രാജസ്ഥാനിലും പഞ്ചാബിലും ഇല്ല ഈ ‌‌ ‘ന്യായ്‌’; കോൺഗ്രസിനു പ്രഖ്യാപനം
തട്ടിപ്പു മാത്രം

Sunday Mar 21, 2021
സ്വന്തം ലേഖകൻ

ന്യൂഡൽഹി > ന്യായ്‌ പദ്ധതി കോൺഗ്രസിന്‌ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനംമാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്‌ കോൺഗ്രസ്‌ പ്രകടനപത്രികയിൽ ‘ന്യായ്’ പ്രഖ്യാപിച്ചത്‌. ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബത്തിന്‌‌ പ്രതിമാസം 6000 രൂപവീതം ബാങ്ക്‌ അക്കൗണ്ടിൽ നൽകുമെന്നായിരുന്നു വാഗ്‌ദാനം. ഇതിന്റെ വിശദാംശങ്ങളോ സബ്‌സിഡികൾ നിർത്തലാക്കിയശേഷമാണോ ഈ തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെന്നോ കോൺഗ്രസ്‌ വിശദീകരിച്ചില്ല. പദ്ധതിക്ക്‌ വേണ്ടിവരുന്ന നാല്‌ ലക്ഷം കോടി രൂപ കണ്ടെത്തുന്നതിനെക്കുറിച്ചും കോൺഗ്രസ്‌ മൗനം പാലിച്ചു. ‌

കേന്ദ്രത്തിൽ കോൺഗ്രസ്‌ ഭരണത്തിലെത്താത്ത സാഹചര്യത്തിൽ ഈ ചോദ്യങ്ങൾ പിന്നീട്‌ ഉയർന്നില്ല. കോൺഗ്രസ്‌ ഭരണത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌‌ സംസ്ഥാനങ്ങളിൽ ‘ന്യായ്’‌ നടപ്പാക്കിയതുമില്ല. അന്ന്‌‌ കോൺഗ്രസിന്‌ അധികാരമുണ്ടായിരുന്ന മധ്യപ്രദേശിലും ‘ന്യായ്’ നടപ്പാക്കിയിരുന്നെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തെ വാഗ്‌ദാനം കുറച്ചെങ്കിലും ജനം വിശ്വസിച്ചേനേ.  പുതുച്ചേരിയിലും നടപ്പാക്കിയില്ല. ഛത്തീസ്‌ഗഢിൽ  2020 മെയിൽ കർഷകർക്കുമാത്രമായി രാജീവ്‌ഗാന്ധി കിസാൻ ന്യായ്‌ യോജന എന്ന പദ്ധതി പ്രഖ്യാപിച്ചു. 20 ലക്ഷം കർഷകർക്ക്‌ ഏക്കറിന്‌ 10,000 രൂപവീതം സബ്‌ഡിഡി നൽകുമെന്നായിരുന്നു പ്രഖ്യാപനം.  എന്നാൽ, ഇക്കഴിഞ്ഞ റാബികാലത്ത്‌ നെല്ല്‌ , ചോളം, കരിമ്പ്‌ കർഷകർക്കുമാത്രം  നൽകിയതാകട്ടെ 1500 രൂപമാത്രവും.