27 April Saturday

ഒരു മൊബൈലിനു പിന്നാലെ 250 കിലോമീറ്റർ താണ്ടിയ ഡിജിറ്റൽ ചേസിന്റെ കഥ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 10, 2023

ബസിൽ മോഷണം പോയ ഫോൺ തേടി യുവാവും സഹോദരിയും സുഹൃത്തായ എഴുത്തുകാരനും ചേർന്ന്‌ നടത്തിയ ഡിജിറ്റൽചേസിന്റെ കഥ. യൂത്ത്‌ ഫ്രണ്ട്‌ ദേവികുളം മണ്ഡലം പ്രസിഡൻറ്‌ അമൽ എസ്‌ ചേലപ്പുറത്തിന്റെ ഫോണാണ്‌ ബസിൽ മോഷണം പോയത്‌. അമലിന്റെ സഹോദരി അന്നയാണ്‌ ഫോൺ കണ്ടെത്താൻ കെഎസ്‌ആർടിസി കണ്ടക്‌ടർ കൂടിയായ ഡിറ്റക്‌ടീവ്‌ നോവലിസ്റ്റ്‌ രഞ്‌ജു കിളിമാനൂറിന്റെ സഹായം തേടിയത്‌. ആ ഡിജിറ്റൽ പിന്തുടരലിന്റെ പാത രഞ്‌ജു ഫേസ്‌ബുക്കിൽ പങ്കുവെച്ചത്‌ ചുവടെ:


ഇന്ന് രാവിലെ നോക്കിയപ്പോൾ Anna Annamol Shantyയുടെ ഒരു വോയ്‌സ് മെസ്സേജ് വന്നു കിടക്കുന്നു വാട്സാപ്പിൽ. ഞാനതു പ്ലേ ചെയ്തു:

"ചേട്ടാ എന്റെ സഹോദരന്റെ ഫോൺ ഇന്നലെ രാത്രി 1 മണിയോടെ കോതമംഗലം ഡിപ്പോയിൽ വെച്ച് മോഷ്ടിക്കപ്പെട്ടു. എടുത്തുവെന്ന് സംശയമുള്ള ആൾ കൊട്ടാരക്കര ദിശയിലേക്കാണ് പോയത്.
നമുക്ക് ആ ബസ് കണ്ടു പിടിക്കാൻ എന്തെങ്കിലും ഓപ്ഷനുണ്ടോ?
കണ്ടക്ടറെയോ ഡ്രൈവറെയോ വിളിച്ച് നോക്കി ആളിനെ കണ്ടെത്താൻ പറ്റുമോ?"

ഞാൻ അന്നയെ ഫോണിൽ വിളിച്ചു വിവരങ്ങളന്വേഷിച്ചു.

"അവനൊന്നു മയങ്ങിപ്പോയപ്പോൾ അടിച്ചു മാറ്റിയതാണ്. കൂടെയുണ്ടായിരുന്ന അവന്റെ ഫ്രണ്ട്സ് പറഞ്ഞത് "തൊപ്പിയൊക്കെ വെച്ച" ഒരാൾ ആ ഡിപ്പോയിൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നുവെന്നാണ്.

അയാൾക്കൊരു പരുങ്ങലുണ്ടായിരുന്നു. മിക്കവാറും അയാൾ തന്നെയായിരിക്കണം ഫോണെടുത്തത്.
ഫോണിപ്പോ സ്വിച്ചോഫ് ആണ്. പക്ഷേ സാംസങ്ങിന്റെ "ഫൈൻഡ് മൈ ലോസ്റ്റ്‌ ഫോൺ" ഓപ്ഷൻ ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് സ്വിച്ച് ഓഫ് ആണെങ്കിലും ലൈവ് പൊസിഷൻ കിട്ടുന്നുണ്ട്.
ഇപ്പോൾ പുള്ളി കൊട്ടാരക്കരയുള്ള എഴുകോൺ ഉണ്ട്."

എന്നിലെ അലക്സി (രഞ്‌ജുവിന്റെ നോവലിലെ ഡിറ്റക്‌ടീവാണ്‌ അലക്സി) ഉണർന്നു.

"അന്ന ഒരു കാര്യം ചെയ്.. ഓരോ അഞ്ച് മിനിറ്റിലും കിട്ടുന്ന പൊസിഷന്റെ ഓരോ സ്ക്രീൻ ഷോട്ട് എനിക്ക് അയക്ക്.."
"ഓക്കേ ചേട്ടാ..."

