വിഷ്ണു ഹീറോയാടാ... 
 ഹീറോ

Friday Mar 19, 2021
പി ഒ ഷീജ
വിഷ്ണു അച്ഛൻ രാജുവിനും അമ്മ ബീനയ്‌ക്കുമൊപ്പം / ശിവപ്രസാദ്‌ എം എ


കൽപ്പറ്റ
‘‘ഇഗ ഇല്ലി കള്ള് കുടിന്ന് കെച്ചാട്ടനും കാണി. ഒള്ളെെ സമാധാനവേ. ജീവിത സുഖായവെ ഇറത്’’(ഇപ്പോ ഇവിടെ കള്ള് കുടിയും അടിപിടിയുമൊന്നുമില്ല. നല്ല സമാധാനമുണ്ട്).

മുട്ടിൽ മലയിലെ കരിയാത്തൻപാറ ദേവകിയുടെ വാക്കുകളാണിത്‌. ദുർഘട പാതകൾ പിന്നിട്ട് ബി ആർ വിഷ്ണുവെന്ന ആദിവാസി യുവാവ്  പൊലീസ് സേനയുടെ പടവുകൾ കയറിയപ്പോൾ മാറിയത് തങ്ങളുടെ ജീവിതം കൂടിയാണെന്ന് ഇവർ പറയുന്നു. ഇപ്പോൾ ഈ കോളനിയിലെ ഹീറോയും  വിഷ്ണുതന്നെ. ആദിവാസികൾക്ക് പ്രത്യേക റിക്രൂട്ട്മെമെന്റ് വഴി നിയമനം നൽകിയതാണ് പ്രാക്തന ഗോത്ര വിഭാഗമായ കരിയാത്തൻപാറ കാട്ട്നായ്ക്ക കോളനിയിലെ വിഷ്ണുവിനും പൊലീസ് സേനയിലേക്ക് വഴി തെളിച്ചത്. ഒരു പൊലീസുകാരൻ കോളനിയുടെ ഭാഗമായപ്പോൾ ഇവിടത്തെ മദ്യപാനവും അടിപിടിയും ഒഴിഞ്ഞത് മാത്രമല്ല നേട്ടം. മലമുകളിൽനിന്നും കോളനിയിലെ കുട്ടികളെല്ലാം വിദ്യാലയങ്ങളിലെത്തി.

പഠിച്ച് ചേട്ടനെപ്പോലെ തൊഴിൽ നേടണമെന്ന് വിഷ്‌ണുവിന്റെ സഹോദരങ്ങളായ ശ്രീരാജും വിഷ്ണുപ്രിയയും വിദ്യാശ്രീയും പറയുന്നു.
വിഷ്ണു ഉൾപ്പെടെ 190 ആദിവാസി യുവാക്കൾക്കാണ് എൽഡിഎഫ് സർക്കാർ പൊലീസിൽ പ്രത്യേക റിക്രൂട്ട്മെന്റ് വഴി നിയമനം നൽകിയത്. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ പണിയ, അടിയ,  ഊരാളി,  കാട്ടുനായ്ക്ക, ചോലനായ്‌ക്ക, കറുമ്പർ വിഭാഗത്തിൽപ്പെട്ടവർക്കാണ്‌ നിയമനം നൽകിയത്.  വനാന്തർഭാഗത്തോ വനത്തോട് ചേർന്നോ ഉള്ള സെറ്റിൽമെന്റ് കോളനികളിൽ താമസിക്കുന്നവരെയാണ് പരിഗണിച്ചത്‌. ജോലി ലഭിച്ചതിൽ 125 പേരും വയനാട് ജില്ലക്കാരാണ്‌.