24 September Sunday

ഇമ്മാതിരി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ ഏത് സംരംഭകനും കടപൂട്ടി സ്ഥലം വിടും... രഞ്ജിത്ത് ആന്റണി എഴുതുന്നു

രഞ്ജിത്ത് ആന്റണിUpdated: Tuesday May 9, 2023

രഞ്ജിത്ത് ആന്റണി

രഞ്ജിത്ത് ആന്റണി

''തീര്‍ത്തും മൃദുഭാഷിയായ ഒരു മനുഷ്യന്‍ ഒരു പത്രക്കുറിപ്പ് ഇറക്കണമെങ്കില്‍ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും എന്ന് കണ്ണന്‍ സാറിനെ നേരിട്ട് ഒരുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഊഹിക്കാന്‍ സാധിക്കും.''- എ ഐ ക്യാമറകളെ മുന്‍നിര്‍ത്തി നടക്കുന്ന വിവാദത്തെ പറ്റി ഈ മേഖലയിലെ വിദഗ്ധ‌‌‌നായ രഞ്ജിത്ത് ആന്റണി എഴുതുന്നു.

ഫേസ്‌ബുക്ക് കുറിപ്പ്

25 വര്‍ഷമായി ജോലിക്കാരനായിട്ട്. അതില്‍ 15 ഓളം വര്‍ഷം സെക്യുരിറ്റി ക്യാമറകളോ, സെക്യുരിറ്റി ക്യാമറകളില്‍ നിന്നുള്ള വീഡിയൊ പ്രോസസ്സിങ്ങിലൊ, വീഡിയൊ അനലിറ്റിക്‌സിലൊ ഒക്കെയാണ് ജോലി ചെയ്യുന്നത്. അതില്‍ 8 വര്‍ഷത്തോളം ലോകത്തെ ഏറ്റവും വലിയ സെക്യുരിറ്റി ക്യാമറാ നിര്‍മ്മാണ കമ്പനി (ആയിരുന്ന) പെല്‍കൊയിലായിരുന്നു. പെല്‍കൊ യുടെ എന്‍ഡുറ സിസ്റ്റം നിര്‍മ്മിച്ച ആദ്യ 50 എഞ്ജിനീയര്‍മ്മാരില്‍ ഒരാളും ആയിരുന്നു. അനലോഗ് ക്യാമറയില്‍ നിന്ന് ഐ.പി ക്യാമറകളിലേയ്ക്ക് വീഡിയൊ സെക്യുരിറ്റി ഇന്‍ഡസ്ട്രിയെ മുന്നോട്ട് നയിച്ച ആദ്യ പ്രോഡക്ട് ആയിരുന്നു എന്‍ഡുറ. പെല്‍കൊയിലെ അവസാന 3 വര്‍ഷം സെക്യുരിറ്റി ഇന്‍ഡസ്ട്രിയിലെ ബിസിനസ്സ് സൈഡിലും ആയിരുന്നു ജോലി. ഇന്‍ഡ്യന്‍ പാര്‍ലിമെന്റ്, ദുബൈ മെട്രൊ, മക്കാവുവിലെ കാസിനോകളിലൊക്കെ നടന്ന ഇന്‍ഡഗ്രേഷന്‍ പ്രോജക്ടുകളിലും ജോലി ചെയ്തിട്ടുണ്ട്. കോണ്ട്രാക്ടര്‍മ്മാരെയും, അവരുടെ സബ്‌കോണ്ട്രാക്ടുകളെയും ഒക്കെ തെളിച്ച് മെരുക്കി പരിചയവുമുണ്ട്. നിലവില്‍ വീഡിയൊ ഉപയോഗിച്ച് ഫാക്ടറികളിലെ സേഫ്റ്റി പ്രോസസ്സ് ഓട്ടമേറ്റ് ചെയ്യുന്ന ഒരു പ്രോഡക്ട് നിര്‍മ്മിക്കുന്ന ഒരു സ്റ്റാര്‍ട്ടപ് നടത്തുകയാണ്. കേരളത്തിലെ വിഭവങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ക്യാമറകളും, ഒരു ഹാര്‍ഡ്വെയര്‍ ബോക്‌സുമാണ് പ്രോഡക്ട്.

