരു വിദ്യാഭ്യാസവും ആവശ്യത്തിന് ഉണ്ടാകില്ലല്ലോ ) വരുമെന്നും  പറയുന്നു. അങ്ങിനെ എങ്കില്‍ ഒരാള്‍ 60 ലക്ഷം നിക്ഷേപിച്ചാല്‍ മാത്രമേ ഈ പറയുന്ന 77 കോടി ആവുകയുള്ളൂ എന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഈ നാലു ലക്ഷം പേര്‍ 60 ലക്ഷം നിക്ഷേപിച്ചാല്‍ 77 കോടി മാത്രമേ ഉണ്ടാകൂ എന്ന് ഈ സംഘപരിവാറുകാരന്‍ എന്ത് കണക്ക് കൂട്ടിയാണ് കണ്ടു പിടിച്ചത് എന്ന് ചോദിച്ചാല്‍ മനസ്സിലാക്കാന്‍ മൂളയുള്ള അതിനുത്തരം നല്‍കാന്‍ കഴിയുന്ന ആരെങ്കിലും സഘപരിവാരങ്ങളില്‍ ഉണ്ടെങ്കില്‍ ഒന്ന് കാണണം എന്നുണ്ട്....

സഘപരിവാറുകളെ ഒരു ചോദ്യത്തിന് കൂടി മറുപടി പറയണം...

സ്റ്റേറ്റ് കോ ഓപ്പറെറ്റീവ് ബാങ്കും അര്‍ബന്‍ ബാങ്കും ജില്ലാ ബാങ്കും ആര്‍.ബി.ഐ ലൈസന്‍സ് ഉള്ളതും കെ.വൈ.സി നോംസ് എല്ലാം പാലിക്കുന്നതുമായ ബാങ്കുകള്‍ ആണ്. അതില്‍ ജില്ലാ ബാങ്കുകളെ മാത്രം മാറ്റി നിര്‍ത്തുന്നത് വിവേചനം അല്ലേ...? അതിനു വ്യക്തമായ ഒരു ഉത്തരം നോട്ട് നിരോധനത്തിന് തൊട്ടു മുന്‍പ് കോടികളുടെ ഭൂമി വാങ്ങിക്കൂട്ടിയ കള്ളപ്പണക്കാരനായ നേതാവിനോടെങ്കിലും ഒന്ന് ചോദിച്ചു പറയാന്‍ സാധിക്കുമോ സഘപരിവാറുകളെ...? ആര്‍.ബി.ഐയുടെ സി.എ പാനലില്‍ നിന്നുള്ള ഓഡിറ്റും ഡിപ്പാര്‍ട്മെന്‍റ് ഓഡിറ്റും നടത്തുന്ന ജില്ലാ സഹകരണ ബാങ്കുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഏതു തരത്തിലുള്ള ബാങ്കുകളെ സഹായിക്കാന്‍ ആണെന്ന് ഒന്ന് പറയാന്‍ പറ്റുന്ന സഘപരിവാറുകാര്‍ ആരെങ്കിലും ഉണ്ടോ...?

സംഘപരിവാര്‍ നുണ (9)


കള്ളപ്പണം മുഴുവന്‍ സഹകരണ ബാങ്കിലാണ്...

എന്താണ് യാഥാര്‍ത്ഥ്യം....


33 ലക്ഷം കോടി കള്ളപ്പണം 600ല്‍ താഴെ ഇന്ത്യക്കാരുടെ പേരിലായി സ്വിസ് ബാങ്കില്‍ ഉണ്ടെന്നു കേന്ദ്രം പറയുന്നു. തൊടാന്‍ അദാനി രാജാവിന്‍റെ നോമിനിയായ പ്രധാനമന്ത്രിക്ക് ധൈര്യമില്ല. കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തില്‍ മുപ്പതിനായിരം കോടി കള്ളപ്പണമാണെന്നാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. ഈ കണക്ക് എവിടെ നിന്ന് കിട്ടി. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്‍റ് പറഞ്ഞോ..? കേന്ദ്ര സര്ക്കാരിന്‍റെ കൈയില്‍ രേഖകള്‍ ഉണ്ടോ..?

2014 വരെ നീണ്ട നിയമപോരാട്ടത്തിന് ശേഷം ഐ.ടി ഡിപ്പാര്‍ട്മെന്‍റ് ഇന്‍കം ടാക്സ് നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് ചോദിച്ച എല്ലാ വിവരങ്ങളും എല്ലാ സഹകരണ ബാങ്കുകളും കൊടുത്തിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ ഇന്നേ വരെ ഇന്‍കംടാക്സ് ഡിപ്പാര്‍ട്മെന്‍റ് പറഞ്ഞിട്ടുണ്ടോ സഹകരണ ബാങ്കുകളില്‍ കള്ളപ്പണമുണ്ടെന്ന്...? എന്തായാലും അദാനിയും അംബാനിയും സഹകരണ ബാങ്കുകളില്‍ വന്നു നിക്ഷേപിക്കില്ല എന്ന് അല്‍പ്പമെങ്കിലും മൂള ഉള്ള സഘപരിവാറുകള്‍ക്കുവരെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി അങ്ങിനെ നിക്ഷേപം ഉണ്ടെങ്കില്‍ തന്നെ അതിന്‍റെ സോഴ്സ് കാണിക്കാന്‍ കഴിയാതെ വരുമ്പോള്‍ മാത്രമേ പ്രശ്നം വരുന്നുള്ളൂ. മൂന്നു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ സ്വിസ് ബാങ്കില്‍ ഉള്ള കള്ളപ്പണമുള്ള 600 വമ്പന്മാരെ തൊടാന്‍ കഴിയാത്ത മോഡിജി രണ്ടു കോടിയോളം പേര്‍ അംഗങ്ങളായ സഹകരണ ബാങ്കുകളിലെ മുപ്പതിനായിരം കോടി ആണ് പ്രശ്നം എന്ന് പറയുന്നുണ്ടെങ്കില്‍ അതിന്‍റെ അര്‍ഥം വമ്പന്മാരുടെ നേരെ നോക്കാന്‍ മോടിജിക്ക് മുട്ട് വിറക്കും എന്ന് തന്നെയാണ്. നാളെ അവര്‍ക്ക് കൂടി ഉപകാരം ലഭിക്കാന്‍ ഏക സാധ്യത ഉള്ള സഹകരണ ബാങ്കുകള്‍ക്ക് നേരെ ആക്രോശിച്ച് യഥാര്‍ത്ഥ കോര്‍പ്പറേറ്റ്‌ കള്ളപ്പണക്കാരെ രക്ഷിക്കാന്‍ ഉള്ള മോഡിയുടെ കള്ളക്കളിക്ക് ചൂട്ടു പിടിച്ചു കൊടുക്കുന്ന പണി ചെയ്യുന്നവര്‍ ആയി ജടിലശ്രീ രാജശേഖരന്‍ അടക്കം ഉള്ള കേരള സംഘപരിവാറുകള്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top