" ആകാശവാണി... ഞാൻ സ്ഥാനാർഥിയാണ്‌ "

Tuesday Mar 16, 2021

പണ്ടത്തെ തെരഞ്ഞെടുപ്പുകാലം ഇതുപോലൊന്നുമല്ല. ഞാൻ ആദ്യമായി സ്ഥാനാർഥിയായ വിവരമറിഞ്ഞത്‌ ആകാശവാണി വാർത്തയിൽനിന്നാണെന്ന്‌ പറഞ്ഞാൽ ഇപ്പോൾ അത്ഭുതമാകും. അതാണ്‌ സത്യം. 1965ലെ തെരഞ്ഞെടുപ്പ്‌. വക്കീൽ പണിയുമായി കഴിഞ്ഞുകൂടിയ എനിക്ക്‌ സ്ഥാനാർഥിമോഹം ലവലേശമില്ലായിരുന്നു. കെപിസിസി അംഗം തങ്കപ്പൻപിള്ളയെ സ്ഥാനാർഥിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന കാലം. 

സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ട വിവരമറിഞ്ഞ്‌ ഞെട്ടിപ്പോയി. ആകാശവാണി വാർത്തയിൽനിന്നാണ്‌ വിവരമറിഞ്ഞത്‌. പക്ഷേ, തങ്കപ്പൻപിള്ളയ്‌ക്കുവേണ്ടി ഞാൻ അവസാന നിമിഷംവരെ വാദിച്ചുനോക്കി. കാര്യമുണ്ടായില്ല. മത്സരിക്കാൻ നിർദേശം വന്നു. അങ്ങനെ 34–-ാം വയസ്സിൽ കന്നിയങ്കം. എന്നാൽ, തങ്കപ്പൻപിള്ള കോൺഗ്രസ്‌ വിട്ട്‌ സ്വതന്ത്ര സ്ഥാനാർഥിയായി.

നാമനിർദേശപത്രിക നൽകിയപ്പോഴും ആശയക്കുഴപ്പം തീർന്നില്ല.‌ വോട്ടർപട്ടികയിൽ പേര്‌  ‘സി വി പത്മനാഭൻ’ എന്നായിരുന്നു. ‌എതിർ സ്ഥാനാർഥികൾ തർക്കം ഉന്നയിച്ചു. ഒടുവിൽ സത്യവാങ്‌മൂലം നൽകേണ്ടിവന്നു. ആദ്യ തെരഞ്ഞെടുപ്പ്‌ എല്ലാ അർഥത്തിലും ദുരന്തമായി. ഫലം വന്നപ്പോൾ മൂന്നാംസ്ഥാനം. തങ്കപ്പൻപിള്ളയ്‌ക്കായിരുന്നു ജയം.

മണ്ഡലത്തിൽ കോൺഗ്രസ്‌ അടിത്തറ വിപുലമാക്കാനുള്ള ചുമതലയാണ്‌ പിന്നീട്‌ നേതാക്കളായ ആർ ശങ്കറും സി എം സ്‌റ്റീഫനും ഏൽപ്പിച്ചത്‌. വക്കീൽ പണിക്കൊപ്പം ചാത്തന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റായാണ്‌ രാഷ്‌ട്രീയപ്രവേശനം. 1980ൽ കൊല്ലം മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു നിയോഗം. ആ തെരഞ്ഞെടുപ്പിലും തോറ്റു. 1982ൽ സ്വന്തം മണ്ഡലത്തിൽനിന്നുള്ള ആദ്യ ജയത്തിൽ മന്ത്രിയായി. 1991ൽ വിജയം ആവർത്തിച്ചു, വൈദ്യുതി മന്ത്രിയും ധനമന്ത്രിയുമായി.  
 
തയ്യാറാക്കിയത്‌: 
പി ആർ ദീപ്‌തി