അഞ്ചാറു കൊല്ലമായി ഞാനിത് പലപ്പോഴും എഴുതിയിട്ടുണ്ട്. ആവര്‍ത്തന വിരസത ക്ഷമിക്കണം. ആദ്യമായി എന്നെ വായിക്കാന്‍ വരുന്ന ഒരാള്‍ക്ക് എന്റെ ഒരു ബാക്‌ഗ്രൌണ്ട് അറിയാന്‍ വേണ്ടി പറഞ്ഞന്നെ ഉള്ളു. അതായത്, ക്യാമറകള്‍ നിര്‍മ്മിച്ചും, വിപണനം ചെയ്തും, പെല്‍കോയ്ക്ക് വേണ്ടി 100 കോടി മുതല്‍ 860 കോടി വരെയുള്ള പ്രോജക്ടുകള്‍ നടത്തി പരിചയവുമുണ്ടെന്ന് സൂചിപ്പിക്കാന്‍ പറഞ്ഞതാണ്.

2019 ലാണ് ഇന്ന് മാര്‍ക്കെറ്റ് ചെയ്യുന്ന പ്രോഡക്ടിലേയ്ക്ക് പിവട്ട് ചെയ്യുന്നത്. പിവട്ട് എന്നത് ഒരു സ്റ്റാര്‍ട്ടപ് ടേം ആണ്. നമ്മള്‍ മനസ്സിലുദ്ദേശിച്ച പ്രോഡക്ടല്ല ഉപഭോക്താവിന് വേണ്ടതെന്ന് തിരിച്ചറിയുമ്പോള്‍ നിലവിലെ പ്രോഡക്ടില്‍ കാതലായ അഴിച്ചുപണിയൊ, ചെറിയ മാറ്റങ്ങളോ വരുത്തി പുതുതായി ലോഞ്ച് ചെയ്യുന്നതിനെയാണ് പിവട്ട് എന്ന് പറയുന്നത്. ഒരു ഉത്പന്നം പ്രോഡക്ട് മാര്‍ക്കെറ്റ് ഫിറ്റ് ആകാന്‍ ഇത്തരം നിരവധി പിവട്ടുകള്‍ സ്റ്റാര്‍ട്ടപ് ഓണ്ട്രപ്രണര്‍മ്മാര്‍ നടത്തും.ഞങ്ങളുടെ പിവട്ട് ഒരു ഒന്നൊന്നര പിവട്ട് ആയിരുന്നു. സോഫ്റ്റ്വെയര്‍ പ്രോഡക്ടില്‍ നിന്ന് ഒരു ഹാര്‍ഡ്വെയര്‍ പ്രോഡക്ടിലേയ്ക്ക് മാറണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ ശരിക്കും പകച്ച് പോയി. കേരളത്തില്‍ നിന്ന് കൊണ്ട് ഇത്തരം ഒരു സംരംഭം സാധിക്കില്ലെന്ന് കുറേ ഉപദേശങ്ങളും ലഭിച്ചു. അപ്പോള്‍ സമാനമായ പ്രോഡക്ടുകളൊ സംരംഭങ്ങളൊ കേരളത്തില്‍ ഉണ്ടൊ എന്ന് അന്വേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് തിരുവനന്തുപരത്ത് സ്വന്തമായി ക്യാമറ നിര്‍മ്മിച്ച് വില്‍ക്കുന്ന ഒരു കമ്പനിയുണ്ടെന്ന് ആരോ പറയുന്നത്. എന്നാല്‍ പോയി കണ്ടേക്കാമെന്ന് വെച്ചു. അതിന്റെ മുതലാളിയെ ലിങ്ക്ഡിനിലൂടെ ബന്ധപ്പെട്ടു. എന്റെ ബാക്‌ഗ്രൌണ്ട് ഒക്കെ പറഞ്ഞപ്പോള്‍ മൂപ്പര്‍ നിറഞ്ഞ മനസ്സോടെ ഫാക്ടറി കാണാന്‍ അങ്ങോട്ട് ക്ഷണിച്ചു.

പറഞ്ഞ ഡയറക്ഷനൊക്കെ വെച്ച് ചെന്ന് നിന്നത് ഒരു ബേക്കല്‍ മോഡല്‍ രണ്ട് നില കെട്ടിടത്തിന് മുന്നിലാണ്. ഇതാണോ ക്യാമറ ഫാക്ടറി എന്ന് ഒന്ന് സംശയിച്ചു. പെല്‍കൊ പോലെ ഒരു ക്യാമ്പസ്സിനകത്ത് എട്ട് ബില്‍ഡിംഗുകളും, ബില്‍ഡിങ്ങിനെ ബന്ധിപ്പിച്ച് ബസ്സ് സര്‍വ്വീസുമൊക്കെ ഉള്ള സെറ്റപ് പ്രതീക്ഷിച്ച് പോയതാണ്. കണ്ടത് കഷ്ടി നാലായിരം സ്‌ക്വയര്‍ഫീറ്റുള്‍ ഒരു കെട്ടിടം. സത്യം പറയാല്ലൊ, ആദ്യ ഇംപ്രഷന്‍ തീര്‍ത്തും അണ്ടര്‍വെല്‍മിങ് ആയിരുന്നു.

