20 April Saturday

എന്താണീ യുഎൽസിസിഎസ്?; അവർ ശരിക്കും കുഴപ്പക്കാരാണോ?; 18കാരൻ അഭിനന്ദ് കേരളത്തോടു പറയുന്നത്

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

അഭിനന്ദ്‌

അഭിനന്ദ്‌

കുറച്ചുനാളായി നമ്മുടെ ചില രാഷ്ട്രീയക്കാർ ഇടയ്ക്കിടെ പറയുന്ന പേരാണ് യുഎൽസിസിഎസ് എന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. എന്തോ ഒരു ഭീകരസംഘമോ കൊള്ളസംഘമോ എന്നപോലെയാണ് അക്കൂട്ടർ ഈ സ്ഥാപനത്തെ അവതരിപ്പിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നാറില്ലേ? എന്താണീ യുഎൽസിസിഎസ്? അവർ ശരിക്കും കുഴപ്പക്കാരാണോ? ആണെങ്കിൽ എന്തുകൊണ്ടാണ് സർക്കാരോ അന്വേഷണയേജൻസികളോ കോടതികളോ അവരെ ഒന്നും ചെയ്യാത്തത്? അവർ കുഴപ്പക്കാരല്ലെങ്കിൽ എന്തുകൊണ്ടാണ് അവരെ ചിലർ വെറുതെ കുറ്റപ്പെടുത്തുന്നത്?. പി എസ്‌ അഭിനന്ദ്‌ എഴുതുന്നു.

 

എന്റെ ഗ്രാമത്തിനു പറയാനുള്ളത്... ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരോട്.

ഞാൻ ഒരു മലബാറുകാരനാണ്. ഇവിടുത്തെ ഒരു സാധാരണ ഗ്രാമീണൻ. മാലോകർ അറിയേണ്ട സവിശേഷതകളുള്ള എന്റെ നാടിനെപ്പറ്റി, ഞങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി ആണിത്. (ഇങ്ങനെ തുടങ്ങാൻ കാര്യമുണ്ട്. എന്നെ അറിയാത്തവർക്കുകൂടി വേണ്ടിയാണു ഞനിത് എഴുതുന്നത്. കോവിഡ് വ്യാപനവും പഠനവും ഒക്കെയായി കുറച്ചുനാൾ ഫേസ്‌ബുക്കിൽനിന്നു മാറിനില്ക്കുകയായിരുന്നു. നിവൃത്തിയില്ലാത്തതിനാൽ മടങ്ങിവന്നതാണ്.)

പറഞ്ഞേതീരൂ എന്നു തോന്നിയതിനാലാണിത് എഴുതുന്നത്. രണ്ടുമൂന്നു ദിവസമെടുത്ത് എഴുതിയതാണ്; മുഴുവൻ കേരളീയരും വായിക്കണമെന്ന ആഗ്രഹത്തോടെ.അല്പം നീണ്ടുപോയേക്കാം. എന്നാലും ഇതു മുഴുവൻ വായിക്കണം എന്നാണ് എന്റെ വിനീതമായ അപേക്ഷ. നേരെ വിഷയത്തിലേക്കു കടക്കാം.

കുറച്ചുനാളായി നമ്മുടെ ചില രാഷ്ട്രീയക്കാർ ഇടയ്ക്കിടെ പറയുന്ന പേരാണ് യു.എൽ.സി.സി.എസ്. എന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. എന്തോ ഒരു ഭീകരസംഘമോ കൊള്ളസംഘമോ എന്നപോലെയാണ് അക്കൂട്ടർ ഈ സ്ഥാപനത്തെ അവതരിപ്പിക്കുന്നത്. ഇതൊക്കെ കേൾക്കുമ്പോൾ ചില സംശയങ്ങൾ തോന്നാറില്ലേ? എന്താണീ യുഎൽസിസിഎസ്?. അവർ ശരിക്കും കുഴപ്പക്കാരാണോ? ആണെങ്കിൽ എന്തുകൊണ്ടാണ് സർക്കാരോ അന്വേഷണ ഏജൻസികളോ കോടതികളോ അവരെ ഒന്നും ചെയ്യാത്തത്?. അവർ കുഴപ്പക്കാരല്ലെങ്കിൽ എന്തുകൊണ്ടാണ് അവരെ ചിലർ വെറുതെ കുറ്റപ്പെടുത്തുന്നത്?.

*ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാം*

എന്റെ അച്ഛനടക്കം ഇവിടുത്തെ സാധാരണക്കാർ മുഴുവൻ അംഗങ്ങളായ ഒരു സഹകരണസംഘമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. വാസ്തവത്തിൽ ഇതൊരു സ്ഥാപനമല്ല. ഈ നാടുതന്നെയാണ്. എന്റെ, ഞങ്ങളുടെ അഭിമാനനാട്. കോഴിക്കോട് ജില്ലയിൽ വടകരയ്ക്കടുത്തുള്ള ഒഞ്ചിയം ഗ്രാമത്തിലെ ഒരു പ്രദേശമാണ് ഊരാളുങ്കൽ. നാടാകെത്തന്നെ ഒരു സൊസൈറ്റി ആയതിനു കൗതുകകരമായ ഒരു കഥയുണ്ട്.

ഇന്നേക്കു 95 കൊല്ലം മുമ്പ് 1925-ൽ, സഹകരണസംഘം എന്ന വാക്കുപോലും നമുക്കു പരിചിതമാകുന്നതിനുമുമ്പ്, പട്ടിണിക്കാരായ നാട്ടുകാർ ചേർന്ന് അവർക്ക് ആകെയുള്ള മൂലധനമായ അദ്ധ്വാനശേഷി വില്ക്കാൻ രൂപം കൊടുത്ത തൊഴിൽക്കരാർ സംഘമാണത്. അന്നത്തെ പേര് ‘കൂലിവേലക്കാരുടെ പരസ്പരസഹായസംഘം’. ജന്മിമാരുടെ ചൂഷണത്തിൽനിന്നു രക്ഷനേടാനും അന്തസ്സോടെ ജീവിക്കാനുമായി സ്വാമി വാഗ്ഭടാനന്ദൻ ഉപദേശിച്ച ഉപായമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ കാലത്ത് അദ്ദേഹത്തെപ്പോലെതന്നെ സമൂഹമാറ്റത്തിനായി പ്രവർത്തിച്ച സന്യാസിവര്യനായിരുന്നു വാഗ്ഭടാനന്ദൻ. ഇവിടെ വന്ന് ആശ്രമം കെട്ടി പാർത്ത അദ്ദേഹം മുൻകൈ എടുത്തു സ്ഥാപിച്ചതാണത്. ‘ഐക്യനാണയസംഘം’ എന്നൊരു പ്രസ്ഥാനവും അദ്ദേഹം ഇവിടെ തുടങ്ങിയിരുന്നു. ഒരുമയുടെയും നവോത്ഥാനത്തിന്റെയും പുരോഗതിയുടെയും മൂല്യങ്ങൾ അത് ഈ മണ്ണിൽ നട്ടുവളർത്തി. നൂറ്റാണ്ടുകൊണ്ട് അതു സർവ്വത്ര വേരുപിടിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പ്രാരംഭത്തിലെ കേരളീയനവോത്ഥാനത്തിന്റെ മൂല്യബോധം ഇപ്പോഴും കെടാവിളക്കായി നിങ്ങൾക്ക് ഇവിടെ കാണാം. പറഞ്ഞുകേട്ടാലൊന്നും ബോദ്ധ്യമാവില്ല ഈ സമൂഹത്തിലെ അവയുടെ വേരോട്ടം. വന്നു കണ്ട് അനുഭവിച്ചുതന്നെ അറിയണം.

നമ്മുടെ നാട്ടിലെ ഏതു സംഘവും‌പോലെ ഒന്നാണിതും. കാർഷികസംഘം, ക്ഷീരസംഘം, മത്സ്യസംഘം, കയറുപിരിസംഘം എന്നിങ്ങനെ പല രംഗങ്ങളുമായി ബന്ധപ്പെട്ടു സഹകരണസംഘങ്ങൾ ഉള്ളതുപോലെ ഒന്ന്. കൂലിവേലക്കാർ കൂടുതലുള്ള ഇവിടെ ഉണ്ടായ തൊഴിൽക്കരാർസംഘമാണ്. പണികൾ കരാറെടുത്ത് ഈ തൊഴിലാളികൾ പോയി ചെയ്യും. അതിൽ കിട്ടുന്ന ലാഭം അവരെല്ലാംകൂടി വീതിച്ചെടുക്കും. ഈ തൊഴിലാളികൾതന്നെ അന്നും ഇന്നും സംഘത്തിന്റെ അംഗങ്ങൾ, അഥവ ഉടമകൾ. സാധാരണയിലും സാധാരണക്കാർ. ഇവിടെ തൊഴിലുടമയില്ല, തൊഴിലാളിമാത്രം.

അന്നു സംഘമുണ്ടാക്കിയ പാവങ്ങളുടെ അടുത്ത തലമുറയാണ് ഇന്ന് ഈ സംഘത്തിലെ ഓഹരിയുടമകളും നടത്തിപ്പുകാരുമെല്ലാം. രാഷ്ട്രീയഭേദമോ ജാതിമതഭേദമോ ഇല്ലാത്ത സവിശേഷമായ ഒരുമയുടെ ഉദാത്തമാതൃകയാണ് ഈ നാടും ഈ സംഘവും. ഇവർ ഏർപ്പെട്ട കർമ്മരംഗം നിർമ്മാണമായതിനാൽ ആമേഖലയുടെ വളർച്ചയ്ക്കൊത്തു സംഘവും വളർന്നു. ആ രംഗത്തെ കരാറുകാർ അടക്കമുള്ള മറ്റെല്ലാവരെക്കാളും *സത്യസന്ധതയോടെയും ഉത്തരവാദിത്വത്തോടെയും കൃത്യനിഷ്ഠയോടെയും ഗുണമേന്മയോടെയും സമയബന്ധിതമായും*‌_(ഈ ഓരോ വാക്കും ശ്രദ്ധിക്കുക. അവ വെറും വാക്കുകളല്ല; വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് ഇവർക്ക്)_ പണികൾ തീർത്തുനല്കുന്നതിനാൽ ഇവർക്കു കൂടുതൽ കൂടുതൽ കരാറുകൾ കിട്ടി. വളർച്ചയും അതിനനുസരിച്ചായി. അങ്ങനെ ലോകത്തേതന്നെ ഏറ്റവും വലിയ സഹകരണപ്രസ്ഥാനമായി. അതുമൊരു വലിയ കൗതുകക്കഥയാണ്.

