അഭ്യസ്തവിദ്യരെ ഇതിലേ ഇതിലേ

Sunday Mar 21, 2021

20 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ തൊഴിൽ 
ഉറപ്പാക്കുമെന്നും തൽപ്പരരായ 
മുഴുവൻ പേർക്കും നൈപുണി പരിശീലനം നൽകുമെന്നുമുള്ള എൽഡിഎഫ്‌ 
പ്രഖ്യാപനത്തെ നിറഞ്ഞ പ്രതീക്ഷയോടെയും കെെയടിയോടെയുമാണ്‌ യുവത 
സ്വീകരിച്ചത്‌. വാഗ്‌ദാനങ്ങൾ 
പാലിക്കാനുള്ളതാണെന്ന്‌ തെളിയിച്ച 
എൽഡിഎഫിന്റെ‌ പ്രഖ്യാപനം 
അഭ്യസ്തവിദ്യർ നെഞ്ചേറ്റിക്കഴിഞ്ഞു

യുവസംരംഭകർക്ക് പ്രതീക്ഷ‌
കഴിഞ്ഞ വർഷമാണ്‌ എൻജിനിയറിങ്‌ പൂർത്തിയാക്കിയതെങ്കിലും അതിനും‌ ഒരു വർഷംമുമ്പ്‌ സുഹൃത്തുക്കളുമായി ചേർന്ന്‌ സ്‌റ്റാർട്ടപ്‌‌ തുടങ്ങി. ‌ഉൽപ്പാദനം വർധിപ്പിക്കാൻ കർഷകർക്ക് സാങ്കേതിക സഹായം നൽകുന്നതാണ്‌ ‌‌സംരംഭം. മനസ്സിലുള്ള ആശയത്തിന്‌‌ രൂപം നൽകാനുള്ള ഗ്രാന്റ്‌‌ തന്നത്‌ സ്‌റ്റാർട്ടപ്‌ മിഷനാണ്‌.  വഴികാട്ടിയായതും മിഷന്റെ മെന്റർമാരും. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ സഹായിക്കാനുള്ള എൽഡിഎഫിന്റെ വാഗ്‌ദാനം പഠിച്ചിറങ്ങുന്ന യുവാക്കൾക്ക്‌ വലിയ പ്രതീക്ഷയാണ്‌.
എൻ എസ്‌ സായന്ത്
ബി ടെക്‌ ബിരുദധാരി, സംരംഭകൻ, കണ്ണൂർ

പഠിച്ചിറങ്ങുന്നവർക്ക്‌ ഏറെ ആശ്വാസം
ഐടി രംഗത്ത്‌ ഒരുപാട്‌ മാറ്റം കൊണ്ടുവന്ന സർക്കാരാണിത്‌. ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ സ്‌റ്റാർട്ടപ്‌‌ ‌ മേഖലയിൽ സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനം അഭിനന്ദനാർഹമാണ്. പഠിച്ചിറങ്ങുന്നവർക്ക്‌ ഏറെ ആശ്വാസമാകും.  വേറെ ആർക്കോ വേണ്ടി ജോലി ചെയ്യുന്നവർ എന്ന പരിഗണനയാണ്‌  ലഭിച്ചിരുന്നത്‌. എൽഡിഎഫ്‌  വന്നതോടെ എല്ലാത്തിനും മാറ്റമുണ്ടായി. പ്രശ്‌നങ്ങൾ കേൾക്കാനും ഒരാളുണ്ടെന്ന തോന്നലുണ്ടായി.
സുജിത സുകുമാരൻ
പ്രോജക്ട്‌ ലീഡ്‌, അലയൻസ്‌ ടെക്‌നോളജീസ്‌, ടെക്‌നോപാർക്ക്‌, കൊച്ചി

ആത്മവിശ്വാസം 
വർധിപ്പിക്കുന്നു
വളരെയധികം പ്രചോദനം തരുന്ന പ്രഖ്യാപനം‌. നൈപുണി പരിശീലനം ഉൾപ്പെടെ നൽകി അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ സംരക്ഷിക്കാനുള്ള എൽഡിഎഫ്‌ തീരുമാനം ആത്മവിശ്വാസം വർധിപ്പിക്കുന്നു. പട്ടികവർഗ വിഭാഗങ്ങളിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പണിയ, കാട്ടുനായ്‌ക്ക, അടിയ, ഊരാളി വിഭാഗങ്ങളിലുള്ളവർക്ക്‌ പൊലീസിലും എക്‌സൈസിലും പ്രത്യേക റിക്രൂട്ട്‌മെന്റ്‌ വഴി തൊഴിൽ നൽകിയ സർക്കാരിൽ ഞങ്ങൾക്ക്‌ പൂർണ  പ്രതീക്ഷയുണ്ട്‌.
പി  സുധീഷ്‌
ബിബിഎ ബിരുദധാരി, നൂൽപ്പുഴ, വയനാട്‌