ഞാൻ കിളിമാനൂർ ഡിപ്പോ പരിസരത്തു നിൽക്കുകയായിരുന്നു ആ സമയത്ത്. എന്നെ പഠിപ്പിച്ച അദ്ധ്യാപകനും കെഎസ്‌ആർടിസിയിൽ നിന്ന് റിട്ടയർ ചെയ്ത ആളുമായ രമേശ്‌ സാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ.
ഞാൻ സാറിനോട് സംഭവം വിവരിച്ചു.

"രഞ്ജു, കോതമംഗലത്ത് നിന്നും എഴുകോണിലേക്ക് അങ്ങനൊരു ബസ് ഇല്ലല്ലോ."

ഞാൻ പെട്ടെന്ന് തന്നെ കോതമംഗലം ഡിപ്പോയിൽ ജോലി ചെയ്യുന്ന സുഹൃത്ത് മനോജ്‌ കുമാറിനെ വിളിച്ചു.

"എടാ, ഇവിടെ നിന്ന് അങ്ങനൊരു ബസ് ഇല്ല. മിക്കവാറും അവൻ കോതമംഗലത്ത് നിന്നും പെരുമ്പാവൂർ ചാടിക്കാണും.
അവിടെ നിന്ന് അടുത്ത ബസിൽ കൊട്ടാരക്കര, അവിടെ നിന്നും മറ്റൊരു ബസിൽ എഴുകോൺ.
അങ്ങനെ വരാനേ സാധ്യതയുള്ളൂ.."

"ഓക്കേ ടാ.... ഞാൻ വിളിക്കാം.."

അന്ന പറഞ്ഞത് പോലെ തന്നെ കൃത്യമായ ഇടവേളകളിൽ സ്ക്രീൻ ഷോട്ട് അയക്കുന്നുണ്ട്. ഞാൻ ഒരു വോയ്സ് ഇട്ടു:
"അന്ന, പറ്റുമെങ്കിൽ ആ സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തിന്റെ വ്യത്യാസത്തെ  സമയത്തിന്റെ വ്യത്യാസം കൊണ്ട് ഹരിച്ച് ചെയ്ത് അവന്റെ സ്പീഡ് കണ്ടെത്താൻ ശ്രമിക്ക്.
അവൻ ഓർഡിനറിയിലാണോ ഫാസ്റ്റിലാണോയെന്ന് നോക്കാം നമുക്ക്."

"ശരി ചേട്ടാ..."

പക്ഷേ, അപ്പോഴേക്കും അവന്റെ പൊസിഷൻ നിശ്ചലമായിക്കഴിഞ്ഞിരുന്നു.

ഏഴുകോണിലുള്ള ഒരു ആലിയ സ്റ്റോറിനും ഗവണ്മെന്റ് ഹോസ്പിറ്റലിനും മുന്നിലാണ് ആളിപ്പോ..
ഞാൻ ഗൂഗിൾ മാപ്പെടുത്ത് ആ സ്ഥലമൊക്കെ ഒന്ന് സെർച്ച് ചെയ്തു നോക്കി. സമീപത്ത് ഏതെങ്കിലും മൊബൈൽ ഫോൺ ഷോപ്പുണ്ടോ എന്നായിരുന്നു നോട്ടം.

ഇങ്ങനെയുള്ളവർ ഫോൺ മോഷ്ടിച്ചാൽ ഉടൻ തന്നെ വിൽക്കാൻ സാധ്യതയുണ്ട്.
ഞാൻ ആലിയ സ്റ്റോർസിന്റെ നമ്പർ ഗൂഗിളിൽ നിന്ന് കണ്ടെത്തി. അതിൽ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു.

"ചേട്ടാ ഒരാൾ ഒരു ഫോണും മോഷ്ടിച്ചു കൊണ്ട് അവിടെ വന്നിട്ടുണ്ട്. നിങ്ങളുടെ കടയുടെ തൊട്ടു മുന്നിൽ മൊബൈൽ ഷോപ്പ് വല്ലതുമുണ്ടോ?"
"ഉണ്ടല്ലോ..."
"എങ്കിൽ അവനവിടെ അത്‌ വിൽക്കാൻ സാധ്യതയുണ്ട്. ചേട്ടൻ ആ കടയിലെ ആരുടെയെങ്കിലും നമ്പർ തരാമോ?"
"ഒരു മിനിറ്റ്..."
പുള്ളിക്കാരൻ ആ കടയിലെ പയ്യന്റെ നമ്പർ സംഘടിപ്പിച്ചു തന്നു. ഞാൻ ഉടൻ അതിൽ വിളിച്ച് അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി.

