ഇതാ, സ്വപ്‌നം പോലൊരു പാലം

Tuesday Mar 23, 2021
സുരേഷ്‌ വെട്ടുകാട്ട്‌


കരുനാഗപ്പള്ളി
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായി ദക്ഷിണ കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പാലം യാഥാർഥ്യത്തിലേക്ക്. കായംകുളം പൊഴിക്ക് അഭിമുഖമായി 976 മീറ്റർ നീളത്തിലും 13 മീറ്റർ വീതിയിലും നിർമിക്കുന്ന അഴീക്കൽ –വലിയഴീക്കൽ പാലമാണ് വികസന മുന്നേറ്റത്തിന്റെ ഉജ്വല മാതൃകയാകുന്നത്. കൊല്ലം, ആലപ്പുഴ ജില്ലകളെ അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാലമെന്ന പ്രത്യേകതയുമുണ്ട്. കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ആലപ്പുഴ ജില്ലയിലെ വലിയഴീക്കലും അറബിക്കടലും ടി എസ് കനാലും ചേരുന്ന അഴിമുഖത്തിനു മുകളിലൂടെ ബന്ധിപ്പിക്കുന്ന പാലം ഭാവിയിൽ തീരദേശ ഹൈവേയുടെ ഭാഗഗാകും. 140 കോടി രൂപയാണ് നിർമാണച്ചെലവ്. 80 ശതമാനത്തോളം നിർമാണപ്രവർത്തനം പൂർത്തിയായി. മെയിൽ ഉദ്ഘാടന സജ്ജമാകും.110 മീറ്റർ നീളമുള്ള മൂന്ന് ബോസ്ട്രിങ് ആർച്ചുകൾ ഉൾപ്പെടെ 29 സ്പാനുകളുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള മാക് അലോയ് ബാറുകൾ ഉപയോഗിച്ചാണ് ആർച്ചുകളുടെ നിർമാണം.

ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല 2015 ഏപ്രില്‍ നാലിന് പാലത്തിന്‌ തറക്കല്ലിട്ടെങ്കിലും തുടര്‍നടപടിയുണ്ടായില്ല. അഴീക്കൽ, -വലിയഴീക്കൽ ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. എൽഡിഎഫ് സർക്കാർ വന്നതോടെ മന്ത്രി ജി സുധാകരൻ പ്രദേശം സന്ദർശിച്ച് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. തുടർന്ന് സർക്കാർ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചതോടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. അഴിമുഖത്തിനു മുകളിലെ നിർമാണപ്രവർത്തനം വലിയ വെല്ലുവിളിയായി. ശക്തമായ വേലിയേറ്റവും കടൽക്ഷോഭവും പലവട്ടം പണി മുടക്കി. എന്നാൽ, പ്രതിസന്ധികളെല്ലാം അതിജീവിച്ച് സ്വപ്നപദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുകയാണ്‌. വലിയഴീക്കലിൽ നിന്ന് ദേശീയപാത വഴി ആലപ്പാട്ട്‌ എത്തുന്നതിനും തിരിച്ചുമുള്ള യാത്രയ്‌ക്ക്‌ നിലവിൽ 28 കിലോമീറ്റർ സഞ്ചരിക്കണം. പാലം യാഥാർഥ്യമാകുമ്പോൾ  ഇത്രയൂം ദൂരം ലാഭിക്കാം. ടൂറിസം സാധ്യതകൾക്കും പാലം വഴിയൊരുക്കും.