ഈ വാഗ്ദാനം 
പാലിക്കപ്പെടും
ഉന്നതവിദ്യാഭ്യാസം നേടിയിട്ടും അതിനനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ലഭിക്കാത്തത്‌ ചെറുപ്പക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാഗ്ദാനം യുവാക്കള്‍ക്ക് വളരെയേറെ ആശ്വാസമാണ്. കഴിഞ്ഞ പ്രകടനപത്രികയിലെ 99 ശതമാനം കാര്യങ്ങളും പൂര്‍ത്തീകരിച്ചൊരു മുന്നണിയില്‍നിന്ന് ഇത്തരമൊരു വാഗ്ദാനം വരുമ്പോള്‍ അത് നൂറ് ശതമാനം പാലിക്കപ്പെടുമെന്ന് ഉറപ്പാണ്.
അഞ്ജു എസ് റാം
എംഎസ്ഡബ്ല്യു ബിരുദധാരി ആലപ്പുഴ

പ്രതീക്ഷ നൽകുന്ന നയം
പുതുതലമുറ കാർഷിക മേഖലയിലേക്ക് കടന്നുവരാൻ ഹൈടെക് കൃഷി രീതി ഉപകാരപ്രദമാകും. ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ വിനിയോഗിക്കുമ്പോൾ ഉൽപ്പാദന വർധനവിനും കാരണമാകും. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാനും ഉപകാരപ്രദമാകും. യുവാക്കൾക്ക്‌ പ്രതീക്ഷ നൽകുന്നതാണ്‌ എൽഡിഎഫിന്റെ നയം.
സ്വരൂപ് കുന്നംപുള്ളി
യുവകർഷകൻ, കണ്ണമ്പ്ര, പാലക്കാട്

തുടക്കക്കാരായ 
സ്റ്റാർട്ടപ്പുകൾക്ക്‌ 
ഉത്തേജനം
പ്രതിസന്ധി കാലഘട്ടത്തിലും ഐടി മേഖലയെ താങ്ങിനിർത്തിയ സർക്കാരാണിത്‌. കോവിഡ്‌ സമയത്തും സ്‌റ്റാർട്ടപ്പുകൾക്ക്‌ സഹായം വേണോ എന്ന്‌ അങ്ങോട്ടു ചോദിച്ചു ചെന്ന സർക്കാർ‌. സ്‌റ്റാർട്ടപ്പുകളിലൂടെ കേരളത്തിൽ‌ രണ്ടായിരം കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാനായത്‌ ചില്ലറ കാര്യമല്ല. സ്‌റ്റാർട്ടപ്‌ മേഖലയിൽ ഒരു ലക്ഷം തൊഴിൽ എന്നത്‌ കൈയടി അർഹിക്കുന്നു. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാരമായ ധനസഹായ പിന്തുണ നൽകുമെന്ന‌ വാഗ്‌ദാനത്തെ ഏറെ വിലമതിക്കുന്നു. തുടക്കക്കാരായ സ്‌റ്റാർട്ടപ്പുകൾക്ക്‌ ഇത്‌ ഏറെ ഉത്തേജനം പകരും.
മനോദ്‌ മോഹൻ
സ്‌കൈസ്‌ ലിമിറ്റ്‌ 
ടെക്‌നോളജീസ്‌ സിഇഒ

വിപ്ലവകരമായ പ്രഖ്യാപനം
-കോവിഡായതോടെ ഐടി മേഖലയിൽ ജോലി നഷ്ടപ്പെട്ടവർ വളരെ കൂടുതലാണ്‌. പാസ്‌ഔട്ടായ വിദ്യാർഥികൾക്ക്‌ ക്യാമ്പസ്‌ പ്ലേസ്‌മെന്റും ലഭിച്ചില്ല. എന്നാൽ 20 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ ജോലി ഉറപ്പാക്കുമെന്ന എൽഡിഎഫ്‌ പ്രകടനപത്രികയിലെ വിപ്ലവകരമായ വാഗ്ദാനം ഏറെ ഗുണകരമാകും. കെ ഫോൺ പൂർത്തിയാകുന്നതോടെ വർക്ക്‌ ഫ്രം ഹോം കൂടുതൽ എളുപ്പമാകും. ഐടി മേഖലയിലുള്ളവർക്ക്‌ ക്ഷേമനിധി ഏർപ്പെടുത്തിയ സർക്കാരിന്റെ മറ്റൊരു ചരിത്ര തീരുമാനമാണിത്‌.
സ്മിത പ്രഭാകരൻ
പ്രതിധ്വനി ടെക്‌നിക്കൽ ഫോറം പ്രതിനിധി, തിരുവനന്തപുരം

വലിയ മാറ്റം
പുതുതായി 15,000 സ്‌റ്റാർട്ടപ്പുകൾ കൂടി ആരംഭിക്കുമെന്നാണ്‌  ഉറപ്പ്‌. കഴിഞ്ഞ തവണ ആരംഭിച്ച സ്റ്റാർട്ടപ്പുകളിലൂടെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചു. നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ ഹബ്ബായി മാറാനാണ്‌ ശ്രമിക്കുന്നത്‌. ലോകത്തിന്‌ മാതൃകയാകും വിധത്തിൽ ഐടി മേഖലയെ മാറ്റിത്തീർക്കും. കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുന്നതോടെ പഠിച്ച മേഖലയിൽ ജോലിയെടുക്കാൻ യുവാക്കൾക്കാകും.
അശ്വിൻ ദിവാകർ
ടെക്‌നിക്കൽ കൺസൾട്ടന്റ്–- ടിസിഎസ്, വടകര, കോഴിക്കോട്


