മണ്ണ‌ിലോടുന്ന സെെക്കിളിലൂടെ

Sunday Mar 21, 2021
മുഹമ്മദ്‌ ഹാഷിം

-ജനങ്ങളുമായി നേരിട്ട്‌ സംവദിച്ച്‌ മണ്ണിന്റെ 
രാഷ്ട്രീയം പറഞ്ഞ്‌, തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം 
ആവർത്തിക്കാനുള്ള 
കുതിപ്പിലാണ്‌ 
എൽഡിഎഫ്‌

കുമ്പള
ഹെലികോപ്ടറിൽ പൊടി പറത്തി, പണക്കൊഴുപ്പിന്റെ മേളമുയർത്തി മഞ്ചേശ്വരം പിടിക്കാമെന്നാണ്‌ ഇത്തവണ ബിജെപി കരുതുന്നത്‌.  അത്തരം ചെപ്പടി വിദ്യകൾക്കുനേരെ സൈക്കിളോടിച്ച്‌ കയറുകയാണ്‌ എൽഡിഎഫ്‌. ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേശ്വരം എൻഡിഎ സ്ഥാനാർഥിയുമായ കെ സുരേന്ദ്രൻ ഹെലികോപ്‌റ്ററിലാണ്‌ മണ്ഡലത്തിൽ ഇറങ്ങുന്നത്‌. ഇതിനെ കളിയാക്കി, അതേ ഗ്രൗണ്ടിൽ എൽഡിഎഫ്‌ സൈക്കിൾ സവാരി നടത്തിയത്‌ ഏറെ ചർച്ചയായി.

നാട്ടുകാരോട്‌ നേരിട്ടു സംവദിച്ച്‌, തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം കണക്കിൽ ചേർത്താണ്‌ എൽഡിഎഫ്‌ രാഷ്ട്രീയം പറയുന്നത്‌. മഞ്ചേശ്വരം തങ്ങളുടെ കുത്തകയാണെന്ന്‌ അഹങ്കരിച്ച യുഡിഎഫിനെ 2006ൽ മൂന്നാം സ്ഥാനത്തേക്ക്‌ തള്ളി എൽഡിഎഫിനെ വിജയിപ്പിച്ചത്‌ ചരിത്രം. മന്ത്രിയായിരുന്ന ചെർക്കളം അബ്ദുള്ളയെ അട്ടിമറിച്ചത്‌ സിപിഐ എമ്മിലെ സി എച്ച്‌ കുഞ്ഞമ്പു. 1970ലും  77 ലും സിപിഐയുടെ ബി എം രാമപ്പയും 1980ലും  82 ലും ഡോ. എ സുബ്ബറാവുവും ഇവിടെനിന്ന്‌ നിയമസഭയിലെത്തി. കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ്‌ എംഎൽഎയുടെ സാന്നിധ്യമില്ലാതിരുന്നിട്ടും നാട്ടിലുണ്ടായ വലിയ വികസനവും യുഡിഎഫ്‌, ബിജെപി ശക്തിക്ഷയവും ഇത്തവണ എൽഡിഎഫിന്റെ മുന്നേറ്റത്തിന്‌ വഴിതുറന്നിട്ടുണ്ട്‌.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട്‌ നഗരസഭാ മുൻ ചെയർമാനുമായ എൽഡിഎഫ്‌ സ്ഥാനാർഥി വി വി രമേശൻ മണ്ഡലത്തിൽ ‌ഇളക്കം സൃഷ്ടിച്ചുകഴിഞ്ഞു. ഡിവൈഎഫ്ഐ  ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറർ, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ മഞ്ചേശ്വരം കേന്ദ്രീകരിച്ചു പ്രവർത്തിച്ച രമേശന്‌ മണ്ഡലത്തിന്റെ മുക്കുംമൂലയും സുപരിചിതം.

മുസ്ലിംലീഗിലെ എ കെ എം അഷറഫാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറിയാണ്‌. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു. 150 കോടിയോളം രൂപയുടെ സ്വർണ നിക്ഷേപത്തട്ടിപ്പിൽ സിറ്റിങ് എംഎൽഎ എം സി ഖമറുദ്ദീൻ ജയിലിലായതും പണം തിരിച്ചുകൊടുക്കാത്തതും  യുഡിഎഫിനെ ‌കുഴയ്‌ക്കുന്നു‌.

നിക്ഷേപം നഷ്ടപ്പെട്ടവരിലേറെയും ലീഗ്‌ അണികളാണ്‌. മുസ്ലിം പണ്ഡിതകുടുംബത്തിലെ അംഗമായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ കാഞ്ഞങ്ങാട്ടെ ഔഫ്‌ അബ്ദുറഹ്‌മാനെ കൊലചെയ്‌ത ലീഗുകാരെ രക്ഷിക്കാൻ ശ്രമിച്ചതും നാട്ടിലാകെ വലിയ പ്രതിഷേധമാണ്‌ ഉയർത്തിയത്‌.

മഞ്ചേശ്വരത്തിനു പുറമെ, സുരേന്ദ്രൻ കോന്നിയിലും‌ മത്സരിക്കുന്നതിൽ  പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കും അതൃപ്‌തിയുണ്ട്‌. കാലങ്ങളായി മണ്ഡലത്തിനു പുറത്തുള്ളവർ മത്സരിക്കുന്നതിലും എതിർപ്പുണ്ട്‌. തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽഡിഎഫിന്‌‌ വൻ മുന്നേറ്റമാണ്‌ ഉണ്ടായത്‌. എട്ടിൽ നാലു പഞ്ചായത്തും എൽഡിഎഫ്‌ ഭരണത്തിലാണ്‌. പുത്തിഗെയും പൈവളിഗെയും നിലനിർത്തി, വോർക്കാടിയും മീഞ്ചയും യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്തു. മംഗൽപാടി, കുമ്പള, എൻമകജെ പഞ്ചായത്തുകളിലാണ്‌ യുഡിഎഫ്‌ ഭരണം. വർഷങ്ങളായി ഭരിക്കുന്ന മഞ്ചേശ്വരം പഞ്ചായത്തിൽ യുഡിഎഫ്‌ തോറ്റു.‌ സ്വതന്ത്രയാണ്‌ പ്രസിഡന്റായത്‌.