*നന്മകളുടെ പൂക്കൂട*

ഇന്നത്തെ കെട്ട കാലത്തു നമുക്കു വിശ്വസിക്കാൻ കഴിയില്ല ഇവിടുത്തെ കാര്യങ്ങൾ. ഇതിന്റെ ലാഭമെല്ലാം ഞങ്ങൾക്കുതന്നെ അവകാശപ്പെട്ടതാണ്. വളരെ സുതാര്യമാണ് എല്ലാം. ഞങ്ങളുടെ ഗുരുദേവൻ ഞങ്ങളെ പഠിപ്പിച്ചത് അതാണ്.
“ഉണരുവിൻ, അഖിലേശ്വരനെ സ്മരിപ്പിൻ,
ക്ഷണമെഴുന്നേല്പിൻ,അനീതിയോടെതിര്‍പ്പിൻ...”.
ഇതു ഞങ്ങൾ പുതിയ തലമുറക്കാരും ആപ്തവാക്യമായിത്തന്നെ കാണുന്നു. ഇവിടെ എല്ലാം നീതിപൂർവ്വകമാണ്.

മറ്റൊരു നിലപാട്, ഈ സംഘത്തിന്റെ പ്രധാനലക്ഷ്യം സേവനമാണ്, ലാഭമല്ല എന്നതാണ്. “സിമന്റും കമ്പിയും മണലും മാത്രം കൃത്യമായ അളവിൽ ചേര്‍ത്താൽ പോരാ, അതിൽ സത്യസന്ധതയും അലിഞ്ഞുചേരണം.” വാഗ്ഭടാനന്ദന്റെ കാലത്തേ ഇവിടത്തുകാർ മനസിലുറപ്പിച്ച ഈ തത്ത്വം ഇന്നും വിട്ടുവീഴ്ചയില്ലാതെ പാലിച്ചുപോരുന്നു! ഓരോ അണ, പൈസ കണക്ക് മുഴുവൻ അംഗങ്ങളെയും ബോദ്ധ്യപ്പെടുത്തുന്ന, ഓരോ പണിസ്ഥലത്തെയും കണക്കുകൾ അന്നന്നു വൈകിട്ടു കൂട്ടായി അവതരിപ്പിച്ചു പരിശോധിക്കുന്ന അത്യപൂർവ്വമാതൃക ഇവിടെ തുടക്കത്തിലേ നടപ്പിലായതാണ്. അത് ഇപ്പോൾപ്പോലും മാറ്റമില്ലാതെ തുടരുന്നു. അതൊക്കെക്കൊണ്ടുതന്നെ ഈ ഒരു നൂറ്റാണ്ടിനിടെ ഒരിക്കൽപ്പോലും, ഭാരവാഹികൾമുതൽ ഉദ്യോഗസ്ഥരും എൻജിനീയർമാരും തൊഴിലാളികളുംവരെ ഒറ്റയാളെപ്പോലും സാമ്പത്തികാരോപണത്തിലോ അഴിമതിയിലോ ഈ സംഘത്തിനു ശിക്ഷിക്കേണ്ടിവന്നിട്ടില്ല! ഒരു പൈസയുടെ അഴിമതി ഉണ്ടായിട്ടില്ല എന്നുതന്നെ. പോരാത്തതിന്, സഹകരണനിയമപ്രകാരമുള്ള എല്ലാ ഓഡിറ്റും നടക്കുന്നു. ഈ നാടുവരെ ഒന്നു വന്നുമടങ്ങിയാൽ ഏതൊരാൾക്കും ബോദ്ധ്യമാകുന്നതാണ് ഈ അഭിമാന, വിസ്മയ സത്യം.

ചെറിയ റോഡുവെട്ടും മതിലുകെട്ടും മറ്റുമായി തുടങ്ങിയ സംഘം വലിയ റോഡും കലുങ്കും പാലവും ഓഫീസ് കെട്ടിടങ്ങളും ഒക്കെ പണിത് സംസ്ഥാനത്തേതന്നെ ഏറ്റവും വലിയ അഭിമാനനിർമ്മാണങ്ങൾ ഏറ്റെടുക്കുന്ന നിലയിലേക്കു വളർന്നു. ഇന്നു 13,000 പേരാണ് ഈ സ്ഥാപനത്തിൽ പണിയെടുക്കുന്നത്. എന്നുവച്ചാൽ അത്രയും കുടുംബങ്ങളുടെ, 65,000-ത്തോളം മനുഷ്യരുടെ, ജീവിതമാണീ പ്രസ്ഥാനം! കൂടാതെ 3000 ഓഹരിയുടമകളുടെയും കുടുംബങ്ങളുടെ പ്രതീക്ഷയാണിത്.

നാട്ടിലുള്ളവർക്കെല്ലാം തൊഴിൽ നല്കുക എന്നിടത്തുനിന്നു സംഘം പിന്നെയും മുന്നോട്ടുപോയി. സർക്കാരിലുള്ളതിലും ഉയർന്ന ശമ്പളം നല്കാൻ കഴിയണം എന്ന ചിന്തയിലേക്ക്. ഞങ്ങളുടെ പ്രസിഡന്റ് രമേശേട്ടൻ (ശ്രീ. രമേശൻ പാലേരി) എപ്പോഴും പറയും ഇത്. അതിനു നിർമ്മാണരംഗം മാത്രം പോരല്ലോ. എന്റെ തലമുറ ആധുനികതൊഴിൽവിദ്യാഭ്യാസം നേടിയപ്പോൾ ഞങ്ങളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച, കായികക്ലേശം കുറഞ്ഞ തൊഴിലുകൾ സൃഷ്ടിക്കണം എന്നായി ചിന്ത. അങ്ങനെ വൈവിദ്ധ്യവത്ക്കരണത്തിലേക്കു സംഘം തിരിഞ്ഞു. സ്വന്തമായി സൈബർ പാർക്കു തുടങ്ങി. മലബാറിലെ 500 യുവാക്കൾക്കാണു മെച്ചപ്പെട്ട തൊഴിൽ നല്കിയത്. ഐ.ബി.എമ്മും ഇൻഫോസിസും പോലുള്ള സ്ഥാപനങ്ങളിൽ ഉന്നതപദവിയിൽ പ്രവർത്തിച്ച പലരും ഈ സ്ഥാപനത്തിന്റെ നന്മകളിൽ ആകൃഷ്ടരായി ജോലി രാജിവച്ച് ഇവിടേക്കു വന്നു.

ഇതിനുപിന്നാലെ, പാവങ്ങളായ കരകൗശല-കൈത്തൊഴിലുകാരെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ ഉത്പന്നങ്ങൾക്കു വിപണിയും മെച്ചപ്പെട്ട വിലയും ലഭ്യമാക്കാൻ ക്രാഫ്റ്റ് വില്ലേജുകൾ നടത്താൻ തുടങ്ങി. അതിലൂടെ ടൂറിസം രംഗത്തേക്കും സൊസൈറ്റി കടന്നു. വിദ്യാഭ്യാസരംഗത്തും സംഘം പ്രവർത്തിക്കുന്നു. മികച്ച വിദേശസർവ്വകലാശാലകളുമായി സഹകരിച്ചു വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. സൊസൈറ്റിയുടെ മുൻകൈയിൽ മികവുറ്റനിലയിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ കഴിയുമെങ്കിൽ ഒന്നു വന്നു കാണുകതന്നെ വേണം.

ഇപ്പോൾ കാർഷികരംഗത്തേക്കും ക്ഷീരോത്പാദനത്തിലേക്കും ഇവയുടെ മൂല്യവർദ്ധനയിലേക്കും തിരിഞ്ഞിരിക്കുകയാണുസംഘം. ഇതും ഈ ഗ്രാമങ്ങളിലെയും ഇത്തരം കാര്യങ്ങളിലെസാധാരണക്കാരുടെ ഉന്നമനം ലാക്കാക്കി.പ്രധാനമായും ഇരിങ്ങൽ താരാപറമ്പ്, മരുതോങ്കര മുള്ളൻ കുന്ന്, മുക്കം എന്നിവിടങ്ങളിലാണു സംഘത്തിന്റെ കൃഷിത്തോട്ടങ്ങൾ. അരിയുടെയും പച്ചക്കറിയുടെയും പാലിന്റെയുമൊക്കെ ഉത്പാദനക്ഷമതയും അതുവഴി ഉത്പാദനവും പലമടങ്ങ് ഉയർത്താനാണു പദ്ധതി. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് അഗ്രിക്കള്‍ച്ചറൽ പാര്‍ക്കുകളും സ്ഥാപിക്കുന്നു.

