27 April Saturday

മല്‍സ്യത്തൊഴിലാളിയുടെ മകള്‍ മാറ്റുരയ്ക്കുക ലണ്ടണിലെ കോടീശ്വരരുടെ മക്കളുമായി; ഇത് സത്യസന്ധനായ ഒരു മനുഷ്യന്റെ സമര്‍പ്പിത പൊതുപ്രവര്‍ത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Mar 16, 2019

 രാജേഷ് കൃഷ്ണ

രാജേഷ് കൃഷ്ണ

12 കോടി ചെലവഴിച്ചാണ് കാരപ്പറമ്പ് സ്‌കൂളില്‍ മികവുറ്റ സംവിധാനങ്ങളൊരുക്കിയത്‌.  സാധാരണക്കാരുടെ മക്കള്‍ കൂടുതലായി പഠിക്കുന്ന സ്‌കൂളാണ് എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ ഭാവനാസമ്പന്നമായ പ്രിസം പദ്ധതിയില്‍ പുതിയ വിദ്യാലയമായത്. പരമ്പരാഗതമായ സ്‌കൂള്‍ കെട്ടിടനിര്‍മാണ ശൈലി ഒഴിവാക്കി കാഴ്ചയിലും രൂപത്തിലും പുതുമ കൊണ്ടുവന്നു.   മരങ്ങള്‍ നശിപ്പിക്കാതെ നിര്‍മിച്ച സ്‌കൂള്‍ കേരളത്തിലെ ആദ്യ ഹരിതസൗഹൃദ ക്യാമ്പസായി.വിപ്ലവകരമായ മുന്നേറ്റംതന്നെയായിരുന്നു അത്‌. അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്നും ലോകനിലവാരത്തിലേക്ക്‌

എന്റെ സ്വന്തം നാട്ടിലെ ഒരു മല്‍സ്യത്തൊഴിലാളിയുടെ മകള്‍ മാറ്റുരയ്ക്കുന്നത് ഏറ്റവും മിടുക്കരായ കോടീശ്വരപുത്രിമാര്‍ മാത്രം പഠിക്കുന്ന വിക്കം അബിയിലെ കുട്ടികളുമായി. ഞാന്‍ എന്റെ ബിരുദാനന്തരബിരുദ പഠനശേഷം മാത്രം കണ്ട ലണ്ടന്‍ , നടക്കാവ് സ്‌കൂളിലെ കൊച്ചുമിടുക്കികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കാണാന്‍ പോകുന്നു.

ഇത് വെറുതെ സംഭവിക്കുകയില്ല. അകവും പുറവും സത്യസന്ധനായ ഒരു മനുഷ്യന്റെ സമര്‍പ്പിത പൊതു പ്രവര്‍ത്തനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം...! യുകെയില്‍ മാധ്യമപ്രവര്‍ത്തകനായ രാജേഷ് കൃഷ്ണ എഴുതുന്നു


ഫേസ്‌ബുക്ക് പോസ്റ്റ്‌

'ലണ്ടനിലെവിടെയാ?' എന്ന ചോദ്യത്തിന് 'ലണ്ടന്‍ ജംഗ്ഷനടുത്ത്' എന്ന തര്‍ക്കുത്തരമാണ് ഞാന്‍ സാധാരണ മറുപടി കൊടുക്കാറുള്ളത്. ആ ചോദ്യം ചോദിച്ചത് എനിക്ക് തീര്‍ത്തും അപരിചിതയായ ഒരു ടീച്ചറായതിനാലും ഒരുകൂട്ടം പെണ്‍കുട്ടികള്‍ക്കൊപ്പം അത് കേട്ടു നില്‍ക്കുന്നത് അവരെല്ലാം ബഹുമാനിക്കുന്ന എ പ്രദീപ് കുമാര്‍ എംഎല്‍എ  ആയതിനാലും എന്നേക്കാള്‍ പതിന്‍മടങ്ങ് ലണ്ടന്‍ പരിജ്ഞാനമുള്ള മുരളിച്ചേട്ടന്‍ ഒപ്പമുള്ളതിനാലും 'ഹൈവിക്കം' എന്ന് ഞാന്‍ ജാഡയില്‍ മൊഴിഞ്ഞു.

