31 May Wednesday

'ചില കാമ്പസ് ഓര്‍മകള്‍ അഥവാ എസ് എഫ്‌ഐ ഫാസിസം'; അബ്‌ദുള്‍ റഷീദ് എഴുതുന്നു...

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018

സര്‍ഗാത്മകമായ ഒരു പോരാട്ടമായിരുന്നു അത്. 'ലോകത്തു എന്തു നടന്നു എന്നറിയാന്‍ പത്രം നോക്കണ്ട, കാമ്പസില്‍ എസ് എഫ് ഐയുടെ ബോര്‍ഡുകള്‍ നോക്കിയാല്‍ മതി'യെന്നു അധ്യാപകര്‍ പോലും പറഞ്ഞ കാലം.

എസ്.എഫ്.ഐയുടെ ഉപരോധസമരത്തിലേക്ക് നേരിട്ടു കയറിവന്നു 'നിങ്ങളുടെ ആവശ്യം ന്യായമാണ്..' എന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ കെ.സി ജോണിനെ ഓര്‍മ്മയുണ്ട്. 'സൂക്ഷിക്കണം, ഇത് നല്ല വിദ്യാര്‍ഥികളുടെ ചോരവീഴുമെന്നു ശാപം കിട്ടിയ കാമ്പസാണ്..' എന്നു ബര്‍സോമിനെ ഓര്‍മിപ്പിച്ച അധ്യാപകന്റെ സ്‌നേഹം ഓര്‍മയിലുണ്ട്.


അബ്ദുള്‍ റഷീദിന്റെ ഫേസ്‌ബുക്ക് പേസ്റ്റിന്റെ പൂര്‍ണ രൂപം;


ചില കാമ്പസ് ഓര്‍മകള്‍
അഥവാ എസ്.എഫ്.ഐ ഫാസിസം


രണ്ടു രക്തസാക്ഷികളുടെ ചരിത്രമുള്ള കാമ്പസിലാണ് ഞാന്‍ പഠിച്ചത്. പതിനാറാം വയസ്സിന്റെ അപരിചിതത്വങ്ങളുമായി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ കുന്നുവഴി കയറിച്ചെന്നപ്പോള്‍ അവിടെ കൊമേഴ്സ് ഡിപ്പാര്‍ട്മെന്റിന് മുന്നിലൊരു ചോരച്ചെമ്പരത്തി പൂത്തുനിന്നിരുന്നു.

''സഖാവ് സി.വി ജോസ് കുത്തേറ്റു വീണ സ്ഥലമാണത് ' എന്നു പറഞ്ഞുതന്നത് സഹപാഠിയാണ്. എല്ലാ ഡിസംബര്‍ 17 നും ജോസിന്റെ രക്തസാക്ഷിത്വദിനത്തില്‍, ഞങ്ങള്‍ ആ പൂച്ചെടിയുടെ ചുവട്ടില്‍ ഒന്നിച്ചുകൂടി 'സഖാവ് ജോസ് ഞങ്ങളിലൂടെ ജീവിക്കുന്നു...' എന്ന് ഉച്ചത്തില്‍ വിളിച്ചു.

പരമ്പരാഗത കോണ്‍ഗ്രസ്സ് കോട്ടയായിരുന്ന പത്തനംതിട്ടയിലെ പ്രധാന കലാലയത്തില്‍ എസ്.എഫ്.ഐയുടെ കൊടി ഉയര്‍ത്തിയ സി.വി ജോസിനെ നിസാരമായൊരു  വാക്കുതര്‍ക്കത്തിനൊടുവില്‍ നെഞ്ചില്‍ കഠാരയാഴ്ത്തി കൊല്ലുകയായിരുന്നു. കൊലയാളികള്‍ അക്കാലത്ത് നഗരം അടക്കിഭരിച്ച ഐഎന്‍ടി യുസി ഗുണ്ടാപ്പടയായിരുന്നു.

