തുറന്നു ആ നടയും

Friday Mar 19, 2021
സി എൻ റെജി
ആലുവ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ പൂജാരി യദു കൃഷ്‌ണൻ ഭക്തർക്ക്‌ പ്രസാദം നൽകുന്നു / മനു വിശ്വനാഥ്


കൊച്ചി
‘നമ്മക്കും ചേത്ത്രത്തീ പോകാം, പോയി തൈവത്തെ തൊട്ടു തൊഴാവെ’ 1936ലെ ക്ഷേത്ര പ്രവേശന വിളംബരം വന്നപ്പോൾ കേരളത്തിലെ പട്ടികജാതി, പിന്നോക്ക വിഭാഗക്കാർ പാടി നടന്നു. ഇന്ന്‌ 21ാം നൂറ്റാണ്ടിലെ ക്ഷേത്ര പ്രവേശന വിളംബരമെന്ന്‌ വിശേഷിപ്പിക്കാവുന്ന തീരുമാനത്തിനുശേഷം കേരളത്തിലെമ്പാടും കാണാവുന്ന മറ്റൊരു കാഴ്‌ചയുണ്ട്‌. തന്ത്രവിദ്യ പഠിച്ച എല്ലാവർക്കും ജാതീയ വേർതിരിവില്ലാതെ ശാന്തിക്കാരാകാമെന്ന അപൂർവ മാതൃക.

കൊരട്ടിക്കാരൻ യദുകൃഷ്‌ണനും വൈക്കംകാരൻ ദേവനും ശ്രീകോവിലിൽനിന്ന്‌ വിശ്വാസികൾക്ക്‌ പ്രസാദവും അനുഗ്രഹങ്ങളും നൽകുന്നത്‌ ധീരമായ സർക്കാർ തീരുമാനത്തിന്റെ ഫലമാണ്‌. പിണറായി വിജയൻ സർക്കാർ വന്നശേഷം ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴി തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലായി 460 പേരെ ശാന്തിക്കാരായി നിയമിച്ചു. ഇതിൽ പിന്നോക്കക്കാർ 247 പേരും പട്ടികജാതി/വർഗ വിഭാഗങ്ങളിലുള്ളവർ 44 പേരുമാണ്‌.

‘ കർമ്മം കൊണ്ടാണ്‌, ജന്മംകൊണ്ടല്ല ബ്രാഹ്മണനാകേണ്ടതെന്ന ചിന്തയാണ്’‌ സർക്കാർ തീരുമാനത്തിന്‌ പിന്നിലുള്ളതെന്ന്‌ ആലുവ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ശാന്തിക്കാരൻ യദുകൃഷ്‌ണൻ പറഞ്ഞു.  മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്ര വിദ്യാപീഠത്തിൽ അനിരുദ്ധൻ തന്ത്രിയുടെ കീഴിൽ  2007ലാണ്‌ യദുവിന്‌ ദീക്ഷ ലഭിക്കുന്നത്‌.

കൂലിപ്പണിക്കാരായ കൊരട്ടി നാലുകെട്ട്‌ പുലിക്കുന്നത്ത്‌ രവിയുടെയും ലീലയുടെയും മകൻ‌. പട്ടികജാതി കുടുംബമായിരുന്നിട്ടും ക്ഷേത്രകാര്യങ്ങളിലുള്ള അറിവ്‌ ചെറുപ്പത്തിലേയുണ്ടായിരുന്നു.  ശ്ലോകങ്ങളും മന്ത്രങ്ങളും തത്വങ്ങളും ഇന്റർവ്യൂ ബോർഡിന്‌ മുമ്പാകെ നിസ്സംശയം ചൊല്ലിയത്‌  യദു ഓർക്കുന്നു. ആദ്യ നിയമനം തിരുവല്ല മണപ്പുറം മഹാദേവക്ഷേത്രത്തിൽ. ശബരിമലയിലും ജോലി ചെയ്‌തു.
വൈക്കത്ത്‌ അഷ്‌ടമിക്ക്‌ പ്രസാദം കൊടുക്കുന്നവരുടെ ലിസ്റ്റിൽനിന്ന്‌ തന്റെ പേര്‌ വെട്ടിയപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ടാണ്‌ പരിഹരിച്ചതെന്ന്‌ വൈക്കം സ്വദേശി ജി ജീവൻ പറഞ്ഞു.