*കണ്ടുപഠിക്കണം ഈ തൊഴിലാളിക്ഷേമം*

ഈ നാട്ടിൽ വന്നാൽ വേറെയും ചിലതു ബോദ്ധ്യമാകും. സംഘം ഈ നാട്ടിൽ വരുത്തിയ മാറ്റം. ജനങ്ങളുടെ അത്താണിയായ ഈ സംഘം ഇന്ന് ഇവിടത്തെ സമസ്തവികാസത്തിന്റെയും അടിത്തറയാണ്. യു.എൽ.സി.സി.എസിന്റെ ലാഭത്തിൽ സ്ഥാപനത്തിന്റെ വികസനത്തിനു വേണ്ടതും ഓഹരിയുടമകൾക്കുള്ള ലാഭവിഹിതവും കഴിഞ്ഞുള്ളതു മുഴുവൻ ഈ നാടിന്റെ വളർച്ചയ്ക്കായാണു വിനിയോഗിക്കുന്നത്. ഓഹരിയുടമകളുടെ ലാഭവിഹിതവും ഫലത്തിൽ നാടിന്റെതന്നെ വളർച്ചയ്ക്കുള്ളതാകുന്നു. ഇതു സാമൂഹികശാസ്ത്രജ്ഞർ പഠിക്കേണ്ട വിഷയമാണ്.

ആരോഗ്യരക്ഷയും പാലിയേറ്റീവ് കെയറും അടക്കം ഒരു നാടിനുവേണ്ട ഒട്ടെല്ലാക്കാര്യങ്ങളും ഇവരുടെ മുൻകൈയിൽ ഈ പ്രദേശത്തിനായി നടപ്പാക്കിവരുന്നു. യു.എൽ.സി.സി.എസ്. ചാരിറ്റബിൾ ആന്‍ഡ് വെല്‍ഫെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി യു.എൽ. കെയർ പ്രശാന്തി സ്പെഷ്യൽ സ്കൂൾ നടത്തുന്നു. ഭിന്നശേഷിയുള്ള മുതിർന്നവര്‍ക്കായി യുഎൽ കെയർ നായനാർ സദനം എന്ന വൊക്കേഷണൽ ട്രെയിനിങ് ആന്‍ഡ് പ്ലേസ്മെന്‍റ് സെന്ററുമുണ്ട്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള പകൽ പരിചരണകേന്ദ്രമാണ് യു.എൽ. കെയർ മടിത്തട്ട്. സിവിൽ സര്‍വ്വീസ് പരീക്ഷാപരിശീലനം അടക്കം വേറെയും പലതുമുണ്ട്. വാഗ്ഭടാനന്ദ എഡ്യൂ ഫണ്ട് പുതുതലമുറയുടെ പ്രതീക്ഷകളാണ്. ആ ഫണ്ടു നല്കുന്ന സ്കോളർഷിപ്പ് ഉപയോഗിച്ചാണു ഞാൻ പഠിച്ചത്; ഇപ്പോൾ പോണ്ടിച്ചേരി സർവ്വകലാശാലയിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി.ക്കു പഠിക്കുന്നതും. എൻജിനീയറിങ്ങിനും മെഡിസിനുമൊക്കെ ഇങ്ങനെ എത്രയോപേർ പഠിക്കുന്നു, പഠിച്ചിരിക്കുന്നു!
കൂടാതെ, 500-ഓളം വിദ്യാർത്ഥികളെ ബഹിരാകാശപഠനം നടത്താൻ സഹായിക്കാൻ രാജ്യത്തേതന്നെ ഏറ്റവും പ്രഗത്ഭരായ ബഹിരാകാശശാസ്ത്രജ്ഞൻമാരുടെ സഹായത്തോടെ യു.എൽ.സ്പേസ് ക്ലബ്ബ് തുടങ്ങിയതടക്കം പലതുമുണ്ട്. ഇതിന്റെയും ഗുണം ലഭിച്ചവർ എന്നെപ്പോലെ ധാരാളം പേരുണ്ട്.

ചൂഷണം അശേഷം ഇല്ലാത്തതിനാൽ ന്യായമായ വേതനമാണ് എല്ലാ തലത്തിലും. ഒരുപക്ഷെ, സർക്കാരിൽ തത്തുല്യമായ ജോലികൾക്കു ലഭിക്കുന്നതിലും കൂടുതൽ. ബോണസ് 20 ശതമാനമാണ്. പ്രൊവിഡന്റ് ഫണ്ടിലേക്കു ശമ്പളത്തിന്റെ 12 ശതമാനമാണു സൊസൈറ്റിയുടെ വിഹിതം. മൊത്തം ജോലിയെടുത്ത കാലത്തെ ഓരോ നൂറുദിവസം ഹാജരിനും അഞ്ചുദിവസത്തെ വേതനംവീതമാണു ഗ്രാറ്റുവിറ്റി. 21,000 രൂപയ്ക്കു താഴെ ശമ്പളം ഉള്ള എല്ലാവർക്കും ഇ.എസ്.ഐ. ആനുകൂല്യമുണ്ട്. നാലേമുക്കാൽ ശതമാനമാണു വിഹിതം. മെഡിക്കൽ അലവൻസ് രണ്ടര ശതമാനവും. ഇ.എസ്.ഐ. ആനുകൂല്യങ്ങൾ ലഭിക്കാത്തവർക്കും ഏറ്റവും മികച്ച ആനുകൂല്യങ്ങൾതന്നെ നല്കുന്നു. ഇതൊക്കെ ലോകത്തിനുതന്നെ മാതൃകയാണ്.

സ്ഥാപനം പടുത്തുയർത്തിയ മുതിർന്ന തൊഴിലാളികൾക്കു പെൻഷനും നല്കുന്നു! ഇൻഷ്വറൻസ് പരിരക്ഷയും മികച്ചതാണ്. തൊഴിലാളികളുടെ കുടുംബങ്ങൾക്കുമുണ്ട് ഗ്രൂപ്പ് ഇൻഷ്വറൻസ്. മൂന്നുലക്ഷം രൂപവരെയാണു പരിരക്ഷ. അപകടം സംഭവിച്ചാൽ ഒരുലക്ഷം‌കൂടി ലഭിക്കും. മരിച്ചാൽ 25 ലക്ഷം. അടുത്തകാലത്ത് അപകടത്തിൽ മരിച്ച അതിഥിത്തൊഴിലാളിയുടെ കുടുംബത്തിനും നല്കി ഈ തുക. വേതനത്തിലും ആനുകൂല്യത്തിലുമൊന്നും നാട്ടുകാരെന്നോ അതിഥിത്തൊഴിലാളിയെന്നോ വ്യത്യാസമില്ല. അതിഥിത്തൊഴിലാളികൾക്കു സംഘത്തിൽ അംഗത്വംപോലും അനുവദിക്കുന്നുണ്ട്. ഇപ്പോൾ 200-ൽപ്പരം പേർ അംഗങ്ങളാണ്. അവരും യു.എൽ.സി.സി.എസിന്റെ ഉടമകളാണ്!

തൊഴിലാളികൾക്ക് ഈടില്ലാതെ പലിശരഹിത വായ്പ നല്കാറുണ്ട്. അസുഖം, വീടുനിർമ്മാണം, വീടുനന്നാക്കൽ, ഗൃഹപ്രവേശം, സ്ത്രീത്തൊഴിലാളികളുടെയും തൊഴിലാളികളുടെ പെൺമക്കളുടെയും വിവാഹം എല്ലാത്തിനുമുണ്ടു സഹായം. വിവാഹത്തിന് ഒരു പവൻ നാണയമാണു സംഭാവന. കൂടാതെ അഡ്വാൻസും നല്കും. വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും പ്രസവത്തിനു 10,000 രൂപ സഹായവും 50,000 രൂപയുടെ പരിരക്ഷയുമുണ്ട്. നേരത്തേ പറഞ്ഞപോലെ എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പും സംഘം നല്കുന്നു.

*നടപ്പാക്കുന്നതു ലോകോത്തരമാതൃക*

മുകളിൽ പറഞ്ഞ ഈടും പലിശയുമില്ലാത്ത വായ്പയൊന്നും നമ്മുടെ സഹകരണരംഗത്തിനു പരിചിതമല്ല. നമ്മുടെ സംഘങ്ങൾ വായ്പാ(ക്രെഡിറ്റ്)സംഘങ്ങളാണ്. നോൺക്രെഡിറ്റ് രീതിയിൽ സഹകരണസംഘങ്ങൾ പ്രവർത്തിക്കണമെന്ന ചിന്തയാണു യു.എൽ.സി.സി.എസിനുള്ളത്. കാരണമുണ്ട്. സൊസൈറ്റിയുടെ ചില ഭാരവാഹികളെ ലോകത്തെ ഏറ്റവും മികച്ച സഹകരണമേഖലയുള്ള രാജ്യങ്ങൾ സന്ദർശിക്കാൻ യു.എൻ.ഡി.പി. കൊണ്ടുപോയിരുന്നു. ഇറ്റലിയും സ്പെയിനുമാണു സന്ദർശിച്ചത്. അവർ തിരികെവന്നു പങ്കുവച്ച അനുഭവങ്ങൾ വിസ്മയകരം ആയിരുന്നു. സ്പെയിനിലെ മോൺഡ്രാഗോൺ പട്ടണത്തിലെ പ്രസിദ്ധമായ കോപ്പറേറ്റീവുകളൊക്കെ അവർ കണ്ടിരുന്നു. പലചരക്കുവ്യാപാരം, മറ്റു ചില്ലറവ്യാപാരങ്ങൾ, ഗതാഗതം, ബസ് അടക്കമുള്ള വാഹനനിർമ്മാണം എന്നുവേണ്ടാ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഈ രാജ്യങ്ങളിൽ സഹകരണമേഖലയിലാണത്രേ! ക്യാൻസർ ചികിത്സയ്ക്കു റേഡിയേഷൻ ചെയ്യുന്ന റോബോട്ടുകൾ ഉണ്ടാക്കുന്ന സഹകരണസംഘം വരെ കണ്ടത്രേ! നമ്മുടെ നാട്ടിലെ എൽ.&റ്റി.യും റ്റാറ്റയും‌പോലുള്ള വമ്പൻ കൺസ്റ്റ്രക്‌ഷൻ സ്ഥാപനങ്ങളൊക്കെ അവിടെ സഹകരണമേഖലയിലാണ് എന്നതു കൗതുകത്തോടെയാണു ഞങ്ങൾ കേട്ടത്. അവ അയൽരാജ്യങ്ങളിൽ പോലും വർക്കുകൾ ഏറ്റെടുക്കുന്നു. ജീവനക്കാരും തൊഴിലാളികളുമെല്ലാം അംഗങ്ങൾ. ലാഭം അവർ പങ്കിടുന്നു. ലോകസാമ്പത്തികമാന്ദ്യത്തിൽ മറ്റുരാജ്യങ്ങളുടെ സാമ്പത്തികവളർച്ച ഇടിഞ്ഞപ്പോഴും ഈ രാജ്യങ്ങൾ ആറു ശതമാനത്തോളം വളർച്ച നേടിയത് ഈ മാതൃകകാരണമാണെന്ന് അവർ പറഞ്ഞു.