സി.വി ജോസിന്റെ കൊലപാതകത്തില്‍ കുറ്റവാളികള്‍ക്കെതിരെ ധീരതയോടെ കോടതിയില്‍ ആദ്യ സാക്ഷിയായി നിന്നത് ജോസിന്റെ ആത്മസുഹൃത്ത് സഖാവ് എം.എസ് പ്രസാദ് ആയിരുന്നു. 1984 സെപ്തംബര്‍ 7ന്, ഓണദിവസം പ്രസാദിനെ സ്വന്തം നാട്ടിലിട്ട് വെട്ടിക്കൊന്നു, അതേ കോണ്‍ഗ്രസ് ഗുണ്ടാപ്പട.

എല്ലാ സെപ്റ്റംബര്‍ ഏഴിനും രക്തസാക്ഷിത്വ ദിനത്തില്‍ ഞങ്ങള്‍ കാതോലിക്കേറ്റ് കോളേജില്‍നിന്ന് ചിറ്റാറില്‍ പ്രസാദിന്റെ കൊച്ചുവീട്ടിലേക്കു പോയിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും കണ്ണീരുണങ്ങാത്ത ആ വീടിന്റെയുള്ളില്‍ ഓര്‍മ്മകളില്‍ പൊള്ളിനിന്ന് 'സമരപഥങ്ങളിലെ നക്ഷത്രമേ, ധീര സഖാവേ...' എന്നുച്ചത്തില്‍ ഏറ്റുവിളിച്ചിരുന്നു.

സഖാവ് സി.വി ജോസിന്റെയും എം.എസ് പ്രസാദിന്റെയും കാമ്പസ് ആയിട്ടും എസ്.എഫ് .ഐ ക്കു പതിറ്റാണ്ടിലേറെയായി കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ ഭരണം ഉണ്ടായിരുന്നില്ല. കെ.എസ്.യുവിന്റെ കൈപ്പിടിയിലായിരുന്നു കോളേജ് മാനേജ്മെന്റുപോലും.

ഇന്ന് കേരളത്തിന്റെ മാധ്യമരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ 1998 ല്‍ കാതോലിക്കേറ്റില്‍ വിദ്യാര്‍ത്ഥികളായി എത്തി. അവരാണ് ചരിത്രം മാറ്റിയെഴുതിയത്. അവരുടെ നേതൃത്വത്തില്‍, പതിറ്റാണ്ടുകളുടെ കെ.എസ്.യു കുത്തക തകര്‍ത്ത് 1999 ല്‍ കാതോലിക്കേറ്റ് കോളേജ് എസ്.എഫ്.ഐ പിടിച്ചെടുത്തു.

ഇന്ന് മാതൃഭൂമി ന്യൂസിലുള്ള അനീഷ് വി ബര്‍സോം ആയിരുന്നു ചെയര്‍മാന്‍. ഇന്ന് ഏഷ്യനെറ്റിലുള്ള അഞ്ജുരാജ് ആര്‍ട്‌സ്‌ക്‌ളബ്ബ് സെക്രട്ടറി.  മാതൃഭൂമിയിലുള്ള അഭിലാല്‍ കുഞ്ഞുണ്ണിയും ബ്രിട്ടനില്‍നിന്ന്  ഇപ്പോള്‍ ലോകസഞ്ചാരത്തിനു ഒരുങ്ങുന്ന രാജേഷ് കെ യുമെല്ലാം കോളേജിനെ നയിച്ച കാലം. ഇപ്പോള്‍ മാതൃഭൂമിയില്‍ത്തന്നെയുള്ള അനൂപ് ചന്ദ്രന്‍, പിന്നെ ഇടത്തിട്ട ഹരി, അരുണ്‍ ഗോകുല്‍, അനീഷ് ഗോപാല്‍, അനൂപ് ചന്ദ്രന്‍, നജീബ് എസ്... ഒരുപാട് പേര്‍.

സര്‍ഗാത്മകമായ ഒരു പോരാട്ടമായിരുന്നു അത്. 'ലോകത്തു എന്തു നടന്നു എന്നറിയാന്‍ പത്രം നോക്കണ്ട, കാമ്പസില്‍ എസ് എഫ് ഐയുടെ ബോര്‍ഡുകള്‍ നോക്കിയാല്‍ മതി'യെന്നു അധ്യാപകര്‍ പോലും പറഞ്ഞ കാലം.

