26 April Friday

"ഇതുകണ്ട്‌ ഞാൻ കടം തരാൻ ഉള്ളവർ വിളിക്കരുത്‌, പണമുള്ളതുകൊണ്ട്‌ ചെയ്യുന്നതല്ല'; ഡിവൈഎഫ്‌ഐ ടി വി ചലഞ്ച്‌ ഏറ്റെടുത്ത്‌ നടൻ സുബീഷ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

കോവിഡ്‌ കാലത്ത്‌ സാധാരണക്കാർക്ക്‌ സഹായം എത്തിക്കുന്നതിനായി പല ക്യാമ്പയ്‌നുകൾ യുവജന സംഘടനകൾ ആരംഭിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകുന്നതിനായി അത്തരത്തിൽ ഡിവൈഎഫ്‌ഐ തുടങ്ങിയ "റീസൈക്കിൾ കേരള' ക്യാമ്പയ്‌ൻ എല്ലാ മേഖലകളിൽ നിന്നുള്ളവരുടെയും പ്രശംസ നേടിയതാണ്‌. ഓൺലൈൻ പഠനത്തിനായി സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർഥികൾക്ക്‌ ടി വി നൽകുന്ന ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ചും അത്തരത്തിൽ ഒന്നാണ്‌. തങ്ങളേക്കാൾ മോശം ജീവിതസാഹചര്യമുള്ള മനുഷ്യർക്കായി വലിയ സാമ്പത്തിക അടിത്തറയില്ലാത്തവരടക്കം ചലഞ്ച്‌ ഏറ്റെടുത്ത്‌ മുന്നോട്ട്‌ വരികയാണ്‌. ചലഞ്ച്‌ ഏറ്റെടുത്ത നടൻ സുബീഷ്‌ എഴുതിയ കുറിപ്പ്‌.

‘ഞാൻ കടം തിരിച്ചു കൊടുക്കാനുള്ള സുഹൃത്തുക്കളും ചെറിയ ചെറിയ പൈസ അവശ്യമുള്ള സുഹൃത്തുക്കളും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്. പ്രവാസിയായ അച്ഛന്റെ പൈസ മാറാൻ എല്ലാ മാസവും ഒരു ദിവസം പയ്യന്നൂർ ടൗണിൽ വരുമ്പോൾ‌ മസാല ദോശയോ അല്ലെങ്കിൽ പൊറോട്ടയോ ബീഫോ കഴിക്കുന്നതായിരുന്നു എന്റെ ജീവിതത്തിൽ ഒരു കാലത്തെ ഏറ്റവും വലിയ ആർഭാടം. ഇതൊന്നും കഴിക്കാതെ തൊട്ടടുത്ത ടേബിളിൽ ചായ കുടിച്ചിരിക്കുന്ന എന്റെ താഴെയുള്ള കുട്ടികൾ ഞാൻ ബീഫും പൊറോട്ടയും കഴിക്കുന്നത് കഴിക്കുന്ന നോക്കി ഇരുന്നിട്ടുണ്ട്. തിരിച്ചു ഞാനും അങ്ങനെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്. മുതിർന്നപ്പോൾ കൂടെ ഉള്ളവരും മറ്റു സഹജീവികളും എല്ലാവരും ഒരുപോലെ ജീവിക്കണം എന്നു ആഗ്രഹിക്കാറുണ്ട്.

എന്നെക്കൊണ്ട് നടത്താവുന്ന രീതിയിൽ ഞാൻ ചെയ്യാറുമുണ്ട്. സമൂഹത്തിൽ എല്ലാവരും ഒരേ അവസ്ഥയിൽ ജീവിക്കണം എന്നു ചിന്തിക്കുന ഒരാളാണ് ഞാൻ. അതാണ് ടിവിയില്ലാതെ ടാബ് ഇല്ലാതെ പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ ഉണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലാതിരുന്നിട്ടും ദുബായിലുള്ള സുഹൃത്ത് യു. സുരേഷേട്ടനും ഞാനും കൂടി  DYFI TV ചലഞ്ചിന്റെ ഭാഗമായി ഒരു ടിവി  നൽകാൻ തീരുമാനിച്ചതു. അതു ഇന്ന് DYFI യെ ഏൽപ്പിച്ചു. അവർ അതു  അർഹതയുള്ള കൈകളിൽ എത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. ടിവിയില്ലാതെ തന്റെ സ്വപ്‌നങ്ങൾ ബാക്കിയാക്കി മടങ്ങിയ ദേവികയ്ക്ക് ആദരാഞ്ജലികൾ.’ സുബീഷ് കുറിച്ചു.

നേരത്തെ മഞ്ജു വാര്യർ, ആഷിഖ്‌ അബു, ബി ഉണ്ണിക്കൃഷ്ൺ തുടങ്ങിയ ചലച്ചിത്രപ്രവർത്തകരും ടിവി ചാലഞ്ചിൽ പങ്കെടുത്തിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top