അവിടെ ഓരോസ്ഥലത്തും പത്തുനാല്പതുതരം കോപ്പറേറ്റീവുകൾ ഉണ്ടത്രേ. അവയ്ക്കെല്ലാം‌കൂടി ഒരു സെൻട്രൽ കോപ്പറേറ്റീവ്. അതിനുകീഴെ ഗവേഷണ-വികസനവിഭാഗം. നാടു വികസിക്കണമെങ്കിൽ ഉത്പാദന, സേവന മേഖലകളിൽ ജനസേവനം ലാക്കാക്കി പ്രവർത്തിക്കുന്ന ഇത്തരം നോൺക്രെഡിറ്റ് സംഘങ്ങളാണ് ആവശ്യം എന്നാണു സൊസൈറ്റിപ്രസിഡന്റു പറയുന്നത്. ഈ മാതൃകയിൽ യു.എൽ.സി.സിഎസും പുനഃവിധാനം ചെയ്താണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അതിന്റെ കേന്ദ്രസംഘമാണ് യു.എൽ.സി.സി.എസ്. അതിനുകീഴെ ഗവേഷണ-വികസനവിഭാഗത്തിനു രൂപം നല്കിയിട്ടുണ്ട്. അതിനു കീഴെയാണ് യു.എൽ. സൈബർ പാർക്കും യു.എൽ. ടെക്‌നോളജി സൊല്യൂഷൻസും സർഗ്ഗാലയ ആർട്ട്സ് & ക്രാഫ്റ്റ് വില്ലേജുകളും യു.എൽ. എജ്യൂക്കേഷനും ചാരിറ്റബിൾ & വെൽഫെയർ ഫൗണ്ടേഷനുമെല്ലാം വരുന്നത്.

യു.എൽ. ടെക്‌നോളജി സൊല്യൂഷൻസ് ചെയ്യുന്ന ചില കാര്യങ്ങൾ മാത്രമൊന്നു സൂചിപ്പിക്കാം. റിമോട്ട് സെന്‍സിങ്, ജിഐഎസ്, ജിപിഎസ്, ജിഡിപിഎസ്, ജിയോളജി, ജിയോഗ്രാഫി, ഫോട്ടോഗ്രാമട്രി, ഐറ്റിതുടങ്ങിയവയൊക്കെ ഉപയോഗിച്ചുള്ള രാജ്യാന്തരനിലവാരമുള്ള സേവനമാണ് ആ സ്ഥാപനം നല്കുന്നത്. സര്‍വ്വേകൾ, ട്രാന്‍സ്‌പോർട്ട് മാനേജ്‌മെന്റ് സിസ്റ്റം, കണ്‍ട്രോൾ സര്‍വ്വേകൾ, ടോപ്പോഗ്രാഫിക്കൾ സര്‍വ്വേകൾ, ട്രാൻസ്‌മിഷൻ ലൈൻ സര്‍വ്വേകൾ, ഹൈവേ സര്‍വ്വേ, റെയിൽ അലൈന്‍മെന്റ് സര്‍വ്വേ അങ്ങനെ പലതും. 270 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുണ്ട് ഞങ്ങളുടെ സൈബർ പാർക്കിന്! അഞ്ചുലക്ഷം ച. അടി റെസിഡന്‍ഷ്യൽ, കൊമേർഷ്യൽ കെട്ടിടങ്ങളുമുണ്ട്. ആകെ 270 കോടിയുടെ നിർമ്മാണം. കേരളത്തിലെ മൂന്നാമത്തെ ഐറ്റി കേന്ദ്രമായി കോഴിക്കോടിനെ മാറ്റിയത് ഞങ്ങൾ ഊരാളുങ്കലുകാരാണ്.

ഇങ്ങനെ ഓരോന്നിനെപ്പറ്റിയും പറഞ്ഞാൽത്തീരാത്തത്രയും പറയാനുണ്ടു ഞങ്ങൾക്ക്. എല്ലാം ചേർന്നു വലിയൊരു ലോകമാണ് ഈ കൊച്ചുഗ്രാമമൂലയിലെ സാധാരണമനുഷ്യർ പടുത്തുയർത്തിയിരിക്കുന്നത്. സാധാരണക്കാരുടെ ‘കോർപ്പറേറ്റ്’ സ്ഥാപനം! കോപ്പറേറ്റീവ് കോർപ്പറേറ്റ്! കോർപ്പറേറ്റുകളുടെ അത്യാധുനികാശയങ്ങളും സമ്പ്രദായങ്ങളും സഹകരണപ്രസ്ഥാനത്തിന്റെ നിയമവ്യവസ്ഥകളും നവോത്ഥാനമൂല്യങ്ങളിൽ ഊന്നുന്ന നടത്തിപ്പുരീതിയും സമന്വയിക്കുന്ന അത്യപൂർവ്വമാതൃക!!!

*വളർച്ചയുടെ നേർവഴി*

ഇങ്ങനെയെല്ലാമുള്ള ഊരാളുങ്കൽ സൊസൈറ്റിയെക്കുറിച്ചാണ് ഇതേപ്പറ്റി ഒരു ചുക്കും അറിയാത്ത ചിലർ അസംബന്ധങ്ങൾ പുലമ്പുന്നത്. അവരുടെ സംശയം ഞങ്ങളുടെ സൊസൈറ്റിക്ക് ഇത്രയും പണം എവിടെനിന്നാണ് എന്നാണ്! 1925-ൽ 37 പൈസ മൂലധനത്തിൽ തുടങ്ങിയ സംഘം ആദ്യപ്രവൃത്തി ഏറ്റെടുക്കുന്നത് 1926 മേയ് മാസത്തിലാണ്. ലോക്കൽ ഫണ്ട് വക ചില നിരത്തുകൾ നന്നാക്കൽ. അന്നത്തെ എം.സി.സി. ബാങ്കെന്ന മലബാര്‍ ഡിസ്റ്റ്രിക്റ്റ് ബാങ്കില്‍നിന്ന് 500 രൂപ കടമെടുത്താണ് അതു നടത്തിയത്. വായ്പയെടുത്ത് ആസൂത്രിതമായും അച്ചടക്കത്തോടെയും വിനിയോഗിച്ചു നിർമ്മാണം പൂർത്തിയാക്കുന്ന അന്നത്തെ പാഠമാണു സംഘം ഇന്നും തുടരുന്നത്.

സർക്കാരിന്റെ ജോലികൾ ഏറ്റെടുത്താൽ പണം കിട്ടുന്നത് ഒരു കൊല്ലമൊക്കെ കഴിഞ്ഞാകും. അപ്പോൾ പണിചെയ്യാൻ പണം വേണം. പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നതിനായിരുന്നു എന്നും മുൻഗണന. പണ്ടുമുതലേ നിക്ഷേപകകൗണ്ടറുണ്ട്. ഭൂപ്രമാണിമാരെ കണ്ടൊക്കെ നിക്ഷേപം സ്വീകരിക്കുമായിരുന്നത്രേ. ഡെപ്പോസിറ്റായി 1200 കോടിയോളം രൂപ സംഘം സമാഹരിച്ചിട്ടുണ്ട്. പണം കണ്ടെത്തുന്ന രണ്ടാമത്തെ മാർഗ്ഗം നേരത്തേ പറഞ്ഞ വായ്പയെടുക്കലാണ്. ജില്ലാ സഹകരണബാങ്കുകളിൽനിന്നാണു മുഖ്യമായും. 1926-ൽ 500 രൂപയിൽ തുടങ്ങിയ വായ്പ ഇന്ന് 500 കോടി ആയിട്ടുണ്ടെന്നാണു സെക്രട്ടറി (ഷാജുവേട്ടൻ) പറഞ്ഞത്. (എല്ലാ വിവരവും ആർക്കും എപ്പോഴും കിട്ടും. അതാണിവിടുത്തെ സുതാര്യത.) മലബാറിലെ അഞ്ചു ജില്ലാബാങ്കുകളുടെ കൺസോർഷ്യം ഉണ്ടാക്കിയാണ് 500 കോടി കടം എടുത്തത്. ഇപ്പോൾ അതു കേരളബാങ്കിന്റെ വായ്പയായി.

