17 April Wednesday

ചെന്നിത്തല പറഞ്ഞതെന്ത് ? കെഎസ്ഇബി ചെയ്തതെന്ത് ? അഡ്വ.മുകുന്ദ് പി ഉണ്ണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 2, 2021

പ്രതിപക്ഷ നേതാവ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പുതിയ ആരോപണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി സുപ്രീംകോടതി അഭിഭാഷകനായ മുകുന്ദ് പി ഉണ്ണി. അദാനിയുടെ കമ്പനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ 8500 കോടി രൂപയുടെ കരാര്‍ ഉണ്ടാക്കിയെന്നും 1000 കോടി രൂപ അദാനിക്ക് ലാഭമുണ്ടാക്കിക്കൊടുത്തെന്നുമാണ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണം.

എന്നാല്‍ സൗരേതര വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബി കരാറിലേര്‍പ്പെടാന്‍ പോകുന്നത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായിട്ടാണ്. ഏതു കമ്പനിയില്‍ നിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നു എന്നുള്ളത് അവര്‍ നിശ്ചയിക്കും. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ തീരുമാനിച്ചതാണ് അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയെ. അതില്‍ കെഎസ്ബിക്ക് ഒരു റോളുമില്ല.-മുകുന്ദ് പി ഉണ്ണി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മുകുന്ദ് പി ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്-പൂര്‍ണരൂപം

ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഇന്നു രാവിലെ കെഎസ്ഇബിക്കെതിരെ നടത്തിയ ആരോപണം കണ്ടു. ഇലെക്റ്റ്രിസിറ്റി നിയമത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാനാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ഈ ആരോപണം കണ്ടപ്പോള്‍, കാര്യങ്ങള്‍ വേണ്ടത്ര പഠിക്കാതെ നടത്തിയ അല്ലെങ്കില്‍ തീര്‍ത്തും തെറ്റിദ്ധാരണാജനകമായ ആരോപണം ആയിട്ടാണ് എനിക്കത് മനസ്സിലായത്. കാരണം വളരെ ലളിതമാണ്. വിശദീകരിക്കാം.

ആദ്യം കുറച്ച് അടിസ്ഥാനവിവരങ്ങള്‍.
കെഎസ്ഇബി പോലെയൊരു കമ്പനി വൈദ്യുതി വാങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ചില നയങ്ങള്‍ പാലിച്ചു കൊണ്ടേ അതു ചെയ്യാനാകൂ. ഉദാഹരണത്തിന്, യുപിഏ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന സമയത്ത് RPO (Renewable Purchase Obligation) എന്നൊരു നയം കൊണ്ടുവന്നു. അതു പ്രകാരം ഒരു ഇലെക്റ്റ്രിസിറ്റി കമ്പനി വാങ്ങുന്ന വൈദ്യുതിയില്‍ ഒരു നിശ്ചിതശതമാനം പുനഃരുപയോഗ ഊര്‍ജമായിരിക്കണം (renewable energy) എന്ന നിബന്ധന വന്നു.

എത്ര ശതമാനം പുനഃരുപയോഗ ഊര്‍ജം വാങ്ങണമെന്നു നിശ്ചയിക്കുന്നത് അതാതു സംസ്ഥാനങ്ങളിലുള്ള ഇലെക്റ്റ്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകളാണ്. ഈ ഇലെക്റ്റ്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംസ്ഥാനസര്‍ക്കാരാണെങ്കിലും അതൊരു അര്‍ദ്ധ-ജുഡീഷ്യല്‍ അധികാരങ്ങളുള്ള സ്വതന്ത്രസംവിധാനമാണ്. നമ്മുടെ വനിതാ കമ്മീഷന്‍ ഒക്കെപ്പോലെ. വിഷയത്തിലേക്കു തിരികെ വരാം.

മേലെപറഞ്ഞ ഈ നയപ്രകാരം 2020ലാണ് കേരളത്തിലെ ഇലെക്റ്റ്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ Kerala State Electricity Regulatory Commission (Renewable Energy and Net Metering) Regulations, 2020 എന്ന ചട്ടം  ഇറക്കുന്നത്. ഇതുപ്രകാരം 2019-2020 കാലയളവിലെ മൊത്തം ഉപഭോഗത്തിന്റെ 12% പുനഃരുപയോഗ ഊര്‍ജമായിരിക്കണം. ഇത് 8% സൗരേതരവൈദ്യുതിയും 4% സൗരവൈദ്യുതിയും എന്ന രീതിയില്‍ ആയിരിക്കണം.

