ആ നിയമം 
ചവറ്റുകൊട്ടയിൽ

Thursday Mar 18, 2021

തൊഴിലാളി പ്രവർത്തനത്തിലൂടെ ആർജിച്ച കരുത്തുമായാണ്‌ 2006 ലെ തെരഞ്ഞെടുപ്പിൽ കൊല്ലം അസംബ്ലി മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരത്തിന്‌ ഇറങ്ങിയത്‌. ഒരുദിവസം വോട്ടഭ്യർഥനയുമായി കൊല്ലം പട്ടണത്തിൽ ചാമക്കട കമ്പോളത്തിലെത്തി. അവിടെ വോട്ടഭ്യർഥിച്ച എന്നോട്‌ ചുമട്ടുതൊഴിലാളികൾ പറഞ്ഞു; ‘സഖാവെ ഞങ്ങളെ സമൂഹത്തിന്‌ മുന്നിൽ താറടിച്ചുകാണിക്കുന്ന പുതിയ കയറ്റിറക്ക്‌ നിയമം എൽഡിഎഫ്‌ സർക്കാർ വരുമ്പോൾ പിൻവലിക്കണം, ഞങ്ങളും മനുഷ്യരാണ്‌. കുടുംബം പോറ്റാനാണ്‌ ചുമടെടുക്കുന്നത്‌. ഞങ്ങൾ പിടിച്ചുപറിക്കാരല്ല’. കൊടിയുടെ നിറവ്യത്യാസമില്ലാതെയുള്ള തൊഴിലാളികളുടെ അഭ്യർഥന എന്നെ വല്ലാണ്ട്‌ അലട്ടി.

ഉമ്മൻചാണ്ടി സർക്കാർ ചുമട്ടുതൊഴിലാളികളെ പിടിച്ചുപറിക്കാരും കവർച്ചക്കാരുമായി ചിത്രീകരിച്ച്‌ കൊണ്ടുവന്ന കയറ്റിറക്ക്‌ നിയമത്തിനെതിരെ അക്കാലത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ ചുമട്ടുതൊഴിലാളികളുടെ പ്രതിഷേധ സമരത്തിലും പങ്കെടുത്തിരുന്നു. ബാബുദിവാകരൻ ആയിരുന്നു‌ അന്ന്‌ കൊല്ലം മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥി. ഉമ്മൻചാണ്ടി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്ന അദ്ദേഹം അവതരിപ്പിച്ച്‌ പാസാക്കിയ നിയമം ആയിരുന്നു കയറ്റിറക്ക്‌ നിയമം. ആ തെരഞ്ഞെടുപ്പിൽ 11439 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച എന്നെ മന്ത്രിയായി നിശ്‌ചയിക്കുകയും എക്‌സൈസ്‌, തൊഴിൽവകുപ്പ്‌ പാർടി ഏൽപ്പിക്കുകയും ചെയ്‌തു. തൊഴിലാളി വിരുദ്ധമായ കയറ്റിറക്ക്‌ നിയമം റദ്ദാക്കാൻ മന്ത്രിയെന്ന നിലയിൽ നടപടി സ്വീകരിച്ചു. വളരെ അഭിമാനത്തോടെയാണ്‌ അക്കാര്യം ഓർക്കുന്നത്‌.

തയ്യാറാക്കിയത്‌:എം അനിൽ