ചതയ ദിനത്തിലാണ് രാജേഷിന് അതീവ ഗുരുതരമായ ഹാർട്ട് അറ്റാക്ക് ഉണ്ടായത്. വീട്ടിൽ തനിച്ചായിരുന്ന അവനെ സുഹൃത്തുക്കളാണ് എറണാകുളം മെഡിക്കൽ കോളേജിൽ എത്തിച്ചത്. അപ്പോൾ മേജർ ഹാർട്ട് അറ്റാക്ക് വന്നിട്ട് ഏകദേശം അഞ്ചുമണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇടതു സർക്കാരിന്റെ ‘ആർദ്രം’ പദ്ധതിയുടെ യഥാർത്ഥ ആർദ്രത തൊട്ടറിഞ്ഞ ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്... "ദേശാഭിമാനി' കൊച്ചി ബ്യൂറോയിലെ സീനീയർ റിപ്പോർട്ടർ ഹേമലതയുടെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്.
ഇടതു സർക്കാരിന്റെ ‘ആർദ്രം’ പദ്ധതിയുടെ യഥാർത്ഥ ആർദ്രത തൊട്ടറിഞ്ഞ ദിവസങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്. ജീവിത പങ്കാളി രാജേഷിന് വന്ന മേജർ ഹാർട്ട് അറ്റാക്കാണ് ഈ ആദ്രത സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിയാൻ അവസരം ഉണ്ടാക്കിയത്. സ്വകാര്യ ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവഴിക്കുന്ന ട്രീറ്റ്‌മെന്റ് വളരെ കുറഞ്ഞ തുകയിൽ എല്ലാ സൗകര്യങ്ങളോടെയും ചെയ്‌ത് നൽകി അവർ മാതൃകയായി. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളും ശുചിത്വവും കണ്ട് എല്ലാവരും അതിശയിച്ച നിമിഷങ്ങളായിരുന്നു അത്....
ചതയ ദിനത്തിലാണ് രാജേഷിന് അതീവ ഗുരുതരമായ ഹാർട്ട് അറ്റാക്ക് ഉണ്ടായത്. വീട്ടിൽ തനിച്ചായിരുന്നു അവനെ സുഹൃത്തുക്കളാണ് എറണാകുളം മെഡിക്കൽ കോളേജിൽ എത്തിച്ചത്. അപ്പോൾ മേജർ ഹാർട്ട് അറ്റാക്ക് വന്നിട്ട് ഏകദേശം അഞ്ചുമണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടും എന്റെ സുഹൃത്തുമായ ഡോ. ഗണേഷ് മോഹനും അദ്ദേഹത്തിന്റെ സ്‌റ്റാഫും പറഞ്ഞതനുസരിച്ച് അവിടെ നിന്ന് ഏതെങ്കിലും കാത്ത് ലാബുള്ള ആശുപത്രിയിലേക്ക് എത്രയും വേഗം എത്തിക്കാനുള്ള ശ്രമത്തിനിടയിലും രാജേഷ് പറയുന്നുണ്ട് ‘നീ പേടിക്കണ്ട... എനിക്ക് ഒന്നുമില്ല....’ എന്ന്. ഒരു ഫോൺ വിളിയിൽ എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹീർഷാ തന്ന മാനസിക പിൻതുണയുടെയും പിൻബലത്തിൽ അതിവേഗം ജനറൽ ആശുപത്രിയിലേക്ക്. ഇതിനിടയിൽ സമയ പരിമിതി വല്ലാത്ത സമ്മർദ്ദം ഉണ്ടാക്കി. എറണാകുളം നഗരത്തിലെ ബ്ലോക്കുകൾ പിന്നിട്ട് ജനറൽ ആശുപത്രിയിൽ എത്തിയതും ഡോ. ഷഹീർഷാ ഏർപ്പെടുത്തിയ കാർഡിയോളജി സ്‌റ്റാഫ് എന്തിനും തയ്യാറായി. ഡോ. ശ്രീജിത്ത്, ഡോ. ജയസൂര്യ, ഡോ. വിജോ എല്ലാവരും ഒത്തൊരുമിച്ച് രാത്രി ഒമ്പതരയോടെ കാര്യങ്ങൾ കൈപ്പിടിയിലാക്കി. ആലപ്പുഴയിൽ നിന്ന് പാഞ്ഞെത്തിയ ബന്ധുക്കൾക്ക് രക്തക്കുഴലിലെ രണ്ട് ബ്ലോക്കുകൾ നീക്കം ചെയ്‌ത് വേദനയ്‌ക്ക് ശമനം വന്ന രാജേഷിനെ കാണിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. ഏറ്റവും ക്രിറ്റിക്കലായി എത്തിച്ചതിനാൽ ഇനിയുള്ള ഒരു ബ്ലോക്ക് അടുത്തമാസം ചെയ്യും.
ആൻജിയോ പ്ലാസ്‌റ്റി കഴിഞ്ഞും മെഡിക്കൽ കോളേജിൽ നിന്ന് അന്വേഷണങ്ങൾ എത്തി. ഡോ. ഗണേഷ് മോഹൻ വിളിച്ചു. ഡോ. ഹനീഷ്, ഡോ. പോൾ എന്നിവരും പല സഹായങ്ങളുമായി എന്റെ ഒപ്പം ഉണ്ടായിരുന്നു. എല്ലാ സർക്കാർ സംവിധാനങ്ങളും സൗഹൃദങ്ങളുടെ അകമഴിഞ്ഞ പിൻതുണയും എനിക്കും രാജേഷിനും ഗുണകരമായി. എല്ലാവർക്കും നന്ദി... സർക്കാരിനും നന്ദി.....
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..