30 November Wednesday

ടെക്കികളുടെ നിലയും വിലയും; അവഗണനയുടെ സത്യകഥ!!

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2016

സൌഭാഗ്യങ്ങളില്‍ ആറാടി ജീവിക്കുന്നവരാണ് ടെക്കികള്‍ എന്ന ബോധ്യമാണ് ഇന്നും പലര്‍ക്കും ഉള്ളത്. ധാരാളിത്തത്തില്‍ ജീവിക്കുന്നവരില്‍നിന്ന് അല്‍പം കൂടുതല്‍ പണം ഈടാക്കിയാലും തെറ്റില്ല എന്ന കരുതുന്നവരുമുണ്ട്. എന്നാല്‍ പറഞ്ഞുകേട്ട കഥകളില്‍ പലതിലും പതിരുണ്ടെന്ന് ഇക്കൂട്ടരെ അടുത്തറിഞ്ഞവര്‍ മനസിലാക്കുന്നുണ്ട്. ജോലി സമ്മര്‍ദ്ദവും ലഭിക്കാതെ പോകുന്ന അവധികളുമാണ് വലിയ വരുമാനത്തിന്റെ കണക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. ഈ വരുമാനത്തിലും ഏറ്റക്കുറച്ചിലുകളുണ്ടെന്നതും ഇതിനൊപ്പമുണ്ട്. എന്താണ് ടെക്കികള്‍ക്ക് ലഭിക്കുന്നത് അവര്‍ നേരിടേണ്ടി വരുന്നത് എന്തൊക്കെയാണ് എന്ന് അവരില്‍ ഒരാള്‍ എഴുതിയത് പങ്കുവെയ്ക്കുന്നു. ആ സത്യകഥ ചുവടെ:

'നിങ്ങള് ഇന്‍ഫോപാര്‍ക്കിലെ ടെക്കികളല്ലേ, വിലയുള്ളവര്‍ ?? '.. പലപ്പോഴും നേരിടുന്ന ചോദ്യമാണ് ..

ടെക്കികളെന്നാല്‍ സമൂഹത്തിലെ ഉയര്‍ന്ന വരുമാനക്കാരുടെ ഒരു വന്‍ നിര എന്നാണ് പലരും കരുതുന്നത് .. എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുന്നവര്‍ .. എല്ലാവരാലും ശ്രദ്ധിക്കപ്പെടുന്നവര്‍ ..പക്ഷേ പുറമേ കല്‍പ്പിച്ച പരിലാളനകളുടെ കോട്ട ഇടിഞ്ഞു വീണു കൊണ്ടിരിക്കയാണ്... പറഞ്ഞു പരത്തിയ നുണക്കോട്ടകള്‍ വീണല്ലേ പറ്റൂ

ഒരു പാവം മധ്യവയസ്‌കന്‍ ഈ ആഴ്ച ഇന്‍ഫോപാര്‍ക്കിലെ സെക്യൂരിറ്റി ജോലി കഴിഞ്ഞു താമസ സ്ഥലത്തു പോകാന്‍ , ഒരാളുടെ ഇരുചക്ര വണ്ടിയില്‍ ലിഫ്റ്റ് അടിച്ചു, അടിച്ചതും ,ഒരു 'പ്രമുഖ' സ്വകാര്യ ബസ് വന്നിടിച്ചു, കഥ കഴിഞ്ഞു .. വൈകിട്ടൊരു 7 മണി കഴിഞ്ഞാല്‍ ബസൊന്നുമില്ല .. ആര് വില കൊടുക്കുന്നു ..സുരക്ഷക്കൊക്കെ . .ജീവനൊക്കെ .എന്താല്ലേ ??.. ജീവന്റെ വില