എസ്.എഫ്.ഐയുടെ ഉപരോധസമരത്തിലേക്ക് നേരിട്ടു കയറിവന്നു 'നിങ്ങളുടെ ആവശ്യം ന്യായമാണ്..' എന്നു പറഞ്ഞ പ്രിന്‍സിപ്പല്‍ കെ.സി ജോണിനെ ഓര്‍മ്മയുണ്ട്. 'സൂക്ഷിക്കണം, ഇത് നല്ല വിദ്യാര്‍ഥികളുടെ ചോരവീഴുമെന്നു ശാപം കിട്ടിയ കാമ്പസാണ്..' എന്നു ബര്‍സോമിനെ ഓര്‍മിപ്പിച്ച അധ്യാപകന്റെ സ്‌നേഹം ഓര്‍മയിലുണ്ട്.

പക്ഷേ, എസ്.എഫ്.ഐയുടെ ജയത്തോടുള്ള രാഷ്ട്രീയ എതിരാളികളുടെ പ്രതികരണങ്ങള്‍ ഒട്ടും സര്‍ഗാത്മകമായിരുന്നില്ല. പുറത്തുനിന്നു മാരകായുധങ്ങളുമായി പാഞ്ഞുവന്ന കാവിപ്പട എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനം ആക്രമിച്ചു. അനീഷ് ബര്‍സോമിനെ ഇടിക്കട്ടകൊണ്ടു ഇടിച്ചുവീഴ്ത്തുന്നതും സഖാവ് ഫസലിന്റെ കഴുത്തില്‍ കൊടുവാള്‍കൊണ്ടു വരഞ്ഞതും ഇപ്പോഴും ഓര്‍മ്മയിലുണ്ട്.

കേരളത്തിലെ കാമ്പസുകളിലെ സകല അക്രമങ്ങള്‍ക്കും കാരണം എസ്.എഫ്.ഐ ആണെന്ന എളുപ്പമുള്ള ലഘൂകരണത്തിലേക്ക് ചിലര്‍ സോഷ്യല്‍മീഡിയ ചര്‍ച്ചകളെ മനപൂര്‍വം കൊണ്ടുപോകുമ്പോള്‍ ഞാന്‍ സഖാവ് ജോസിനേയും പ്രസാദിനേയും കൊടുമണ്ണിലെ രാജേഷിനെയും ഓര്‍ക്കുകയായിരുന്നു.

എസ്.എഫ്.ഐ കാതോലിക്കേറ്റ് പിടിച്ച അതേ കാലത്താണ് എസ്.എഫ്.ഐ യുടെ സംസ്ഥാന ജാഥ കൊടുമണില്‍ വന്നപ്പോള്‍, ജാഥാ സ്വീകരണം കഴിഞ്ഞ് മടങ്ങിയ രാജേഷ് എന്ന വിദ്യാര്‍ഥിയെ ഗുണ്ടകള്‍ നടുറോഡില്‍ കുത്തി കൊലപ്പെടുത്തിയത്. അതും നിസാരമായൊരു തര്‍ക്കത്തിന് ജീവനെടുത്തുള്ള മറുപടി ആയിരുന്നു.

എസ്.എഫ്.ഐയാണ് കേരളത്തിലെ കാമ്പസുകളിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണമെന്നൊക്കെയുള്ള മതവലതുഅരാജക പൊള്ളവാദങ്ങള്‍ കെട്ടിരിക്കെ ഞാന്‍, ശത്രുക്കള്‍ കയ്യൊടിച്ചും കാലോടിച്ചും കൊല്ലാറാക്കിയ ചില സഖാക്കള്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്ന ചില ദിവസങ്ങള്‍ കൂടി ഓര്‍ക്കുകയായിരുന്നു.  കൂട്ടുകാരന് വെട്ടു കിട്ടാതിരിയ്ക്കാന്‍ അവനുമേല്‍ വീണുകിടന്ന് വെട്ട് ഏറ്റു വാങ്ങിയ എം.ജി സ്‌കൂള്‍ ഓഫ് ലേറ്റേഴ്സിലെ ഒരു ചങ്ങാതിയെ ഓര്‍ക്കുകയായിരുന്നു.