ഉടനെ വന്നു അടുത്ത ചോദ്യം :

'വിക്കം അബിക്കടുത്താണോ ?'

ഈ സ്ത്രീ പണ്ടെപ്പോഴോ യുകെ യില്‍ വന്നിട്ടുണ്ടാവും എന്ന ചിന്ത ആ ചോദ്യം എന്നിലുണര്‍ത്തി. എന്റെ പതിവ് കൊനഷ്ടുത്തരം അവരോട് നേരത്തെ പറയാതിരുന്നതില്‍ എനിക്കനല്‍പ്പമായ ആശ്വാസവും തോന്നി.

ലണ്ടനിലെ എന്റെ ഫ്‌ലാറ്റില്‍ നിന്നും അരക്കിലോമീറ്റര്‍ കുന്നിറങ്ങിവന്നാല്‍ ഉറപ്പായും നമ്മുടെ കണ്ണുടക്കുന്ന ഒരു കെട്ടിടമുണ്ട്. ഏകദേശം 170 ഓളം ഏക്കര്‍ സ്ഥലത്ത് പഴയ കോട്ടപോലെ തലയുയര്‍ത്തി നില്‍ക്കുന്ന 'വിക്കം അബി' എന്ന പ്രൈവറ്റ് സ്‌കൂളാണത്. ധനാഢ്യരുടെ മക്കള്‍ മാത്രം പഠിക്കുന്ന, അഡ്മിഷന്‍ കിട്ടാന്‍ വളരെയധികം കടമ്പകള്‍ കടക്കേണ്ട യുകെ യിലെ എണ്ണംപറഞ്ഞ സ്‌കൂളുകളില്‍ ഒന്ന്. മറ്റു സ്‌കൂളുകളുടെ പേരറിയില്ലെങ്കിലും ' വിക്കം അബി ' അറിയാം.

'അതെ. അതിനടുത്താണ് ' എന്ന് ഞാന്‍ മറുപടി പറഞ്ഞു.

സത്യം പറയാമല്ലോ അടുത്ത വാചകം എന്റെ തലകറക്കി.

'ഞങ്ങള്‍ അവരുമായി പാര്‍ട്ണര്‍ ചെയ്യുന്നുണ്ട്. അടുത്ത പടിയായി കുട്ടികളുടെയും അദ്ധ്യാപകരുടെയും എക്‌സ്‌ചേഞ്ച് പ്രോഗ്രാമും ആലോചിക്കുന്നുണ്ട്.''

ഞാന്‍ അന്തം വിട്ടു പോയി.ലണ്ടനിലെ പ്രമുഖ സ്‌കൂളുമായി സഹകരിക്കുന്നത് കേരളത്തിലെ ഇന്റര്‍നാഷണല്‍ സ്‌കൂളൊന്നുമല്ല. ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളാണ്.

നടക്കാവ് സര്‍ക്കാര്‍ വിദ്യാലയം ...!

ഒരു അഞ്ചുമിനിറ്റ് മുന്നേ സ്‌കൂളിലെ കലാപരിപാടികള്‍ കഴിഞ്ഞു അവിടെ പഠിക്കുന്ന മോളെ കൂട്ടാന്‍ എത്തി കള്ളിമുണ്ടുടുത്തതിനാല്‍ അകത്തുകയറാതെ സ്‌കൂള്‍ ഗേറ്റിനുമുന്നില്‍ കാത്തുനിന്ന ബംഗ്ലാദേശ് കോളനിയിലെ ഒരു മല്‍സ്യ തൊഴിലാളിയായ സുലൈമാന്‍ , എം എല്‍ എ യോട് പറഞ്ഞതാണ് അപ്പോള്‍ എന്റെ മനസ്സില്‍ റീവൈന്‍ഡ് ചെയ്തത്:

'നമ്മുടെ പിള്ളേരിങ്ങനത്തെ യൂണിഫോമുമിട്ട് ഇംഗ്ലീഷും പറഞ്ഞ് നടക്കണത് നമ്മക്ക് ചിന്തിക്കാവുന്നതിനപ്പുറമല്ലേ ?ഇതീക്കൂടുതല്‍ എന്ത് സന്തോഷമാ പ്രദീപേട്ടാ നമ്മക്ക് വേണ്ടേ?'