വണ്ടി ഇടിക്കാതെ ക്രോസ്സ് ചെയ്യാന്‍ സാധിച്ചാല്‍ ഭാഗ്യം എന്ന് കരുതുന്നവരാണ് ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍.. ബസില്‍ ചാള അടക്കുന്ന പോലെ പോകേണ്ടി വന്നാലും, ഉബറില്‍ സര്‍ജ് കോഡില്‍ പോയാലും ,ഒരു മണിക്കൂര്‍ ബ്ലോക്കില്‍ കിടന്നാലും , പാര്‍ക്കിങ് സ്ഥലമില്ലാതെ വഴിയില്‍ വണ്ടി ഇട്ടിട്ടു ഫൈന്‍ മേടിച്ചാലും : രോഷം സ്മാര്‍ട് ഫോണില്‍ ഒതുക്കാന്‍ ശീലിച്ചവര്‍ കൂടിയാണ് ..ബസ് കേറാന്‍ ഷെല്‍ട്ടര്‍ പോലുമില്ല കാര്‍ണിവലില്‍ മുന്‍പില്‍ , സ്മാര്‍ട്ട് സിറ്റിയുടെ മുന്‍പില്‍ ..അതാണ് ക്ഷമയുടെ വില

നടക്കുന്ന സ്ഥലം ഇരുട്ടായാലും, വഴി വിളക്ക് ഇല്ലെങ്കിലും, തെരുവ് പട്ടികള്‍ ഓടിച്ചാലും എല്ലാം ഒരു പ്രിവിലേജ് അല്ലേ എന്ന് വിചാരിക്കുന്നവര്‍.പെണ്‍കുട്ടികളൊക്കെ എടുക്കുന്ന സുരക്ഷിതത്വത്തിന്റെ റിസ്ക് ഭീകരമാണ്.. ഒരു പോലീസ് പെട്രോള്‍ വാഹനം കണ്ടിരുന്നെങ്കില്‍ എന്ന് ആശ തോന്നാറുണ്ട് ..ട്രാഫിക് നിയന്ത്രിക്കാന്‍ പോലീസില്ലാത്തപ്പോഴത്തെ കൂട്ടക്കുഴപ്പം കാണാന്‍ കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്കിന് മുന്നില്‍ രാവിലെയും വൈകുന്നേരവും വന്നു കണ്ടാല്‍ മതി .. പക്ഷേ വലിയ തുകയാണ് പ്രൊഫെഷണല്‍ ടാക്സ് കൊടുക്കുന്നത് .. അതാണ് തൊഴിലിന്റെ വില ...

ജീവിത ശൈലി അസൂയാവഹമാണ് .. കഴിക്കുന്നത് വിലകൂടിയ മുന്തിയഭക്ഷണമാണ് .. കൊതിയൊന്നും തോന്നരുത് .. അട്ടയുള്ള ഉള്ളിവട, ബാന്‍ഡേജ് ഉള്ള ഉഴുന്ന് വട .. ചീഞ്ഞ ചില്ലി ചിക്കന്‍ .. മിനിഞ്ഞാന്നത്തെ ബിരിയാണി , വളിച്ച ചായ .. കുറെ നാലിന് ശേഷം ഇപ്പൊ കടകള്‍ അടച്ചിട്ടുണ്ട് അല്ല പൂട്ടിയിട്ടുണ്ട്, മനോഹരമായ ഭക്ഷണം കൊടുത്തതിനു .. തുറന്നാല്‍ എന്താവുമോ എന്തോ ... എന്തായാലും ഭക്ഷണത്തിനു നല്ല വിലയാണ് ..

അധികാരികളും ഭരണകൂടവും ഒന്നും തിരിഞ്ഞു നോക്കുന്നില്ലെങ്കിലും, ഫ്ലാറ്റ് പണിയുന്നവരും, തുണി കച്ചോടക്കാരും, മൊബൈല്‍ സേവന ദാതാക്കളും, വണ്ടി കച്ചോടക്കാരും , ലോണ്‍ വിക്കണവരും ഇഷ്ടം പോലെ തിരിഞ്ഞു നോക്കുന്നുണ്ട് .. തൊഴില്‍ സ്ഥിരതയൊന്നുമില്ലെങ്കിലും കച്ചോടക്കാര്‍ ഗൗനിക്കുന്നുണ്ട് .. വിപണി തരുന്ന വിലയാണ് ..

എങ്ങനെ മൊത്തത്തില്‍ വിലകൊടുക്കേണ്ടി വരുന്നവരാണ് , വിലയുള്ളവരല്ല എന്ന് ചെറുതായി മനസിലായില്ലേ.

അനൂപിന്റെ ( Anoop V Kuriappuram) ഫേസ്ബുക്ക് പോസ്റ്റ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top