അവിടെ അങ്ങനൊരു ഫോൺ വിൽക്കാൻ ആരും ചെന്നിട്ടില്ലെന്ന് ഉറപ്പ് പറഞ്ഞു. IMEI നമ്പർ അയച്ചു കൊടുത്താൽ കൊട്ടാരക്കരയുള്ള എല്ലാ ഷോപ്പും കണക്ട് ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അവൻ മെസ്സേജ് ഇടാമെന്നും എവിടെ വിൽക്കാൻ കൊണ്ടു ചെന്നാലും അപ്പോത്തന്നെ ആളിനെ പൊക്കാമെന്നും അവൻ വാക്ക് പറഞ്ഞതോടെ എനിക്കും ആവേശം കയറി.

നഷ്ടപ്പെട്ട ഫോണിന്റെ IMEI നമ്പർ അന്നയുടെ കയ്യിൽ നിന്നും വാങ്ങിയിട്ട് ഞാനവന് ഫോർവേർഡ് ചെയ്തു. അവൻ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തു തന്നു.

അതേസമയം അന്നയും ഞാനും മോഷ്ടാവിനെ കൃത്യമായി വാച്ച് ചെയ്തു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ പൊസിഷൻ വീണ്ടും മൂവ് ചെയ്യാൻ തുടങ്ങി. എഴുകോണിൽ നിന്നും കൊട്ടാരക്കരയിലേക്കയാൾ സഞ്ചരിക്കാൻ തുടങ്ങി. അന്ന വീണ്ടുമെനിക്ക് സ്ക്രീൻ ഷോട്ട്സ് അയച്ചു കൊണ്ടിരുന്നു.

ഈ സമയത്തെല്ലാം അന്നയുടെ ബ്രദർ കേസ് കൊടുക്കുന്നതിന്റെ ആവശ്യത്തിനായി പോലീസ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു.

വൈകാതെ എഴുകോണിൽ നിന്നും ആളിന്റെ പൊസിഷൻ വീണ്ടും മൂവ് ചെയ്യാൻ തുടങ്ങി.

13. 15 ന് അടൂരിലും 13.30 ന് പന്തളത്തും അയാളുടെ പൊസിഷനെത്തി.
ആള് ഏതോ ഒരു ബസിൽ കൊട്ടാരക്കര നിന്നും കോട്ടയത്തേക്ക് സഞ്ചരിക്കുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
നല്ല വേഗതയിൽ മാറുന്ന അയാളുടെ ലൊക്കേഷൻ വെച്ച് അതൊരു ഫാസ്റ്റോ സൂപ്പറോ ആയിരിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടി.

അയാൾ അതിരാവിലെ വന്നത് കോതമംഗലത്ത് നിന്നുമാണ്. അയാളിപ്പോൾ കോട്ടയം ഭാഗത്തേക്ക്‌ പോകുകയാണ്.
എന്ന് വെച്ചാൽ അയാളുടെ സ്വന്തം സ്ഥലം കോതമംഗലമായിരിക്കണം.

എന്തോ ആവശ്യത്തിന് വേണ്ടി എഴുകോൺ വരെ 155 കിലോമീറ്റർ സഞ്ചരിച്ച് വന്നിട്ട് അയാളിപ്പോൾ മടങ്ങിപ്പോകുന്നതാകണം.

ആ സമയത്ത് കൊട്ടാരക്കര നിന്നും കോട്ടയം വഴിയുള്ള സൂപ്പർ ഫാസ്റ്റുകൾ ഏതൊക്കെയുണ്ടെന്ന് ഞാൻ "മൈ ബസ്" എന്ന ആപ്പിൽ കയറി നോക്കി.

അവന്റെ ലൈവ് പൊസിഷൻ വെച്ച് ഒരു സൂപ്പർ ഡീലക്സിന്റെ ടൈമിംഗ് മാച്ചായി.

അത്‌ തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒന്നാണെന്ന് മനസ്സിലായതോടെ ഞാൻ അവിടെ ജോലി ചെയ്യുന്ന പ്രദീപ്‌ സിയെ വിളിച്ചു.

11 മണിക്ക് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒരു കോഴിക്കോട് സൂപ്പർ ഉണ്ടെന്നും അത്‌ പോയ കണ്ടക്ടറുടെ നമ്പർ വാട്സാപ്പ് ചെയ്യാമെന്നും പുള്ളി പറഞ്ഞു.

