1991ൽ കോലീബി സ്ഥാനാർഥികളായി മത്സരിച്ച ഇരുവരും 
ആത്മകഥകളിലാണ്‌ രഹസ്യബന്ധം വെളിപ്പെടുത്തിയത്‌

തുറന്നുപറഞ്ഞ്‌ 
ഡോ. മാധവൻകുട്ടിയും രത്നസിംഗും

Thursday Mar 18, 2021
പി വി ജീജോ


കോഴിക്കോട്‌  
ബിജെപിയും ആർഎസ്‌എസുമായി യുഡിഎഫിന്‌ വോട്ടുകച്ചവടവും ധാരണയുമുണ്ടായിരുന്നുവെന്ന്‌ വെളിപ്പെടുത്തി  അഡ്വ. എം രത്നസിംഗിന്റെയും ഡോ. കെ മാധവൻകുട്ടിയുടെയും ആത്മകഥകൾ.  1991 -ൽ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ്‌–- മുസ്ലിംലീഗ്‌–-ബിജെപിയുടെ (കോലീബി) സ്ഥാനാർഥിയായിരുന്നു ഡോ. കെ മാധവൻകുട്ടി. അഡ്വ. എം രത്നസിംഗ്‌ വടകര ലോക്‌സഭാ മണ്ഡലത്തിൽ കോലീബി സ്വതന്ത്രനും. മായില്ലീ കനകാക്ഷരങ്ങൾ എന്ന ആത്മകഥയിൽ ഡോ. മാധവൻകുട്ടിയും  ‘എപിലോഗ്’ ‌(ഭരതവാക്യം) എന്ന കൃതിയിൽ   രത്നസിംഗും കോലീബി ബന്ധം തറുന്നുസമ്മതിച്ചിട്ടുണ്ട്‌. 

അഡ്വ. എം രത്നസിംഗ്‌/ ഡോ. മാധവൻകുട്ടി

അഡ്വ. എം രത്നസിംഗ്‌/ ഡോ. മാധവൻകുട്ടി



 

ആർഎസ്‌എസ് ‌
ഓഫീസിൽ ചർച്ച,  ലീഗ്‌ നേതാക്കളും പങ്കെടുത്തു
ആർഎസ്‌എസ്‌ കാര്യാലയത്തിൽ നടന്ന ചർച്ചയിലാണ്‌ ബേപ്പൂരിൽ കോലീബി സഖ്യത്തിന്റെ പൊതുസ്ഥാനാർഥിയാകാൻ തീരുമാനിച്ചതെന്നാണ്‌ ഡോ. മാധവൻകുട്ടി ആത്മകഥയിൽ പറയുന്നത്‌‌.  ‘‘ബേപ്പൂരിൽ കോൺഗ്രസ്‌–-മുസ്ലിംലീഗ്‌–-ബിജെപി പൊതുസ്വതന്ത്രനായി മത്സരിക്കണമെന്നായിരുന്നു ആവശ്യം. കോഴിക്കോട്‌ പൂന്താനം റോഡിലെ ആർഎസ്‌എസ്‌ കാര്യാലയത്തിലായിരുന്നു പ്രാഥമിക ചർച്ച.‌

കോൺഗ്രസിൽ നിന്ന്‌ കെ കരുണാകരനും എം പി ഗംഗാധരനും വന്നു. മുസ്ലിംലീഗിൽനിന്ന്‌ പി കെ കുഞ്ഞാലിക്കുട്ടിയും കെ എൻ എ ഖാദറും അബ്ദുറഹ്മാൻ രണ്ടത്താണിയും. ബിജെപിയുടെ ഭാഗത്തുനിന്ന്‌ കെ ജി മാരാരും പി പി മുകുന്ദനും. ഇവർ  ചർച്ച നടത്തിയാണ്‌   ധാരണയുണ്ടാക്കിയത്‌. തുടർന്ന്‌ ഫറോക്ക്‌ പിഡബ്ല്യുഡി റസ്‌റ്റ്‌ ഹൗസിലായി കൂടിയാലോചനകൾ. ആർഎസ്‌എസ്‌ നേതാക്കളായ പി പരമേശ്വരനും പി ഗോപാലൻകുട്ടിയും അറിഞ്ഞായിരുന്നു ചർച്ചകൾ. തെരഞ്ഞെടുപ്പിനായി ഫറോക്കിലെ ബേപ്പൂർ മണ്ഡലം ഓഫീസിലിരുന്നു ലീഗ്‌–-ബിജെപി നേതാക്കൾ യോജിച്ചാണ്‌ പ്രചാരണം നടത്തിയത്‌. ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ ഒരു പക്ഷെ ഏറ്റവുമധികം തെരഞ്ഞെടുപ്പ്‌ യോഗത്തിൽ സംസാരിച്ചത്‌ തനിക്ക്‌ വോട്ടഭ്യർഥിച്ചാകും.  പതിനഞ്ച്‌ യോഗത്തിൽ തങ്ങൾ സംസാരിച്ചിരുന്നു–- ആത്മകഥയിൽ മാധവൻകുട്ടി കുറിച്ചു.

കോലീബിയായത്‌ ‌  
നിർബന്ധത്തിലെന്ന്‌ 
രത്നസിംഗ്‌
‘‘കെപിസിസി പ്രസിഡന്റ്‌ സി വി പത്മരാജനാണ്‌ വടകരയിൽ പൊതുസ്വതന്ത്രനാകണമെന്ന്‌ ആദ്യം ആവശ്യപ്പെട്ടത്‌. പിന്നീട്‌  കെ കരുണാകരൻ സമീപിച്ചു. ലീഗ്‌‌ നേതാക്കളായ ഉമ്മർ ബാഫഖി തങ്ങൾ, ബി വി അബ്‌ദുള്ളക്കോയ  എന്നിവരും സമ്മർദവുമായെത്തി. രാജീവ്‌ഗാന്ധിക്ക്‌ പ്രത്യേക താൽപ്പര്യമുണ്ടെന്ന്‌ കരുണാകരൻ അറിയിച്ചു. ആർഎസ്‌എസ്‌ ഓഫീസിൽ നടത്തിയ ചർച്ചയിലാണ്‌ സ്ഥാനാർഥിത്വം ഉറപ്പാക്കിയത്‌. തനിക്കായി ബിജെപി–-ലീഗ്‌ പ്രവർത്തകർ നന്നായി പ്രവർത്തിച്ചതായും രത്നസിംഗ്‌ ആത്മകഥയിൽ ഓർത്തു.‌‌