ലുക്കില്ലാത്ത എംഎൽഎ!

Wednesday Mar 17, 2021

നടന്നുനടന്ന്‌ പോകുമ്പോൾ ഒരു മാല കിട്ടിയാലായി. ഇന്നത്തെപ്പോലെ പ്രചാരണ കോലാഹലങ്ങളോ കൊട്ടിക്കലാശമോ അന്നില്ല. 1960ൽ തുടങ്ങിയതാണ്‌ നിയമസഭയിലേക്കുള്ള മത്സരം. മൈക്കില്ല, പെരുമ്പറ കൊട്ടിയുള്ള പ്രസംഗങ്ങളും അനൗൺസ്‌മെന്റും ഇല്ല. മെഗാഫോണിലൂടെ നാട്ടിൻപുറങ്ങളിൽ രാത്രിയിൽ വിളിച്ചുപറഞ്ഞ്‌ നടക്കുമായിരുന്നു. അതിനിടെ ആരെങ്കിലും ഒരു മാല കഴുത്തിലിടും.  അത്രേ ഉള്ളൂ. അതാണ്‌ സ്വീകരണം.

ഇന്ന്‌ ഏതൊക്കെ തരത്തിൽ എത്ര പോസ്റ്ററും നോട്ടീസുമാണ്‌ ഇറക്കുന്നത്‌. അന്ന്‌ സ്ഥാനാർഥികളും പ്രവർത്തകരും നടന്നുവലയും. കുഞ്ഞെന്തിനാ ഇങ്ങനെ നടന്നു വെയിൽ കൊള്ളുന്നതെന്ന്‌ നാട്ടുകാർ ചോദിക്കുമായിരുന്നു. എന്നെ അച്ഛനും അമ്മയും വീട്ടിൽ വിളിച്ചിരുന്നത്‌ ‘കുഞ്ഞ്‌’ എന്നായിരുന്നു. ആ സ്‌നേഹം തുളുമ്പിയ വിളിപ്പേര് നാട്ടിലും പരന്നിരുന്നു. വീട്ടിൽ കാറുണ്ടെങ്കിലും പ്രവർത്തകർക്കൊപ്പം നടന്നാണ്‌ പ്രചാരണം‌. ഇന്നത്തെപ്പോലെ എല്ലായിടത്തും സ്ഥാനാർഥി പോവില്ല, പോവാൻ പറ്റുമായിരുന്നില്ല.

അക്കാലത്ത്‌ എംഎൽഎയെ എല്ലാവരും അറിയുമായിരുന്നില്ല. എംഎൽഎ ആണെന്ന്‌ പറഞ്ഞാലും വിശ്വസിക്കില്ല. പോരെങ്കിൽ മെലിഞ്ഞിരുന്ന എന്നെ കണ്ടാലും ഒരു എംഎൽഎ ‘ലുക്ക്‌’ ഇല്ലായിരുന്നു. തിരുവനന്തപുരത്ത്‌ എത്തിയാൽ നേതാക്കൾക്കറിയാം, അത്രതന്നെ.   
ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്‌ 1960ൽ കോൺഗ്രസ്‌ ടിക്കറ്റിൽ പത്തനാപുരം മണ്ഡലത്തിൽനിന്നാണ്‌. എന്നെ എല്ലാവർക്കും അറിയില്ലായിരുന്നു. തിരുവനന്തപുരത്തായിരുന്നു പഠനം. കന്നിമത്സരം ജയിക്കുമ്പോൾ പ്രായം‌ 25 വയസ്സ്‌. 1965 മുതൽ കൊട്ടാരക്കരയിലാണ്‌ മത്സരിച്ചത്‌. ഒരേസമയം പഞ്ചായത്ത്‌ പ്രസിഡന്റും എംഎൽഎയും മന്ത്രിയുമായും പ്രവർത്തിച്ചു. എവിടെ മത്സരിക്കുന്നതിനും നിയമം തടസ്സമായിരുന്നില്ല.

1960ൽ പത്തനാപുരം എംഎൽഎ ആയിരിക്കെയാണ്‌ 1963ൽ ഇടമുളയ്‌ക്കൽ പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുത്തതും പ്രസിഡന്റായതും. പിന്നീട്‌ 1975ൽ മന്ത്രിയായിരിക്കെ വീണ്ടും ഇടമുളയ്‌ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റായി. ഒരിക്കൽ കൊട്ടാരക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരിക്കെയും മന്ത്രിയായി പ്രവർത്തിച്ചു. 1971 ലാണ്‌ പാർലമെന്റ്‌ അംഗമായത്‌. കമ്യൂണിസ്റ്റ്‌ പാർടിയിലൂടെയാണ്‌ രാഷ്‌ട്രീയപ്രവേശനം.  പിന്നീട്‌ കോൺഗ്രസിൽ ചേർന്നു. പിന്നെ കേരള കോൺഗ്രസ്‌ കാലം.

തയ്യാറാക്കിയത്‌: എം അനിൽ ‌