എസ്.എഫ്.ഐയുടെ പന്തളം എന്‍.എസ്.എസ് കോളേജ് യൂണിറ്റ് സെക്രട്ടറിയായിരിക്കെ,
കെ.എസ്.യുക്കാര്‍ കോളേജിന്റെ മൂന്നാമത്തെ നിലയില്‍നിന്നും താഴേക്കെറിഞ്ഞ് നട്ടെല്ല് തകര്‍ത്തു കൊന്ന സഖാവ് ജി ഭുവനേശ്വരനെ ഓര്‍ക്കുകയായിരുന്നു. ഇന്നത്തെ മന്ത്രി ജി. സുധാകരന്റെ സഹോദരന്‍.

ഒരിക്കല്‍ ജി. സുധാകരന്‍ ഒരഭിമുഖത്തില്‍ എന്നോട് പറഞ്ഞു, ''കൊന്നവരും കൊല്ലിച്ചവരുമൊക്കെ ഇപ്പോഴുമുണ്ട്, മിടുക്കന്‍മാരായി. പില്‍ക്കാലത്തു വേണമെങ്കില്‍ പ്രതികാരമൊക്കെ എങ്ങനെയും ആകാമായിരുന്നു. ഇല്ല, ഞാന്‍ പക്ഷേ അതിനൊന്നും പോയിട്ടില്ല.''

പറഞ്ഞുവന്നത്, കേരളത്തിലെ കാമ്പസുകളിലെ വയലന്‍സ് എസ്.എഫ്.ഐ തുടങ്ങിവെച്ചതല്ല. കെ.എസ്.യുവിന്റെയും എ.ബി.വി.പിയുടെയുമൊക്കെ കൊലക്കത്തിക്കു എസ്.എഫ്.ഐ ഇരയായതുപോലെ മറ്റാരും ഇരയാക്കപ്പെട്ടിട്ടില്ല.

''പോലീസിന്റെ അടി വന്നാല്‍ പ്രീഡിഗ്രിക്കാരെയും പെണ്‍കുട്ടികളെയും തല്ലുകൊള്ളിക്കാതെ മാറ്റണം..'' എന്നു സമരങ്ങള്‍ക്ക് മുന്‍പ് സഖാക്കള്‍ക്ക് നിര്‍ദേശംകൊടുക്കുന്ന ആത്മാര്‍ത്ഥതയുള്ള നേതാക്കളെ എത്രയോ കണ്ടിട്ടുണ്ട്.

എസ്.എഫ്.ഐക്കാരെപ്പോലെ മറ്റാരും അടിവാങ്ങിയിട്ടില്ല, പൊലീസില്‍നിന്നായാലും രാഷ്ട്രീയ എതിരാളികളില്‍നിന്നായാലും. കിട്ടുന്ന അടി തടയാന്‍ വേണ്ടി നിവര്‍ന്നുനിന്നു തുടങ്ങിയ സംഘടനയാണ് എസ്.എഫ്.ഐ.

അതുകൊണ്ട്, സഖാവ് അഭിമന്യുവിന്റെ നെഞ്ചില്‍ ആഴ്ത്തിയ കത്തിയെ ന്യായീകരിക്കാനായി പലരും നടത്തുന്ന ഈ 'എസ്.എഫ്.ഐ ഫാസിസവാദങ്ങള്‍' പൊളിഞ്ഞുപോകും.

കേരളം ഓര്‍മ്മകളുള്ള മനുഷ്യരുള്ള ഇടമായതുകൊണ്ടു 'ഇടതു ഏകാധിപത്യം കാരണമാണ് അഭിമന്യുവിനെ കൊന്നത്' എന്ന നെറികെട്ട ന്യായം നിലനില്‍ക്കില്ല.

