അന്നത്തെ 600 തന്നെ കിട്ടിയില്ല; ഇനി‌ ആറായിരമെന്ന്‌ തള്ള്‌

Sunday Mar 21, 2021
സ്വന്തം ലേഖകൻ

തിരുവനന്തപുരം > അധികാരത്തിലിരുന്നപ്പോൾ 600 രൂപ ക്ഷേമപെൻഷൻപോലും  24 മാസംവരെ കൊടുക്കാത്ത യുഡിഎഫാണ്‌ ഇപ്പോൾ 6000 രൂപയെന്ന ന്യായ്‌ വാഗ്‌ദാനവുമായി രംഗത്തിറങ്ങുന്നത്‌.

ഒരുമാസംപോലും മുടക്കമില്ലാതെ 1600 രൂപ പെൻഷൻ വീട്ടിലെത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ വാക്കുകളിൽ പൂർണ വിശ്വാസമർപ്പിക്കുന്ന ജനങ്ങൾ യുഡിഎഫിന്റെ വാഗ്‌ദാനത്തെ തെരഞ്ഞെടുപ്പ്‌ കാലത്തെ പ്രഹസനമായി മാത്രമാണ്‌ കാണുന്നത്‌.

ഉമ്മൻചാണ്ടി സർക്കാർ 2016ൽ അധികാരമൊഴിയുമ്പോൾ സംസ്ഥാനത്ത്‌ വിവിധ പെൻഷനുകൾ 14 മുതൽ 24 മാസംവരെ കുടിശ്ശികയായിരുന്നു. ആകെ പെൻഷൻ കുടിശ്ശിക 1638 കോടി രൂപയായിരുന്നു. സാമൂഹ്യസുരക്ഷാ പെൻഷൻ-1478 കോടി രൂപയും -ക്ഷേമ പെൻഷൻ- 160 കോടി രൂപയും. പിണറായി സർക്കാർ അധികാരമേറ്റശേഷം 2016 ആഗസ്‌തിലും 2017 ആഗസ്‌തിലും രണ്ടുഘട്ടമായി ഇത്‌ മുഴുവൻ കൊടുത്തുതീർത്തു. ഘട്ടംഘട്ടമായി പെൻഷൻ തുക 1600 രൂപയായി ഉയർത്തി. പെൻഷൻ വിതരണം എല്ലാ മാസവും 20നും 30നുമിടയിൽ കൃത്യമായി നടക്കുന്നു. വിഷു പ്രമാണിച്ച്‌ അടുത്ത മാസം ആദ്യം പെൻഷനെത്തും; അതായത്‌ സർക്കാർ ജീവനക്കാർക്കും മുമ്പെ ക്ഷേമപെൻഷൻ.

യുഡിഎഫ്‌കാലത്തെ സാമൂഹ്യസുരക്ഷാ–ക്ഷേമനിധി  പെൻഷൻകാരുടെ ആകെ എണ്ണം -36,56,302 ആയിരുന്നു. എൽഡിഎഫ്‌ ഭരണം അഞ്ചുവർഷം പൂർത്തിയാക്കുമ്പോൾ പെൻഷൻ ലഭിക്കുന്നവരുടെ എണ്ണം 60,16,384 ആയി ഉയർന്നു. യുഡിഎഫ്‌ അഞ്ചുവർഷം വിതരണം ചെയ്‌തത്‌ 9011 കോടി രൂപയാണ്‌. ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം നാലരവർഷംകൊണ്ട്‌ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌ 33,557.77 കോടി രൂപ.