സച്ചിൻ ബാലുശ്ശേരിയിൽ തിളങ്ങട്ടെ, ധർമജൻ സിനിമയിലും

Tuesday Mar 23, 2021
സയൻസൺ


കോഴിക്കോട്‌
ധർമജൻ ബോൾഗാട്ടി മണ്ഡലത്തിൽ വേണ്ട. സിനിമയിൽ മതിയെന്നായിരുന്നു ബാലുശ്ശേരിയിലെ യുഡിഎഫുകാരുടെ നിലപാട്‌. അവർ പറയുക മാത്രമല്ല നേതൃത്വത്തിന്‌ കത്തുമെഴുതി. പക്ഷേ, മുറവിളി ആരും കേട്ടില്ല. ഇടപെടലുകൾ വന്നതോടെ പ്രതിഷേധം പുറമേയ്‌ക്ക്‌‌ തണുത്തു.  അങ്ങനെ എറണാകുളത്തുനിന്ന്‌ ബാലുശ്ശേരിയിൽ എത്തി ധർമജൻ യുഡിഎഫ്‌ സ്ഥാനാർഥിയായി. എസ്‌എഫ്‌ഐയുടെ അമരക്കാരൻ കെ എം സച്ചിൻദേവാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി.

ഇറക്കുമതി സ്ഥാനാർഥിയെന്ന്‌‌ ആക്ഷേപിച്ച‌ ദളിത്‌ കോൺഗ്രസും കോൺഗ്രസ്‌ നേതാക്കളും തീരുമാനിച്ചുറപ്പിച്ച മൗനത്തിലാണ്‌‌. നാൽപ്പത്തേഴുകാരനായ ധർമജൻ ‌‌ പഠനകാലത്ത് കെഎസ്‌യു പ്രവർത്തകനായിരുന്നു. ടെലിവിഷനിലും പിന്നീട് സിനിമയിലും ഹാസ്യതാരമായി തിളങ്ങി.

ബാലുശ്ശേരിയുടെ നിയമസഭാ ചരിത്രത്തിൽ ഇടതുപക്ഷത്തിന്റെ കൊടിയാണ്‌ ഏറെക്കാലവും പാറിയിട്ടുള്ളത്‌. സമരമുഖങ്ങളിലെ തീജ്വാലയായ സച്ചിൻദേവിനെ രംഗത്തിറക്കി  ബാലുശ്ശേരി സ്വന്തമാക്കാൻ ഉറച്ചാണ്‌ എൽഡിഎഫ്‌. ഇരുപത്തേഴിന്റെ ചുറുചുറുക്കോടെയാണ്‌‌  കന്നിയങ്കം. മീഞ്ചന്ത ആർട്സ്‌ ആൻഡ്‌ സയൻസ്‌ കോളേജിൽ ചെയർമാനായി വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായി. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദമെടുത്തശേഷം  കോഴിക്കോട്‌ ഗവ. ലോ കോളേജിൽ. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. എസ്‌എഫ്‌ഐ കോഴിക്കോട്‌ സൗത്ത്‌ ഏരിയ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ച്‌ സംസ്ഥാന സെക്രട്ടറിയായി. ‌നിലവിൽ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയും സിപിഐ എം കോഴിക്കോട്‌ ടൗൺ ഏരിയ കമ്മിറ്റി അംഗവുമാണ്‌.  തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരെ മന്ത്രി പി കെ അബ്ദുറബ്ബിനെതിരായ സമരത്തിൽ പൊലീസിന്റെ ‌ ക്രൂരമർദനത്തിന്‌‌‌ ഇരയായി.  

ഉണ്ണികുളം, പനങ്ങാട്, ബാലുശ്ശേരി, കായണ്ണ, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശ്ശേരി സംവരണ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ  ഉണ്ണികുളം, അത്തോളി, കൂരാച്ചുണ്ട് പഞ്ചായത്തുകൾ ഒഴികെ എല്ലാം എൽഡിഎഫിനൊപ്പമാണ്‌.1,05,004 പുരുഷൻമാരും  1,12,454  സത്രീകളും രണ്ട്‌ ട്രാൻസ്‌ജെൻഡറും ഉൾപ്പെടെ  2,17,460 വോട്ടർമാരാണ്‌ മണ്ഡലത്തിലുള്ളത്‌.   

പുരുഷൻ കടലുണ്ടി കഴിഞ്ഞ രണ്ടു തവണയും എംഎൽഎയായ മണ്ഡലത്തെ 1980 മുതൽ തുടർച്ചയായി 26‌ വർഷം എൽഡിഎഫിലെ എ സി  ഷൺമുഖദാസാണ് പ്രതിനിധാനം ചെയ്‌തത്‌. 2006ൽ എ കെ  ശശീന്ദ്രനും. യുവമോർച്ച  ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ ഭാസ്‌കറാണ് എൻഡിഎ സ്ഥാനാർഥി.