എസ്.എഫ്.ഐയുടെ ഗുണ്ടായിസംകൊണ്ടു മാത്രമാണ് ഇന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം കലാലയങ്ങളില്‍ വെള്ളക്കൊടി പാറുന്നത് എന്നൊക്കെയുള്ള വാദം ചാനല്‍ ചര്‍ച്ചയില്‍ പറയാം. പിള്ളേരോട് പറയരുത്. അങ്ങനെ ഒരു സംഘടനയ്ക്ക് ഗുണ്ടായിസംകൊണ്ടു മാത്രം കാലങ്ങളോളം ജയിച്ചുനില്‍ക്കാന്‍ കഴിയണമെങ്കില്‍ അത്ര ഭീരുക്കള്‍ ആവണം പുതിയ തലമുറ.

ഇനി അതല്ല, കേരളത്തിലെ കാമ്പസുകള്‍ സര്‍ഗാത്മകമാവണം എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തിലാണോ ഈ ചര്‍ച്ചകള്‍?

എങ്കില്‍ എസ്.എഫ്.ഐയെക്കുറിച്ചു മാത്രമല്ല, മാനേജ്‌മെന്റുകളുടെ കുറുവടി മുതല്‍ ശാഖകളില്‍നിന്നു കൊലവിളിയുമായി കാമ്പസുകളിലേക്കു ഓടിക്കയറുന്നവന്റെ കൊടുവാളിനെപ്പറ്റിവരെ ചര്‍ച്ച വേണം.

സഭയുടെ കപട സദാചാര പഠശാലകള്‍ ആവുന്ന കലാലയങ്ങളെപ്പറ്റി ആശങ്ക ഉയരണം. ശുദ്ധ വര്‍ഗീയത മാത്രം അടിസ്ഥാനമാക്കി കാമ്പസുകളില്‍ പടരുന്ന അക്രമിസംഘങ്ങളെക്കുറിച്ചു ചര്‍ച്ച വേണം. വിദ്യാര്‍ഥികളെ ഓടിച്ചിട്ടു തല്ലുന്ന അധ്യാപക ഗുണ്ടകളെപ്പറ്റി ചര്‍ച്ച വേണം.

ഒരു സംശയവുമില്ല, എസ്.എഫ്.ഐയില്‍ തിരുത്തേണ്ട ചിലതുണ്ട്. പക്ഷേ അതിനും എത്രയോ മുമ്പു തിരുത്തപ്പെടേണ്ട എന്തെല്ലാം ഭീകരതകള്‍ ഭരിക്കുന്നുണ്ട് ഇന്നത്തെ കലാലയങ്ങളെ? അതുകൊണ്ട്, സര്‍ഗാത്മകതയും സ്വാതന്ത്ര്യവും നിറഞ്ഞ കാമ്പസ് എന്ന ചര്‍ച്ച ആത്മാര്‍ത്ഥമെങ്കില്‍ ആ ചര്‍ച്ചയുടെ പരിധി വിശാലവും സമഗ്രവുമാകട്ടെ.

അല്ലാതെ, ലക്ഷണമൊത്ത ഒന്നാന്തരം മതതീവ്രവാദികള്‍, കൊടുവാളുകൊണ്ടു തെരുവുനായയെ വെട്ടി പരിശീലിച്ചിട്ടു അതു മനുഷ്യനുമേല്‍ പ്രയോഗിക്കുന്ന വിഷജീവികള്‍,  അവര്‍ ഒരു പാവം പയ്യന്റെ നെഞ്ചില്‍ കുത്തിയിറക്കിയ പിച്ചാത്തിപ്പിടിയെ ന്യായീകരിക്കാനായുള്ള 'കാമ്പസ് ശുദ്ധീകരണ' ചര്‍ച്ചയില്‍ ചേരാന്‍ മനസ്സില്ല. അതൊന്നും കേരളത്തില്‍ വിലപ്പോവുകയുമില്ല.

കേരളത്തിലെ കുട്ടികള്‍ക്ക് വേണ്ടിടത്തോളം കാലം ആ നക്ഷത്രാങ്കിത ശുഭ്രപാതാക കാമ്പസുകളുടെ നടുമുറ്റത്തു മാനംതൊട്ടു നില്‍ക്കുകതന്നെ ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top