സ്ഥാനാർഥിയാക്കിയത്‌ സമ്മതമില്ലാതെ : മണികണ്ഠൻ

ഞാൻ ബിജെപിയല്ല , എന്നെയെന്തിന്‌ സ്ഥാനാർഥിയാക്കി?

Monday Mar 15, 2021
എം ഷാജി

 
കൽപ്പറ്റ
ബിജെപിയെ ഞെട്ടിച്ച് മത്സരത്തിൽനിന്നും പിന്മാറി സ്ഥാനാർഥി. ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ച മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാർഥി സി മണികണ്ഠനാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്.

‘‘ ഞാൻ ബിജെപി അനുഭാവിയല്ല, എന്റെ സമ്മതമില്ലാതെയാണ്‌ സ്ഥാനാർഥിയാക്കിയത്‌. കഴിഞ്ഞ ദിവസം കോഴിക്കോട്‌നിന്നും ഒരാൾ വിളിച്ചിരുന്നു. വീട്ടുകാര്യങ്ങളും പഠനത്തെക്കുറിച്ചുമെല്ലാം ചോദിച്ചു. ശേഷം തിരുവനന്തപുരം ബിജെപി ഓഫീസിൽനിന്നും വിളിച്ച്‌ ബയോഡാറ്റ ചോദിച്ചു. കാര്യമന്വേഷിച്ചപ്പോൾ സ്ഥാനാർഥിയാക്കാനാണെന്ന്‌ പറഞ്ഞു. പറ്റില്ലെന്നും സമ്മതമല്ലെന്നും അറിയിച്ചു. പിന്നെയൊന്നും പറഞ്ഞില്ല. ലിസ്‌റ്റ്‌ വന്നപ്പോഴാണ്‌ സ്ഥാനാർഥിയാണെന്നറിഞ്ഞത്‌. തിങ്കളാഴ്‌ച രാവിലെ സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഓഫീസിലെത്തിയ  മണികണ്ഠൻ പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് പ്രഖ്യാപനം വന്നയുടൻ തന്റെ സമ്മതില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്ന്   മണികണ്ഠൻ മാധ്യമങ്ങളോട്  പ്രതികരിച്ചിരുന്നു.  പണിയ വിഭാഗത്തിൽനിന്നുള്ള യുവാവിനെ സ്ഥാനാർഥിയാക്കിയെന്ന് ബിജെപി ദേശീയതലത്തിൽ പ്രചാരണം തുടങ്ങി മണിക്കൂറുകൾക്കുള്ളിലാണ് മണികണ്ഠന്റെ പിന്മാറ്റം. ഇത് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയും നാണക്കേടുമായി.  മണികണ്ഠനെ നിർദേശിച്ച ജില്ലാ, സംസ്ഥാന നേതൃത്വവും  വെട്ടിലായി.

മാനന്തവാടി മണ്ഡലം പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ്. എൻഡിഎയിൽ ചേർന്ന സി കെ ജാനുവിനെ മാനന്തവാടിയിൽ സ്ഥാനാർഥിയാക്കാനായിരുന്നു സംസ്ഥാന - കേന്ദ്രനേതൃത്വങ്ങൾ ശ്രമിച്ചത്. എന്നാൽ ഇതിനെതിരെ ബിജെപി ജില്ലാ നേതൃത്വം രംഗത്തെത്തി. ഇതോടെ ജാനുവിനെ ഒഴിവാക്കുകയും മണികണ്ഠനെ സ്ഥാനാർഥിയാക്കുകയുമായിരുന്നു. പ്രവർത്തകനല്ലാത്ത ഒരാളെ സ്ഥാനാർഥിയാക്കി യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ മറിക്കുകയായിരുന്നു ബിജെപി ലക്ഷ്യം.  എംബിഎ ബിരുദധാരിയായ മണികണ്ഠൻ കേരള വെറ്ററിനറി സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റാണ്.