ഗതികെട്ട്‌ 
ജോസഫിന്റെ ലയനം

Wednesday Mar 17, 2021


‌കോട്ടയം
സ്വന്തമായി പാർടിയും ചിഹ്നവുമില്ലാത്ത പി ജെ ജോസഫ്‌ എൻഡിഎ സഖ്യകക്ഷിയായിരുന്ന പി സി തോമസിന്റെ പാർടിയിൽ ലയിച്ചത്‌ ഗതികെട്ട്‌. രണ്ടില ചിഹ്നത്തിനായി കോടതികളും തെരഞ്ഞെടുപ്പ്‌ കമീഷൻ ഓഫീസും  കയറിയിറങ്ങി  തോറ്റതോടെ അവസാന പിടിവള്ളിയായി‌ ലയനം. കടുത്തുരുത്തിയിൽ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷനിലായിരുന്നു ലയന പ്രഖ്യാപനം. ജോസഫുമായി നടത്തിയ ചർച്ചയിലാണ്‌ ലയിക്കാൻ തീരുമാനിച്ചതെന്ന്‌ പി സി തോമസ്‌ പറഞ്ഞു. ഭാരവാഹികളെയൊന്നും  പ്രഖ്യാപിച്ചില്ല. പി സി തോമസ്‌ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള  പാർടിയായ ‘കേരള കോൺഗ്രസ്’‌ എന്നാണ്‌ ഇനി മുതൽ അറിയപ്പെടുക.  സൈക്കിൾ ചിഹ്നത്തിനാവും  ശ്രമിക്കുക. 

രണ്ടില നഷ്ടപ്പെട്ടതുമാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ ചെണ്ടയും ഇല്ലെന്ന്‌ ഉറപ്പായതോടെയാണ്‌  മനസില്ലാ മനസോടെ പി സി തോമസിൽ ലയിക്കാൻ തീരുമാനിച്ചത്‌. മാത്രമല്ല, സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കരുതെന്നും വേണമെങ്കിൽ കൈപ്പത്തിയിൽ മത്സരിക്കാമെന്നും കോൺഗ്രസ്‌ ശഠിച്ചു. ഇതോടെയാണ്‌‌ ഏതെങ്കിലും ചെറിയ പാർടിയുമായി ലയിക്കാൻ  ജോസഫ്‌‌ തീരുമാനിച്ചത്‌.

എൽഡിഎ വിട്ട്‌  യുഡിഎഫ്‌ ഘടകകക്ഷിയാകാനുള്ള പി സി തോമസിന്റെ ശ്രമവും  ലയനത്തോടെ വിജയം കണ്ടു. തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ യുഡിഎഫ്‌ ക്യാമ്പിലെത്താൻ  ശ്രമിച്ചിരുന്നു.