കായികവേഗത്തിന്‌ കുതിപ്പേകിയ കാലുകൾക്ക്‌ പരിക്കേറ്റ സങ്കടംകൂടി കേട്ടാലേ 
ലിന്റോയുടെ കഥ പൂർത്തിയാകൂ‌‌

ആ ഓട്ടക്കാരനാണിത്‌

Thursday Mar 18, 2021
സയൻസൺ

 

കോഴിക്കോട്‌
അതിവേഗത്തിൽ പറന്ന ഒരു കാലമുണ്ട്‌ ലിന്റോ ജോസഫിന്‌. കേരളത്തിനായി‌ ഗോവ ദേശീയ കായികമേളയിൽ ഓടിയതടക്കം. ഇന്ന്‌ മുടന്തി നടന്ന്‌ വോട്ട്‌ തേടുന്ന തിരുവമ്പാടിയിലെ എൽ ഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫിനെ നോക്കി ടോമി ചെറിയാൻ പറഞ്ഞു: ‘‘ ഇവൻ ജയിച്ചുവരും, മലയോരത്തിന്റെ പ്രയാസം കണ്ടറിഞ്ഞവനാണ്‌, ഇവിടെ പുതിയ മൈതാനങ്ങളുണ്ടാക്കാനും കായികപരിശീലന കേന്ദ്രം തുടങ്ങാനും ലിന്റോ ശ്രമിക്കുമെന്ന കാര്യവും ഉറപ്പാണ്‌. ’’

പുല്ലൂരാംപാറ എച്ച്‌എസ്‌എസിൽ പഠിക്കുമ്പോൾ ലിന്റോയിലെ കായിക താരത്തെ തിരിച്ചറിഞ്ഞ്‌ ദേശീയതലത്തിൽ വരെ മത്സരിപ്പിച്ചത്‌ ടോമി ചെറിയാനാണ്‌.  1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന തല വിജയി‌. മലബാർ സ്‌പോർട്‌‌സ്‌ അക്കാദമി മുഖ്യപരിശീലകനാണ്‌ ടോമി ചെറിയാൻ.  ‘മലയോരത്ത്‌ മികച്ച കായിക താരങ്ങളുണ്ടെങ്കിലും അവർക്ക്‌ പരിശീലനം നൽകാൻ സൗകര്യമുള്ള മൈതാനമോ  സംവിധാനങ്ങളോ ഇല്ല,  ഉണ്ടായിരുന്നെങ്കിൽ ലിന്റോ ദേശീയ താരമാകുമായിരുന്നു ’ –- അദ്ദേഹം പറഞ്ഞു.‌

പ്ലസ്‌ടുവിന്‌ കോട്ടയം ഏന്തയാർ  (മർഫി) സ്‌കൂളിൽ  സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം കിട്ടിയ ലിന്റോവിന്‌ ദ്രോണാചാര്യ അവാർഡ് ജേതാവ് കെ പി തോമസ് മാഷിന്റെ   പരിശീലനവും ലഭിച്ചു. 2007 ലെ ഗോവ നാഷണൽ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച്‌ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക്‌ ഉയർന്നപ്പോൾ ടോമി ചെറിയാനടക്കം നേരിയ നിരാശയുണ്ടായി. എന്നാൽ പ്രിയശിഷ്യൻ മലയോരത്തിന്റെയും വിദ്യാർഥി–-യുവജനലോകത്തിന്റെയും നേതാവായി വളർന്നപ്പോൾ ഈ കായികാധ്യാപകനും സന്തോഷിക്കുകയാണ്‌. കൂടരഞ്ഞി പഞ്ചായത്ത്‌ പ്രസിഡന്റാണ്‌ ലിന്റോ‌. 

കായികവേഗത്തിന്‌ കുതിപ്പേകിയ കാലുകൾക്ക്‌   പരിക്കേറ്റ സങ്കടം കൂടി കേട്ടാലേ ലിന്റോയുടെ കഥ പൂർത്തിയാകൂ. വലതുകാൽമുട്ടിന് താഴേയ്ക്ക്‌ തൊട്ടാലറിയില്ല.  നാട് പ്രളയത്തിൽ മുങ്ങിയ 2019 ആഗസ്ത് 12-ന്‌ പെരുന്നാൾ ദിനത്തിൽ കൂമ്പാറ മാങ്കുന്ന് ആദിവാസി കോളനിയിലെ അർബുദ രോഗിയായ ബിജുവിനെ  ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ  അപകടത്തിൽപ്പെട്ടാണ്‌ വലതുകാലിന്‌ ഗുരുതര പരിക്കേറ്റത്‌.  പെരുന്നാൾ ദിനമായതിനാൽ  ഡ്രൈവർമാരില്ലാത്തതുകൊണ്ട്‌  വണ്ടിയെടുത്തത് ലിന്റോയായിരുന്നു. നാല്‌ ശസ്ത്രക്രിയക്ക് ശേഷമാ-ണ് മുടന്തിയെങ്കിലും നടക്കാൻ പറ്റുന്നത്‌. ഊന്നുവടിയുമായാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനം.