വയോജനങ്ങൾക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച്‌ ഇടതുസർക്കാർ

വഴിതുറന്ന വയോമിത്രം

Thursday Mar 18, 2021
അശ്വതി ജയശ്രീ
അച്ഛനും അമ്മയ്ക്കും ഒപ്പം രാമദാസനും കുടുംബവും


തിരുവനന്തപുരം
കഴക്കൂട്ടം പുല്ലാട്ടുകരി സ്വദേശി എഴുപത്തിയേഴുകാരൻ ശങ്കരൻകുട്ടിക്കും ഭാര്യ ആനന്ദവല്ലിക്കും സ്വന്തം ആവശ്യങ്ങൾ മകനോട്‌ പറയണ്ട കാര്യമില്ല. ഇരുവർക്കും മാസാമാസം കൃത്യമായി ലഭിക്കുന്ന വാർധക്യ പെൻഷനിലൂടെ കാര്യങ്ങളെല്ലാം കൃത്യമായി നടക്കും. കഴക്കൂട്ടത്ത്‌ തട്ടുകട നടത്തുകയായിരുന്നു ശങ്കരൻകുട്ടി. രോഗങ്ങൾ ബുദ്ധിമുട്ടിച്ച്‌ തുടങ്ങിയതോടെ അത്‌ നിർത്തി. മകനൊപ്പമാണ്‌ താമസമെങ്കിലും തങ്ങൾക്ക്‌ വേണ്ടതെല്ലാം ഈ സർക്കാർ തരുന്നുണ്ടെന്ന്‌ ശങ്കരൻകുട്ടി പറഞ്ഞു. വയോമിത്രം പദ്ധതിയിലൂടെ ഇരുവർക്കും മരുന്നും ലഭിച്ചിരുന്നു.

അഞ്ച്‌ പേരടങ്ങുന്ന കുടുംബത്തിൽ രണ്ടുപേർക്ക്‌ വാർധക്യ പെൻഷൻ ലഭിക്കുന്നത്‌ ജീവിതത്തിൽ വലിയ മാറ്റമാണുണ്ടാക്കിയതെന്ന്‌‌ തൃശൂർ മുക്കാട്ടുകര സ്വദേശി രാമദാസൻ ചൂണ്ടിക്കാട്ടുന്നു. ഭാര്യ രമാദേവിയും മകൾ ഗ്രിഷയും ഭാര്യയുടെ മാതാപിതാക്കളായ ഭാസ്‌കരൻനായരും ലക്ഷ്‌മിക്കുട്ടിയമ്മയും അടങ്ങുന്നതാണ്‌ കുടുംബം. "അമ്മയ്ക്കും അച്ഛനും പെൻഷൻ ലഭിക്കുന്നതിനാൽ അവരുടെ ആവശ്യങ്ങൾ അതിലൂടെ നടന്നുപോകും. ഓട്ടോ ഡ്രൈവറായതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്‌. പെട്രോൾവില കത്തിക്കയറുന്നതിനാൽ എത്ര ഓടിയാലും നഷ്‌ടം മാത്രമാണുള്ളത്‌. എന്നാൽ, മാസം കിട്ടുന്ന കിറ്റും മാവേലി സ്‌റ്റോറിൽ വിലക്കുറവിൽ കിട്ടുന്ന സാധനങ്ങളുമൊക്കെ ഞങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നതിന്റെ ഭാഗമാണ്‌.'–-രാമദാസന്റെ വാക്കുകളിൽ സ്‌നേഹവും നന്ദിയും മാത്രം. 60 വയസ്സ്‌‌ പൂർത്തിയായതിനാൽ രാമദാസനും പെൻഷന്‌ അപേക്ഷിച്ചുകഴിഞ്ഞു.