അയാളേക്കാള്‍ സന്തോഷമാണ് എന്റെ മനസ്സില്‍ ഇരച്ചെത്തിയത്. എന്റെ സ്വന്തം നാട്ടിലെ ഒരു മല്‍സ്യത്തൊഴിലാളിയുടെ മകള്‍ മാറ്റുരയ്ക്കുന്നത് ഏറ്റവും മിടുക്കരായ കോടീശ്വരപുത്രിമാര്‍ മാത്രം പഠിക്കുന്ന വിക്കം അബിയിലെ കുട്ടികളുമായി. ഞാന്‍ എന്റെ ബിരുദാനന്തരബിരുദ പഠനശേഷം മാത്രം കണ്ട ലണ്ടന്‍ , നടക്കാവ് സ്‌കൂളിലെ കൊച്ചുമിടുക്കികള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ കാണാന്‍ പോകുന്നു.

ഇത് വെറുതെ സംഭവിക്കുകയില്ല. അകവും പുറവും സത്യസന്ധനായ ഒരു മനുഷ്യന്റെ സമര്‍പ്പിത പൊതു പ്രവര്‍ത്തനത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം...!

അതൊരു സ്‌കൂളിന്റെ മാത്രം കാര്യമല്ല. സ്വന്തം മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും എം എല്‍ എ യുടെ നിരന്തര നിരീക്ഷണ പരിധിയിലാണ്. വിവിധ പദ്ധതികള്‍ സ്‌കൂളുകളില്‍ ആസൂത്രണം ചെയ്ത് വിജയകരമായി ഒരു എം എല്‍ എ നിവര്‍ന്ന് നില്‍ക്കുകയാണ്.

ഞാനദ്ദേഹത്തോടൊപ്പം പല സ്‌കൂളുകളും സന്ദര്‍ശിച്ചു. എത്ര ഹൃദ്യമായ ഒരനുഭവമായിരുന്നു അത്.

പുതിയങ്ങാടി ജി യുപി സ്‌കൂളില്‍ ചെന്നപ്പോള്‍ ആ പരിമിത സ്ഥലത്ത് തഴച്ചു വളരുന്ന കുട്ടികള്‍ നേതൃത്വം കൊടുക്കുന്ന പച്ചക്കറി കൃഷിയിലാണ് എന്റെ കണ്ണുടക്കിയത്. അതിലേറെ അത്ഭുതം ഉണ്ടാക്കിയത് ആ സ്‌കൂളിന്റെ നടത്തിപ്പിലെ പ്രത്യേകതയാണ്. വൈകുന്നേരം, ജീവിത സായാഹ്നമെത്തിയ ഒരു കൂട്ടം അപ്പൂപ്പന്മാര്‍ ആ സ്‌കൂളിന്റെ പരിസരത്ത് ഒത്തുകൂടും, അവരാണ് എല്ലാ അര്‍ഥത്തിലും ആ സ്‌കൂളിനെ ചങ്കിലേറ്റി നടത്തുന്നത്. അവരെക്കാള്‍ ഹൃദയപൂര്‍വം ഇതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിനും ആകില്ല.

കാരപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പുറമെ നിന്നും കണ്ടാല്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണെന്നേ തോന്നൂ. ആധുനിക അടുക്കളയോടുകൂടിയ വലിയ മെസ്സ് ഹാള്‍, ഡിസി ബുക്‌സിന്റെ സഹകരണത്തില്‍ വിപുലമായ വ്യത്യസ്തമായ ലൈബ്രറി. ഇന്‍ഡോര്‍ സ്റ്റേഡിയം. എല്ലാ മൂലയിലും വേസ്റ്റ് ബിന്‍, വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ ആനുപാതത്തിനനുസരിച്ചുള്ള വൃത്തിയില്‍ യൂറോപ്പ്യന്‍ നിലവാരത്തോട് കിടപിടിക്കുന്ന ടോയ്‌ലറ്റ് സൗകര്യം.

