‘ഒമ്പതു വർഷമാണ് രണ്ടേക്കർ ഭൂമി തരിശിട്ടത്. ഇന്ന്‌ നൂറുമേനിയാണ്‌ വിളവ്‌'

ദിതാണ്‌ കൊയ്‌ത്ത്‌‌

Thursday Mar 18, 2021
എസ്‌ സിരോഷ
തരിശുനിലത്തിൽ വിളയിച്ച നെല്ല്‌ ഉണക്കാനായി വണ്ടിയിൽ കൊണ്ടുവരുന്നു / സുമേഷ്‌ കോടിയത്ത്‌


പാലക്കാട്‌
തരിശുഭൂമിയിൽ കൃഷിയിറക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. നല്ലേപ്പിള്ളി കല്ലൻകാട്‌ ശ്രീനിലയത്തിൽ ആർ രമേഷ്‌ ആ വെല്ലുവിളി ഏറ്റെടുത്തു. ആ തീരുമാനം നൂറു ശതമാനം ശരിവയ്‌ക്കുന്നു രമേഷിന്റെ കൃഷിയിടം. ഇത്തവണ ലഭിച്ചത് മികച്ച വിളവ്, കൂട്ടിയിട്ട നെൻമണി ചൂണ്ടിക്കാട്ടി‌ രമേഷ് സന്തോഷത്തോടെ പറയുന്നു.

‘ഒമ്പതു വർഷമാണ് രണ്ടേക്കർ ഭൂമി തരിശിട്ടത്. ഇന്ന്‌ നൂറുമേനിയാണ്‌ വിളവ്‌. നെൽപ്പാടത്ത്‌ വെന്നിക്കൊടി പാറിച്ചതിന്റെ ആവേശമാണ് ഇന്ന് രമേഷിന്. അയൽവാസി തരിശിട്ട നെൽപ്പാടം പാട്ടത്തിനെടുത്താണ്‌ രമേഷ്‌ കൃഷിയിറക്കി വിജയംവരിച്ചത്. ‘തരിശിട്ട ഭൂമി കാണുമ്പോൾ ചങ്കു പിടയുമെങ്കിലും ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടായില്ല. എന്നാൽ, ലോക്‌ഡൗൺ കാലത്ത്‌ എൽഡിഎഫ്‌ സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി ധൈര്യം പകർന്നു.

കൃഷിവകുപ്പിൽനിന്ന്‌ സഹായവും ലഭിച്ചു. ജലക്ഷാമം രൂക്ഷമായിരുന്ന പ്രദേശത്ത്‌ വെള്ളം എത്തുകയും ചെയ്‌തതോടെ പിന്നെ ആലോചിച്ചില്ല.  
തരിശുകൃഷിക്കായി 29,000 രൂപയാണ്‌ സർക്കാർ സബ്‌സിഡി നൽകിയത്‌. കഴിഞ്ഞ ഒന്ന്‌, രണ്ട്‌ വിളകളിൽ കൃഷിയിറക്കി. അഞ്ചു വർഷത്തിലാണ്‌ സർക്കാരിന്റെ കൃഷി പ്രോത്സാഹനം കർഷകർക്ക്‌ യഥാർഥത്തിൽ അനുഭവപ്പെടാൻ തുടങ്ങിയത്‌‌. ഇത്തവണ കൃഷിഭവനിൽനിന്ന്‌ 200 കിലോ നെൽവിത്ത്‌ സൗജന്യമായി ലഭിച്ചു. ഉഴവുകൂലിയും കിട്ടുന്നുണ്ട്, നെല്ലിന് താങ്ങുവില‌യും വർധിച്ചു.  നെല്‍കൃഷി ചെയ്യുന്ന കര്‍ഷകന് വര്‍ഷംതോറും റോയൽറ്റിയും കിട്ടിത്തുടങ്ങി.  ഹെക്ടറിന്  20-00 രൂപ. കൃഷിക്ക്‌ വെള്ളമെത്തുന്ന കനാലുകളൊക്കെ വൃത്തിയാക്കിയതോടെ ജലസേചനവും സുഗമമായി. കൃഷി പരിപാലിക്കാൻ സന്നദ്ധതയുള്ള കർഷകന്‌ പൊന്ന്‌ വിളയിക്കാൻ ഇത്‌ ധാരാളം.

നെല്ലിനൊപ്പം കൃഷിക്കായി നിർമിച്ച കുളത്തിൽ മത്സ്യകൃഷി, പാടവരമ്പത്ത്‌ പൂ കൃഷിയും രമേഷ്‌ ചെയ്യുന്നുണ്ട്‌. സർക്കാരിൽനിന്നുള്ള സഹായം കിട്ടുന്നത്‌ കൂടുതൽ പേരെ കൃഷിയിലേക്ക്‌ ആകർഷിക്കും. ആര്യവൈദ്യശാലയുടെ കഞ്ചിക്കോട്‌ ഫാക്ടറിയിലെ ജീവനക്കാരനായ രമേശ്‌ ജോലിക്കൊപ്പം കൃഷിയും വിജയകരമായി കൊണ്ടുപോകുന്നു.സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്താകെ 17,500 ഹെക്ടറിലാണ്‌ തരിശുകൃഷി ചെയ്‌തത്‌‌. നെല്ല്‌, പച്ചക്കറി, മത്സ്യം തുടങ്ങി വിവിധയിനം കൃഷികൾക്ക്‌ സർക്കാർ സഹായവും ലഭ്യമാണ്‌.