26 April Friday

ലക്ഷാധിപതികളുടെ പ്രസ്താവന മറനീക്കിക്കാട്ടുന്നതും ഇരപിടിയൻ മുതലാളിത്തത്തിന്റെ കൊടും ഹിംസ

എ കെ രമേശ്Updated: Friday Jan 21, 2022
നികുതിഘടന  പൊളിച്ചെഴുതിയേ മതിയാവൂ എന്ന ആശയത്തിന് പ്രചാരമേറുകയാണ്. ലക്ഷാധിപതികളായ 102 പേർ, ദാവോസിലെ വേൾഡ് എക്കണോമിക് ഫോറം യോഗം ചേരാനിരിക്കെ  പ്രസിദ്ധപ്പെടുത്തിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നത് അതിൽ ഒപ്പിട്ടവരുടെ സ്ഥാനമഹിമയും അവർ ഉന്നയിക്കുന്ന പ്രശ്നത്തിന്റെ പ്രസക്തിയും കാരണമാണ്. അതിന് നേതൃത്വം കൊടുത്തവരിൽ പ്രധാനി വാൾട്ട് ഡിസ്നിയുടെ പേരക്കിടാവായ അബിഗെയ്ൽ ഡിസ്നിയും വെൻച്വർ കാപ്പിറ്റലിസ്റ്റായ നിക്ക് ഹാനോവറും മറ്റുമാണ്. 
 
"നമ്മുടെയെല്ലാവരുടെയും - ധനികരും ദരിദ്രരുമായ മുഴുവനാളുകളുടെയും - ക്ഷേമം ഉറപ്പാക്കാൻ,
 അസമത്വത്തോട് ഏറ്റുമുട്ടാനും ധനികർക്ക് നികുതി ചുമത്താനും നേരമായിരിക്കുന്നു. ലോകജനതക്ക് മുമ്പിൽ തെളിയിച്ചു കാട്ടേണ്ടതുണ്ട് , നാം അവരുടെ വിശ്വാസം അർഹിക്കുന്നുവെന്ന് !"
 
ഫൈറ്റ് ഇനിക്വാലിറ്റി അലയൻസും ഓക്സ്ഫാമും പാട്രിയോട്ടിക് മില്ല്യണയേഴ്സും ചേർന്ന് നടത്തിയ വിശകലനം തെളിയിച്ചത്, ലോകത്തെ ലക്ഷാധിപതികളും കോടീശ്വരന്മാരുമായ ആളുകളോട് ഒരു ചെറിയ സ്വത്ത് നികുതി ഈടാക്കിയാൽ മതി, ഒരു വർഷം 2.52 ട്രില്യൺ ഡോളർ സമാഹരിക്കാൻ എന്നാണ്. ഈ തുക കൊണ്ട് , കോടിക്കണക്കിന് ദരിദ്രരെ പട്ടിണിയിൽ നിന്ന് കരകയറ്റാനും കോവിഡ്19 വാക്സിൻ ലോകത്താകെ സൗജന്യമായി വിതരണം ചെയ്യാനും  ആവുമെന്നാണ് !

 
ദാവോസിലെ അടച്ച മുറിയിലിരുന്ന് ഏതാനും ശതകോടീശ്വരന്മാർ ചർച്ച ചെയ്ത് തീർക്കാവുന്നതല്ല ഈ വർഷം അത് കൈകാര്യം ചെയ്യുന്ന വിഷയമെന്നും തുറന്ന കത്ത് വ്യക്തമാക്കുന്നു. ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിന്റെ ഇത്തവണത്തെ ചർച്ചാ വിഷയം
 " ഒന്നിച്ച് പ്രവർത്തിച്ചു കൊണ്ട് എങ്ങനെ ജനവിശ്വാസം തിരിച്ചു പിടിക്കാം?" എന്നതാണ്. 
"ശ്രദ്ധിച്ചു നോക്കിയാൽ കാണാനാവും നിങ്ങൾ തന്നെയാണ് പ്രശ്നത്തിന് ഉത്തരവാദികൾ " എന്ന് അസന്ദിഗ്ധമായി വെട്ടിത്തുറന്ന് പറയുകയാണ് ആ തുറന്ന കത്ത് !
 