അകത്ത് കയറി സി.ഇ.ഒ യെ കണ്ടപ്പോള്‍ നിരാശ ഇരട്ടിച്ചു. കുറേ ആക്രിസാധനങ്ങളുടെയും പത്രക്കെട്ടിന്റെയും കാര്‍ഡ്‌ബോഡ് ബോക്‌സുകളുടെയും ഇടയില്‍ ഒരു മനുഷ്യന്‍.

ആ മനുഷ്യന്‍ സംസാരിച്ചു തുടങ്ങി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഒരു പുലിയാണ് മുന്നിലിരിക്കുന്നത്. അതു വരെ മനസ്സില്‍ കയറിക്കൂടിയ സംശയങ്ങളൊക്കെ അലിഞ്ഞില്ലാതായി. ഇങ്ങോര്‍ ഒരു സി.ഇ.ഒ അല്ല. നല്ല ഇരുത്തം വന്ന ഒരു എഞ്ജിനീയറാണ്. ബിസിനസ്സ് സെന്‍സും ടെക്‌നിക്കല്‍ വിവരവും ഒരുമിച്ച ഒരു പ്രതിഭാസം. തിരുവനന്തുപരം എഞ്ജിനീറിങ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. ആ ജോലി രാജി വെച്ച് 1987 ല്‍ തുടങ്ങിയ സംരംഭമാണിത്.

മൂപ്പര്‍ ഫാക്ടറി ഒക്കെ കൊണ്ടു കാണിച്ചു തന്നു. തുരുതുരെ ഫോണ്‌കോളുകള്‍ വരുന്നുണ്ട്. ആ തിരക്കിനിടയിലും അദ്ദേഹം കൂടെ നിന്ന് അവരുടെ പ്രോഡക്ഷന്‍ പ്രോസസ്സ് ഒക്കെ വിവരിച്ചു തന്നു.

അങ്ങനെ കാഴ്ചകള്‍ കണ്ട് നടന്ന വഴി മൂപ്പരുടെ എഞ്ജിനീയര്‍മ്മാരെയും പരിചയപ്പെടുത്തി. പളപളപ്പും പൊങ്ങച്ചവുമൊന്നുമില്ലാത്ത സാധാരണ മനുഷ്യര്‍. ഇവരോടൊക്കെ സംസാരിച്ചു. ഒരു കാര്യം മനസ്സിലായി. മുതലാളി പുലിയാണെങ്കില്‍ ജോലിക്കാര്‍ പുപ്പുലികളാണ്. ക്യാമറയില്‍ നിന്നുള്ള വീഡിയോകള്‍ അവര്‍ ഹാര്‍ഡ്ഡിസ്‌കില്‍ സ്റ്റോര്‍ ചെയ്യുന്ന വിധം വിവരിച്ചപ്പോള്‍ ശരിക്കും പറഞ്ഞാല്‍ കിളി പോയി. വീഡിയൊ ചുമ്മാ ഒരു ഫയലിലേയ്ക്ക് സ്റ്റോര്‍ ചെയ്യുകയല്ല, അതിനായി ഒരു ഫയല്‍ സിസ്റ്റം തന്നെ അവരുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഒരു ഡിസ്‌കില്‍ സാധാരണ ഫയലിനേക്കാല്‍ നാലിരിട്ടി ഡാറ്റ സ്റ്റോര്‍ ചെയ്യാന്‍ പറ്റും.


ഈ കമ്പനിയാണ് മീഡിയാട്രോണിക്‌സ്. അതിന്റെ അമരക്കാരന്‍ കണ്ണന്‍ നടരാജന്‍ സാര്‍ ആണ് ഞാനീ കണ്ട വ്യക്തി. ഇന്‍ഡ്യയിലെ ഒട്ടുമിക്ക ഹൈവേകളിലും സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ മീഡിയാട്രോണിക്‌സിന്റേതാണ്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍, കേരളത്തില്‍ NHAI സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും മീഡിയാട്രോണിക്‌സ് നിര്‍മ്മിച്ചതാണ്. സിങ്കപ്പൂരിലെയും, വിയറ്റ്‌നാമിലെയും, ഇന്‍ഡ്യനേഷ്യയിലെയും ഹൈവേകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ ഇവിടെ നിന്നാണ് നിര്‍മ്മിച്ചത്. ഞാന്‍ കാണുമ്പോള്‍ പൂനെ - മുംബൈ ഹൈവേയിലെ (എന്നാണ് ഓര്‍മ്മ) ക്യാമറകളുടെ ഇന്‍സ്റ്റലേഷന്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എന്നെ കൊണ്ട് നടക്കുമ്പോള്‍ വരുന്ന ഫോണ്‌കോളുകള്‍ ഈ ഇന്‍സ്റ്റലേഷനെ സംബന്ധിച്ചതാണെന്ന് ഓര്‍ക്കുന്നു.

