‘‘ലോകോത്തര സൗകര്യങ്ങൾ ഇവിടുണ്ട്‌, ഒപ്പം സ്വന്തം നാടിനോടുള്ള ഇഷ്ടവും’’.

ചേർത്തല 
ഇൻഫോ 
പാർക്കും മാറി

Wednesday Mar 17, 2021
എം കെ പത്മകുമാർ
ചേർത്തല ഇൻഫോ പാർക്ക് ഷിബിൻ ചെറുകര


ആലപ്പുഴ
എന്തുകൊണ്ട്‌ ചേർത്തല ഇൻഫോ പാർക്ക്‌?. ചോദ്യം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൾ ആപ്പായ ‘വി കൺസോൾ’ തയ്യാറാക്കിയ ടെക്‌‌ജൻഷ്യയുടെ ഉടമ ജോയ്‌ സെബാസ്റ്റ്യനോട്‌‌. ഒട്ടും മടിക്കാതെ ഉത്തരം: ‘‘ലോകോത്തര സൗകര്യങ്ങൾ ഇവിടുണ്ട്‌, ഒപ്പം  സ്വന്തം നാടിനോടുള്ള ഇഷ്ടവും’’. എൽഡിഎഫ്‌ സർക്കാർ ചേർത്തല പള്ളിപ്പുറത്ത്‌ 2011ൽ ഇൻഫോപാർക്ക്‌ തുറന്നതിനു പിന്നാലെ ജോയ്‌ പത്തു പേരുമായി 1600 സ്ക്വയർ ഫീറ്റിൽ ടെക്‌‌ജൻഷ്യ തുടങ്ങിയത്‌. ഒരു പതിറ്റാണ്ടിനിപ്പുറം 6000 സ്ക്വയർ ഫീറ്റിൽ 80 ജീവനക്കാരുമായി രണ്ടു ദശലക്ഷം ഡോളർ വിറ്റുവരവുള്ള കമ്പനിയായി ഇത്‌ വളർന്നു.  ഈ വിജയഗാഥയെ  എൽഡിഎഫ്‌ സർക്കാരിന്റെ ഐടി മേഖലയിലെ പ്രവർത്തന മികവിനോട്‌  ചേർത്തുവായിക്കാം.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന പാതിരപ്പള്ളി പള്ളിക്കത്തയ്യിൽ  ജോയ്‌ സെബാസ്റ്റ്യൻ കഠിനാധ്വാനത്തിലൂടെയാണ്‌  അറിയുന്ന ഐടി സംരഭകനായി വളർന്നത്‌.  ഇതിനുള്ള പശ്ചാത്തല സൗകര്യം നൽകിയത്‌ ഇൻഫോ പാർക്കാണെന്ന്‌ ജോയ്‌ അഭിമാനത്തോടെ സാക്ഷ്യം പറയുന്നു. പ്രശാന്ത സുന്ദരമായ അന്തരീക്ഷം. ഗതാഗതക്കുരുക്കിന്റെ മടുപ്പും അന്തരീക്ഷ മലിനീകരണത്തിന്റെ ബുദ്ധിമുട്ടുകളും ഇല്ല. പിന്നെ ലോകോത്തര സൗകര്യങ്ങളും –ചേർത്തല ഇൻഫോ പാർക്ക്‌ തെരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച്‌ ഈ സംരഭകൻ പറയുന്നതിങ്ങനെ.

നാവികസേനമുതൽ 
ഫാക്ട്‌ വരെ
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ ചാലഞ്ചിൽ 2000 കമ്പനിയുമായി മത്സരിച്ചാണ്‌‌ വി കൺസോൾ ഇന്ത്യയുടെ ഔദ്യോഗിക ആപ്പായി മാറിയത്‌.

നാവികസേന, സിആൻഡ്‌എജി, ഇന്ത്യൻ പ്ലാസ്റ്റിക്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌, ബാബാ അറ്റോമിക്‌ റിസർച്ച്‌ സെന്റർ‌, മധ്യപ്രദേശ്‌ പൊലീസ്‌ എന്നിവർ വീഡിയോ കോൺഫറൻസിനായി വി കൺസോളിനെയാണ്‌ ഉപയോഗിക്കുന്നത്‌. സംസ്ഥാനത്ത്‌ കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, കെഎസ്‌എഫ്‌ഇ, ഫാക്ട്‌ എന്നിവയും ഈ സേവനം ഉപയോഗിക്കുന്നു.

ലോകോത്തര 
സൗകര്യം
ചേർത്തല നഗരത്തിന്റെ വിളിപ്പുറത്ത്‌ പള്ളിപ്പുറം ഗ്രാമത്തിൽ  2011ലാണ്‌ എൽഡിഎഫ്‌ സർക്കാർ ഇൻഫോ പാർക്ക്‌ തുടങ്ങുന്നത്‌.
ക്ലേസിസ്‌‌ എന്ന കമ്പനിയാണ് ആദ്യം വന്നത്‌. 20 ചതുരശ്ര അടിയിൽ നാലു ജീവനക്കാരുമായാണ്‌  തുടങ്ങിയത്‌. ഇന്നിപ്പോൾ 30ലേറെ കമ്പനി. നൂറുകണക്കിന്‌ ജീവനക്കാർ.

മുഖ്യമന്ത്രിയായിരുന്ന വി എസ്‌ അച്യുതാനന്ദൻ പാർക്ക്‌ ഉദ്‌ഘാടനം ചെയ്തതിനു പിന്നാലെ നിരവധി കമ്പനികൾ വന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ പ്രതിസന്ധിയിലായി. സർക്കാരിന്റെ അവഗണനയും താൽപ്പര്യമില്ലായ്മയും സംരംഭകരുടെയും മനസ്സു മടുപ്പിച്ചു. പലരും പള്ളിപ്പുറം വിടാൻ ആലോചിച്ചു. ഇതിനിടയിൽ ഭരണമാറ്റം ഉണ്ടായി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നു. ഇതോടെ ചിത്രം മാറി.

ആലപ്പുഴയിൽനിന്നും എറണാകുളത്തുനിന്നും കാബ്‌ സർവീസ്‌ തുടങ്ങിയതോടെ യാത്രാ പ്രശ്നത്തിന്‌ പരിഹാരമായി. അതിവേഗ ഇന്റർനെറ്റ്‌ സൗകര്യം, തടസ്സമില്ലാതെ വൈദ്യുതി വിതരണം, ഫുട്‌ബോൾ മൈതാനം ഉൾപ്പെടെയുള്ളവയുടെ നിർമാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയൊക്കെ നടപ്പാക്കിയതോടെ പാർക്ക്‌ നഷ്ടപ്രതാപം വീണ്ടെടുത്തു