കോഴിക്കോട് സിറ്റി റോഡ് പദ്ധതിയിലാണു സംഘം കൺസോർഷ്യം മാതൃക പരീക്ഷിക്കുന്നത്. പി.പി.പി. രീതിയിൽ രണ്ടുകൊല്ലംകൊണ്ടു നിർമ്മാണവും 15 കൊല്ലത്തെ പരിപാലനവും ചേർന്ന 693 കോടി രൂപയുടെ പദ്ധതിയായിരുന്നു. ആറു മാസം കൂടുമ്പോൾ ഓരോ ഗഡുവായി 15 കൊല്ലം‌കൊണ്ടേ പണം തരൂ. പണിചെയ്യാൻ പണം വേണം.അന്നു ജില്ലയിലെ 38 പ്രാഥമികസഹകരണസംഘങ്ങളെ ചേർത്തു കൺസോർഷ്യമുണ്ടാക്കി 200 കോടിരൂപ സമാഹരിച്ചാണ് അതു സാധിച്ചത്. നാടിന്റെ വികസനം സഹകരണമേഖലയിലൂടെ സാദ്ധ്യമാക്കുന്ന, സംഘങ്ങളുടെ പരസ്പരസഹകരണത്തിന്റെ ഈ മാതൃക രാജ്യാന്തരസഹകരണയേജൻസി (ICA) അടക്കം അംഗീകരിച്ചു. അവർ ഞങ്ങളുടെ സംഘത്തെ വിളിച്ച് ഇതേപ്പറ്റി അവതരണം പോലും നടത്തിച്ചു.
ഇത്തരത്തിൽ നിക്ഷേപസമാഹരണത്തിലൂടെയും സഹകരണത്തിലൂടെയും നൂതനമായ വഴികളിലൂടെയുമൊക്കെ ധനം സമാഹരിച്ചു വളരുന്ന കഥയൊന്നും അറിയാതെ ആട്ടം കാണുന്നവരാണ് ‘ഇത്രയും പണം എവിടെനിന്ന്’ എന്നൊക്കെ ചോദിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്.

*അംഗീകാരങ്ങളുടെ നിറുകയിൽ*

ചുരുക്കത്തിൽ, വളരെ ഉയർന്ന സാമൂഹികപ്രതിബദ്ധതയുള്ള, മൂല്യാധിഷ്ഠിതമായ വലിയ പ്രവർത്തനപൈതൃകമുള്ള, ഒരു ജനതയുടെ ആത്മാവും അഭിമാനവുമായ ഈ മഹത്തായ പ്രസ്ഥാനത്തെയാണ് നിക്ഷിപ്തതാത്പര്യക്കാരായ ചില രാഷ്ട്രീയക്കാർ വഴിച്ചെണ്ടപോലെ തോന്നുമ്പോഴെല്ലാം കൊട്ടിയിട്ടുപോകുന്നത്.

സംഘത്തിലോ അതിന്റെ സ്ഥാപനങ്ങളിലോഒരാൾ ജോലിക്കു ചേരണമെങ്കിൽ ആദ്യം അംഗീകരിക്കേണ്ടത് ഈ സ്ഥാപനം മുറുകെപ്പിടിക്കുന്ന മൂല്യങ്ങൾ പരിപാലിക്കണം എന്ന വ്യവസ്ഥണ്. മറ്റെവിടെയെങ്കിലും അങ്ങനെയൊന്നു കേട്ടിട്ടുണ്ടോ? ഇവരുടെ വെബ്‌സൈറ്റിൽ നോക്കിയാലും പ്രാധാന്യത്തോടെ കാണുന്നത് ഈ ഉന്നതമായ മൂല്യബോധത്തിലുള്ള ഊന്നലാണ്. വാസ്തവത്തിൽ ഈ പ്രസ്ഥാനത്തിന്റെ ആത്മാവുതന്നെ സത്യസന്ധതയടക്കമുള്ള ഈ മൂല്യങ്ങളാണ്.

ഇത് അറിയുന്നവർക്കെല്ലാം ഈ സ്ഥാപനത്തോട് ആദരവാണ്. അതുകൊണ്ടുതന്നെ കേരളസർക്കാർ മാത്രമല്ല കരാർ നല്കുന്നത്. ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രത്തിന്റെ ദേശീയപാതാവിഭാഗവും സുപ്രധാന നിർമ്മാണങ്ങളൊക്കെ ഏല്പിക്കുന്നു. അതെല്ലാം ഇവരുടെ നിഷ്ഠകൾക്കുള്ള അംഗീകാരം‌തന്നെയാണ്.

എത്രയോ ദേശീയ, രാജ്യാന്തര ബഹുമതികളാ‍ണ് ഈ സ്ഥാപനത്തെ തേടി വന്നിട്ടുള്ളത്! പ്രവർത്തനമികവിന് ഐക്യരാഷ്ട്രസഭയുടെ വികസനപരിപാടി (UNDP) മാതൃകാസഹകരണസംഘമായി ഊരാളുങ്കലിനെ തെരഞ്ഞെടുത്തു. യു.എന്നിന്റെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തി ഊരാളുങ്കലിന്റെ നേട്ടം ലോകമെമ്പാടും പ്രദർശിപ്പിക്കുന്നു.കൂടാതെ നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇൻഡ്യ രാജ്യത്തെ എട്ടുലക്ഷം കോപ്പറേറ്റീവുകളിൽനിന്നു തെരഞ്ഞെടുത്ത നവരത്ന (ഒൻപത്) സ്ഥാപനങ്ങളിൽ ഒന്നാണ് ഈ സൊസൈറ്റി. ഇന്റർനാഷണൽ കോപ്പറേറ്റീവ് അലയൻസ് (ICA) അംഗത്വം നല്കിയ ആദ്യ ഇൻഡ്യൻ പ്രൈമറി സ്ഥാപനവും ഇതാണ്.

സൊസൈറ്റിയെക്കുറിച്ചു കേൾക്കുന്ന മറ്റു സംസ്ഥാനക്കാർ അവിടെ ഇത്തരം സ്ഥാപനം തുടങ്ങാൻ സഹായം തേടുന്നു. ഇതിനെ മനസിലാക്കുന്ന വിദേശക്കമ്പനികൾ പങ്കാളിത്തത്തിനു താത്പര്യപ്പെടുന്നു. വമ്പൻ കോർപ്പറേറ്റുകളിലുള്ളവർ പോലും ഇതിന്റെ നടത്തിപ്പു കണ്ട് അത്ഭുതം കൂറുന്നു. ഇവിടെ തൊഴിലാളികൾക്കു നല്കുന്ന ക്ഷേമാനുകൂല്യങ്ങൾ കണ്ടു വിസ്മയിക്കുന്നു... ഇങ്ങനെയെല്ലാമുള്ള ഒരു സ്ഥാപനത്തിന് ഇതൊന്നും അറിയാത്ത ചില രാഷ്ട്രീയക്കാർ ദുഷ്ടലാക്കോടെ ആരോപിക്കുന്നതുപോലെ അഴിമതിക്കാരോ തട്ടിപ്പുകാരോ ആകാൻ ഒരിക്കലും ആവില്ല. കാരണം, ഇവരുടെ ഏറ്റവും വലിയ മൂലധനംതന്നെ ഓരോരുത്തരും പുലർത്തുന്ന മൂല്യബോധവും നട്ടുനനച്ചുവളർത്തുന്ന നന്മകളുമാണ്.

*എന്തുകൊണ്ട് ആരോപണങ്ങൾ?*

അപ്പോഴാണ് അടുത്ത സംശയം വരുന്നത്. പിന്നെ എന്തുകൊണ്ട് ചിലർ ഇവരെ ഇങ്ങനെ ആക്രമിക്കുന്നു? ‘മാങ്ങയുള്ള മാവിലല്ലേ ഏറു വരൂ’ എന്ന് ഉത്തരം. വ്യക്തതയ്ക്ക് മറ്റുചിലതുകൂടി നാം ഓർക്കണം. ഇക്കഴിഞ്ഞ നോട്ടുനിരോധനക്കാലം ഓർമ്മയില്ലേ? അന്നു ബി.ജെ.പി.യും കേന്ദ്രസർക്കാരും സഹകരണമേഖലയെ തകർക്കാനുള്ള സുവർണ്ണാവസരമായാണല്ലോ അതിനെ കണ്ടത്.

എന്റെയും നിങ്ങളുടെയും വിയർപ്പിന്റെ അംശം ഓഹരിയാക്കി പ്രവർത്തിക്കുന്ന നമ്മുടെ സഹകരണസംഘങ്ങൾ മുഴുവൻ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നാണ് അന്ന് അവർ പ്രചരിപ്പിച്ചത്! സഹകരണമേഖലയെ രക്ഷിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും റിസർവ്വ് ബാ‍ങ്കിനു മുന്നിൽ സത്യാഗ്രഹം ഇരിക്കേണ്ടിവന്നു. എൽ.ഡി.എഫ്. മനുഷ്യച്ചങ്ങല പിടിക്കേണ്ടിവന്നു. മതവർഗ്ഗീയതയുടെ വളർച്ചയ്ക്കു കേരളത്തിൽ മുഖ്യതടസമായ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാനുള്ള മർഗ്ഗമായി തെറ്റിദ്ധരിച്ചാണ് അവർ സഹകരണമേഖലയെ തകർക്കാൻ നോക്കുന്നത്. സഹകരണമേഖല ഇടപെടുന്ന കൃഷി, മൃഗപരിപാലനം, ക്ഷീരവ്യവസായം, റീട്ടെയിൽ വ്യാപാരം, മൈക്രോഫിനാൻസ്, ബാങ്കിങ്, മറ്റുധനകാര്യം തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രവർത്തിക്കുന്ന വമ്പൻ കുത്തകക്കമ്പനികൾക്കു സഹകരണമേഖലയെ ഇല്ലാതാക്കേണ്ട ആവശ്യമുണ്ട്. ഇക്കാര്യത്തിൽ അവരുടെ കാര്യമായ സഹായവും ഇക്കൂട്ടർക്കു ന്യായമായും കിട്ടുന്നുണ്ടാകും.

