ഓർമയുണ്ടോ ആ പഴയ പത്രിക

Sunday Mar 21, 2021

തിരുവനന്തപുരം > യുഡിഎഫ്‌ പുതിയ പ്രകടനപത്രിക വന്നപ്പോൾ നാട്ടുകാർ ഓർക്കുന്നത്‌ ആ പഴയ പത്രിക‌. 2011 ൽ യുഡിഎഫ്‌ പുറത്തിറക്കിയ പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിൽ ചിലത്‌ ഇവയാണ്‌:

37 ലക്ഷം പേർക്ക്‌ തൊഴിൽ, സ്‌ത്രീകൾക്കെതിരായ അക്രമം അവസാനിപ്പിക്കാൻ കർശന നടപടി, പരമദരിദ്ര കുടുംബങ്ങളെ ദത്തെടുക്കും, ഒരു രൂപയ്‌ക്ക്‌ അരി,  ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസനം, പത്തിൽ പഠിക്കുന്ന കുട്ടികൾക്ക്‌ സൈക്കിൾ, പ്ലസ്‌ടുകാർക്ക്‌ സൗരോർജ വിളക്ക്‌, കോളേജിലെത്തിയാൽ കംപ്യൂട്ടറും ബൈക്കും. ആരോഗ്യരംഗത്തെ പ്രധാന വാഗ്ദാനം എല്ലാവർക്കും ഹെൽത്ത്‌ ഇൻഷുറൻസ്‌ ആയിരുന്നു. മാലിന്യ മുക്തകേരളം, ഏഴുദിവസംകൊണ്ട്‌ പുതിയ വൈദ്യുതി കണക്‌ഷൻ, മൂന്നു ശതമാനം പലിശയ്‌ക്ക്‌ കാർഷിക വായ്പ. 

2016ൽ യുഡിഎഫ്‌ അധികാരം ഒഴിയുമ്പോൾ പെരുമ്പാവുരിൽ ജിഷയുടെ കൊലപാതകമുൾപ്പെടെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക്‌ റെക്കോഡിട്ട സംസ്ഥാനമായി. അന്നത്തെ പൊലീസ്‌ റിപ്പോർട്ട്‌ പ്രകാരം സ്‌ത്രീകൾക്കെതിരായ അക്രമം 11.5 ശതമാനം വർധിച്ചു. ഒരു രൂപയ്‌ക്ക്‌ അരി നൽകിയില്ലെന്ന്‌ മാത്രമല്ല, ഉള്ള റേഷൻപോലും ഇല്ലാതാക്കി. റേഷൻകടകളിൽ പട്ടിയും പൂച്ചയും പെറ്റുകിടക്കുന്ന വാർത്തകൾ വന്നു. കുട്ടികൾക്ക്‌ സൈക്കിൾ പോയിട്ട്‌ പാഠപുസ്തകംപോലും നൽകിയില്ല. പവർകട്ട്‌ സിനിമകളിൽവരെ വിഷയമായി. മണൽ, ഭൂമി മാഫിയയെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുമെന്ന്‌ പറഞ്ഞ ഉമ്മൻചാണ്ടി സർക്കാർ മാഫിയകളെ സഹായിക്കാനായിമാത്രം 822 ഉത്തരവിറക്കി. 34 ലക്ഷം പേർ അംഗങ്ങളായ വിവിധ ക്ഷേമനിധികളിൽ 1397 കോടി രൂപ കുടിശ്ശികയാക്കി‌. ‌ തൊഴിൽ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയേക്കാൾ പിന്നിലായി. വയനാട്ടിലടക്കം കർഷകരുടെ ആത്മഹത്യ വർധിച്ചു.
അഞ്ച്‌ വർഷംകൊണ്ട്‌ ഉമ്മൻചാണ്ടി സർക്കാരിന്‌ പ്രകടനപത്രികയിലെ പത്ത്‌ ശതമാനംപോലും നടപ്പാക്കാനായില്ല എന്നത്‌ ചർച്ചയായി. ഒടുവിൽ യുഡിഎഫ്‌ വെബ്‌സൈറ്റിൽനിന്ന്‌ പ്രകടനപത്രിക പിൻവലിക്കേണ്ടി വന്നു. ഇതൊന്നും പോരാഞ്ഞ്‌, എം എം ഹസനാണ്‌ പത്രിക തയ്യാറാക്കിയതെന്ന്‌ മലയാള മനോരമ വാർത്തയും കൊടുത്തു.