ഇതല്ലേ 
കാരുണ്യം

Tuesday Mar 16, 2021
സി എ പ്രേമചന്ദ്രൻ
കാരുണ്യ ഫാർമസിയിൽ മരുന്ന്‌ വാങ്ങാൻ എത്തിയവർ


തൃശൂർ
ഇത്രയും വിലക്കുറവിൽ മരുന്ന്‌ ലഭിക്കുന്നത്‌ പേരുപോലെതന്നെ വലിയൊരു കാരുണ്യം.  പുറത്ത്‌ മരുന്നുകടയിലുള്ളതിനേക്കാൻ 30 ശതമാനമാണ്‌ വിലക്കുറവ്‌.  ക്യാൻസർ, ഹൃദ്രോഗം തുടങ്ങി മരുന്നുകൾക്ക്‌ പുറത്ത്‌ വലിയ വിലയാണ്‌. അതാണ്‌ വിലക്കുറവിൽ ലഭിക്കുന്നത്‌. ഇതിനേക്കാൾ വലിയ കാരുണ്യമെന്താ.
ഇനി ഇപ്പോൾ വീട്ടിലേക്കും മരുന്നുകളെത്തിക്കാൻ പദ്ധതി.  കാരണ്യ @ ഹോം എന്ന പദ്ധതിപ്രകാരം പെൻഷൻകാർക്ക്‌ മരുന്ന്‌ വീട്ടിലെത്തും.  ഇതോടെ പുറത്തിറങ്ങേണ്ട ആവശ്യമില്ല.

സംസ്ഥാനത്ത്‌ ഗുണമേന്മയുള്ള  മരുന്നുകൾ ലാഭേച്ഛയില്ലാതൈ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ കീഴിൽ  കേരള മെഡിക്കൽ സർവീസസ്‌ കോർപറേഷന്റെ   മേൽനോട്ടത്തിലാണ്‌ കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നത്‌.സർക്കാർ ആശുപത്രിയിൽനിന്ന്‌ ലഭിക്കാത്ത മരുന്നുകൾ  ഇവിടെനിന്നും കുറഞ്ഞത്‌ 30 ശതമാനം വിലക്കുറവിൽ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ നിന്നും ഡോക്ടർമാർ കുറിക്കുന്ന എല്ലാ മരുന്നുകളും ബ്രാൻഡഡ്‌ കമ്പനികളുടെടെ മരുന്നുകളും ലഭിക്കും.  ഡയാലിസിസ്‌, ഹൃദ്രോഗം, ക്യാൻസർ, ഹിമോഫീലിയ  തുടങ്ങിയ രോഗികൾക്കുള്ള വിലക്കൂടിയ മരുന്നുകൾ   കാരുണ്യഫാർമസികൾവഴി ലഭിക്കുന്നത് ഏറെ സഹായകമാവും.

സംസ്ഥാനത്ത്‌  79 കാരുണ്യഫാർമസികളാണുള്ളത്‌. ഈ ഫാർമസികളിൽ അറ്റൻഡർ ഒഴികെ എല്ലാവരും ഫാർമസിസ്‌റ്റുകളാണ്‌. ഓരോ ഫാർമസിയിലും ആറ്‌ ഫാർമസിസ്‌റ്റുമാരുണ്ട്‌. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരുൾപ്പെടെ ഫാർമസിസ്‌റ്റുമാരാണ്‌. മരുന്നു സൂക്ഷിക്കുന്നതെല്ലാം കൃത്യതയോടെയും ശാസ്‌ത്രീയ സംവിധാനങ്ങളോടെയുമാണ്‌. അതിനാൽ മരുന്നു വിതരണവും കൃത്യതയാർന്നതാണ്‌. മരുന്ന്‌ കമ്പനിക്കാരുടെ ഇടനിലക്കാരെ ഒഴിവാക്കി  കമ്പനിയുടെ പ്രതിനിധികളുമായി നേരിട്ട്‌ വിലപേശി മരുന്നുകൾ സംഭരിക്കുന്നതിനാൽ പൊതുവിപണിയിലെ മറ്റേതൊരു ഫാർമസിയേക്കാളും വിലക്കുറവിൽ മരുന്നുകൾ വിതരണം ചെയ്യാൻ സാധിക്കുന്നു.