ഇത് എളുപ്പം മനസിലാക്കാൻ ഒരു ഉദാഹരണം പറയാം. കേരളസർക്കാർ കെ-ഫോൺ എന്ന പദ്ധതി നടപ്പിലാക്കുകയാണല്ലോ. വൈദ്യുതിബോർഡിന്റെ പോസ്റ്റ് വഴി സംസ്ഥാനത്തെ മുഴുവൻ വീട്ടിലും സ്ഥാപനങ്ങളിലും മെച്ചപ്പെട്ട ബ്രോഡ്‌ ബാൻഡ് ഇന്റർനെറ്റ് കുറഞ്ഞ നിരക്കിലും പാവങ്ങൾക്കു സൗജന്യമായും ലഭ്യമാക്കുന്നതാണു പദ്ധതി. ഇപ്പോൾ ഇന്റർനെറ്റ് സേവനം നല്കിവരുന്ന കോർപ്പറേറ്റ് കമ്പനികളുടെ ഇവിടത്തെ ബിസിനസ് അതോടെ ഏതാണ്ടു നിലയ്ക്കും. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും നടപ്പാക്കിയാൽ രാജ്യത്താകെ അവരുടെ ബിസിനസ് പൂട്ടും. അപ്പോൾ എങ്ങനെയും കെ-ഫോൺ പദ്ധതി തകർക്കാൻ അവർ കോടികൾ വാരിയെറിയും. അതു കൈപ്പറ്റി ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾ കെ-ഫോൺ പദ്ധതിക്കും അതു നടപ്പാക്കുന്ന ഐ.റ്റി. വകുപ്പിനും എതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങാമല്ലോ. അവർ അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പാക്കില്ല എന്ന ഉറപ്പുകൂടിക്കൊടുത്താൽ ശതകോടികൾതന്നെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ഒഴുകും. അതിന് അവർ സ്വർണ്ണക്കടത്തുവിവാദം ഉപയോഗപ്പെടുത്താം; ഐ.റ്റി. സെക്രട്ടറിയെ ഉന്നം വയ്ക്കാം, ഐ.റ്റി. വകുപ്പിന്റെ മന്ത്രിയായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും വിവാദത്തിൽ കുരുക്കി പദ്ധതി വൈകിപ്പിക്കാൻ ശ്രമിക്കാം. അങ്ങനെ പലതും.

അല്ലെങ്കിൽത്തന്നെ കേരളത്തെയും അതിലെ എല്ലാ നന്മകളെയും ഇല്ലാതാക്കാനും കേരളത്തെ രാജ്യത്താകെ അപമാനിക്കാനുമുള്ള അക്ഷീണപരിശ്രമത്തിലാണല്ലോ ബി.ജെ.പി.യും സംഘപരിവാറും. ഡൈനമിറ്റ് കടിച്ച് ആന ചെരിഞ്ഞാൽ കേരളം മുഴുവൻ ബോം‌ബാണെന്നും മുസ്ലിംതീവ്രവാദികളാണെന്നും അവർ ആനകളെയും പശുക്കളെയും ബോംബുവച്ചുകൊല്ലുന്നുവെന്നും പ്രചരിപ്പിക്കും. കോവിഡ് കാരണം എല്ലാ ആഘോഷത്തിനും നിയന്ത്രണം ഏർപ്പെടുത്തിയാൽ ‘പെരുന്നാളിനു നിയന്ത്രണമില്ല, വാവുബലിക്കുമാത്രം നിയന്ത്രണം’ എന്നു പ്രചരിപ്പിക്കും. ഇവിടെ മുഴുവൻ ലൗ ജിഹാദാണെന്നു പ്രചരിപ്പിച്ചു. ശബരിമലവിവാദകാലത്ത് ഹിന്ദുക്കളെ കേരളസർക്കാർ തല്ലിക്കൊല്ലുന്നെന്നു പ്രചരിപ്പിച്ചു. ശബരിമലയിൽ കാണിക്കയിടരുതെന്നു പ്രചരിപ്പിച്ചു. പ്രളയത്തിൽ കേരളം തകർന്നടിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്കരുത് എന്നു പ്രചരിപ്പിച്ചു. അങ്ങനെ എന്തെന്തെല്ലാം! അവരുടെ അജൻഡ വേറെയാണ്. ഇതേ അജൻഡയുമായി ഈ സൊസൈറ്റിയെ ആവർത്തിച്ച് ആക്രമിക്കുന്ന ഒരാൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഏറെ ശ്രദ്ധേയം.

‘മനോരമ എന്നെപ്പറ്റി എന്തെങ്കിലും നല്ലതു പറഞ്ഞാൽ ഞാൻ മനസിലാക്കും എനിക്ക് എന്തോ തെറ്റുപറ്റിയെന്ന്’ എന്ന് ഇ.എം.എസ്. പണ്ടു പറഞ്ഞതുപോലെ ബി.ജെ.പി.യും സംഘപരിവാറും എന്തിനെയെങ്കിലും പറ്റി മോശം പറഞ്ഞാൽ മനസിലാക്കിക്കൊള്ളണം അത് നന്മയുള്ള ഒന്നാണെന്ന്. ഇപ്പോൾ അവർ യു.എൽ.സി.സി.എസിനെ തെരഞ്ഞുപിടിച്ച് ആക്രമിക്കുമ്പോൾ നമുക്കു മനസിലാക്കാം ഈ സ്ഥാപനം നന്മകളുള്ള ഒന്നാണെന്ന്.

*ആരോപണങ്ങളുടെ യാഥാർത്ഥ്യം*

കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത് യു.എൽ.സി.സി.എസ്. ആണെന്നും പണമെല്ലാം ആ സൊസൈറ്റി വഴി കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ഒഴുക്കുകയാണെന്നുമാണ് ഇപ്പോഴത്തെ പ്രചാരണം. ബി.ജെ.പി.യുടെ സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനം നടത്തി പറഞ്ഞതാണ്. സുരേന്ദ്രൻ ഒരു വെടിക്കു മൂന്നു പക്ഷികളെ ഉന്നം വയ്ക്കുകയായിരുന്നു – കെ-ഫോൺ, യു.എൽ.സി.സി.എസ്., കമ്മ്യൂണിസ്റ്റ് പാർട്ടി. ബിജെപി ആക്രമിച്ച സ്ഥിതിക്ക് ആ മൂന്നു സംഗതികളും നല്ലതാണ് എന്ന നിഗമനത്തിലേക്കു സ്വാഭാവികമായും എത്താം. ഇവിടെ അതിനുമപ്പുറമാണു വിഷയം.

കെ-ഫോൺ പദ്ധതിയുമായി ഒരു ബന്ധവും യു.എൽ.സി.സി.എസിന് ഇല്ല എന്നതാണു കാര്യം.ഇതു പറഞ്ഞാൽ പദ്ധതി നടപ്പാക്കുന്ന കൺസോർഷ്യത്തിൽ യു.എൽ.സി.സി.എസ്. ഉണ്ട് എന്നും‌പറഞ്ഞു വരും. അതിന്റെ കാര്യം‌കൂടി പറയാം. കെ-ഫോൺ പദ്ധതിയുടെ സിസ്റ്റം ഇന്റഗ്രേറ്ററായി സർക്കാർ തെരഞ്ഞെടുത്തത് കേന്ദ്രപൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റ(BEL)ഡിനെയാണ്.അവർ ഇതിനു രൂപം നല്കിയ കൺസോർഷ്യത്തിൽ റെയിൽടെൽ, എൽ.എസ്. കേബിൾ, എസ്.ആർ.ഐ.റ്റി. എന്നീ കമ്പനികളാണു മറ്റ് അംഗങ്ങൾ. അല്ലാതെ യു.എൽ.സി.സി.എസ്. ഇല്ല. എന്നുവച്ചാൽ, ഈ ആരോപണം പച്ചനുണയാണെന്ന്.

അപ്പോൾ അവർ ഒരു വെബ്‌സൈറ്റ് ലിങ്കു പൊക്കി കാണിക്കും. zaubacorp.com എന്ന സൈറ്റ്. കമ്പനികളുടെ വിവരങ്ങൾ കിട്ടുന്ന ഒന്നാണത്. അതിൽ എസ്.ആർ.ഐ.റ്റി. എന്നു തെരഞ്ഞാൽ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരം‌കൂടി വരും. ഇത് എങ്ങനെ എന്നു പറയാം. പ്രവാസീവ്യവസായി പി.എൻ.സി മേനോൻ തുടങ്ങിയ കമ്പനിയാണ് ബംഗളൂർ ആസ്ഥാനമായ ശോഭ റിനയിസൻസ് ഇൻഫർമേഷൻ ടെക്‌നോളജി എന്ന എസ്.ആർ.ഐ.റ്റി. (SRIT India Pvt Ltd.). മേനോൻ 2009-ൽ ഇതിന്റെ ഡയറക്റ്റർ ബോർഡിൽനിന്നു പുറത്തുപോയി. ഇപ്പോൾ മറ്റ് ഉടമകളുടേതാണത്. അവർ ഒരു ദേശീയാരോഗ്യപദ്ധതി 2016-ൽ ഊരാളുങ്കൽ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേർന്നു രൂപവത്ക്കരിച്ച സംയുക്തസംരംഭമാണ് ULCCS SRIT. അതിന്റെ ഡയറക്റ്റർമാരെ നോക്കിയാൽ ഇതു മനസിലാകും. രണ്ടു സ്ഥാപനത്തിലെയും ഡയറക്റ്റർമാർ അതിൽ അംഗങ്ങളാണ്. അത്രയേയുള്ളൂ. ULCCS SRITയുടെ ദൗത്യം 2018-ൽ അവസാനിക്കുകയും ചെയ്തു. ഈ സംയുക്തസംരംഭമാണ് എസ്.ആർ.ഐ.റ്റി. എന്നു തെറ്റിദ്ധരിച്ചാണ് ഈ ആരോപണമെല്ലാം.

