24 April Wednesday

'വട്ടവടയില്‍ പിഎസ്‌സി കോച്ചിങ് സെന്റര്‍ സ്ഥാപിക്കുക'; ഗ്രാമസഭയില്‍ അഭിമന്യുവിന്റെ ഇടപെടലിനെ കുറിച്ച് തോമസ് ഐസക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018

കൊച്ചി > രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അഭിമന്യുവിന്റെ ഇടപെടലുകളെ കുറിച്ച് പുതിയ വിവരങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്. വട്ടവട  ഗ്രാമസഭയില്‍ പങ്കെടുത്ത് നാട്ടില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെ കുറിച്ച് അഭിമന്യു നടത്തിയ ഇടപെടലുകള്‍ സംബന്ധിച്ച പോസ്റ്റുകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം, ഗ്രാമസഭയില്‍ പങ്കെടുത്ത അഭിമന്യു പഞ്ചായത്തില്‍ ഒരു വായനശാലയും, പൊതുപരീക്ഷകള്‍ക്കു വേണ്ടിയുള്ള പിഎസ്‌സി കോച്ചിംഗ് സെന്റര്‍ സ്ഥാപിക്കുവാനും ആവശ്യപ്പെട്ടതായി മിനുട്ടുസ് രേഖകള്‍ വ്യക്തമാക്കുന്നു. ജനകീയാസൂത്രണ പദ്ധതിയില്‍ അഭിമന്യുവിന്റെ ഇടപെടലുകളെ കുറിച്ചും, അതിന്റെ രേഖകളും തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക്ക് പങ്ക് വെച്ചിരിക്കുന്നത്.



ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;


അനശ്വരതയില്‍ അനുനിമിഷം വളരുകയാണ് അഭിമന്യു. എന്തൊരു പയ്യനായിരുന്നു അവന്‍! അവന്റെ ഇടപെടലുകളെക്കുറിച്ച് പുതിയ എന്തെന്തു വിവരങ്ങളാണ് പുറത്തുവരുന്നത്? നേതാവായും ആസൂത്രകനായും സംഘാടകനായുമൊക്കെ ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കൊലയാളികള്‍ അവന്റെ ജീവനെടുത്തത്. അവന്‍ വ്യാപരിച്ച മണ്ഡലങ്ങളിലൊന്നും സമൂഹത്തിന് ഒരു സംഭാവനയും നല്‍കാന്‍ ഈ ക്രിമിനലുകള്‍ക്ക് ഒരിക്കലും കഴിയുകയുമില്ല. തീരാനഷ്ടം എന്ന വിശേഷണത്തിന്റെ ആഴം ഓരോ നിമിഷവും നമുക്കു ബോധ്യമാവുകയാണ്.

വട്ടവട ഗ്രാമസഭയിലെ അഭിമന്യുവിന്റെ പങ്കാളിത്തം സംബന്ധിച്ച പോസ്റ്റുകള്‍ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത അഭിമാനം തോന്നി. ഇവനെയാണല്ലോ ഒരുപ്രകോപനവുമില്ലാതെ കൊന്നു കളഞ്ഞത് എന്ന രോഷവും. ഗ്രാമസഭകളിലെ ശുഷ്‌കമായ യുവജന പങ്കാളിത്തം ജനകീയാസൂത്രണകാലം മുതലുള്ള ഒരു നിരീക്ഷണമാണ്. ഇവിടെയാണ് തന്റെ ഗ്രാമസഭയില്‍ അഭിമന്യുവിന്റെ പങ്കാളിത്തത്തിന്റെ സന്ദേശം പ്രസക്തമാവുന്നത്. ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ക്കും കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഇടയില്‍ ഇതിനും അവന്‍ സമയം കണ്ടെത്തി. ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ പ്രതിഫലനമാണ് ഇത്. അവന്റെ പരിശ്രമങ്ങള്‍ക്കു തുടര്‍ച്ചയുണ്ടാകണം.

ഗ്രാമസഭകള്‍ പ്രത്യക്ഷ ജനാധിപത്യത്തിന്റെ വേദികളാണ്. തന്റെ മൂല്യങ്ങളിലും രാഷ്ട്രീയനിലപാടുകളിലും പിടിവാശിയോടെ ഉറച്ചു നില്‍ക്കുമ്പോഴും വ്യത്യസ്തമായ അഭിപ്രായങ്ങളോടുള്ള സഹിഷ്ണുതയായിരുന്നു അഭിമന്യു എന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്റെ ശൈലി. ഇത്തരമൊരു സമീപനത്തിന് ഗ്രാമസഭ പോലുള്ള ജനാധിപത്യവേദികളെ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാകും.