കുറച്ചു സമയത്തിനുള്ളിൽ ആ നമ്പർ കിട്ടി. ഞാൻ ഉടൻതന്നെ അതിൽ വിളിച്ചെങ്കിലും ആ ബസ് അടൂർ എത്തിയതേ ഉള്ളൂവെന്ന് മനസ്സിലായി. എന്ന് വെച്ചാൽ ആ ബസ് ലേറ്റ് ആയിരുന്നു.

അതിനർത്ഥം മോഷ്ടാവ് ആ ബസിലല്ല എന്നാണ്. ബസ് കൃത്യമായി കണ്ടെത്താൻ സാധിക്കാത്തിരുന്നതിൽ ഞങ്ങൾക്ക് നല്ല നിരാശ തോന്നി.

മോഷണം പോയ ഫോണിന്റെ ലൈവ് പൊസിഷൻ ചെങ്ങന്നൂരിനും തിരുവല്ലയ്‌ക്കുമിടയിൽ പ്രാവിൻകൂട് ആയിരുന്നു അപ്പോൾ.

ഞാൻ നേരത്തെ ആപ്പിൽ നിന്ന് കിട്ടിയ ആ സൂപ്പർ ഡീലക്സിന്റെ യഥാർത്ഥ ടൈമിംഗ് നോക്കി.
അയാളുടെ പൊസിഷൻ ആ ടൈമിങ്ങിൽ നിന്നും അഞ്ച് മിനിറ്റ് നേരത്തെയാണ്. അതിനർത്ഥം അയാൾ തിരുവല്ലയും ചങ്ങനാശ്ശേരിയും കോട്ടയവും എത്തുന്ന ടൈം നമുക്ക് നേരത്തെ കൂട്ടി കൃത്യമായി അറിയാമെന്നാണ്.

ഞാൻ പെട്ടെന്ന് തന്നെ തിരുവല്ലയിലെ പ്രദീപ്‌ നളന്ദ സാറിനെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു.
"സർ അഞ്ച് മിനിറ്റിനുള്ളിൽ ആ ബസ് തിരുവല്ല ഡിപ്പോയിൽ എത്തും. അതേത് ബസാണെന്ന് കണ്ടു പിടിക്കാൻ സാറിന് പറ്റുമോ?"
"രഞ്ജു ഞാനിന്ന് ഡ്യൂട്ടിയിൽ ഇല്ലല്ലോ. വേറെ ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ."

"സാർ ഈ ടൈമിൽ മൂവാറ്റുപുഴ/ കോതമംഗലം ദിശയിലേക്ക് ഏതെങ്കിലും ബസുകൾ തിരുവല്ല വഴി പാസ്സ് ചെയ്യുമോ?"
പുള്ളിക്കാരൻ രണ്ടുമൂന്ന് ബസുകൾ സജഷൻ പറഞ്ഞു. ഞാൻ അവയുടെ ടൈമിങ് എല്ലാം ആപ്പിൽ കയറി നോക്കി.
അതിലൊന്നും തന്നെ മോഷ്ടാവിന്റെ പൊസിഷൻ വെച്ച് മാച്ച് ആകുന്നില്ല.

ഞാൻ അന്നയ്ക്ക് മെസ്സേജ് ചെയ്തു.

"അന്ന, അവൻ കയറിയ ബസ് ഏതാണെന്നു ലൊക്കേറ്റ് ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല.
അന്നയുടെ ബ്രദർ ഇപ്പോ എവിടെയാണ്.?"
"അവനിപ്പോ കോട്ടയത്തുണ്ട്. ഏതോ കൂട്ടുകാരുടെ ഫോണുമായി അവൻ വന്നുകൊണ്ടിരിക്കുകയാണ്. ചങ്ങനാശ്ശേരി ഡിപ്പോയിൽച്ചെന്ന് നോക്കാമെന്ന് പറയുന്നു."

മോഷ്ടാവിന്റെ പൊസിഷൻ വെച്ച് ബസ് ചങ്ങനാശ്ശേരി എത്തുന്ന ടൈം ഞാൻ നോക്കി.

"അന്ന, ബസ് 14.24 ന് ചങ്ങനാശേരി എത്തും. ഒരു സെക്കന്റ് പോലും വൈകരുത്.
അന്നേരം ഏത് ബസാണോ കോട്ടയം കഴിഞ്ഞുള്ള സ്ഥലത്തേക്ക് ബോർഡും വെച്ച് ഡിപ്പോയിലേക്ക് കയറുന്നത് ആ ബസിൽ കയറിക്കോളാൻ പറ പുള്ളിയോട്."

"ഓക്കേ ചേട്ടാ...."