എസ്.ആർ.ഐ.റ്റി.യാണു കൺസോർഷ്യത്തിലെ അംഗം. അവർ ഏതെല്ലാം സ്ഥാപനങ്ങളുമായി എന്തെല്ലാം ആവശ്യത്തിനു ബന്ധപ്പെടുന്നുണ്ടാകാം! അവരെല്ലാം കൺസോർഷ്യത്തിൽ വരുമോ! കാള പെറ്റെന്നുകേട്ടു പാലു കറക്കാമെന്നു വ്യാമോഹിച്ചു ചാടുകയാണ്. അതൊന്നും ആലോചിക്കാതെ, കെ-ഫോണിന്റെ പണം സി.പി.എമ്മിലേക്ക് യു.എൽ.സി.സി.എസ്. വഴി കടത്തുന്നു എന്നൊക്കെ പറയുന്ന ഇക്കൂട്ടർ എന്തൊരു പ്രഹസനമാണ്!!! യു.എൽ.സി.സി.എസിനു കെ-ഫോൺ പദ്ധതിയുമായി ഒരു ബന്ധവുമില്ല എന്ന് എസ്.ആർ.ഐ.റ്റി. തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മനോരമയിൽ വന്ന ആ വാർത്ത ഈ ലിങ്കിലുണ്ട്: https://tinyurl.com/y6ehunrr

*ടെൻഡറില്ലാതെ പ്രവൃത്തികൾ നല്കുന്നു*

ഇനി സർവ്വത്ര കേൾക്കുന്ന ആരോപണം‌കൂടി നോക്കാം. അത് സർക്കാരിന്റെ നിർമ്മാണപ്രവൃത്തികൾ ടെൻഡർ വിളിക്കാതെ യു.എൽ.സി.സി.എസിനു നല്കുന്നു എന്നതാണ്. ശരിയാണ്. കേരളത്തിന്റെ പൊതുനന്മയ്ക്കായി സർക്കാർ എടുത്തിട്ടുള്ള തീരുമാനമാണത്. ഇപ്പോഴത്തെ സർക്കാരല്ല. ആരോപണങ്ങൾ ഉന്നയിക്കുന്ന രമേശ് ചെന്നിത്തലയുടെ കോൺഗ്രസ് നേതൃത്വം നല്കിയ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചതാണ്, ജി.ഒ.(പി) നം: 399/2015 നമ്പരായി 7/8/2015-ൽ ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ. അന്നു യു.എൽ.സി.സി.എസും ഹാബിറ്റാറ്റും കോസ്റ്റ്‌ഫോർഡും അടക്കം സർക്കാരും സർക്കാരിതരവും എല്ലാം‌കൂടി 17 സ്ഥാപനങ്ങളെയാണ് അക്രഡിറ്റഡ്ഏജൻസികളായി നിശ്ചയിച്ചത്. രണ്ടുകൊല്ലം കൂടുമ്പോൾ ഈ പട്ടിക പുനർനിർണ്ണയിക്കും. ഇത് ഏറ്റവും ഒടുവിൽ പുതുക്കിയത് 4/7/2019-ലാണ് - ധനവകുപ്പിന്റെ ജി.ഒ.(പി) നം: 77/22019 നമ്പർ ഉത്തരവുപ്രകാരം. അതുപ്രകാരം ഇപ്പോഴത്തെ എൽ.ഡി.എഫ്. സർക്കാർ യഥാർത്ഥത്തിൽ സർക്കാർസ്ഥാപനങ്ങളുടെ എണ്ണം 12-ൽനിന്നു 39 ആയി ഉയർത്തുകയാണു ചെയ്തത്.

ഈ പട്ടികയിലുള്ളത് ആറു സർക്കാരിതരസ്ഥാപനങ്ങളാണ് - കോസ്റ്റ്‌ഫോർഡ്, ഹാബിറ്റാറ്റ്, തിരുവനന്തപുരം അഗ്രി ഹോർട്ടികൾച്ചറൽ ഡെവലപ്‌മെന്റ് സൊസൈറ്റി (TAHDCOS), തൃശൂർ ജില്ലാ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി (TDLCCS), പിണറായി ഇൻഡസ്റ്റ്രിയൽ കോപ്പറേറ്റീവ് സൊസൈറ്റി (PICOS), യു.എൽ.സി.സി.എസ്. എന്നിവ. ഇവയ്ക്കോരോന്നിനും അനുവദിക്കാവുന്ന ഒറ്റപ്രൊജക്റ്റിന്റെയും ഒരേസമയം അനുവദിക്കാവുന്ന മൊത്തം പ്രൊജക്റ്റുകളുടെയും പരമാവധി തുക മാനദണ്ഡങ്ങൾ പാലിച്ചു സർക്കാർ നിർണ്ണയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ഉയർന്ന തുക സ്വാഭാവികമായും ലോകത്തേതന്നെ ഏറ്റവും വലിയ സഹകരണസംഘമായ യു.എൽ.സി.സി.എസിനാണ്. അതിലുമധികം തുകയ്ക്കുള്ള പദ്ധതികൾ അനുവദിക്കാൻ സർക്കാരിന് ആവില്ലല്ലോ. അതിലുപരി, ധർമ്മിഷ്ഠതയുള്ള ഈ സ്ഥാപനം പരിധിക്കപ്പുറം പ്രൊജക്റ്റുകൾ എടുക്കുകയുമില്ല. അതുകൊണ്ടുതന്നെ പരിധിയില്ലാതെ പ്രൊജക്റ്റുകൾ കൊടുക്കുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങൾ നുണയാണ്.

ആ ലിസ്റ്റിലുള്ളതിൽ ഊരാളുങ്കൽ സൊസൈറ്റിക്കു മാത്രമേ സ്വന്തമായി 13,000 തൊഴിലാളികളും ആയിരത്തിൽപ്പരം എൻജിനീയർമാരും അത്യാധുനിക യന്ത്രസംവിധാനങ്ങളും അസംസ്കൃതവസ്തുക്കളുടെ ശേഖരവുമൊക്കെ ഉള്ളൂ. അതുകൊണ്ടുതന്നെ എല്ലാ പ്രവൃത്തിയും സംഘം നേരിട്ടാണു ചെയ്യുന്നത്. മറ്റു സ്ഥാപനങ്ങളെപ്പോലെ ഉപകരാർ കൊടുക്കേണ്ട സാഹചര്യമില്ല. അതിനാൽത്തന്നെ യു.എൽ.സി.സി.എസിനെ ഏല്പിക്കുന്ന എല്ലാ പദ്ധതിയും സമയത്തിനു മുമ്പുതന്നെ പൂർത്തിയാക്കി ജനങ്ങൾക്കു സമർപ്പിക്കാൻ കഴിയുന്നു. ഇതാണു സംഘത്തിന്റെ മറ്റൊരു പ്രത്യേകത. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തു നടന്ന കോഴിക്കോട് ബൈപ്പാസ് നിർമ്മാണം നല്ല ഉദാഹരണമാണ്. 36 മാസം ആയിരുന്നു കരാർ കാലയളവ്. 18 മാസം‌കൊണ്ടു തീർക്കാമോ എന്നു സർക്കാർ ചോദിച്ചു. 16 മാസം‌കൊണ്ടു തീർത്തുകൊടുത്തു. എന്തു പുതിയ സാഹചര്യവും വെല്ലുവിളിയായി ഏറ്റെടുക്കുക എന്നതാണു സംഘത്തിന്റെ പ്രത്യയശാസ്ത്രം. കൂട്ടായ്മയുടെ ഈ ചങ്കൂറ്റമാണു സംഘത്തിന്റെ കരുത്ത്.

അതുപോലെതന്നെ ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെതന്നെ പരമാവധി ചെലവു കുറയ്ക്കുന്നു എന്നതും എടുത്തുപറയണം. കരാറെടുത്തിട്ടു നീട്ടിനീട്ടി കൊണ്ടുപോകുകയും കരാർത്തുക പലവട്ടം ഉയർത്തിവാങ്ങുകയുമൊക്കെ പതിവായിടത്താണ് ഈ വേറിട്ട ശൈലി. സ്വന്തം തൊഴിലാളികളും ഉപകരണങ്ങളും അസം‌സ്കൃതവസ്തുശേഖരവുമെല്ലാം ഉള്ളതിനാലാണ് ഇതും സാധിക്കുന്നത്. എത്രയോ പദ്ധതികളിൽ മിച്ചം വന്ന പണം സംഘം തിരികെ നല്ക്കിയിരിക്കുന്നു! കേട്ടുകേഴ്വിയുള്ള കര്യമാണോ ഇത്? നിങ്ങൾക്കു വിശ്വസിക്കാനാകുമോ? ലാഭവും കൊള്ളയും തട്ടിപ്പുമൊക്കെയാണു ലക്ഷ്യമെങ്കിൽ ഇതു വേണോ? ഇതൊന്നും ചെയ്തിട്ടു സംഘം പബ്ലിസിറ്റി അടിച്ചു നടക്കുന്നില്ല എന്നതുതന്നെ ഇതിലെ ആത്മാർത്ഥതയുടെ സാക്ഷ്യമാണ്.

ഇക്കാരണങ്ങളാൽ കേരളത്തിലെ വികസനപദ്ധതികളൊക്കെ ഊരാളുങ്കൽ ഏറ്റെടുക്കണമെന്നു നിരന്തരം ആവശ്യപ്പെടുകയാണ് ആക്ഷേപിക്കുന്നവർ അടക്കമുള്ള എല്ലാ രാഷ്ട്രീയപ്പാർട്ടിക്കാരും.