രാഷ്ട്രീയത്തിലായാലും സമൂഹത്തിലായാലും പരസ്പര വിശ്വാസമെന്നത്, ലോകത്തെ അതിധനികരും ശക്തരൂമായ ഏതാനും പേർക്ക് മാത്രം പ്രവേശനമുള്ള സൈഡ് റൂമുകളിലിരുന്ന് നിർമ്മിച്ചെടുക്കാവുന്ന ഒന്നല്ല.  മഹാമാരിയുടെ കാലത്ത് മഹാ സൗഭാഗ്യങ്ങൾ പടുത്തുയർത്തുകയും ഒറ്റക്കാശ് നികുതിയായി അടക്കാതിരിക്കുകയും തങ്ങളുടെ തൊഴിലാളികൾക്ക് പിച്ചക്കൂലി മാത്രം നൽകുകയും ചെയ്തു കൊണ്ട് ശൂന്യാകാശത്തേക്ക് ഉല്ലാസ യാത്ര നടത്തുന്ന ശതകോടീശ്വരന്മാർക്ക് നിർമ്മിച്ചെടുക്കാവുന്ന ഒന്നല്ല. പൊതുജന വിശ്വാസം ആർജിക്കാനാവണമെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും   എണ്ണയിട്ട യന്ത്രം പോലെ നന്നായി പ്രവർത്തിക്കുന്ന  തുറസ്സായതും നിഷ്പക്ഷവുമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കാനും അതിനെ മുഴുവൻ പൗരന്മാർക്കും മെച്ചപ്പെട്ട സേവനങ്ങളും പിന്തുണയും നൽകുന്ന തരത്തിൽ പ്രവർത്തിപ്പിക്കാനും കഴിയണം. ശക്തമായ ജനാധിപത്യത്തിന്റെ അടിസ്ഥാന ശില ന്യായമായ നികുതി സമ്പ്രദായമാണ് എന്നും കത്ത് തറപ്പിച്ചു പറയുന്നു.
 
ലക്ഷാധിപതികൾ എന്ന നിലക്ക് ഞങ്ങൾക്കറിയാം, ഇന്നത്തെ നികുതി ഘടന ഒട്ടും ന്യായീകരിക്കാൻ ആവുന്നതല്ല. നമ്മളിൽ മിക്കവർക്കും പറയാനാവും ,  കഴിഞ്ഞ രണ്ടു വർഷക്കാലത്ത് ലോകം മഹാദുരിതങ്ങളിലൂടെ കടന്നുപോയപ്പോൾ, മഹാമാരിയുടെ കാലത്തും നമ്മുടെ സമ്പത്ത് വളരുകയായിരുന്നു. എന്നിട്ടും തങ്ങൾ  ന്യായമായ നികുതി കൊടുത്തു എന്ന് സത്യസന്ധമായി അവകാശപ്പെടാനാവുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്.. ലളിതമായി പറഞ്ഞാൽ, വിശ്വാസം വീണ്ടെടുക്കാനാവണമെങ്കിൽ സമ്പന്നരെ ടാക്സ് ചെയ്യണം. "
 
ലോകത്തെ അതീവ സമ്പന്നരായ 10 പേരുടെ സമ്പാദ്യം കൊറോണക്കാലത്ത് പ്രതിദിനം 120 കോടി കണ്ടാണ് വളർന്നത് എന്നാണ് ഓക്സ് ഫാം  പറയുന്നത്. ഇക്കാലത്ത് ശതകോടികളാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്.
 
അസമത്വത്തിന്റെ ഭീമാകാരമായ വർദ്ധനവ് വ്യവസ്ഥയിലുള്ള ജനവിശ്വാസം തകർത്തെറിയാൻ വഴിവെക്കും എന്നു തന്നെയാണ് ലക്ഷാധിപരായ മുതലാളിമാർ ശതകോടീശ്വരന്മാരെ ഓർമ്മിപ്പിക്കുന്നത്. 
അങ്ങേയറ്റം സ്ഫോടകാത്മകമാണ് സ്ഥിതി എന്ന് മനസ്സിലാക്കിയ മുതലാളിമാരാണ്, മുതലാളിത്തത്തിന്റെ അക്രമാസക്തമായ ഇന്നത്തെ നിലപാട് സർവ്വനാശത്തിലേക്കോ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേക്കോ ലോകത്തെ നയിച്ചേക്കും എന്ന് ഭയപ്പെടുന്നത്. അവരാണ് തങ്ങളുടെ പതിന്മടങ്ങ് സമ്പത്തുള്ള, അധികാര കേന്ദ്രങ്ങളെ നയിച്ചു കൊണ്ടിരിക്കുന്നവരോട്  കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നത്.
പറയുന്നത് മുതലാളിമാർ തന്നെ. പക്ഷേ നവലിബറൽ കാലത്തെ ഇരപിടിയൻ മുതലാളിത്തത്തിന്റെ ഹിംസ്രാത്മക മുഖം മറനീക്കിക്കാട്ടാൻ ആ പ്രസ്താവന പ്രയോജനപ്പെടും. വ്യവസ്ഥാ വിരുദ്ധമായ മുന്നേറ്റങ്ങൾക്ക് ശക്തി പകരാൻ ഇത്തരം പ്രസ്താവനകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാര്യം പൊതുജനാധിപത്യ പ്രസ്ഥാനങ്ങൾ ആലോചനാവിഷയമാക്കേണ്ടതുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top