എന്നാല്‍, 2020-2021 ആകുമ്പോഴേക്കും ഈ റിന്യുവബിള്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ 12%ല്‍ നിന്നും 14.25% ആയി കൂട്ടുന്നുണ്ട്. അതില്‍ തന്നെ, സൗരേതരവൈദ്യുതി വാങ്ങേണ്ട ബാധ്യത എട്ടില്‍ നിന്നും ഒമ്പതു ശതമാനമായി കൂട്ടുന്നുണ്ട്. സൗര-സൗരേതരവൈദ്യുതിയുടെ അനുപാതം 0.50ല്‍ നിന്നും 0.58 ആയി വര്‍ദ്ധിക്കുന്നുവെന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. തൊട്ടടുത്ത വര്‍ഷം, 2022-23ല്‍ ഈ അനുപാതം 0.65 ആയി വീണ്ടും വര്‍ദ്ധിക്കുന്നുണ്ട്. അതായത്, സൗരോര്‍ജ അനുപാതം യഥാര്‍ത്ഥത്തില്‍ വര്‍ദ്ധിക്കുകയാണ്.

കെഎസ്ഇബി പോലെയുള്ള ഒരു വൈദ്യുത കമ്പനിക്ക് ഈ നയവും ചട്ടവും അനുസരിച്ചു കൊണ്ടു പ്രവര്‍ത്തിക്കാന്‍ മാത്രമേ കഴിയൂ. ഇനി കെഎസ്ഇബി ഈ വിഷയത്തില്‍ എന്ത് ചെയ്തു എന്നതിലേക്ക് വരാം.

വൈദ്യുതി വാങ്ങുന്നതിനായി ഏതെങ്കിലും കമ്പനിയുയി പവര്‍ പര്‍ച്ചേസ് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ സംസ്ഥാന ഇലെക്റ്റ്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ അനുമതി ആവശ്യമാണ്.
ഇതുവരെ പുറത്തു വന്നിട്ടുള്ള വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്ന ചില കാര്യങ്ങള്‍ പറയാം. സൗരേതര വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. കരാറിലേര്‍പ്പെടാന്‍ പോകുന്നത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനവുമായിട്ടാണ്. ഏതു കമ്പനിയില്‍ നിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നു എന്നുള്ളത് അവര്‍ നിശ്ചയിക്കും. സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ തീരുമാനിച്ചതാണ് അദാനി ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയെ. അതില്‍ കെഎസ്ബിക്ക് ഒരു റോളുമില്ല.

ഇനി ഈ ഇടപാടില്‍ വന്‍ തുകയാണ് അവര്‍ ആവശ്യപ്പെടുന്നതെങ്കില്‍ ഈ മേഖലയിലെ റെഗുലേറ്റര്‍ ആയ സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ ഇടപെടും. പരമാവധി തുക എത്ര ആയിരിക്കണമെന്നത് കമ്മിഷന്‍ നിജപ്പെടുത്തുന്ന ഒന്നാണ്.

എന്നു പറഞ്ഞാല്‍, കമ്മീഷന്‍ നിശ്ചയിച്ചിരിക്കുന്ന ഉയര്‍ന്ന തുകയുടെ താഴെയുള്ള സംഖ്യയുടെ അടിസ്ഥാനത്തില്‍ ആണ് കെഎസ്ഇബിക്ക് ഈ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുക. പിന്നീട് അതില്‍ തര്‍ക്കമോ എതിര്‍പ്പോ ഉണ്ടെങ്കില്‍ ഇലെക്റ്റ്രിസിറ്റി അപ്പീല്‍ കോടതില്‍ പോകാം.

അങ്ങനെ ഒരുപാടു കടമ്പകള്‍ കഴിഞ്ഞു നടപ്പാക്കാന്‍ മാത്രം സാധിക്കുന്ന ഒരു കരാറിലാണ്, തത്വത്തില്‍ മാത്രം അംഗീകാരം ലഭിക്കുമ്പോഴേക്കും, അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് വന്നിരിക്കുന്നത്. ഒരുപക്ഷേ തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ വേണ്ടത്ര ഗൃഹപാഠം നടത്താതെ, കയ്യില്‍ കിട്ടിയ ഒരു വടിയെടുത്ത് സര്‍ക്കാരിനെ അടിച്ചതുമാകാം. എന്തു തന്നെ ആയാലും, ഈ ആരോപണത്തില്‍ കഴമ്പുള്ള ഒന്നുമില്ല.

 

ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഇന്നു രാവിലെ കെഎസ്ഇബിക്കെതിരെ നടത്തിയ ആരോപണം കണ്ടു. ഇലെക്റ്റ്രിസിറ്റി നിയമത്തിൽ...

Posted by Mukund P Unny on Friday, 2 April 2021

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top