നാടിനെ ഇകഴ്‌ത്തി, വസ്തുത മറച്ചു

Sunday Mar 21, 2021
സ്വന്തം ലേഖകൻ

തിരുവനന്തപുരം > കേരളത്തിന്റെ അതിജീവനപോരാട്ടത്തെ ഇകഴ്‌ത്തിക്കാട്ടാൻ മിടുക്ക്‌ കാണിച്ച യുഡിഎഫ്‌ പ്രകടനപത്രികയിൽ പറയുന്ന പല വാഗ്ദാനവും നാട്ടിൽ ഇന്നു നടക്കുന്ന പ്രവർത്തനങ്ങളെ മറച്ചുവച്ച് കൃഷിയും വ്യവസായവുമെല്ലാം തകർന്നടിഞ്ഞ്‌ ജനം മരിച്ചുവീഴുന്നുവെന്നാണ്‌  ആമുഖം. എന്നാൽ, കോവിഡ്‌ സാഹചര്യത്തിൽപ്പോലും മരണനിരക്ക്‌ കേരളത്തിൽ കുറഞ്ഞുവെന്നാണ്‌ പുതിയ റിപ്പോർട്ട്‌.

വിവിധ പ്രശ്‌നങ്ങളിൽപെട്ട്‌ കേരളത്തിന്റെ കണ്ണീരുപോലും വറ്റിയെന്നു പറഞ്ഞാണ്‌ സമാനതയില്ലാത്ത പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ അതിജീവിക്കുന്ന ജനതയെ ആക്ഷേപിക്കുന്നത്‌. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിച്ചതും അറിഞ്ഞ മട്ടില്ല.

മുന്തിയ പശ്ചാത്തല സൗകര്യത്തോടെ മികച്ച ചികിത്സ സൗജന്യമായി നൽകുന്ന വിധം സർക്കാർ ആശുപത്രികളെ മാറ്റിയ സംസ്ഥാനത്ത്‌ ‘നോ ബിൽ ഹോസ്‌പിറ്റൽ’ സ്ഥാപിക്കുമെന്ന വാഗ്ദാനം പൊള്ളത്തരം.‌ അത്ഭുതകരമാംവിധം മാറിയ പൊതുവിദ്യാഭ്യാസരംഗത്ത്‌ ‘ഹൈപവർ റിവ്യൂ കമ്മിറ്റി’ യെ നിയോഗിക്കുമെന്ന നിർദേശം പക്ഷേ, ഗുരുതര പ്രത്യാഘാതം ക്ഷണിച്ചുവരുത്തും.  ‘കെ ഫൊൺ’ സംബന്ധിച്ച്‌ പത്രികിലെ നിശ്ശബ്ദതയും സംശയാസ്പദം. ‘ ഇന്റർനെറ്റൊക്കെ സർക്കാർ കൊടുക്കണോ’ എന്നാണ്‌ നിയമസഭയിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പരിഹസിച്ചത്‌.

ഇന്റർനെറ്റ്‌ മേഖല കുത്തകകൾക്കുതന്നെ വീതിച്ചുനൽകലാണ്‌ മനസിലിരിപ്പ്‌. ലൈഫ്‌ പദ്ധതിയടക്കം സുപ്രധാന മിഷനുകൾ പിരിച്ചുവിടുമെന്നും‌ യുഡിഎഫ്‌ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
നിലവിലുള്ള കാരുണ്യപദ്ധതി പുനഃസ്ഥാപിക്കുമെന്ന വാഗ്‌ദാനവും പത്രികയിലെ തട്ടിപ്പ്‌ വെളിപ്പെടുത്തുന്നു. രണ്ടുവർഷത്തിനിടെ ഈ പദ്ധതിയിൽ 16.2 ലക്ഷം കുടുംബങ്ങൾക്കായി 941 കോടി രൂപ ചെലവിട്ടു. കാരുണ്യ ബെനവലന്റ്‌ ഫണ്ട്‌ തുടരുമെന്നും ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

യുഡിഎഫ്‌ പ്രകടനപത്രികയിലെ പല‌ നിർദേശങ്ങളും എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പത്രികയിൽനിന്ന്‌ ‘കോപ്പി’യടിച്ചതാണെന്ന ചർച്ച സോഷ്യൽമീഡിയയിൽ സജീവമാണ്‌. വീട്ടമ്മമാർക്കും പെൻഷൻ, റബറിന് താങ്ങുവില 250 രൂപയാക്കും, കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പാക്കും, ക്ഷേമപെൻഷൻ വർധിപ്പിക്കും തുടങ്ങി ‘കോപ്പി’ കൾ പലതുണ്ടെന്നാണ്‌ ആക്ഷേപം.