മാണിക്യക്കല്ലായി തിളങ്ങി 
പാട്യവും

Tuesday Mar 23, 2021
പി ദിനേശൻ


കൂത്തുപറമ്പ്‌
വണ്ണാൻമല ഗവ. ഹൈസ്‌കൂളിനെയും വിനയചന്ദ്രൻമാഷെയും ചലച്ചിത്രപ്രേമികൾ മറന്നുകാണില്ല. പൊതുവിദ്യാലയത്തിന്റെ കഥ പറഞ്ഞ എം മോഹനന്റെ ‘മാണിക്യക്കല്ല്‌’ മലയാളക്കര ഏറ്റെടുത്തതാണ്‌. അന്താരാഷ്‌ട്ര നിലവാരമുള്ള ഒരുപാട്‌ ‘മാണിക്യക്കല്ലുകൾ’ ഇന്ന്‌ സംസ്ഥാനത്തുണ്ട്‌. അതിലൊന്നാണ്‌ പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ.

പൂർവവിദ്യാലയത്തിലേക്ക്‌ വിശിഷ്ടാതിഥിയായി എം മോഹനൻ കഴിഞ്ഞ ദിവസമെത്തി. സ്‌കൂൾ മുറ്റത്തെത്തിയപ്പോൾ അത്ഭുതത്തോടെ ഒരുനിമിഷംനിന്നു. ഇത്‌ പഴയ പാട്യം സ്‌കൂളാണോ എന്ന ഭാവത്തിൽ.‘വല്ലാതെ അഭിമാനം തോന്നുന്ന നിമിഷമാണിത്‌. എന്റെ സ്‌കൂളും വളരുന്നതിന്റെ സന്തോഷമുണ്ട്‌. ഇങ്ങനെയും മാറ്റമുണ്ടാവുമോ? എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി’. വരാന്തയിലൂടെ നടന്ന്‌ ക്ലാസ്‌മുറികൾ കണ്ടപ്പോൾ എം മോഹനന്റെ മുഖത്ത്‌ ആഹ്ലാദം പൊട്ടിവിരിഞ്ഞു. ‘എട്ട്‌ മുതൽ പത്ത്‌വരെ ഈ സ്‌കൂളിലാണ്‌ പഠിച്ചത്‌. സ്‌കൂൾ ലീഡറും സ്‌പീക്കറും എസ്‌എഫ്‌ഐ പ്രവർത്തകനുമായിരുന്നു. ഓർമയുടെ മയിൽപ്പീലിത്തുണ്ടിനിടയിലൂടെ കയ്‌പും മധുരവും നിറഞ്ഞ സ്‌കൂൾ കാലത്തേക്ക്‌.

‘മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്താൻ പാട്യം സ്‌കൂൾ തെരഞ്ഞെടുത്തത്‌. അനുവദിച്ച അഞ്ച്‌ കോടിയിൽ ബാക്കിവന്ന തുക ഊരാളുങ്കൽ സൊസൈറ്റി തിരിച്ചടച്ചതായും കേട്ടു’–-സ്‌കൂളിനെക്കുറിച്ച്‌ എം മോഹനൻ വാചാലനായി. സംസാരത്തിനിടെ ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പലേരി രമേശനെ വിളിച്ച്‌ പ്രത്യേകം അഭിനന്ദിക്കാനും മറന്നില്ല.ഈ സർക്കാരിന്‌ തുടർച്ചയുണ്ടായാൽ നല്ല മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്ന്‌ എം മോഹനന്റെ ഉറപ്പ്‌. പാട്യം ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഒന്ന്‌ വന്ന്‌ കാണാൻ എല്ലാ പൂർവവിദ്യാർഥികളോടും അഭ്യർഥിച്ചാണ്‌ ‘അരവിന്ദന്റെ അതിഥികളു’ടെ സംവിധായകൻ മടങ്ങിയത്‌.

മൂന്ന്‌ നില കെട്ടിടത്തിൽ ക്ലാസ്‌മുറികളും ലാബും, ശൗചാലയങ്ങൾ, കൗൺസലിങ്‌ ‌മുറി, വിശ്രമമുറി, ഓഫീസ്‌ റൂം, സ്‌റ്റാഫ് ‌റൂം, വിശാലമായ ഡൈനിങ്‌ ‌ഹാൾ, അടുക്കള തുടങ്ങി വിപുലമായ സൗകര്യമുണ്ട്‌. പാട്യം ഗവ. ഹയർ സെക്കൻഡറിസ്‌കൂൾ വിദ്യാർഥികളും നാടും അഭിമാനത്തോടെയാണ്‌ ഇന്ന്‌ സ്‌കൂളിലെത്തുന്നത്‌.