20 April Saturday

'വര്‍ഗീയവാദികളുടെ നുണകളൊന്നും വിലപ്പോവില്ല'; അഭിമന്യുവിന്റെ പേരിലുള്ള കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌‌ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് സംഘം കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പേരില്‍ നടക്കുന്ന കുപ്രചരണത്തിനെതിരെ മറുപടിയുമായി ഡോ.ടി എം തോമസ് ഐസക്ക്. അഭിമന്യുവിന്റെ കൊലയാളികളെ പിടികൂടിയില്ലെന്നും സിപിഐ എമ്മും എസ്എഫ്‌ഐയും നടത്തിയ ധനസമാഹരണം പാഴായി എന്നുമുള്ള ആര്‍എസ്എസിന്റെയും എസ്‌ഡിപിഐയുടെയും ചില മാധ്യമങ്ങളുടെയും നുണപ്രചരണത്തിനെതിരെ കണക്കുകള്‍ സഹിതമാണ് തോമസ് ഐസക്ക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

'നാന്‍ പെറ്റ മകന്‍' എന്ന സിനിമയെക്കുറിച്ചുള്ള കുറിപ്പിനു കീഴെ എന്തൊക്കെ അസംബന്ധങ്ങളാണ് ആര്‍എസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയില്‍ മുതലെടുക്കാന്‍ ആര്‍എസ്എസും ആര്‍എസ്എസ് ഭീകരതയില്‍ നിന്ന് മുതലെടുക്കാന്‍ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം.

അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തില്‍ ആര്‍എസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്‌നേഹവായ്പില്‍ നഞ്ചുകലര്‍ത്തി അല്‍പം സിപിഎം വിരുദ്ധത വിറ്റഴിക്കാനുള്ള പരിശ്രമം കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. അല്ലെങ്കില്‍ത്തന്നെ ആര്‍എസ്എസുകാരില്‍ നിന്ന് എന്തു നന്‍മ പതീക്ഷിക്കാനാണ്... അഭിമന്യുവിനെപ്പോലൊരാളിനെ കൊന്നു തള്ളിയ എസ്ഡിപിഐക്കാരുടെ സുവിശേഷ പ്രസംഗം ആര്‍ക്കു കേള്‍ക്കണം?

കേസില്‍ വിചാരണ ജൂലൈ രണ്ടിന് ആരംഭിക്കുകയാണ്. ആകെ പതിനാറു പ്രതികളുണ്ട്. അവരില്‍ 14 പേരെയും പോലീസ് അറസ്റ്റു ചെയ്തു. വേഗത്തില്‍ കുറ്റപത്രം നല്‍കി. വിചാരണ വൈകില്ലെന്ന് ഉറപ്പു വരുത്തി. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരല്‍, മാരകമായി ആയുധം ഉപയോഗിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള 13 വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്.

രണ്ടു പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്. അവര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപകമായ അന്വേഷണവും നടത്തുന്നു. രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്നു വ്യക്തമാണ്. ഈ കൊലയാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അവരെ പിടികൂടുന്ന കാര്യത്തില്‍ ഒരലംഭാവവും പോലീസിന്റെ ഭാഗത്തില്ല.

അതുപോലെ ഫണ്ടു സമാഹരണത്തിന്റെ കാര്യം. മനസാക്ഷിയുള്ളവരെല്ലാം ഹൃദയം കൊണ്ടു പങ്കെടുത്ത ബൃഹദ് പരിപാടിയായിരുന്നു അത്. സിപിഐഎമ്മിന്റെ ഇടുക്കി, എറണാകുളം ജില്ലാ കമ്മിറ്റികളും എസ്എഫ്‌ഐയുമാണ് ഫണ്ട് സമാഹരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തോടും ജീവിതത്തോടും രക്തസാക്ഷിത്വത്തോടും നീതിപുലര്‍ത്തുന്ന തരത്തില്‍ ആ തുക വിനിയോഗിക്കപ്പെടണമെന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ട്.