അന്നവിടെ നിന്നിറങ്ങുമ്പോള്‍ തോന്നിയ ഒരു ആത്മവിശ്വാസമാണ് കണ്ണും പൂട്ടി പിവട്ട് ചെയ്യാന്‍ എന്നെ സഹായിച്ച ഒരു ഘടകം.

ക്യാമറ നിര്‍മ്മാണം ഒരു ചെറിയ കളിയല്ല. ഒന്നോര്‍ക്കണം, ചുട്ടു പഴുക്കുന്ന വെയിലത്തും, കോരിച്ചൊരിയുന്ന മഴയത്തും അനസ്യൂതം ജോലി ചെയ്യണ്ട ഒരു എക്യുപ്‌മെന്റാണ് ക്യാമറ. അത്തരം വെതര്‍പ്രൂഫ് ആയ IP66 ഗ്രേഡിങ്ങോടു കൂടിയ ക്യാമറകളും, അതിന്റെ കെയ്‌സുകളും ഒക്കെ ഈ കൊച്ച് കമ്പിനിയില്‍ നിന്നാണ് പുറത്ത് വരുന്നത്. ക്യാമറ മാത്രമല്ല, അതിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ (സ്റ്റോറേജ്, കണ്ക്ടിവിറ്റി, പവര്‍) മൌണ്ട് ചെയ്യുന്ന പാനലുകളും (ക്യമറ ഘടിപ്പിച്ചിരിക്കുന്ന പോസ്റ്റില്‍ കാണുന്ന പെട്ടിയാണിത്) അടക്കം മീഡിയാട്രോണിക്‌സ് നിര്‍മ്മിക്കുന്നുണ്ട്. ഇത്തരം വെതര്‍പ്രൂഫ്/ഫയര്‍പ്രൂഫ് ആയ ടെക്‌നോളജികള്‍ ഡിപ്ലോയ് ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന്റെ ഒരു കോമ്പ്‌ലക്‌സിറ്റിയും, ചിലവും മനസ്സിലാകണ്ടതാണ്.

മീഡിയാട്രോണിക്‌സ് എന്ന കമ്പനി ഏതാണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. ഈ വിവാദ AI ക്യാമറകളുടെ OEM ആണ് മീഡിയാട്രോണിക്‌സ്. ഇന്നലെ അതിന്റെ സി.ഇ.ഒ കണ്ണന്‍ നടരാജന്‍ സാര്‍ കേരളത്തില്‍ ഇനി ബിസ്സിനസ്സിനില്ലെന്ന് പത്രക്കുറപ്പിറക്കി. തീര്‍ത്തും മൃദുഭാഷിയായ ഒരു മനുഷ്യന്‍ ഒരു പത്രക്കുറിപ്പ് ഇറക്കണമെങ്കില്‍ എന്തുമാത്രം അനുഭവിച്ചിട്ടുണ്ടാകും എന്ന് കണ്ണന്‍ സാറിനെ നേരിട്ട് ഒരുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ളവര്‍ക്ക് ഊഹിക്കാന്‍ സാധിക്കും.

കേരളത്തില്‍ നിന്നുത്ഭവിച്ച സ്റ്റാര്‍ട്ടപ് സക്‌സസ്സുകളില്‍ ആഘോഷിക്കണ്ട ഒരു കമ്പനിയാണ് മീഡിയാട്രോണിക്‌സ്. ഒരു പബ്ലിസിറ്റിക്കൊ, മീഡിയയില്‍ ഇന്റര്‍വ്യുവിനൊ ഒന്നും അവര്‍ വരാറില്ല. എനിക്ക് തോന്നുന്നത് കഴിഞ്ഞ 30 കൊല്ലത്തില്‍ ആദ്യമായി ആയിരിക്കും മീഡിയാട്രോണിക്‌സിന്റെ സി.ഇ.ഒ യുടെ പേര് ഏതെങ്കിലും പത്രത്താളില്‍ അച്ചടിച്ച് വരുന്നത്.

കേരളം വ്യവസായ സൌഹൃദമല്ല എന്ന് പറയുന്നത് സത്യമാണ്. ഇമ്മാതിരി മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ ഏത് സംരംഭകനും കടപൂട്ടി സ്ഥലം വിടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top