ഇവിടെ കല്യാണം 
കളറാകും

Friday Mar 19, 2021
സുജിത്‌ ബേബി
ഉറപ്പാണ്‌ സന്തോഷം കോഴിക്കോട്‌ ഭട്ട്‌ റോഡ്‌ ബീച്ചിന്‌ സമീപത്തെ സമുദ്ര കല്യാണ മണ്ഡപത്തിൽ ആദ്യ കല്യാണം ബുക്ക്‌ ചെയ്‌ത രമിതയും വീട്ടുകാരും സന്തോഷം പങ്കിടുന്നു


കോഴിക്കോട്‌
ഏപ്രിൽ മൂന്നിന്‌ രമിതയ്‌ക്കും മെയ്‌ 23ന്‌ അനുഷയ്‌ക്കും വിവാഹമാണ്‌‌. കല്യാണഹാൾ‌ കാണാൻ കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പമെത്തിയ ഇരുവർക്കും വലിയ അൽഭുതം. മുന്നിൽ അത്യാധുനിക സൗകര്യങ്ങളുള്ള കല്യാണമണ്ഡപം, കരിങ്കല്ല്‌ പാകിയ മുറ്റം, ബദാം മരങ്ങളെ ചുറ്റിയ കരിങ്കൽക്കെട്ടുകൾ.  ഏതെങ്കിലും ആഡംബര ഓഡിറ്റോറിയമാണെന്ന്‌ കരുതിയെങ്കിൽ തെറ്റി, കോഴിക്കോട്‌ ഭട്ട്‌ റോഡ്‌ ബീച്ചിന്‌ സമീപത്തായി‌ എ പ്രദീപ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പണിതുയർത്തിയ ‘സമുദ്ര’ ഹാളാണിത്‌‌. ‘ഇവിടെ കല്യാണം നടത്തിയാൽ പൊളിയായിരിക്കും. ഔട്ട്‌ഡോർ ഷൂട്ടിന്‌ വേറെവിടേം പോണ്ടല്ലോ’ രണ്ടാൾക്കും ഒരേ അഭിപ്രായം.

മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിവാഹസൽക്കാരമടക്കമുള്ള ചടങ്ങുകൾ നടത്താൻ ഒരിടമെന്ന ലക്ഷ്യത്തോടെയാണ്‌ അറബിക്കടലിന്‌ അഭിമുഖമായി‌ ഈ പുത്തൻ രമ്യഹർമ്യം ‘സമുദ്ര’ പടുത്തുയർത്തിയത്‌. 

ഹാളിലെ ആദ്യ വിവാഹസൽക്കാരം രമിതയുടേതാണ്‌. അമ്പലത്തിൽ വിവാഹം നടത്താൻ‌ തീരുമാനിച്ചിട്ടാണ്‌ സൽക്കാരത്തിന്‌ സ്ഥലമന്വേഷിച്ചത്‌. വിവാഹവും ഇവിടെ നടത്തിയാൽ മതിയായിരുന്നുവെന്ന്‌ അച്ഛൻ ഹരിദാസും അമ്മ ബിന്ദുവും പറയുന്നു. അനുഷയുടെ ഉമ്മ അത്താണിക്കൽ സ്വദേശി ഉമൈബാനും ഹാളിനെക്കുറിച്ച്‌  പറയാൻ നൂറുനാവാണ്‌.

അടുത്തടുത്ത രണ്ടും മൂന്നും വീട്ടുമുറ്റത്തായാണ്‌‌ മത്സ്യത്തൊഴിലാളികൾ മക്കളുടെ വിവാഹം നടത്തിയിരുന്നത്‌.  മഴവെള്ളം വീണ്‌ ഭക്ഷണം കഴിക്കാനാകാതെ ആളുകൾ എഴുന്നേറ്റുപോയ സംഭവം പോലുമുണ്ടായിട്ടുണ്ട്‌. ‘ഞങ്ങളെപ്പോലുള്ളവർക്ക്‌ സ്വപ്‌നം കാണാൻ കഴിയാത്ത സൗകര്യങ്ങളാണ്‌ ഇവിടെയുള്ളത്‌’ –- ഉമൈബാൻ പറഞ്ഞു.