ഞങ്ങൾ ഫോണിന്റെ പൊസിഷൻ നോക്കിക്കൊണ്ടേയിരുന്നു.

കൃത്യം 14.24 ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ ഒരു "കോട്ടയം" ബോർഡിട്ട ബസ് ചെന്ന് കയറി.
അവിടെ നിൽക്കുകയായിരുന്ന അന്നയുടെ ബ്രദർ ടെൻഷനിലായി. പക്ഷേ പെട്ടെന്നാണ് പുള്ളി സൈഡിൽ ഇരുന്ന് ഉറങ്ങുന്ന തൊപ്പിക്കാരനെ ശ്രദ്ധിച്ചത്.

കൂട്ടുകാർ പറഞ്ഞ അതേ തൊപ്പിക്കാരൻ തന്നെയാണോ എന്ന് സംശയം തോന്നിയ അവൻ ബസിൽ കയറി.
അവന്റെ പൊസിഷനും മോഷ്ടാവിന്റെ പൊസിഷനും ഞങ്ങൾ നോക്കിക്കൊണ്ടേയിരുന്നു.
രണ്ടും ഒരേ സമയം മൂവ് ചെയ്യുകയാണിപ്പോൾ.




ഹോ രാവിലെ മുതൽ ഇരുന്ന് ടെൻഷനടിക്കുന്നതാണ്. ഒടുവിൽ മോഷ്ടാവിന്റെ കൂടെ ആ പയ്യൻ എത്തിയിരിക്കുന്നു.
എനിക്ക് പകുതി സമാധാനമായി. അന്ന അപ്ഡേറ്റ്സ് എന്നെ അറിയിക്കുന്നുണ്ടായിരുന്നു.
തൊപ്പിക്കാരനിരിക്കുന്ന സീറ്റിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആള് ചാടി പോകാത്ത വിധത്തിൽ ആ സീറ്റിൽ കയറിയിരിക്കാൻ ബ്രദറിനോട് പറയാൻ ഞാൻ അന്നയ്ക്ക് മെസ്സേജ് ഇട്ടു.

അപ്രകാരം സംഭവിച്ചു.

അന്നയുടെ ബ്രദർ അയാളെ വിളിച്ചുണർത്തി.
"നിങ്ങൾക്ക് കോതമംഗലം വരെ പോകേണ്ടതല്ലേ, ഇങ്ങനെ ഇരുന്നുറങ്ങിയാൽ എങ്ങനെയാണ്"
എന്ന് ചോദിച്ചു പുള്ളി.
പെട്ടെന്ന് ഉറക്കത്തിൽ നിന്നെണീറ്റ ആള് ഞെട്ടി അവനെ നോക്കി.

"രാവിലെ എന്റെ കയ്യിൽ നിന്നെടുത്തുകൊണ്ടു പോയ ആ സാധനം മര്യാദയ്ക്ക് ഇങ്ങു തരുന്നതാണ് നല്ലത്."
എന്നൊരു ഡയലോഗ് കേട്ടതോടെ അയാൾ ബാഗിൽ നിന്നും ഫോണെടുത്ത് അന്നയുടെ ബ്രദറിന് കൊടുത്തു.
പിന്നെ ആക്ഷൻ സീൻ ആയിരുന്നുവെന്ന് പറയുന്നു. നാട്ടുകാരിൽ ചിലരൊക്കെ ആക്രമണം നടത്തുകയും പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

എന്തായാലും രാവിലേ മുതൽ വൈകുന്നേരം വരെയുള്ള ഞങ്ങളുടെ കഷ്ടപ്പാട് ഫലം ചെയ്തു.
അയാൾ സഞ്ചരിച്ചത് കെഎസ്‌ആർടിസി യുടെ പമ്പ സ്പെഷ്യൽ ബസ് ആയിരുന്നത് കൊണ്ടാണ് ബസ് കൃത്യമായി ലോക്കേറ്റ് ചെയ്യാൻ സാധിക്കാതെ പോയതെന്ന് പിന്നീട് മനസ്സിലായി.

എന്തായാലും 14 മണിക്കൂറുകൾക്ക് ശേഷം  ഉടമസ്ഥന് മോഷ്ടിക്കപ്പെട്ട സ്വന്തം ഫോൺ തിരികെ കിട്ടി. അതും 250 കിലോ മീറ്റർ സഞ്ചരിച്ചതിന് ശേഷം.

എല്ലാം കഴിഞ്ഞപ്പോൾ ഒരു ത്രില്ലർ സിനിമ കണ്ട ഫീലിലായിരുന്നു ഞാനും അന്നയും..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top