20 ലക്ഷം പേർക്ക്‌ 
തൊഴിൽ
മാറുന്ന കാലത്തിനൊപ്പം സഞ്ചരിച്ച്‌ നൂതന പദ്ധതികളിലൂടെ 20 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ ഡിജിറ്റൽ മേഖലയിൽ തൊഴിൽ ഉറപ്പുവരുത്തുമെന്ന്‌ എൽഡിഎഫ്‌‌. ഈ ലക്ഷ്യത്തോടെ തൽപ്പരരായ മുഴുവൻ അഭ്യസ്‌തവിദ്യർക്കും നൈപുണി പരിശീലനം ഒരുക്കും. കോവിഡ്‌ പകർച്ചവ്യാധി മൂലം വീടുകളിലിരുന്ന്‌ ജോലിചെയ്യുന്നവരുടെ എണ്ണം ഗണ്യമായി ഉയർന്നു. ആഗോളതലത്തിൽ അഞ്ചുവർഷത്തിനുള്ളിൽ ഇങ്ങനെ ജോലി ചെയ്യുന്നവരുടെ എണ്ണം 18 കോടിയായി ഉയരുമെന്നാണ്‌ കണക്ക്‌. ആഗോള ഡിജിറ്റൽ വ്യവസായ മേഖലയിലെ ഈ മാറ്റം ഉപയോഗപ്പെടുത്തി കേരളത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും എൽഡിഎഫ്‌ പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നു

50 ലക്ഷം പേർക്ക്‌ 
നൈപുണി പരിശീലനം
തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക്‌ അത്യാധുനിക ഡിജിറ്റൽ നൈപുണി പരിശീലനമൊരുക്കും. ഇതിനായി ഒരു സ്‌കിൽ മിഷൻ രൂപീകരിക്കും. 50 ലക്ഷം പേർക്ക്‌ പരിശീലനം നൽകും. അസാപ്‌, കേയ്‌സ്‌, ഐസിടി അക്കാദമി എന്നീ സ്ഥാപനങ്ങളിലെയും എൻജിനിയറിങ്‌ കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും നൈപുണി പരിശീലനം കാലോചിതമായി നവീകരിക്കും.

വിവരങ്ങൾ ഡിജിറ്റൽ 
പ്ലാറ്റ്‌ഫോമിൽ
നൈപുണി പരിശീലനം ലഭിച്ച അഭ്യസ്തവിദ്യരുടെ വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കും. അവരിൽനിന്ന്‌ ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന്‌ ആഗോള കമ്പനികൾക്ക്‌ അവസരമൊരുക്കും. തൊഴിൽ ലഭിക്കുന്നവരുടെ സാമൂഹ്യ സുരക്ഷാ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കും. ഉപകരണങ്ങൾ വാങ്ങാനുള്ള വായ്‌പ ലഭ്യമാക്കും. സഹായ വാടകയ്‌ക്ക്‌ വീടിനടുത്ത്‌ ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കും.

കിഫ്‌ബി മോഡലിൽ 
കെ–-ഡിസ്‌ക്‌
കിഫ്‌ബി പോലെ മികവുറ്റ പ്രൊഫഷണൽ സ്ഥാപനമായി കേരള ഡവലപ്‌മെന്റ്‌ ഇന്നൊവേഷൻ സ്‌ട്രാറ്റജിക്‌ കൗൺസിലിനെ (കെ–-ഡിസ്‌ക്‌) നവീകരിക്കും. ആഗോള കമ്പനികളുമായി സമ്പർക്കം പുലർത്തുക, നൈപുണീ പരിശീലനങ്ങളെ ഏകോപിപ്പിക്കുക, ഉന്നതവിദ്യാഭ്യാസ പുനഃസംഘടനയെ സഹായിക്കുക, ഇന്നൊവേഷൻസിനെ പ്രോൽസാഹിപ്പിക്കുക എന്നിവ കെ–-ഡിസ്‌കിന്റെ ചുമതലകളായിരിക്കും.

വർക്ക്‌ നിയർഹോം 
വർക്ക്‌ സ്‌റ്റേഷൻ
ബ്ലോക്ക്‌, മുനിസിപ്പൽതലത്തിൽ വർക്ക്‌ നിയർ ഹോം വർക്ക്‌ സ്‌റ്റേഷനുകൾ നിർമിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും. 5000 ചതുരശ്രയടി കെട്ടിടം തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കിയാൽ അവയെ വർക്ക്‌ സ്‌റ്റേഷനാക്കി മാറ്റാനുള്ള ചെലവ്‌ സർക്കാർ വഹിക്കും. ഐആർ 4.0 സാങ്കേതികവിദ്യയുടെ പ്രാദേശികതല പ്രയോഗത്തിനും സംരംഭസൃഷ്ടിക്കും പ്രത്യേക ഊന്നൽ.