ബാലശങ്കർ 
മനോരമയുടെ 
മുൻ ലേഖകൻ

വെളിപ്പെടുത്തൽ തിരിഞ്ഞുകുത്തി

Wednesday Mar 17, 2021
പ്രത്യേക ലേഖകൻ


തിരുവനന്തപുരം
ആർ ബാലശങ്കറിന്റെ വോട്ടുകച്ചവട ആരോപണം യുഡിഎഫിനെയും ബിജെപിയെയും തിരിഞ്ഞുകുത്തി. വർഷങ്ങൾക്ക്‌ മുമ്പ്‌ അരങ്ങേറിയ  ‘കോ ലീ ബി’ സഖ്യം മുതൽ 2016ൽ നേമത്തെ വോട്ടുമറിക്കൽവരെയുള്ള വിവാദങ്ങൾ സംബന്ധിച്ച ചർച്ചയ്‌ക്ക്‌ വഴിതുറന്നിരിക്കുകയാണിപ്പോൾ‌. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ നെടുങ്കാട്‌ വാർഡിലെ വോട്ടുകച്ചവടം വരെ മുന്നിലുള്ളപ്പോഴാണ്‌  മുൻ മനോരമ ലേഖകൻ കൂടിയായ ആർ ബാലശങ്കർ സിപിഐ എമ്മിനെ ഉന്നമിട്ട്‌ രംഗത്തുവന്നത്.2016ൽ നേമത്ത്‌ ദുർബല സ്ഥാനാർഥിയെ നിർത്തി ബിജെപിക്ക്‌‌ നിയമസഭയിലേക്ക്‌ വഴിയൊരുക്കിയത്‌ എന്തിനെന്ന്‌ വിശദീകരിക്കാൻ  കോൺഗ്രസ്‌ നേതൃത്വത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇക്കുറിയും നേമം അടക്കം ചില മണ്ഡലങ്ങളിൽ ദുർബല സ്ഥാനാർഥികളെ  ഇറക്കി ഒത്തുകളിക്ക്‌ ധാരണയുണ്ടാക്കിയതാണ്‌. ആറന്മുള ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപി, കോൺഗ്രസ്‌ ഒത്തുകളി വ്യക്തവുമാണ്‌. ആറന്മുളയിൽ ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ബിജു മാത്യുവിനെ ബിജെപി സ്ഥാനാർഥിയാക്കിയത്‌ ഇതിന്‌ ഉദാഹരണമാണ്‌.  കെ ശിവദാസൻ നായരാണ്‌ ഇവിടെ കോൺഗ്രസിന്‌ മത്സര രംഗത്തുള്ളത്‌.  നേമത്ത്‌ കുമ്മനം രാജശേഖരനെ ഇകഴ്‌ത്തിയും കെ മുരളീധരനെ പുകഴ്‌ത്തുകയും ചെയ്‌ത ഒ രാജഗോപാലും രഹസ്യധാരണയിലേക്കാണ്‌ വിരൽചൂണ്ടിയത്‌.

ഇത് വെളിച്ചത്തായപ്പോഴാണ്‌ ആദ്യം ഉമ്മൻചാണ്ടിയുടെ പേരിലുള്ള നാടകം  അരങ്ങേറിയത്‌. അത്‌ പൊളിഞ്ഞപ്പോൾ  ഗത്യന്തരമില്ലാതെ  കെ മുരളീധരനെ രംഗത്ത്‌ ഇറക്കി. വടകരയിൽനിന്ന്‌ ലോക്‌സഭയിലേക്ക്‌ പോയെങ്കിലും മുരളീധരൻ സംഘപരിവാർ സൗഹൃദം പലവട്ടം  തെളിയിച്ചിട്ടുണ്ട്‌. ലോക്‌സഭയിൽ മോഡിക്കോ ബിജെപിക്കോ എതിരെ ഒരുവാക്കും ഇതുവരെ ഉരിയാടാത്ത മുരളിയുടെ വോട്ടുമറിക്കൽ മെയ്‌വഴക്കവും പ്രസിദ്ധമാണ്‌.

ബിജെപിയുമായി കോൺഗ്രസിന്റെ വോട്ടുകച്ചവടം സിപിഐ എം തുറന്നുകാട്ടിയതോടെയാണ്‌ മുഖം രക്ഷിക്കാനുള്ള ആസൂത്രിത നീക്കം തുടങ്ങിയത്‌. ചെങ്ങന്നൂർ സീറ്റ്‌ മോഹിച്ച ആർ ബാലശങ്കറെ ബിജെപി നേതൃത്വം തഴഞ്ഞതാണ്‌ അദ്ദേഹത്തിന്റെ പ്രകോപനത്തിന്‌ കാരണം.  കുറേനാളായി ചെങ്ങന്നൂരിൽ  സ്ഥാനാർഥിയാണെന്ന്‌ സ്വയം പ്രചരിപ്പിച്ച്‌ ആർ ബാലശങ്കർ രംഗത്തുണ്ട്‌. ആർഎസ്‌എസ്‌ മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരായ ഇദ്ദേഹം മനോരമ പ്രസിദ്ധീകരണമായ ‘ദി വീക്ക്‌’ ഡൽഹി ലേഖകനായിരുന്നു. മനോരമയിലെ ‘പരിവാർ’ അനുഭാവിയായിരുന്ന ഇദ്ദേഹം 1992ൽ  ബാബ്‌റി മസ്ജിദ്‌ തകർത്തത്‌ റിപ്പോർട്ട്‌ ചെയ്‌ത സംഘത്തിലും അംഗമായിരുന്നു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളുമായും ബാലശങ്കറിന്‌‌ അടുപ്പമുണ്ട്‌.