അവിടെയുമുണ്ട് ഒരു പ്രത്യേകത. ടോയ്‌ലറ്റില്‍ വരയ്ക്കുന്ന 'കലാകാരന്‍മാര്‍ക്കും കലാകാരികള്‍' ക്കുമായി അവരുടെ ഹൈറ്റൊപ്പിച്ച് ഒരു ബ്ലാക്ക് ബോര്‍ഡും ചോക്കും. എംഎല്‍എ യുടെ വാക്കുകള്‍ കടമെടുത്താല്‍:

'നമ്മള്‍ പച്ചില കൊണ്ട് സ്‌കൂള്‍ ഭിത്തിയില്‍ പടങ്ങള്‍ വരച്ചിരുന്നില്ലേ, കാമുകീ കാമുകന്‍മാരുടെ പേര് + ചിഹ്നമിട്ട് എഴുതിയിരുന്നില്ലേ?ഇവര്‍ക്കും അതൊന്നും അന്യമായിക്കൂടാ'

കഴിഞ്ഞ വര്‍ഷം മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ 7 എംഎല്‍എമാര്‍ ലണ്ടന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ 'സ്‌കൂളു കാണണം സ്‌കൂളു കാണണം' എന്ന് വാശി പിടിച്ച എ പ്രദീപ് കുമാറിനെ സ്‌കൂളു കാണിക്കാന്‍ കൊണ്ടുപോയ കഥ സന്ദീപും സുബിനും പറഞ്ഞത് എന്റെ മനസ്സില്‍ തെളിഞ്ഞു. കാണുക മാത്രമല്ല കണ്ടതുപലതും നടപ്പാക്കുകയും ചെയ്തു.

മേല്‍പ്പറഞ്ഞ സ്‌കൂളുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. പ്രദീപ് കുമാര്‍ എന്ന ഒരു മനുഷ്യന്റെ ഇച്ഛാശക്തിയില്‍ പുനര്‍ജീവിച്ചവയാണവ.മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂള്‍ , വിദ്യാര്‍ത്ഥി ബാഹുല്യത്താല്‍ അടുത്ത വര്‍ഷം മുതല്‍ ഷിഫ്റ്റ് സംവിധാനത്തിലേക്ക് പോവുകയാണ്. 'ഇവിടെ അഡ്മിഷന്‍ കിട്ടാത്ത മാതാപിതാക്കളുടെ വോട്ടു മാത്രം മതി അടുത്ത വട്ടം നിങ്ങളെ തോല്‍പ്പിക്കാന്‍ 'എന്ന എന്റെ കമന്റിന് ' ഇവിടെയുള്ള മറ്റു സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ തള്ളിക്കയറ്റം മൂലം പൊതുവിദ്യാലയങ്ങളില്‍ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി റിസര്‍വേഷന്‍ കോട്ട നടപ്പാക്കിക്കഴിഞ്ഞു.

ഉദ്യോഗസ്ഥര്‍ സുതാര്യമായി ആ പണി ചെയ്യുന്നു.' .എം എല്‍ എ അതിനും പരിഹാരം കണ്ടു കഴിഞ്ഞു. എനിക്കാ മനുഷ്യന്റെ ഇച്ഛാശക്തിയില്‍ അത്ഭുതം തോന്നി.

പ്രവാസി സംഘം സംസ്ഥാന സമ്മേളനാനന്തരം എം എല്‍ എ എന്നെയും മുരളി ചേട്ടനെയും അയര്‍ലന്റില്‍ നിന്നുള്ള മനോജിനെയും ടാഗോര്‍ ഹാളില്‍ നിന്നും 'ഹൈജാക്ക്' ചെയ്തു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിന് മുന്നില്‍ നിന്നും തുടങ്ങിയപ്പോഴേ എംഎല്‍എ  വാചാലനായിത്തുടങ്ങി. ബീച്ച് റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ ഏകദേശം 1000 കോടിയിലേറെ രൂപയുടെ പുതിയ പദ്ധതികള്‍ അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു.


