സന്തോഷപൂർവം കീഴാറ്റൂർ

Thursday Mar 18, 2021
സതീഷ്‌ ഗോപി
സന്തോഷ്‌ കീഴാറ്റൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിനു‌ മുമ്പിൽ / മിഥുൻ അനിലാ മിത്രൻ

‌കണ്ണൂർ
‘പണ്ട്‌ കണ്ണൂരിലെ ആളുകൾക്ക്‌ ഗുരുതരരോഗം വന്നാൽ ചികിത്സ വലിയ പാടാണ്‌. ഒന്നുകിൽ മംഗളൂരുവിലേക്ക്‌,  അല്ലെങ്കിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്കോ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കോ ജീവനും വാരിപ്പിടിച്ച്‌ ഓടണം. അവിടെയെത്തിയാലോ ഭാരിച്ച സാമ്പത്തികബാധ്യതയും. പരിയാരം സഹകരണ മെഡിക്കൽ കോളേജ്‌ സർക്കാർ ഏറ്റെടുത്ത്‌ കണ്ണൂർ മെഡിക്കൽ കോളേജാക്കിയതോടെ ഈ കഷ്ടപ്പാടിനാണ്‌ അറുതിവന്നത്‌. പറയുന്നത്‌ യുവനടൻ സന്തോഷ്‌ കീഴാറ്റൂർ.

പരിയാരത്തിനടുത്ത നാട്ടുകാരൻ എന്നനിലയിൽ സന്തോഷ്‌, എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങളോട്‌ ഐക്യപ്പെടുന്നതിന്റെ നിരവധി അനുഭവങ്ങളുണ്ട്‌. അതിൽ പ്രധാനമാണ്‌ പരിയാരം മെഡിക്കൽ കോളേജ്‌. അഭിനയമുഹൂർത്തങ്ങൾക്ക് കൈയടിക്കുന്ന ആരും സന്തോഷിന്റെ അഭിപ്രായവും  മുഖവിലയ്‌ക്കെടുക്കും. കാരണം, വർഷങ്ങൾക്കുമുമ്പുവരെ മംഗളൂരുവിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിച്ചിരുന്ന മലബാർ എക്‌സ്‌പ്രസിലെ ബോഗികളിൽ അധികവും വടക്കേ മലബാറിലെ രോഗികളെ കുത്തിനിറച്ച ആംബുലൻസുപോലെയാണ്‌ പാഞ്ഞിരുന്നത്‌ എന്നത്‌ വാസ്‌തവം.

പരിയാരത്തിന്‌ 
പുനർജനി
പൂർത്തിയാക്കാത്ത പദ്ധതികളുടെ ഉദ്‌ഘാടനംപോലെയായിരുന്നു ഉമ്മൻചാണ്ടി സർക്കാരിന്റെ പരിയാരം മെഡിക്കൽ കോളേജ്‌ ഏറ്റെടുക്കൽ. കടലാസിൽമാത്രം സഫലമാകുന്ന പദ്ധതി. ഈ അനിശ്ചിതാവസ്ഥയ്‌ക്ക്‌ പരിഹാരമായത്‌ 2019 മാർച്ച്‌ 18ന്‌ പിണറായി സർക്കാർ ഏറ്റെടുത്തതോടെയാണ്‌. ആ ഏറ്റെടുക്കലിന്റെ വാർഷികദിവസംകൂടിയായ വ്യഴാഴ്‌ച മെഡിക്കൽ സൂപ്രണ്ട്‌ കെ സുദീപ്, പ്രിൻസിപ്പൽ ഡോ. കെ എം കുര്യാക്കോസ്‌ എന്നിവരുടെ മുമ്പിലിരുന്ന്‌‌ ആശുപത്രിയുടെ ഭാവിവികസനത്തിന്റെ കഥയും സന്തോഷ്‌ കേട്ടു.  സൂപ്പർഹിറ്റാകാൻ പോകുന്ന ഒരു തിരക്കഥ കേൾക്കുന്ന സന്തോഷഭാവത്തോടെ.

പരിയാരം ദേശീയപാതയോരത്ത്‌ അത്യാധുനിക ട്രോമാ കെയർ ബ്ലോക്ക്‌ സംവിധാനമാണ്‌ ഉടൻ യാഥാർഥ്യമാകുന്ന വൻ പദ്ധതി. അപകടത്തിൽപ്പെടുന്നവരുടെ ജീവൻ തിരിച്ചുപിടിക്കാനുള്ള സുവർണനിമിഷങ്ങൾ നഷ്ടപ്പെടാതിരിക്കാനുള്ള കരുതൽ. മാസ്റ്റർപ്ലാൻ തയ്യാറാക്കി പ്രത്യേക മെഡിക്കൽ കോളേജ്‌ ക്യാമ്പസ്‌ എന്ന നിലയിൽ ആശുപത്രിയെ പുനർരൂപകൽപ്പന ചെയ്യും. പുതിയ റേഡിയോളജി ബ്ലോക്ക്‌. ഡെന്റൽ കോളേജ്‌ ബ്ലോക്ക്‌, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌, മെറ്റേണൽ ആൻഡ്‌ ചൈൽഡ്‌ ബ്ലോക്ക്‌, രോഗികൾക്ക്‌ ഡോർമിറ്ററി, ഫാക്കൽറ്റികൾ തുടങ്ങി വടക്കേ മലബാറിന്റെ ചികിത്സാമേഖലയ്‌ക്ക്‌ വഴിത്തിരിവാകുന്ന പരിഷ്‌കരണങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌. സർക്കാർ ഏറ്റെടുത്തശേഷം ട്രോമാ കെയർ ബ്ലോക്കിന്‌ കിഫ്‌ബിയിൽ 57.70 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ഇതിന്റെ രണ്ടാംഘട്ടവികസനത്തിന്‌ 37 കോടിരൂപയും നീക്കിവച്ചിട്ടുണ്ട്‌. 1540 പുതിയ തസ്‌തികയും കരുത്തേകും.