ഗ്രാമസഭയില്‍ പങ്കെടുത്തുകൊണ്ട് അഭിമന്യു ഉന്നയിച്ച നിര്‍ദ്ദേശങ്ങളും പ്രസക്തമാണ്. പലരും ചൂണ്ടിക്കാണിച്ചതുപോലെ വ്യക്തിപരമായ ആനുകൂല്യങ്ങള്‍ക്കോ നേട്ടങ്ങള്‍ക്കോ വേണ്ടിയുള്ള അഭ്യര്‍ത്ഥനകളായിരുന്നില്ല അഭിമന്യു വച്ചത്. മറിച്ച്, യുവജനപ്രവര്‍ത്തകരെന്ന നിലയിലുള്ള രണ്ട് ആവശ്യങ്ങള്‍ ആയിരുന്നു.

1) ലൈബ്രറി സ്ഥാപിക്കുക
2) പൊതുപരീക്ഷകള്‍ക്കു വേണ്ടിയുള്ള പി.എസ്.സി കോച്ചിംഗ് സെന്റര്‍ സ്ഥാപിക്കുക

കേരളത്തിലെ അധികാര വികേന്ദ്രീകരണങ്ങള്‍ വിജയിക്കണമെങ്കില്‍ അതിലൊരു മുന്നുപാധി ബഹുജന സംഘടനകളിലെ പങ്കാളിത്തമാണ്. അതത് പ്രവര്‍ത്തന മേഖലകളിലെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കുകയും മുന്‍ഗണന തീരുമാനിക്കുകയും നടപ്പാക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്യണം.

അധികാര വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം സ്ഥായിയാവുമോ എന്ന ചോദ്യം ജനകീയാസൂത്രണകാലത്തു തന്നെ ഉയര്‍ന്നിരുന്നു. സഖാവ് ഇഎംഎസ് അന്നു പറഞ്ഞ മറുപടി ഇന്നും പ്രസക്തമാണ്: കേരളത്തിലെ ജനങ്ങള്‍ സംഘടിതരാണ്; അവരുടെ സംഘടനകള്‍ കീഴ്ത്തട്ട് ആസൂത്രണ പ്രക്രിയയില്‍ സജീവമാകലാണ് പങ്കാളിത്തം സ്ഥായിയായിരിക്കും എന്നുള്ളതിന് ഗ്യാരണ്ടി.

എനിക്കു സന്തോഷം നല്‍കിയ ഒരു കാര്യം അഭിമന്യു അടക്കമുള്ളവര്‍ പറഞ്ഞതൊക്കെ ഗ്രാമസഭയുടെ മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ്. വട്ടവട പോലെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിലും പതിറ്റാണ്ടായി ഇത്തരം ചിട്ടകള്‍ തുടരുകയാണ്. എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും കേരളത്തിലെ നല്ലൊരുപങ്കു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനാധിപത്യ ആസൂത്രണ പ്രക്രിയ സജീവമായി തുടരുന്നു. ഗ്രാമസഭയുടെ നിര്‍ദ്ദേശം നടപ്പാക്കുന്നുവെന്ന പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം കീഴ്ത്തല ആസൂത്രണം എങ്ങനെ എന്നതിന് ഒരു മാതൃകയാണ്.

എന്തുകൊണ്ട് കീഴ്‌ത്തല ആസൂത്രണത്തിന്റെ ഉത്തമ മാതൃകയായി ഒരു സമഗ്രവികസന പദ്ധതി വട്ടവടയില്‍ ആവിഷ്‌കരിച്ചുകൂടാ? ലൈബ്രറിയും കോച്ചിംഗ് സെന്ററുമെല്ലാം ഇത്തരമൊരു സമഗ്ര പദ്ധതിയുടെ ഭാഗമായി മാറണം. സെപ്തംബര്‍ മാസത്തില്‍ ഗ്രാമപഞ്ചായത്തിന്റെകൂടി സൗകര്യം കണക്കിലെടുത്ത് ഇതിന് വട്ടവടയില്‍ തന്നെ ഒത്തുചേരാം. അങ്ങനെ സമൂഹത്തിന്റെ ഓരോ തുടിപ്പിലും അഭിമന്യു അനശ്വരമാവട്ടെ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top