ആദ്യപ്രചാരണം 
അമ്മയ്‌ക്കുവേണ്ടി

Friday Mar 19, 2021

പാലാ തെരഞ്ഞെടുപ്പിൽ അമ്മയ്‌ക്കുവേണ്ടി വോട്ടുപിടിച്ച കാലമാണ്‌ മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ്‌ ചാൻസലറും ഗാന്ധിയനുമായ ഡോ. സിറിയക്ക്‌ തോമസിന്റെ തെരഞ്ഞെടുപ്പ്‌ ഓർമകളിൽ ആദ്യമെത്തുന്നത്‌‌. ‌ കേരള കോൺഗ്രസ്‌ രൂപീകരിച്ചശേഷം 1965ൽ പാലായിലെ തെരഞ്ഞെടുപ്പാണ്‌ രംഗം. കെ എം മാണിക്കെതിരെ കോൺഗ്രസ്‌ സ്ഥാനാർഥിയായാണ്‌ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മിസിസ്‌ ആർ വി തോമസ് (ഏലിക്കുട്ടി തോമസ്‌) മത്സരിച്ചത്‌‌. എംഎയ്‌ക്ക്‌ പഠിക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പിലും സജീവമായത്‌. കെ എം മാണിക്കായിരുന്നു ജയം.

67ൽ കോൺഗ്രസിന്റെ പാലാ ടൗൺ ‌ മണ്ഡലം പ്രസിഡന്റായി. 69ൽ കോൺഗ്രസ്‌ പിളർന്നപ്പോൾ മൊറാർജി ദേശായി‌ക്കൊപ്പംനിന്ന്‌ സംഘടനാ കോൺഗ്രസുകാരനായി. 27-ാം വയസ്സിൽ എഐസിസി മെമ്പർ. 71 ൽ മൂവാറ്റുപുഴ പാർലമെന്റ്‌ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്‌ചയിച്ചെങ്കിലും അമ്മ പിന്തിരിപ്പിച്ചു. പിന്നീട്‌ സജീവ രാഷ്ട്രീയം വിട്ട്‌ അക്കാദമിക്‌ മേഖലയിലേക്ക്‌ ശ്രദ്ധയൂന്നി. 1989ൽ ഇടതുപക്ഷ സ്വതന്ത്രനായി മൂവാറ്റുപുഴയിൽ‌ മത്സരിക്കാൻ ക്ഷണിച്ചിരുന്നു. 

രാഷ്ട്രീയത്തിലിറങ്ങി തറവാടും സ്വത്തും ജീവിതവും നഷ്ടപ്പെടുത്തിയ അക്കാമ്മ ചെറിയാന്റെ തെരഞ്ഞെടുപ്പും ഓർമയിലുണ്ട്‌. പി ടി ചാക്കോ എംപി സ്ഥാനം രാജിവച്ചശേഷമുള്ള ഉപതെരഞ്ഞെടുപ്പിൽ അക്കാമ്മ ചെറിയാനാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയാകേണ്ടത്‌. എന്നാൽ ജോർജ്‌ തോമസ്‌ കൊട്ടുകാപ്പള്ളിയെ മത്സരിപ്പിച്ചു. സ്വതന്ത്രയായി അവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  പിന്നീട്‌ സഹപ്രവർത്തകരും കോൺഗ്രസുകാരും തന്നെ മറന്നത്‌ പറഞ്ഞ്‌ അവർ കണ്ണീർപൊഴിക്കാറുണ്ടായിരുന്നുവെന്നും - സിറിയക്ക്‌ തോമസ്‌ പറഞ്ഞു.

തയ്യാറാക്കിയത്‌ : ബിജി കുര്യൻ