ധർമടം ഉറപ്പിച്ചു; ഉറപ്പാണ്‌‌

Monday Mar 22, 2021
എൻ കെ സുജിലേഷ്‌

കണ്ണൂർ> കോൺഗ്രസിന്‌ കേരളത്തിലാകെ സ്ഥാനമോഹികൾ‌ തലവേദനയായപ്പോൾ ധർമടത്ത്‌  ‌ അത്തരം പ്രശ്‌നമേ ഉണ്ടായില്ല‌.  ‘കരുത്തന്മാർ’ സ്വയമൊഴിഞ്ഞു. പത്രികാ സമർപ്പണം അവസാനിക്കുന്നതിന്റെ  തലേന്നുപോലും സ്ഥാനാർഥിക്കായുള്ള തെരച്ചിലായിരുന്നു.  ധർമടത്ത്‌ മത്സരത്തിനുമുമ്പുതന്നെ തോൽവി സമ്മതിക്കുകയായിരുന്നു യുഡിഎഫ്‌.
മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാമതും ജനവിധി തേടുന്നതിനാൽ ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലം.    

മുഖ്യമന്ത്രിയെ നേരിടാൻ കരുത്തനെ നിർത്തുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും ഇരുട്ടിൽ തപ്പുകയായിരുന്നു കോൺഗ്രസ്‌. ഫോർവേഡ്‌ ബ്ലോക്കിന്‌ സീറ്റ്‌ നൽകി നാണക്കേടൊഴിവാക്കാനായിരുന്നു ആദ്യ ശ്രമം. മത്സരിക്കാനില്ലെന്ന്‌ പറഞ്ഞ്‌ അവർ ഒഴിഞ്ഞതോടെ കോൺഗ്രസ്‌ സീറ്റ്‌ ഏറ്റെടുത്തു. കഴിഞ്ഞ രണ്ടുതവണയും ഇവിടെ മത്സരിച്ച മമ്പറം ദിവാകരനും യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളും പിന്മാറിയതോടെ കെ സുധാകരനെ മത്സരിപ്പിക്കാനായി മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും നീക്കം. എന്നാൽ കെണി മനസ്സിലാക്കിയ സുധാകരൻ ഡിസിസിയെ പഴിചാരി തടിയൂരി.   

കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണ സമ്മേളനം നടന്ന പാറപ്രവും പാവങ്ങളുടെ പടത്തലവൻ എ കെ ജിക്ക്  ജന്മം നൽകിയ പെരളശേരിയും ഉൾപ്പെടുന്നതാണ്‌ ധർമടം. എടക്കാട്‌ മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധർമടം പഞ്ചായത്തും ഉൾപ്പെടുത്തി 2011ലാണ്‌ മണ്ഡലം രൂപംകൊണ്ടത്‌. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയനെ‌ 36,905 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണ്‌ ധർമടം കേരളത്തിന്റെ നായകനാക്കിയത്‌.  സംസ്ഥാനത്താകെ യുഡിഎഫ്‌ നേട്ടമുണ്ടാക്കിയ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ധർമടം എൽഡിഎഫിന്‌ 4099 വോട്ടിന്റെ ലീഡ്‌ നൽകി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ   എൽഡിഎഫിന്റെ ഭൂരിപക്ഷം 49,180 ആയി.   

ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥാണ് യുഡിഎഫ് സ്ഥാനാർഥി. കെ സുധാകരന്റെ കരുനീക്കത്തിലൂടെ സ്ഥാനാർഥിയായ രഘുനാഥിനെതിരെ മമ്പറം ദിവാകരന്റെ  നേതൃത്വത്തിൽ പോർമുഖം തുറന്നത് യുഡിഎഫിന്റെ  പരമ്പരാഗത വോട്ടിലും ചോർച്ചയുണ്ടാക്കും.

ബിജെപി ദേശീയ സമിതിയംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി കെ പത്മനാഭനാണ് ബിജെപി സ്ഥാനാർഥി. വാളയാറിലെ പെൺകുട്ടികളുടെ അമ്മ ഭാഗ്യവതിയും മത്സര രംഗത്തുണ്ട്.