തോൽവികളേറ്റുവാങ്ങാൻ ഇനിയും...

Thursday Mar 18, 2021

തിരുവനന്തപുരം
നിയമസഭാംഗമാകുകയോ നിയമസഭയെ അഭിമുഖീകരിക്കുകയോ ചെയ്യാതെ മന്ത്രിയാകുക. പിന്നീട്‌ ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട്‌ മന്ത്രിസ്ഥാനം രാജിവയ്‌ക്കുക. നേമത്ത്‌ യുഡിഎഫ്‌ കളത്തിലിറക്കിയ ‘ഹൈവോൾട്ടേജ്‌’ സ്ഥാനാർഥി കെ മുരളീധരന്റെ മുൻകാല പരാജയ ചരിത്രത്തിൽ ഒന്നുമാത്രമാണിത്‌. പിന്നീട്‌ രണ്ട്‌ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഒരു തവണ നിയമസഭാ തെരഞ്ഞെടുപ്പിലും മുരളീധരൻ കനത്ത പരാജയം ഏറ്റുവാങ്ങി.

2001ൽ എ കെ ആന്റണിയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ അധികാരത്തിലേറുമ്പോൾ കെപിസിസി അധ്യക്ഷനായിരുന്നു മുരളീധരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന മുരളീധരൻ 2004 ഫെബ്രുവരി 11ന്‌ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റു. മന്ത്രിസ്ഥാനം നിലനിർത്താൻ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വടക്കാഞ്ചേരി മണ്ഡലത്തിൽ അദ്ദേഹം ഉപതെരഞ്ഞെടുപ്പ്‌ നേരിട്ടു. കെ കരുണാകരന്റെ ഉറച്ച അനുയായി വി ബാലറാം 9031 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ജയിച്ച വടക്കാഞ്ചേരിയിൽ പരാജയപ്പെടാനായിരുന്നു വിധി. സിപിഐ എമ്മിലെ എ സി മൊയ്‌തീൻ മൂവായിരത്തിലധികം വോട്ടുകൾക്ക്‌ വിജയിച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പിൽ തോറ്റ ഏക മന്ത്രിയെന്ന റെക്കോഡ്‌ മുരളീധരൻ സ്വന്തമാക്കി.


 

തെരഞ്ഞെടുപ്പ്‌ ഫലം വന്ന മെയ്‌ 14ന്‌ തന്നെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്‌ മുരളീധരൻ ആദ്യ പരാജയം ഏറ്റുവാങ്ങിയത്‌. അന്ന്‌ കോഴിക്കോട്‌ എൽഡിഎഫ്‌ സ്ഥാനാർഥി എം പി വീരേന്ദ്ര കുമാറിനോട്‌ 38,703 വോട്ടിനാണ്‌ തോറ്റത്‌.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മുരളീധരൻ നാണംകെട്ടു. യുഡിഎഫ്‌ കോട്ടയെന്നറിയപ്പെടുന്ന കൊടുവള്ളിയിൽ അന്ന്‌ പുതുമുഖമായ പി ടി എ റഹീമിനോട്‌ 7506 വോട്ടിന്‌ തോറ്റു. 2001ൽ യുഡിഎഫ്‌ സ്ഥാനാർഥി സി മമ്മൂട്ടി 16,877 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഹൈവോൾട്ടേജ്‌ തോൽവി.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു. എൻസിപി സ്ഥാനാർഥിയായി വയനാട്‌ മണ്ഡലത്തിൽ ജനവിധി തേടിയപ്പോൾ‌ ആകെ കിട്ടിയ വോട്ട്‌ 99,663. വിജയിച്ച കോൺഗ്രസിലെ എം ഐ ഷാനവാസിന്റെ ഭൂരിപക്ഷം 1,53,439. മുരളീധരന്റെ വരവ്‌ ഷാനവാസിന്റെ പരാജയത്തിനിടയാക്കുമെന്ന രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകൾ അസ്ഥാനത്താക്കിയാണ്‌ അദ്ദേഹം വീണ്ടും നാണംകെട്ടത്‌.