അത്രയ്ക്ക് ഉത്തരവാദിത്വവും ഗുണമേന്മാനിഷ്ക്കർഷയുമുള്ള സ്ഥാപനങ്ങളെ കണ്ടെത്തി ടെൻഡറില്ലാതെ കരാർ നല്കിയാലുള്ള പ്രധാനഗുണം ടെൻഡർ നടപടികളുടെ കാലതാമസം ഒഴിവാക്കാം എന്നതാണ്. മറ്റൊന്ന് ഗുണമേന്മ ഉറപ്പാക്കലാണ്. കരാർ എടുത്തിട്ടു മാസങ്ങളോ വർഷങ്ങളോപോലും പണിതുടങ്ങാൻ വൈകിക്കുന്ന കരാറുകാരും ‘പാലാരിവട്ടം പാലം’പോലെ നിർമ്മാണം നടത്തുന്നവരുമൊക്കെയുള്ളപ്പോൾ സർക്കാരിന് എല്ലാംകൊണ്ടും ഗുണകരം ഈ സമ്പ്രദായമാണ്. പി.ഡബ്ലിയു.ഡിയിലെ ഉദ്യോഗസ്ഥർക്കുതന്നെ യു.എൽ.സി.സി.എസിനെ കരാറേല്പിക്കുന്നത് വലിയ ആശ്വാസമാണ്. സൊസൈറ്റി ആർക്കും കൈക്കൂലിയൊന്നും കൊടുക്കില്ല എന്നതിനാൽ കൈക്കൂലിക്കാരായ വല്ല എൻജിനീയർമാർക്കും വൈഷമ്യം ഉണ്ടെങ്കിലേയുള്ളൂ. അത്തരക്കാരാണു പലപ്പോഴും സംഘത്തിനെതിരെ മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത എത്തിക്കുന്നത്.

പിന്നെയുള്ളതു രാഷ്ട്രീയാരോപണമാണ്. സി.പി.ഐ.എമ്മിന്റെ പേരുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം. സഹകരണനിയമപ്രകാരം സമയാസമയം തെരഞ്ഞെടുപ്പു നടത്തുന്ന സ്ഥാപനമാണിത്. കക്ഷിരാഷ്ട്രീയം വിരോധത്തിനുള്ളതല്ലെന്നും അതു നാടിന്റെ പൊതുക്കാര്യങ്ങളെ ബാധിക്കരുതെന്നും തിരിച്ചറിവുള്ള ഇവിടത്തെ ജനത തങ്ങളുടെ പ്രതീക്ഷയ്ക്കൊത്തു സംഘത്തെ നയിക്കാൻ പ്രാപ്തിയുള്ളവരെ കാലാകാലം തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർ ഇടതുപക്ഷക്കാരാകാം. സംസ്ഥാനത്തെ മികച്ച സഹകാരികളേറെയും അക്കൂട്ടരാണല്ലോ. സംസ്ഥാനത്തു മികച്ചനിലയിൽ പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾ മിക്കതും ഇടതുപക്ഷം ഭരിക്കുന്നവയുമാണ്. അതൊക്കെ വസ്തുതകളായിരിക്കെ ഈ സംഘത്തെ മാത്രം തെരഞ്ഞുപിടിച്ചു രാഷ്ട്രീയം ആരോപിക്കുന്നതിന്റെ താത്പര്യം നേരത്തേ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഊഹിക്കാമല്ലോ. ഒരു കാര്യം നിങ്ങൾക്ക് ഇവിടെ വന്നാൽ മനസിലാകും. ഞങ്ങൾക്കൊന്നും കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ആക്ഷേപവും സൊസൈറ്റിയെപ്പറ്റി ഇല്ല.

*കൃഷ്ണമണിപോലെ കാക്കേണ്ട സ്ഥാപനം*

സാധാരണക്കാർ നടത്തുന്ന, ഒരു ജനസമൂഹത്തിനാകെ ഗുണം ചെയ്യുന്ന, കൃത്യതയോടെയും ഗുണമേന്മയോടെയും സത്യസന്ധതയോടെയും പണിചെയ്യുന്ന, സമയബന്ധിതമായി തീർക്കുകയും ചിലപ്പോഴൊക്കെ അധികം വരുന്ന പണം തിരികെനല്കുകയുമൊക്കെ ചെയ്യുന്ന ഒരു സഹകരണസ്ഥാപനത്തിനു നിയമവിധേയമായി പണികൾ ഏല്പിച്ചുകൊടുക്കുന്നതിൽ നമ്മുടെ ചില മാദ്ധ്യമങ്ങൾ പോലും കുറ്റം കാണുന്നത് എന്തൊരു അവസ്ഥയാണ്! ആ പണിയെല്ലാം കരാറുകാർക്കു നല്കി ‘പാലാരിവട്ടം പാലം’ പോലെ ആയിത്തീരണമെന്നു ചിന്തിക്കുന്നതാണോ ഇക്കൂട്ടരുടെ സാമൂഹികോത്തരവാദിത്ത്വം!? ഊരാളുങ്കലിനു കരാറുകൾ നല്ക്കുന്നതിനെ എതിർക്കുന്ന നേതാക്കളും മാദ്ധ്യമങ്ങളും ആവശ്യപ്പെടുന്നത് പണികൾ അഴിമതിസ്ഥാപനങ്ങളെ ഏല്പിക്കണമെന്നാണോ?

ഇനിയും ഒരുപാടൊരുപാടു പറയാനുണ്ട്. അത് ഇനിയൊരിക്കലാകാം. ഒറ്റക്കാര്യം‌കൂടി പറയട്ടെ. സംഘത്തിന്റെ ഏറ്റവും പ്രധാനനിലപാടിലൊന്ന് ‘നമുക്കു ശത്രുക്കളില്ല’ എന്നതാണ്. തെറ്റുകൾ ആരു ചൂണ്ടിക്കാട്ടിയാലും തിരുത്തും. അവരോടു ദേഷ്യത്തിലല്ല, കൂടുതൽ സ്നേഹത്തോടെ പെരുമാറും.

ചുരുക്കം ഇത്രയേയുള്ളൂ. ലോകത്തിനുതന്നെ മാതൃകയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി. അതുകൊണ്ടുതന്നെ കേരളത്തിന്റെ അഭിമാനമാണിത്. വികസനപിന്നക്കാവസ്ഥയുള്ള മലബാറിന്റെ വലിയ പ്രതീക്ഷയാണ്. തകരാത്ത റോഡിനും പാലത്തിനും കെട്ടിടങ്ങൾക്കുമുള്ള കേരളീയരുടെ ഉറപ്പാണ്. ആധുനികമുതലാളിത്തലോകത്ത് മുതലാളിത്തത്തിന്റെ ബദലായി നില്ക്കുന്ന സഹകരണമേഖലയുടെ ലോകോത്തരവാഗ്ദാനമാണ്. നന്മകൾ അതിവേഗം ഇല്ലാതാക്കപ്പെടുന്ന ഇക്കാലത്ത് പലവിധനന്മകൾ നട്ടുനനച്ചുവളർത്തുന്ന കാവലാളാണ്. അങ്ങനെയങ്ങനെ പലതും. അതു കുരങ്ങന്മാരുടെ കൈയിലെ പൂമാല ആയിക്കൂടാ. കണ്ണിലെ കൃഷ്ണമണിപോലെ നാം കാത്തുസൂക്ഷിക്കേണ്ട മഹാപൈതൃകമാണ്.

അതിനെ തകർക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാരോടും മാദ്ധ്യമങ്ങളോടും‌പോലും ഞങ്ങൾക്കുള്ളതു സ്നേഹമാണ്. അതാണു ഞങ്ങളുടെ സംസ്ക്കാരം. പക്ഷെ, നന്മകളുടെ ശത്രുക്കൾക്കെതിരെ, കേരളത്തിന്റെ ശത്രുക്കൾക്കെതിരെ നാം കരുതൽ പുലർത്തേണ്ടതുണ്ട്. അതുകൊണ്ട് കേരളത്തെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരും ഇതു ലൈക്കും ഷെയറും ചെയ്യണം. പറ്റുമെങ്കിൽ വാട്ട്‌സാപ്പിലും ടെലഗ്രാമിലും റ്റ്വിറ്ററിലുമെല്ലാം ഈ ലിങ്ക് മറ്റുള്ളവർക്ക് അയയ്ക്കണം. അതു ഞങ്ങൾക്കുള്ള വലിയ പിന്തുണയാകും.

ഉത്തരവാദിത്വമില്ലാത്ത രാഷ്ട്രീയക്കാർ നന്നാകുമെന്ന വ്യാമോഹം എനിക്കില്ല. അതിനാൽ ഞാൻ, അല്ല, ഞങ്ങൾ ഇതെല്ലാം പറയുന്നത് നന്മ പുലരാൻ ആഗ്രഹിക്കുന്ന മുഴുവൻ കേരളീയരോടുമായാണ്. ഞങ്ങൾ നാ‍ട്ടുകാർ നിങ്ങളെയെല്ലാം ഒരിക്കൽക്കൂടി സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഈ കോവിഡ്‌ക്കാലം കഴിഞ്ഞാൽ ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തിൽ ഊരാളുങ്കലിലേക്കു വരണം. ഇതുവഴി യാത്രയുണ്ടെങ്കിൽ തീർച്ചയായും ഇവിടെ ഇറങ്ങണം. ഞങ്ങളെ കാണണം. ഞങ്ങളുടെ സൊസൈറ്റിയും സൈബർ പാർക്കും മറ്റു സ്ഥാപനങ്ങളും കാണണം. എന്നിട്ടു മിത്രങ്ങളോടെല്ലാം ഇതിനെപ്പറ്റി പറയണം. ഇത് ഒരു ഗ്രാമത്തിന്റെ സ്നേഹോഷ്മളമായ ക്ഷണമാണ്. ഹാർദ്ദമായ സ്വാഗതം.

സ്നേഹപൂർവ്വം,
അഭിനന്ദ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top