ആശുപത്രി വികസനം, പുതിയ കോഫീ ഷോപ്പോടുകൂടിയ അത്യാധുനിക ലൈബ്രറി, പുതിയ ഹാര്‍ബര്‍,മത്സ്യത്തൊഴിലാളികള്‍ക്കായി പുതിയ ഓഡിറ്റോറിയം, ഫുട്‌ബോള്‍ സ്റ്റേഡിയം എന്നു വേണ്ട എല്ലാം 'സീ ഫേസിങ്ങ് ' ...!

എന്റെ സുഹൃത്ത് ഡോ. റീന പലവട്ടം മണ്ഡലവികസനത്തെപ്പറ്റി പറഞ്ഞപ്പോഴും സ്വന്തം മണ്ഡലത്തെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്നതായേ ഞാന്‍ കരുതിയിരുന്നുള്ളൂ. കേരളത്തിന്റെ ധനമന്ത്രി ഒരിക്കല്‍ എ പ്രദീപ് കുമാറിനെപ്പറ്റി തമാശയായി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു ' ഇവനെ കാണാതെ നടക്കുന്നതാ എനിക്ക് ലാഭം, ഓരോ പദ്ധതിയുമായി വരും, കാശില്ലെന്നു പറഞ്ഞാലും ഇരുന്ന് നിരങ്ങി നിരങ്ങി എല്ലാം ഒപ്പിച്ചോണ്ട് പോകും'

ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും, ജി.മാധവന്‍ നായര്‍ ഐഎസ്ആര്‍ഒ ചെയര്‍മാനായിരുന്നപ്പോള്‍ അദ്ദേഹത്തെ സോപ്പിട്ട് കംപ്യൂട്ടര്‍ ലാബിലേക്ക് വേണ്ട മുഴുവന്‍ കമ്പ്യൂട്ടറും 'അടിച്ചുമാറ്റിയ' പ്രദീപ് കുമാറിന്റെ വിരുതിനെപ്പറ്റി തെല്ലസൂയയോടെ പറയുന്നതും ഞാനൊരിക്കല്‍ കേള്‍ക്കാനിടയായിട്ടുണ്ട്.

ഇതേ പരീക്ഷണം അദ്ദേഹം പൊന്നാനി മണ്ഡലത്തില്‍ വിജയകരമായി നടപ്പാക്കുകയും ചെയ്തു.ഇന്ന് കേരളമാകെ ഒരു തരംഗമാണ് 'നടക്കാവ്' മോഡല്‍ എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ രീതി.

വരുന്ന അഞ്ചു വര്‍ഷത്തിനപ്പുറം കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കഴിഞ്ഞ 10 വര്‍ഷത്തെ വികസനത്തിനപ്പുറം കുതിച്ചു ചാടും എന്ന് ഞാന്‍ ഗ്യാരണ്ടി.

നിങ്ങള്‍ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ നിഷ്പക്ഷനായ വോട്ടറാണോ എങ്കില്‍ വോട്ടു ചെയ്യുന്നതിനു മുന്നേ കോഴിക്കോട് നോര്‍ത്ത് മണ്ഡലം വരെയാണ് പോകണം. കണ്ടു ബോധ്യപ്പെട്ടാല്‍, ഈ മോഡല്‍, കാട്ടുതീ കണക്കെ പരത്താന്‍ ശേഷിയുള്ള എ പ്രദീപ് കുമാറിന് നിങ്ങള്‍ വോട്ടു ചെയ്യും.

 നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി നിങ്ങള്‍ ചെയ്യുന്ന ഏറ്റവും നിസാരമായ, എന്നാല്‍ അതിശക്തമായ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റാകും നിങ്ങളുടെ വോട്ട്. നിങ്ങളാ എംപി സീറ്റിലേക്ക് അദ്ദേഹത്തെയൊന്നിരുത്തിയാല്‍ മതി. ബാക്കി അങ്ങോര് നോക്കിക്കോളും..!

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top