ഫണ്ട് വിനിയോഗത്തെക്കുറിച്ച് 2018 ഒക്ടോബറില്‍ത്തന്നെ പാര്‍ടി ഇങ്ങനെ വ്യക്തമാക്കി. 'ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് ലഭിച്ചത്. വട്ടവടയില്‍ വിലയ്ക്കുവാങ്ങിയ പത്തുസെന്റ് സ്ഥലത്ത് അഭിമന്യുവിന്റെ കുടുംബത്തിന് നിര്‍മ്മിയ്ക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിക്കാറായി. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിയ്ക്കും.

എറണാകുളം നഗരത്തില്‍ അഭിമന്യു സ്മാരകമായി വിദ്യാര്‍ത്ഥി സേവന കേന്ദ്രം നിര്‍മ്മിയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും മറ്റ് കാര്യങ്ങളും നിര്‍വ്വഹിക്കും'.

ഈ പ്രഖ്യാപിത നിലപാട് അനുസരിച്ചു തന്നെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നല്‍കി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരില്‍ 25 ലക്ഷം ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചു. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന വട്ടവടയിലെ ലൈബ്രറി, പി എസ് സി കോച്ചിംഗ് സെന്റര്‍ എന്നിവ യാഥാര്‍ത്ഥ്യമായി. ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ലക്ഷ്യമിട്ടത്.

വാഗ്ദാനം ചെയ്തതുപോലെ എസ് സി എസ്ടി കുട്ടികളുടെ വിദ്യാഭ്യാസോന്നമനം ലക്ഷ്യമിട്ട് എറണാകുളത്ത് അഭിമന്യുവിന്റെ പേരില്‍ ഒരു മഹാസ്ഥാപനം ഉയരും. അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞു. ബാക്കി പണം ആ ട്രസ്റ്റിന്റെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രം, ഡോര്‍മെട്രികള്‍, ലൈബ്രറി, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയടക്കമുള്ള വിപുലമായ സൌകര്യങ്ങളോടെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്.

എസ്എഫ്‌ഐ സമാഹരിച്ചത് 33 ലക്ഷം രൂപയാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് എന്‍ഡോവ്‌മെന്റ് കൊടുക്കുന്നതിനാണ് ഈ തുക പൂര്‍ണമായും നീക്കിവെച്ചിരിക്കുന്നത്. അതില്‍തന്നെ വട്ടവട മേഖലയിലുള്ള പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഒരു നിശ്ചിത ശതമാനം നീക്കിവെച്ചിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് അഭിമന്യു ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.

വര്‍ഗീയതയ്‌ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമായി അഭിമന്യുവിന്റെ ഓര്‍മ്മ ഇത്തരത്തില്‍ നിലനിര്‍ത്തും. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, അഭിമന്യുവിന്റെ മാതാപിതാക്കളിലും സുഹൃത്തുക്കളിലും ബന്ധുക്കളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ അവിശ്വാസവും പ്രതിഷേധവും വളര്‍ത്തുകയാണ് സംഘപരിവാറിന്റെയും എസ്ഡിപിഐയുടെയും ലക്ഷ്യം. ഇവരില്‍ ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഒരുവരി പ്രതിഷേധമെങ്കിലും കിട്ടിയാല്‍ കേരളത്തിലാകെ അതു പടര്‍ത്താന്‍ ചില മാധ്യമങ്ങളും ഒരുങ്ങി നില്‍പ്പുണ്ട്. വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് അഭിമന്യുവിന്റെ സഹോദരനു തന്നെ രംഗത്തു വരേണ്ടി വന്നു.

അഭിമന്യുവിന്റെ കൊലയാളികള്‍ക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്താനും അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കാനും സര്‍ക്കാരും പാര്‍ടിയും പ്രതിജ്ഞാബദ്ധമാണ് . അതോടൊപ്പം എല്ലാ വര്‍ഗീയവാദികള്‍ക്കുമെതിരെ കേരളം ഉയര്‍ത്തുന്ന പ്രതിരോധനിരയുടെ ഊര്‍ജമായി അഭിമന്യുവിന്റെ ഓര്‍മ്മകള്‍ ഉണ്ടാകണമെന്ന പൊതുസമൂഹത്തിന്റെ ഇച്ഛയും സഫലീകരിക്കും. വര്‍ഗീയവാദികളുടെ നുണകളൊന്നും വിലപ്പോവുകയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top