"സീറോ' വോൾട്ട്‌

Wednesday Mar 17, 2021


നേമം തന്നെയാണ്‌ ശ്രദ്ധ, കാരണമുണ്ട്‌. അടിപ്പണിക്കും  ‘പാര’യ്‌ക്കും പേരുകേട്ടവരാണല്ലോ കോൺഗ്രസുകാർ. അതൊക്കെ ആവോളം വോട്ടുണ്ടായിരുന്ന കാലത്തെ കഥ. പിന്നീട്‌ പിടിച്ചു നിൽക്കാനാവാതെ, വർഗീയവാദികളുമായി രഹസ്യമായും പിന്നീട്‌ പരസ്യമായും ചങ്ങാത്തമായി.  വടകര മോഡൽ ‘കോ ലി ബി’ സൃഷ്ടിച്ച യുഡിഎഫ്‌ തന്നെ ‘നേമം മോഡൽ’ രൂപീകരിച്ച്‌‌ ബിജെപിക്ക്‌ കേരളത്തിൽ ആദ്യ എംഎൽഎയെ സമ്മാനിച്ചു‌‌. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ വോട്ടിന്റെ കണക്ക്‌ അത്‌ തെളിയിക്കുന്നു.

നേമത്തെ താങ്ങിന്‌ മറ്റു പലയിടങ്ങളിലും തിരിച്ചും സഹായം എന്നതായിരുന്നു കോൺഗ്രസ്‌–-ബിജെപി ധാരണ. പണ്ടുമുതലേ ഇതൊക്കെ നടക്കുന്നതാണന്ന്‌ കെ ജി മാരാർ പറഞ്ഞിട്ടുണ്ട്‌. ഇപ്പോൾ ഒ രാജഗോപാലും തുറന്നു സമ്മതിച്ചിരിക്കുന്നു.

രഹസ്യബന്ധങ്ങൾ പരസ്യമായതോടെയാണ്‌‌ നേമത്തെ ‘ശക്തൻ’ കളി. അതിന്‌ കുടപിടിക്കാൻ ഒരു പറ്റം മാധ്യമങ്ങളും. കെ മുരളീധരൻ വന്നിറങ്ങിയപ്പോൾ തന്നെ ‘മാസ്‌ എൻട്രി’ എന്നൊക്കെ പറഞ്ഞ്‌ കിടിലോൽക്കിടിലം തലക്കെട്ടുകളും. പണ്ട്‌ വൈദ്യുതി മന്ത്രിയായിരിക്കെ 2004 ലെ വടക്കാഞ്ചേരിയിലേക്ക്‌ നടത്തിയ ‘മാസ്‌ എൻട്രി’ കേരളം മറന്നിട്ടില്ല. വ്യാഴവട്ടങ്ങളായി കോൺഗ്രസ്‌ കൈവശം വച്ചിരുന്ന വടക്കാഞ്ചേരി മണ്ഡലം ‘മാസാ’യി ഇടതുപക്ഷത്തേക്ക്‌ നൽകിയത്‌ ഇതേ മുരളീധരൻ. പിന്നീട്‌ കോഴിക്കോടും ‘മാസ്’‌ തോൽവി. വർഗീയതയ്‌ക്കെതിരായ നിലപാടിലും കാണാം‌ ഈ തോൽവി.  എംപി എന്ന നിലയിൽ ബിജെപിക്കെതിരെ പാർലമെന്റിൽ ശക്തമായി പ്രതികരിക്കാനുള്ള അവസരം അനവധിയായിരുന്നു. കശ്‌മീരിന്റെ പദവി എടുത്തുകളയൽ, രാമക്ഷേത്ര നിർമാണം, ഇന്ധനവില വർധന, രാജ്യം തന്നെ നെഞ്ചോടു ചേർക്കുന്ന കർഷക സമരം... ഇങ്ങനെ എത്രയെത്ര അവസരങ്ങൾ. അന്നൊന്നും ബിജെപിക്കെതിരെ ശക്തിയില്ലാത്തയാൾക്ക്‌ ഇപ്പോൾ എവിടുന്ന്‌ വരാൻ.
നേമത്ത്‌ ഞങ്ങൾ ശക്തനെ നിർത്തിയെന്ന്‌ പുറത്ത്‌ പ്രചരിപ്പിച്ച്‌ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനാകുമോ എന്ന ലാക്ക്‌ മാത്രമേയുള്ളുവെന്ന്‌ അറിയാത്തതാരാ ? ഉണ്ട്‌ കേട്ടോ, ചില മാധ്യമങ്ങൾക്ക്‌ അതൊന്നും അറിയില്ല. അവര്‌ പറയുന്നു നേമത്ത്‌ ‘ ഹൈവോൾട്ടേജ്‌’ ഇറങ്ങിയെന്ന്‌. ചരിത്രമറിയുന്നവർക്ക്‌ മനസ്സിലായത്‌ ഇതൊക്കെ ‘സീറോ’ വോൾട്ടേയുള്ളുവെന്നാണ്‌.